പിഎം ഇന്ത്യ

എല്ലാവര്‍ക്കും വിശിഷ്ടമായ വിജയദശമി ആശംസകള്‍.
ആഘോഷങ്ങള്‍ ഒരര്‍ഥത്തില്‍ നമ്മുടെ സാമൂഹിക മൂല്യങ്ങളുടെയും സമൂഹത്തില്‍നിന്നു നാം ഉള്‍ക്കൊള്ളുന്ന പാഠങ്ങളുടെയും പ്രതിഫലനമാണ്.
ഓരോ ആഘോഷവും സാമൂഹിക ഉത്തരവാദിത്തങ്ങളോടു പ്രതികരിക്കാനും സാമൂഹിക തിന്മകളെ എതിര്‍ക്കാനുള്ള അക്ഷീണപ്രയത്‌നം തുടരാനും ഉള്ള നമ്മുടെ സംഘടിത ശക്തി ഉയര്‍ത്തിക്കാട്ടുന്നു.
നമ്മുടെ ആഘോഷങ്ങള്‍ കൃഷിയും കൊയ്ത്തും, നദികളും മലകളും, നമ്മുടെ ചരിത്രവും സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യവും ആയി ബന്ധപ്പെട്ടുകിടക്കുന്നു.
ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കമുള്ള ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ഐതിഹ്യങ്ങള്‍ നമ്മുടെ സാമൂഹിക ചൂറ്റുപാടുകള്‍ക്ക് എന്നും ഊര്‍ജം പകര്‍ന്നിട്ടുണ്ട്. അവ നമുക്ക് ഊര്‍ജമേകുന്ന സ്രോതസ്സുകളാണ്. നവരാത്രി ആഘോഷത്തിന്റെ അവസാനഘട്ടമായി ഇന്നു വിജയദശമി നാളില്‍ രാവണന്റെ കോലം കത്തിക്കുന്ന പാരമ്പര്യം നമുക്കുണ്ട്. ഇതു മഹത്തരമായ തുടര്‍ച്ചയാണ്. ഉത്തരവാദിത്തമുള്ള പൗരന്മാരെന്ന നിലയില്‍ തിന്‍മ പരത്തുന്ന ശക്തികളെ അകറ്റിനിര്‍ത്തേണ്ടതു നമ്മുടെ ചുമതലയാണ്. ഇതു സംബന്ധിച്ച ബോധവല്‍ക്കരണം സൃഷ്ടിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുമുണ്ട്.
ഉല്‍സവങ്ങള്‍ ആഘോഷിക്കാനുള്ളതു മാത്രമല്ലെന്നു ചൂണ്ടിക്കാട്ടട്ടെ. അവയ്ക്കു പിന്നില്‍ ഓരോ ലക്ഷ്യങ്ങളുണ്ട്. രാജ്യത്തിനായി ഗുണപരമായി വല്ലതും ചെയ്യാനുള്ള ദൃഢപ്രതിജ്ഞ നാം കൈക്കൊള്ളണം. ശ്രീരാമന്‍ അയോധ്യ വിടുകയും ദൃഢനിശ്ചയവും സങ്കല്‍പശക്തിയുംകൊണ്ട് സംഘടതിശക്തി രൂപപ്പെടുത്തുകയും അതുവഴി ലങ്കയില്‍ താന്‍ നേടിയ വിജയത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കുകയും ചെയ്തതു സങ്കല്‍പിക്കാന്‍ പോലും സാധിക്കുമോ? മനുഷ്യരും കുരങ്ങന്‍മാരും പ്രകൃതിയുമൊക്കെ ശ്രീരാമനോടൊപ്പം ചേര്‍ന്നു. എല്ലാവരെയും ഒന്നിപ്പിക്കാനുള്ള മാന്ത്രികശക്തിയായിരിക്കണം സംഘടിത ശക്തി സ്വരൂപിക്കുന്നതില്‍ ശ്രീരാമനെ വിജയിപ്പിച്ചത്. വിജയത്തിനു ശേഷം അദ്ദേഹം വിനയാന്വിതനും ജനക്ഷേമത്തിനായി സ്വയം സമര്‍പ്പിതനും ആയിരുന്നു.
നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും രാജ്യത്തിനായി ഗുണപരമായ സംഭാവനകള്‍ നല്‍കുമെന്നു നമുക്ക് ഈ വിജയദശമിനാളില്‍ പ്രതിജ്ഞയെടുക്കാം. 2022 ആകുമ്പോഴേക്കും അഭിമാനം നിറഞ്ഞ ഒരു രാജ്യത്തിലെ പൗരനെന്ന നിലയില്‍ രാജ്യത്തിനായി എളിയതും ഗുണപരവുമായ സംഭാവനയര്‍പ്പിക്കാന്‍ പ്രാപ്തരാക്കുന്ന സിദ്ധി ലഭിക്കാനായിരിക്കണം നമ്മുടെ സങ്കല്‍പം. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വപ്‌നംകണ്ട രാജ്യം പടുത്തുയര്‍ത്താനായി നമുക്കു ദൃഢപ്രതിജ്ഞയെടുക്കാം. ഈ സാഹചര്യത്തില്‍, ശ്രീരാമനെപ്പോലെ രാഷ്ട്രത്തിനായി ഗുണപരമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ നമുക്കു ദൃഢപ്രതിജ്ഞയെടുക്കാം.
നിങ്ങള്‍ക്കെല്ലാം ആശംസകള്‍.
ഒരിക്കല്‍ക്കൂടി, ഹൃദ്യമായ വിജയദശമി ആശംസകള്‍.
Joined Vijaya Dashmi celebrations in Delhi. https://t.co/RuhEnzspxk
— Narendra Modi (@narendramodi) September 30, 2017