പിഎം ഇന്ത്യ
ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ വച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി.
രാഷ്ട്രീയ, സാംസ്കാരിക, വാണിജ്യ, ഊർജ്ജ, മേഖലകളിലെ ശക്തമായ സഹകരണത്തിലും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഇന്ത്യ-യുഎ ഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇരു നേതാക്കളും ആവർത്തിച്ചുറപ്പിച്ചു. ഈ വർഷം ജനുവരിയിൽ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിച്ചതും മെയ് മാസത്തിൽ പ്രധാനമന്ത്രി യുഎഇ സന്ദർശിച്ചതും ഇരുനേതാക്കളുടെയും ചർച്ചയിൽ വിഷയമായി.
ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ബ്രിക്സ് കൂട്ടായ്മയിൽ യുഎഇയുടെ സജീവവും കാര്യക്ഷമവുമായ പങ്കാളിത്തത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇന്ത്യയുടെ അധ്യക്ഷതയിൽ ബ്രിക്സിൽ ഉണ്ടായ അനുകൂല ഫലങ്ങളെ നേതാക്കൾ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളുടേയും പൊതുവായ താല്പര്യങ്ങളും മുൻഗണനകളും മുന്നോട്ട് കൊണ്ടുപോകുന്നതിനും ബ്രിക്സ് സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയും യു എ ഇയും ഈ വേദിയിലൂടെ തുടർന്നും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് പരസ്പരം ഉറപ്പുനൽകി.
വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധത്തിൽ കൈവരിച്ച പുരോഗതി നേതാക്കൾ അംഗീകരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത അലുമിനിയം നിക്ഷേപമായ, ഒഡീഷയിലെ 11.5 ബില്യൺ ഡോളറിന്റെ സംയോജിത ഗ്രീൻഫീൽഡ് അലുമിനിയം പദ്ധതിയിൽ നിക്ഷേപം നടത്തുമെന്ന് യുഎഇയുടെ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനിയുടെ പ്രഖ്യാപനത്തെ അവർ സ്വാഗതം ചെയ്തു. ഈ പദ്ധതി ഒഡീഷയെ ഒരു ആഗോള അലുമിനിയം ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
ഇരു രാജ്യങ്ങളുടെയും പരസ്പര നേട്ടത്തിനായി ഇന്ത്യ-യുഎ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിൽ യുഎഇയുടെ ഏറ്റവും പുതിയ നിക്ഷേപ നിധിയായ ‘ലിമാദ്’ വഹിക്കുന്ന പങ്കിനെ നേതാക്കൾ സ്വാഗതം ചെയ്തു. പ്രതിരോധം, ബഹിരാകാശം, ആണവോർജ്ജം, സാങ്കേതികവിദ്യ, നവീനാശയം തുടങ്ങിയ തന്ത്രപരവും വളർന്നുവരുന്നതുമായ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ചും അവർ ചർച്ച ചെയ്തു.
ഇന്ത്യയും യുഎഇയും തമ്മിൽ നിലനിൽക്കുന്ന ഊഷ്മള ബന്ധത്തിന് അടിത്തറയാകുന്ന പതിവ് നേതൃതല ഇടപെടലുകളുടെയും തലമുറകളുടെ തുടർച്ചയുടെയും പാരമ്പര്യത്തെ ഈ സന്ദർശനം വീണ്ടും ദൃഢമാക്കി.
-NK-