പിഎം ഇന്ത്യ
നമസ്തേ!
കിയ ഓറ ന്യൂസിലൻഡ്!
ഇന്ത്യയിൽ നമ്മൾ പലപ്പോഴും ’20 വർഷങ്ങൾക്ക് ശേഷം’ എന്ന വാചകം കേൾക്കാറുണ്ട്. എന്നാൽ ഇന്ന്, നീണ്ട നാല്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിന്റെ മണ്ണിൽ കാല് കുത്തുന്നത്. ഇവിടെയായിരിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. 140 കോടി ഇന്ത്യക്കാരുടെ ആശംസകൾ ന്യൂസിലൻഡിലെ എല്ലാ ജനങ്ങൾക്കായും, ഇവിടെയുള്ള നിങ്ങൾ ഓരോരുത്തർക്കായും ഞാൻ ഒപ്പം കരുതുന്നു.
സുഹൃത്തുക്കളേ,
പ്രധാനമന്ത്രി എന്ന നിലയിൽ ന്യൂസിലൻഡിലേക്കുള്ള എന്റെ ആദ്യ സന്ദർശനമായിരിക്കാം ഇത്. എന്നാൽ 25-30 വർഷങ്ങൾക്ക് മുമ്പ്, ഞാൻ ഒരു ഗവൺമെന്റിൻറെയും ഭാഗമല്ലാതിരുന്ന, പൊതുജീവിതത്തിൽ അറിയപ്പെടാതിരുന്ന ഒരു കാലത്ത് എനിക്ക് ന്യൂസിലൻഡ് സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അന്ന് ആ സന്ദർശനത്തിനിടയിൽ മഞ്ഞുകാലമായിരുന്നതിനാൽ ഒരാൾ എനിക്ക് മൂന്ന് കാര്യങ്ങൾ സമ്മാനമായി തരികയും, ഞാൻ അത് ഇന്ത്യയിലേക്ക് കൊണ്ടുപോവുകയും ചെയ്തു: ഈ മഫ്ളർ, ഒരു തൊപ്പി, പിന്നെ ഒരു ജോടി ഗ്ലൗസുകൾ.
അന്ന് ലഭിച്ച ആ സമ്മാനങ്ങളിലൊന്ന് ഇന്നും എന്റെ പക്കലുണ്ട്. നിങ്ങൾ ഇവിടെ കാണുന്ന ഈ മഫ്ളർ 25-30 വർഷങ്ങൾക്ക് മുമ്പ് ന്യൂസിലൻഡിലെ ഒരു സുഹൃത്ത് എനിക്ക് സമ്മാനിച്ചതാണ്. കഴിഞ്ഞ വർഷങ്ങളിൽ ഞാൻ ഇത് പലതവണ ഉപയോഗിച്ചിട്ടുണ്ട്, നിങ്ങളുടെ സ്നേഹത്തെ ഞാൻ നെഞ്ചോട് ചേർക്കുന്നത് പോലെ ഇന്നും ഇത് വളരെ ശ്രദ്ധയോടെ ഞാൻ സൂക്ഷിച്ചുവെച്ചിട്ടുമുണ്ട്.
ന്യൂസിലൻഡിലേക്കുള്ള ഈ സന്ദർശനം നിശ്ചയിച്ചപ്പോൾ, ഇവിടുത്തെ കാലാവസ്ഥയ്ക്ക് നല്ല തണുപ്പായിരിക്കുമെന്ന് എന്നോട് പറഞ്ഞിരുന്നതുകൊണ്ട് തന്നെ, ഇത് പ്രത്യേകമായി ഒപ്പം കരുതണമെന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ബന്ധം കെട്ടിപ്പടുത്തിരിക്കുന്നത് പങ്കുവെക്കപ്പെട്ട ഓർമ്മകൾ, സൗഹൃദം, മൂല്യങ്ങൾ, ഒപ്പം പരസ്പരമുള്ള പ്രതിബദ്ധത എന്നിവയിലാണ്. ഈ ബന്ധത്തിന്റെ ആകെത്തുക ഉൾക്കൊള്ളുന്ന മനോഹരമായ ഒരു ന്യൂസിലൻഡ് പാരമ്പര്യമുണ്ട്. നൂറ്റാണ്ടുകളായി, ഇവിടെയുള്ള ജനങ്ങളെ ഒന്നിപ്പിച്ചുനിർത്തുന്ന ഒരു വാക്കുണ്ട് – വക്ക (waka). ‘വക്ക’ എന്നത് വെറുമൊരു തോണി മാത്രമല്ല; അത് നമ്മൾ ഒന്നിച്ച് നടത്തുന്ന യാത്രയുടെ പ്രതീകമാണ്. ഇന്ന്, ഇന്ത്യ-ന്യൂസിലൻഡ് ബന്ധത്തിന്റെ ആ വക്ക ഒരു പുതിയ പ്രയാണത്തിന് സജ്ജമായിക്കഴിഞ്ഞു.
അവസരങ്ങൾ നിറഞ്ഞ ഒരു തുറന്ന സമുദ്രമാണ് നമുക്ക് മുന്നിലുള്ളത്. അനുകൂലമായ കാറ്റ് നമുക്കൊപ്പമുണ്ട്. കടലിലെ വിശാലമായ തിരമാലകൾ നമുക്കൊപ്പമുണ്ട്. നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന്റെ നീലാകാശം നമുക്കൊപ്പമുണ്ട്. ഒട്ടനവധി കാര്യങ്ങൾ നേടിയെടുക്കാനുണ്ട്, നമ്മൾ അതിൽ വിജയിക്കുമെന്ന് എനിക്കറിയാം.
സുഹൃത്തുക്കളേ,
ഈ യാത്ര ഒരു വൻ വിജയമായിരിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. എന്തുകൊണ്ടെന്നറിയാമോ? മോദി ഉള്ളതുകൊണ്ടല്ല, മറിച്ച് നിങ്ങളെല്ലാവരുമാണ് ഇതിന്റെ യഥാർത്ഥ നാവികർ എന്നതുകൊണ്ടാണ്. ഓക്ലൻഡ് മുതൽ വെല്ലിംഗ്ടൺ വരെയും, ക്രൈസ്റ്റ്ചർച്ചിൽ നിന്ന് ക്വീൻസ്ടൗൺ വരെയും, ന്യൂസിലൻഡിന്റെ ഓരോ കോണിലും പടർന്നുപന്തലിച്ചു കിടക്കുന്ന ഇന്ത്യൻ സമൂഹം ഈ പങ്കുവെക്കപ്പെട്ട യാത്രയിലെ ഓരോ കപ്പൽയാത്രികരാണ് .
സുഹൃത്തുക്കളേ,
ഞാൻ തുടർന്നു സംസാരിക്കുന്നതിന് മുൻപായി, എന്റെ സുഹൃത്ത് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ, ന്യൂസിലൻഡ് ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകർ, ഒപ്പം ഇവിടെ സന്നിഹിതരായിട്ടുള്ള ലേബർ പാർട്ടിയിലെ അംഗങ്ങൾ എന്നിവരെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
അവരുടെ സാന്നിധ്യം ഇന്ത്യ-ന്യൂസിലൻഡ് ബന്ധത്തിന് ഇരുപക്ഷത്തുനിന്നും ലഭിക്കുന്ന ശക്തമായ പിന്തുണയെയാണ് പ്രതിഫലിപ്പിക്കുന്നത്. കൂടാതെ, കിവി ഇന്ത്യൻ സമൂഹം കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളിലേക്കും അവരുടെ വിലയേറിയ സംഭാവനകളിലേക്കും ഇത് വിരൽ ചൂണ്ടുന്നു. കിവി ഇന്ത്യൻ സമൂഹത്തിന്റെ ഈ ആഘോഷത്തിൽ നിങ്ങളേവരും പങ്കുചേർന്നത് ഈ സന്ദർഭത്തെ കൂടുതൽ ഊർജ്ജസ്വലമാക്കിയിരിക്കുകയാണ്.
നിങ്ങൾ എല്ലാവരും ചേർന്ന് ഞങ്ങൾക്ക് നൽകിയ ഈ ഊഷ്മളതയ്ക്കും സ്നേഹത്തിനും ആവേശത്തിനും ഞാൻ എന്റെ ആഴമേറിയ കൃതജ്ഞത അറിയിക്കുന്നു.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ,താങ്കൾ കിവി ഇന്ത്യൻ സമൂഹത്തിന് ഏറെ പ്രിയപ്പെട്ടൊരാൾ കൂടിയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടയിൽ അങ്ങും ക്രിസ് ഹിപ്കിൻസും ചേർന്ന് ‘ദമാ ദം മസ്ത് കലന്ദർ’ എന്ന ഗാനത്തിന് ചുവടുവെച്ച ആ നൃത്തം വലിയ രീതിയിൽ വൈറലായിരുന്നു. ആ നൃത്തച്ചുവടുകൾ കിവി ഇന്ത്യക്കാരുടെ ഹൃദയത്തിൽ മായാത്ത ഒരു മുദ്രയാണ് പതിപ്പിച്ചിട്ടുള്ളത്.
സുഹൃത്തുക്കളേ,
ന്യൂസിലൻഡ് ശരിക്കും ഒരു അത്ഭുതകരമായ രാജ്യമാണ്. അത് സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രകൃതിയുടെയും സംസ്കാരത്തിന്റെയും നാടാണ്. എന്നാൽ അതിന്റെ ഏറ്റവും വലിയ കരുത്ത് അവിടുത്തെ ജനങ്ങളിലാണ്. ഒരു രാജ്യം കഠിനാധ്വാനത്തോടെയും കൃത്യമായ ലക്ഷ്യത്തോടെയും മുന്നോട്ട് കുതിക്കുമ്പോൾ അത് ലോകത്തിന് തന്നെ എങ്ങനെയൊരു പ്രചോദനമാകുമെന്ന് ന്യൂസിലൻഡിലെ ജനങ്ങൾ കാണിച്ചുതന്നിട്ടുണ്ട്.
ഇവിടുത്തെ ‘കിവി ഇന്ത്യൻ’ സമൂഹത്തെയും ന്യൂസിലൻഡിലെ ജനങ്ങൾ നിറഞ്ഞ സ്നേഹത്തോടും അടുപ്പത്തോടും കൂടിയാണ് നെഞ്ചോട് ചേർത്തത്. അവർ നിങ്ങളെ തങ്ങളുടെ സ്വന്തം ടീമിന്റെ ഭാഗമാക്കി മാറ്റി. നിങ്ങളുടെ കഴിവിലും കാഴ്ചപ്പാടിലും അവർ വിശ്വാസമർപ്പിച്ചു. ഇന്ന് ന്യൂസിലൻഡിന്റെ സമ്പദ്വ്യവസ്ഥയിലായാലും സമൂഹത്തിലായാലും, കിവി ഇന്ത്യക്കാർ എല്ലാ മേഖലകളിലും പുതിയ നിറങ്ങൾ പകരുകയാണ്.
നിഖിൽ രവിശങ്കറിന് എയർ ന്യൂസിലൻഡിന്റെ സി.ഇ.ഒ ആകാനും, ആനന്ദ് സത്യാനന്ദിന് ഗവർണർ ജനറലായി സേവനമനുഷ്ഠിക്കാനും, രചിൻ രവീന്ദ്ര, ഇഷ് സോധി, ഇജാസ് പട്ടേൽ തുടങ്ങിയ പ്രതിഭകൾക്ക് ദേശീയ ക്രിക്കറ്റ് ടീമിൽ അവസരങ്ങൾ കണ്ടെത്താനും കഴിയുന്ന ഇടമാണ് ന്യൂസിലൻഡ്.
ഇന്ത്യൻ സ്ഥലങ്ങളോട് ആദരവ് പ്രകടിപ്പിക്കുന്ന റോഡുകൾ പോലുമുള്ള ഒരു സ്ഥലമാണ് ന്യൂസിലൻഡ്. ഖണ്ടല്ല (Khandallah), ബോംബെ ഹിൽസ് , കോറോമാണ്ടൽ (Coromandel) എന്നിവ ഇവിടെയുണ്ട്.
കൽക്കട്ട സ്ട്രീറ്റ്, ഡൽഹി ക്രസന്റ്, അമൃത്സർ സ്ട്രീറ്റ് തുടങ്ങി നിരവധി തെരുവുകളും ഇവിടെയുണ്ട്. ഇവിടെ ജീവിച്ചുകൊണ്ട് നിങ്ങൾ യഥാർത്ഥത്തിൽ കിവികളായി തന്നെ മാറിക്കഴിഞ്ഞു. സത്യത്തിൽ, ഇവിടെ ഏത് വിഷയത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയാലും, അധികം വൈകാതെ ആ സംഭാഷണം ഇവിടുത്തെ കാലാവസ്ഥയെക്കുറിച്ചുള്ള ചർച്ചയിലേക്ക് വഴിമാറുമെന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്!
സുഹൃത്തുക്കളേ,
ഞാൻ എപ്പോഴൊക്കെ ന്യൂസിലൻഡിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ, അപ്പോഴൊക്കെ അവർ നിങ്ങളെ ഏവരെക്കുറിച്ചും വളരെ വലിയ കാര്യങ്ങളാണ് സംസാരിച്ചിട്ടുള്ളത്. ഈ പ്രശംസകൾ നിങ്ങൾക്കുള്ളതാണെങ്കിലും, അത് എന്നിൽ വലിയ അഭിമാനമാണ് നിറയ്ക്കുന്നത്.
സുഹൃത്തുക്കളേ,
നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നത് പോലെ, ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഒരു സംസ്കാരമാണ് ഇന്ത്യയുടേത്. ഇന്ന് അത് അതിൻ്റെ പുരാതന പൈതൃകം കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ആധുനികതയെയും നെഞ്ചോട് ചേർക്കുന്നുണ്ട്. ചരിത്രത്തിന്റെ ഓരോ കാലഘട്ടത്തിലും ഘട്ടങ്ങളിലും ഇന്ത്യ സ്വയം പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇതിന് കാരണം പുതിയ കാര്യങ്ങൾ പഠിക്കാനുള്ള നമ്മുടെ ആഗ്രഹമാണ്.
ഇന്ത്യ എല്ലാവരിൽ നിന്നും കാര്യങ്ങൾ പഠിക്കുന്നുണ്ട്. നമ്മളെ സംബന്ധിച്ചിടത്തോളം മറ്റൊരു രാജ്യത്തിന്റെ ജനസംഖ്യയുടെ വലിപ്പമല്ല പ്രധാനം, മറിച്ച് ജനക്ഷേമത്തോടുള്ള അവരുടെ പ്രതിബദ്ധതയാണ്. അതുകൊണ്ടാണ് നമ്മൾ ന്യൂസിലൻഡിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചതും, ഇന്നും അത് തുടരുന്നതും.
ലോകത്തിൽ ആദ്യമായി സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ രാജ്യമാണ് ന്യൂസിലൻഡ്. ഇന്ന്, ന്യൂസിലൻഡ് സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ മികച്ച സംഭാവനകൾ നൽകുന്നത് നമ്മൾ കാണുന്നുണ്ട്. ഇന്ത്യയും ഇന്ന് ‘സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം’ എന്ന ദർശനത്തിന് കീഴിൽ അവർക്കായി അവസരങ്ങളുടെ പുതിയ വാതിലുകൾ തുറന്നുകൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളേ,
ശക്തമായ ഒരു ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് എങ്ങനെ ഒരു രാജ്യത്തിന്റെ ഭാഗധേയം മാറ്റിയെഴുതാൻ കഴിയുമെന്ന് ന്യൂസിലൻഡ് തെളിയിച്ചിട്ടുണ്ട്. കാർഷിക മേഖലയ്ക്ക് ചുറ്റുമായി അവർ കെട്ടിപ്പടുത്ത കാര്യക്ഷമമായ ഒരു ആവാസവ്യവസ്ഥയാണ് ന്യൂസിലൻഡിന്റെ ഏറ്റവും വലിയ കരുത്തുകളിലൊന്ന്. ഉൽപ്പന്നങ്ങളുടെ ഉറവിടം കണ്ടെത്തൽ , ഭക്ഷ്യസുരക്ഷ, അല്ലെങ്കിൽ അനുവർത്തന സംവിധാനങ്ങൾ എന്നിവയെല്ലാം വലിയൊരു പ്രചോദനമാണ് നൽകുന്നത്. ദശലക്ഷക്കണക്കിന് ചെറുകിട കർഷകരുള്ള ഇന്ത്യയെപ്പോലൊരു വലിയ കാർഷിക രാജ്യത്തിന് ഇതിൽ നിന്നും സുപ്രധാനമായ പാഠങ്ങൾ പഠിക്കാനുണ്ട്.
‘സെസ്പ്രി മാതൃകയിലൂടെ’, ചെറുകിട കർഷകർക്ക് പോലും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ബ്രാൻഡുകൾ കെട്ടിപ്പടുക്കാൻ കഴിയുമെന്ന് ന്യൂസിലൻഡ് കാട്ടിത്തന്നിട്ടുണ്ട്. ന്യൂസിലൻഡിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃത്യതാ കൃഷി സാങ്കേതികവിദ്യകളിൽ നിന്നും നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.
സുഹൃത്തുക്കളേ,
ഇവിടെ, ‘മാനുകാ തേനിനെ’ (Manuka honey) പലപ്പോഴും “ദ്രവ രൂപത്തിലുള്ള സ്വർണം” എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ന്യൂസിലൻഡിൽ തേൻ എന്നത് പാരമ്പര്യത്തോടും രുചിയോടും മാത്രമല്ല, ആരോഗ്യത്തോടും ക്ഷേമത്തോടും കൂടിയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നതുപോലെ തന്നെ, ഇന്ത്യയുടെ ആയുർവേദ പാരമ്പര്യത്തിലും തേനിന് വലിയ പ്രാധാന്യമുണ്ട്. തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയും ഒരു ദേശീയ ദൗത്യം നടപ്പിലാക്കുന്നുണ്ടെന്ന കാര്യം നിങ്ങളെ സന്തോഷിപ്പിക്കും. ഇതിന്റെ ഫലമായി രാജ്യത്തെ തേൻ ഉത്പാദനം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.
ഇന്ന് , ഹിമാലയത്തിന്റെ ഉയരങ്ങളിൽ നിന്ന് വരുന്ന തേൻ കേവലം സ്വർണ്ണം മാത്രമല്ല, ഏതാണ്ട് വൈരക്കല്ല് പോലെയായി മാറിക്കൊണ്ടിരിക്കുകയാണ്. തേൻ ഉൽപ്പാദനം ഇനിയും വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ന്യൂസിലൻഡിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യ-ന്യൂസിലൻഡ് കായിക ബന്ധത്തിന്റെ ശതാബ്ദി വർഷമാണ് ഈ വർഷം. നൂറു വർഷങ്ങൾക്ക് മുമ്പ്, നമ്മുടെ ഹോക്കി ടീം മത്സരിക്കാനായി ന്യൂസിലൻഡ് സന്ദർശിച്ചിരുന്നു. ആ പര്യടനത്തിനിടയിൽ, മേജർ ധ്യാൻചന്ദിന്റെ ഉജ്ജ്വലമായ പ്രകടനം വ്യാപകമായി പ്രശംസിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഹോക്കി കഴിവുകൾ ന്യൂസിലൻഡിലെ ജനങ്ങളുടെ ഹൃദയവും കവർന്നു.
സുഹൃത്തുക്കളേ,
കണ്ടന്റ് ക്രിയേറ്റർമാരുടെ ഭാഷയിൽ പറഞ്ഞാൽ, ഇത് കൂട്ടായ്മകളുടെ അഥവാ ‘സഹകരണങ്ങളുടെ ‘ കാലഘട്ടമാണ്. ന്യൂസിലൻഡിനും ഇന്ത്യക്കും കായികരംഗത്തും മികച്ച സഹകരണങ്ങൾ സൃഷ്ടിക്കാൻ കഴിയും. റഗ്ബി അതിനൊരു മികച്ച ഉദാഹരണമാണ്.
കുറച്ചു സമയം മുൻപ് നടന്ന റഗ്ബി മത്സരത്തിൽ ‘ഓൾ ബ്ലാക്സ്’ (All Blacks) ഉജ്ജ്വല വിജയം നേടിയതായി എന്നെ ഇപ്പോൾ അറിയിച്ചിട്ടേയുള്ളൂ. റഗ്ബി രംഗത്ത് ന്യൂസിലൻഡിൽ നിന്ന് കാര്യങ്ങൾ പഠിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു. റഗ്ബിയിൽ ഇന്ത്യക്ക് മുന്നേറണമെങ്കിൽ നമുക്ക് കോച്ചുമാരെയും വിദഗ്ധരെയും ആവശ്യമുണ്ട്, ഈ മേഖലയിൽ ന്യൂസിലൻഡിന് വിലയേറിയ പിന്തുണ നൽകാൻ കഴിയും. ഭുവനേശ്വറിൽ ന്യൂസിലൻഡ് റഗ്ബിയും റഗ്ബി ഇന്ത്യയും ചേർന്ന് അടുത്തിടെ നടത്തിയ പരിശീലന പരിപാടി ഈ ദിശയിലുള്ള നല്ലൊരു തുടക്കമാണ്.
സുഹൃത്തുക്കളേ,
ഇന്ന് ഇവിടെ എത്തുന്നതിന് മുൻപ്, ഞാൻ ന്യൂസിലൻഡിലെ ഒരു സ്പോർട്സ് സ്റ്റാർട്ടപ്പ് പരിപാടി സന്ദർശിച്ചിരുന്നു. കായിക സാങ്കേതികവിദ്യാ രംഗത്ത് ഉയർന്നുവരുന്ന നവീകരണങ്ങളും പുത്തൻ ആശയങ്ങളും എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കായിക സാങ്കേതികവിദ്യയുടെ മേഖലയിൽ നമുക്ക് ഒരുമിച്ച് വലിയ കാര്യങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.
ഇന്ത്യയുടെയും ന്യൂസിലൻഡിന്റെയും ഭാവി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്. ബഹിരാകാശ മേഖലയിലെ നമ്മുടെ സഹകരണം ഇതിനൊരു ഉദാഹരണമാണ്. ഇന്ത്യയുടെ ചന്ദ്രയാൻ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയപ്പോൾ, ന്യൂസിലൻഡ് മുഴുവൻ വലിയ ആവേശത്തോടെയാണ് ആ നിമിഷം ആഘോഷിച്ചത്. അത് നമ്മൾ ഏവർക്കും അഭിമാന നിമിഷമായിരുന്നു.
ഇനി, നിങ്ങളുമായി മറ്റൊരു അഭിമാനകരമായ കാര്യം കൂടി ഞാൻ പങ്കുവെക്കാം. ഈ വിജയത്തിൽ ന്യൂസിലൻഡിന്റെ സാങ്കേതികവിദ്യയും ഒരു പങ്കുവഹിച്ചിട്ടുണ്ട്, ഇത് നിങ്ങൾക്ക് അഭിമാനിക്കാൻ മറ്റൊരു കാരണം കൂടി നൽകുന്നു. ന്യൂസിലൻഡിലെ ബഹിരാകാശ കമ്പനികൾ പലപ്പോഴായി നമ്മളോടൊപ്പം ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഭാവിയിൽ ഈ സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനാണ് നമ്മൾ ശ്രമിക്കുന്നത്.
സുഹൃത്തുക്കളേ,
ഇന്ത്യയുടെയും ന്യൂസിലൻഡിന്റെയും സമ്പദ്വ്യവസ്ഥകൾക്ക് പരസ്പരം എത്രത്തോളം സംഭാവന നൽകാൻ കഴിയുമെന്ന് തെളിയിക്കാൻ ഈ ബഹിരാകാശ മേഖല മാത്രം മതിയാകും. നമ്മുടെ വ്യാപാര കരാറിന് പിന്നിലെ ലക്ഷ്യവും ഇതുതന്നെയാണ്. ഈ വ്യാപാര കരാർ വികസിത ഇന്ത്യയിലേക്കുള്ള നമ്മുടെ യാത്രയ്ക്ക് വേഗത കൂട്ടുകയും ഇന്ത്യയിലെയും ന്യൂസിലൻഡിലെയും ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ,
ഇന്ത്യയും ന്യൂസിലൻഡും വളരെ പ്രധാനപ്പെട്ട മറ്റൊരു സാമ്യം കൂടി പങ്കിടുന്നുണ്ട്. നമ്മുടെ തദ്ദേശീയ സംസ്കാരങ്ങളെ ആഘോഷിക്കുന്നതിലും തദ്ദേശീയ പൈതൃകം കാത്തുസൂക്ഷിക്കുന്നതിലുമാണ് ഈ സാമ്യം നിലനിൽക്കുന്നത്. ഇന്ന്, ഞാൻ മാവോറി (Māori) സമൂഹത്തെ പ്രത്യേകം അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു.
ഞാൻ ‘ഹക്ക’ (Haka) നൃത്തത്തെ വെറുമൊരു പ്രകടനമായിട്ടല്ല കണ്ടത്. ഹക്കയിൽ ഒരു സമൂഹത്തിന്റെ ആത്മാവാണ് ഞാൻ ദർശിച്ചത്. അത് ധീരത, ആത്മാഭിമാനം, പൂർവ്വികരോടുള്ള ആദരവ്, ഒരു വലിയ സമൂഹത്തിന്റെ കൂട്ടായ കരുത്ത് എന്നിവയെയാണ് പ്രതിഫലിപ്പിക്കുന്നത്.
സുഹൃത്തുക്കളേ,
മാവോറി സംസ്കാരത്തിൽ “മനാക്കിതംഗ” (Manaakitanga) എന്ന മനോഹരമായ ഒരു വാക്കുണ്ട്. ബഹുമാനം കാണിക്കുക, ഒരു സ്വന്തം എന്ന തോന്നൽ ഉണ്ടാക്കുക, ഒരാളെ പൂർണ്ണഹൃദയത്തോടെ പരിപാലിക്കുക എന്നാണ് ഇതിനർത്ഥം. ഇന്ത്യയിലും നമ്മൾ പറയാറുണ്ട്, “അതിഥി ദേവോ ഭവഃ”, അതിഥി ദൈവത്തിന് തുല്യനാണ് എന്ന്.
വാക്കുകൾ വ്യത്യസ്തമായിരിക്കാം, പശ്ചാത്തലങ്ങൾ വ്യത്യസ്തമായിരിക്കാം, വസ്ത്രധാരണം വ്യത്യസ്തമായിരിക്കാം, ഭാഷകളും വ്യത്യസ്തമായിരിക്കാം, പക്ഷേ അതിന്റെ പിന്നിലെ വികാരം ഒന്നുതന്നെയാണ്.
അതുപോലെ തന്നെ, മാവോറി സംസ്കാരത്തിൽ കുടുംബത്തെ സൂചിപ്പിക്കാൻ “വാനൗ” (Whanau) എന്ന മനോഹരമായ ഒരു വാക്കുണ്ട്, കുടുംബം എന്നാണ് ഇതിന്റെ അർത്ഥം. അത് ഒന്നിലധികം തലമുറകളെയും ബന്ധങ്ങളെയും ഒപ്പം ഒരു സമൂഹത്തെ മുഴുവനായും ഉൾക്കൊള്ളുന്നു. ഇന്ത്യയിലും നമ്മൾ കുടുംബത്തെ വെറുമൊരു സാമൂഹിക സംവിധാനമായിട്ടല്ല കാണുന്നത്; നമ്മളെ സംബന്ധിച്ചിടത്തോളം കുടുംബം എന്നത് ഒരു വലിയ പവിത്രമായ സ്ഥാപനമാണ് .
സുഹൃത്തുക്കളേ,
മാവോറി പാരമ്പര്യത്തിൽ മറ്റൊരു മനോഹരമായ സങ്കൽപ്പം കൂടിയുണ്ട് — ‘കൈതിയാകിതംഗ’ (Kaitiakitanga). നമ്മൾ പ്രകൃതിയുടെ ഉടമകളല്ല, മറിച്ച് അതിന്റെ കാവൽക്കാരാണ് എന്നാണ് അത് നമ്മളെ പഠിപ്പിക്കുന്നത്. ഇന്ത്യയും കാലങ്ങളായി ഇതേ തത്ത്വചിന്ത തന്നെയാണ് ഉയർത്തിപ്പിടിക്കുന്നത്: “മാതാ ഭൂമിഃ പുത്രോഹം പൃഥിവ്യാഃ” — “ഭൂമി എന്റെ അമ്മയാണ്, ഞാൻ അവളുടെ മകനാണ്.” ഈയൊരു ചിന്താഗതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, ഭൂമിദേവിയെ സംരക്ഷിക്കുന്നതിനായി ‘ഏക് പേഡ് മാ കേ നാം’ , ‘നാച്ചുറൽ ഫാമിംഗ് മിഷൻ’ എന്നിവയുൾപ്പെടെ നിരവധി പദ്ധതികൾ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
നിങ്ങൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയാണ് ജീവിക്കുന്നതെങ്കിലും, ഇന്ത്യക്ക് നിങ്ങളുടെ ഹൃദയത്തിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് എനിക്കറിയാം. നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ, ഏതെങ്കിലും ഒരു രീതിയിൽ ഇന്ത്യ എപ്പോഴും സാന്നിധ്യമറിയിക്കുന്നുണ്ട്. അത് ശരിയല്ലേ? നിങ്ങളുടെ ശരീരം ഇവിടെയായിരിക്കാം, പക്ഷേ നിങ്ങളുടെ ഹൃദയം എവിടെയാണ്? അതുകൊണ്ടാണ് ഇന്ത്യയുടെ ഓരോ നേട്ടങ്ങളെയും നിങ്ങൾ അത്രയേറെ ശ്രദ്ധയോടെ വീക്ഷിക്കുന്നത്.
നിങ്ങൾ സ്റ്റേഡിയത്തിലിരുന്ന് ഒരു ക്രിക്കറ്റ് മത്സരം കാണുമ്പോൾ പല ചെറിയ കാര്യങ്ങളും ശ്രദ്ധയിൽ പെട്ടെന്ന് വരില്ല. എന്നാൽ വീട്ടിലിരുന്ന് ടെലിവിഷനിൽ കാണുമ്പോൾ, അതിന്റെ ഓരോ സൂക്ഷ്മമായ വശങ്ങളും നിങ്ങൾക്ക് കൃത്യമായി മനസ്സിലാകും. അതേപോലെ തന്നെ, ഇന്ത്യയിലുണ്ടാകുന്ന ഓരോ പുരോഗതിയെക്കുറിച്ചും നിങ്ങൾ കൃത്യമായി ബോധവാന്മാരാണ്. അതുതന്നെയാണ് നിങ്ങളെ ശരിക്കും സവിശേഷരാക്കുന്നതും.
വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാർ തങ്ങൾ പാർപ്പുറപ്പിച്ചിരിക്കുന്ന രാജ്യങ്ങളുടെ പുരോഗതിക്കായി സംഭാവനകൾ നൽകുമ്പോൾ തന്നെ, സ്വന്തം രാജ്യത്തിന്റെ വികസനവുമായും അവർ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ ജന്മഭൂമിയെ, നമ്മുടെ മാതൃരാജ്യത്തെ നമ്മൾ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു, അതേസമയം തന്നെ നമ്മുടെ കർമ്മഭൂമിയോടും — അതായത് നമ്മൾ ജോലി ചെയ്യുകയും ജീവിതം കെട്ടിപ്പടുക്കുകയും ചെയ്യുന്ന ഈ നാടിനോടും — നമ്മൾ അത്രമേൽ ഭക്തിയുള്ളവരാണ്.
സുഹൃത്തുക്കളേ,
ആഗോള വെല്ലുവിളികൾക്കിടയിലും, ഇന്ന് ഇന്ത്യ പുരോഗമിക്കുന്ന വേഗത ശരിക്കും അഭൂതപൂർവ്വമാണ്. ഇന്ത്യയുടെ നേട്ടങ്ങളുടെ ഒരു പൂച്ചെണ്ട് ഞാൻ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കാം, രാജ്യത്തിന്റെ ശേഷി പ്രതിഫലിപ്പിക്കുന്ന ഒരു പൂച്ചെണ്ട്. ഈ പൂച്ചെണ്ട് ഞാൻ നിങ്ങൾക്കായി മാത്രം കൊണ്ടുവന്നതാണ്. ഇതിൽ നിങ്ങൾക്കിഷ്ടപ്പെടുന്ന, നിങ്ങളിൽ വലിയ അഭിമാനം നിറയ്ക്കുന്ന ഒരു പുഷ്പമെങ്കിലും ഉറപ്പായും ഉണ്ടാകുമെന്ന് എനിക്ക് തീർച്ചയുണ്ട്.
അപ്പോൾ, നിങ്ങൾ തയ്യാറാണോ? ഞാൻ ഈ പൂച്ചെണ്ട് സമർപ്പിക്കട്ടേ? ഞാൻ ഇത് അവതരിപ്പിക്കുമ്പോൾ, നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ആ പുഷ്പം ഏതാണെന്ന് കണ്ടെത്താം. അല്ലെങ്കിൽ ഒരുപക്ഷേ, ഈ പൂച്ചെണ്ടിലെ ഓരോ പുഷ്പവും നിങ്ങളുടേത് തന്നെയാണ്.
സുഹൃത്തുക്കളേ,
ഇന്ന് ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ (Vaccine) ഉത്പാദകരാണ് ഇന്ത്യ. മൊബൈൽ ഡാറ്റാ ഉപഭോഗത്തിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ന്, ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളാണ് ഇന്ത്യ. അത് പോലെ തന്നെ ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികമ്മ്യൂണിക്കേഷൻ വിപണിയുമാണ്. ലോകത്തിൽ ഗോതമ്പ് ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തും, പാൽ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുമാണ് ഇന്ത്യ. കൂടാതെ, മത്സ്യ ഉത്പാദനത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യം കൂടിയാണ് ഇന്ത്യ.
സുഹൃത്തുക്കളേ,
അത് മാത്രമല്ല, ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയാണ് ഇന്ത്യ. ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായും ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്. വളരെ വേഗം തന്നെ പുനരുപയോഗ ഊർജ്ജ ഉത്പാദനത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി മാറാൻ ഇന്ത്യ ഒരുങ്ങുകയാണ്. സൗരോർജ്ജ ശേഷിയുടെ കാര്യത്തിലും ലോകത്തിലെ മുൻനിര രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു.
സുഹൃത്തുക്കളേ,
ഇന്ന് വികസനത്തിന്റെ പുതിയ മാതൃകകളും ഇന്ത്യ ലോകത്തിന് മുന്നിൽ കാഴ്ചവെക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഐഡന്റിറ്റി പ്ലാറ്റ്ഫോം ഇന്ത്യ വിജയകരമായി നടത്തിവരുന്നു. യു.പി.ഐ (UPI) വഴി പ്രതിമാസം കോടിക്കണക്കിന് ഡിജിറ്റൽ ഇടപാടുകളാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നത്. ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് രാജ്യങ്ങളാണ് ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൽ താല്പര്യം പ്രകടിപ്പിക്കുന്നത്. ഡ്രോൺ സാങ്കേതികവിദ്യയിലും ബഹിരാകാശ സമ്പദ്വ്യവസ്ഥയിലും ഇന്ത്യ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്.
സുഹൃത്തുക്കളേ,
ഇതാണ് പുതിയ ഇന്ത്യയുടെ ചിത്രം. ന്യൂസിലൻഡിനെപ്പോലെ തന്നെ ഇന്ത്യയും എങ്ങനെയാണ് പരിസ്ഥിതിയും സമ്പദ്വ്യവസ്ഥയും തമ്മിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്തുന്നത് എന്ന് തെളിയിക്കുന്ന ഒന്നാണിത്.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ വളർച്ചയ്ക്ക് വളരെ പ്രധാനപ്പെട്ട മറ്റൊരു തലം കൂടിയുണ്ട്. അത് നമ്മുടെ പൈതൃകമാണ്. ഇന്ത്യ അതിന്റെ സമ്പദ്വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും എത്രത്തോളം പ്രാധാന്യം നൽകുന്നുവോ, അത്രത്തോളം തന്നെ പ്രാധാന്യം സ്വന്തം പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും നൽകുന്നുണ്ട്.
സുഹൃത്തുക്കളേ,
ആവശ്യഘട്ടങ്ങളിൽ ഇന്ത്യ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിന്റെ ഒരു ഉദാഹരണമാണ് ഗുരുഗ്രന്ഥ സാഹിബിന്റെ വിശുദ്ധ സ്വരൂപങ്ങൾ നമ്മൾ കൈകാര്യം ചെയ്ത രീതി. അഫ്ഗാനിസ്ഥാനിൽ പ്രതിസന്ധി ഉടലെടുത്തപ്പോൾ, ഗുരുഗ്രന്ഥ സാഹിബിന്റെ വിശുദ്ധ സ്വരൂപങ്ങൾ അതീവ ആദരവോടും ബഹുമാനത്തോടും കൂടിയാണ് നമ്മൾ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്.
സുഹൃത്തുക്കളേ,
നമ്മുടെ മഹാനായ സിഖ് ഗുരുക്കന്മാർ മനുഷ്യരാശിക്ക് മുഴുവൻ സേവനത്തിന്റെയും ധീരതയുടെയും സമത്വത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമാണ് പകർന്നുനൽകിയത്. ലോകത്തിന്റെ ഏത് ഭാഗത്തായാലും, ഗുരുദ്വാരകൾ നിസ്വാർത്ഥ സേവനത്തിന്റെ കേന്ദ്രങ്ങളായിട്ടാണ് പ്രവർത്തിക്കുന്നത്. വിശന്നു വരുന്ന ആർക്കും അവിടെ ഭക്ഷണം നൽകുന്നു. ദുരിതമനുഭവിക്കുന്ന ആർക്കും അവിടെ പിന്തുണ ലഭിക്കുന്നു.
ഈയൊരു ബോധത്തോടെ, ശ്രീ ഹർമന്ദിർ സാഹിബിലെ സേവനങ്ങളെ ബാധിക്കുന്ന എഫ്.സി.ആർ.എ (FCRA) വ്യവസ്ഥകളുമായി ബന്ധപ്പെട്ട ചില ബുദ്ധിമുട്ടുകൾ സിഖ് സമൂഹത്തിലെ അംഗങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഞങ്ങൾ ഉടനടി നടപടികൾ സ്വീകരിക്കുകയുണ്ടായി.
സുഹൃത്തുക്കളേ,
ഹേമകുണ്ഡ് സാഹിബിനെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. ഹിമാലയത്തിന്റെ ഉയരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ പുണ്യസ്ഥലം വർഷത്തിൽ ഭൂരിഭാഗം സമയവും മഞ്ഞുമൂടിയ മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. ഇവിടേക്കുള്ള തീർത്ഥാടന പാത അത്യന്തം വെല്ലുവിളി നിറഞ്ഞതാണ്, അതിനാൽ പരിമിതമായ എണ്ണം ഭക്തർക്ക് മാത്രമേ ഈ യാത്ര പൂർത്തിയാക്കാൻ സാധിക്കാറുള്ളൂ, പ്രത്യേകിച്ച് ഈ പുണ്യസ്ഥലം സന്ദർശിക്കുന്ന നമ്മുടെ സിഖ് സഹോദരങ്ങൾക്കും സഹോദരിമാർക്കും.
ഹേമകുണ്ഡ് സാഹിബിലേക്കുള്ള തീർത്ഥാടനം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി, പ്രത്യേകിച്ച് നമ്മുടെ പ്രായമായ ഭക്തർക്കും സിഖ് സഹോദരങ്ങൾക്കും സഹോദരിമാർക്കും വേണ്ടി, ഗവൺമെന്റ് ഈ പുണ്യകേന്ദ്രത്തിലേക്ക് ഒരു റോപ്വേയും നിർമ്മിച്ചുവരികയാണ്.
സുഹൃത്തുക്കളേ,
സാഹിബ്സാദമാരുടെ ധീരതയുടെയും ത്യാഗത്തിന്റെയും ശാശ്വതമായ ഓർമ്മയ്ക്കായി നമ്മുടെ ഗവൺമെന്റ് ഡിസംബർ 26-ന് വാർഷിക ‘വീർ ബാൽ ദിവസ്’ ആചരിക്കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ന്, ഇത് രാജ്യത്തിന് മുഴുവൻ പ്രചോദനം നൽകുന്ന ഒരു അവസരമായി മാറിയിരിക്കുന്നു. കേരളം മുതൽ അസം വരെ, ഇന്ത്യയിലുടനീളമുള്ള കുട്ടികൾ ഇപ്പോൾ നാല് സാഹിബ്സാദമാരുടെയും മാതാ ഗുജ്രിയുടെയും ത്യാഗത്തെക്കുറിച്ച് മനസ്സിലാക്കുന്നുണ്ട്.
വീർ ബാൽ ദിവസ് ഇന്ത്യയിലുടനീളമുള്ള എണ്ണമറ്റ കുട്ടികളുടെയും യുവാക്കളുടെയും ഹൃദയങ്ങളിൽ അചഞ്ചലമായ ധീരതയുടെ വികാരം വളർത്തിയെടുത്തിട്ടുണ്ട്.
സുഹൃത്തുക്കളേ,
വിശുദ്ധമായ ജോറെ സാഹിബിനെക്കുറിച്ചും (Jore Sahib – ഗുരുവിന്റെ പാദരക്ഷകൾ) എനിക്ക് നിങ്ങളോട് സംസാരിക്കാനുണ്ട്. ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകരിലൊരാളാണ് ശ്രീ ഹർദീപ് പുരി. പുരി കുടുംബത്തിന്റെ പൂർവ്വികർ ഗുരു ഗോവിന്ദ് സിംഗിനെ സേവിച്ചിരുന്നവരാണ്. ഗുരു ഗോവിന്ദ് സിംഗ് ജിയുടെയും മാതാ സാഹിബ് കൗർ ജിയുടെയും വിശുദ്ധ ജോറെ സാഹിബ് തന്റെ കുടുംബം 300-ലധികം വർഷങ്ങളായി കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് ശ്രീ ഹർദീപ് പുരി എന്നോട് പറയുകയുണ്ടായി.
വിഭജന കാലത്ത്, ശ്രീ പുരിയുടെ പൂർവ്വികർ ഈ വിശുദ്ധ തിരുശേഷിപ്പുകൾ സുരക്ഷിതമായി ഡൽഹിയിൽ എത്തിച്ചു. കൂടുതൽ ഭക്തർക്ക് ആദരവർപ്പിക്കാൻ അവസരം ലഭിക്കുന്നതിനായി ഈ വിശുദ്ധ ജോറെ സാഹിബ് സിഖ് സംഗതിന് കൈമാറാൻ ആ കുടുംബം ആഗ്രഹിച്ചു.
തുടർന്ന് ഞങ്ങൾ ഒരു കമ്മിറ്റി രൂപീകരിക്കുകയും സിഖ് പാരമ്പര്യങ്ങളിൽ നല്ല അറിവുള്ള വിദഗ്ദ്ധരുടെ ഉപദേശം തേടുകയും ചെയ്തു. അവരുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, ഗുരു ഗോവിന്ദ് സിംഗ് ഈ പുണ്യഭൂമിയിൽ ആദ്യമായി കാലുകുത്തിയ, അദ്ദേഹത്തിന്റെ ജന്മസ്ഥലമായ നമ്മുടെ ആദരണീയമായ പട്ന സാഹിബിലേക്ക് വിശുദ്ധ ജോറെ സാഹിബ് കൊണ്ടുപോകാൻ തീരുമാനിച്ചു.
വിശുദ്ധ ജോറെ സാഹിബ് ഇപ്പോൾ പട്ന സാഹിബിലെ പുണ്യകേന്ദ്രത്തിൽ ഉണ്ടെന്ന കാര്യം എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ആ വിശുദ്ധമായ അവസരത്തിന് സാക്ഷ്യം വഹിക്കാനും അവിടെ സന്നിഹിതനാകാനും കഴിഞ്ഞത് എന്റെ വലിയൊരു ഭാഗ്യമായിരുന്നു. നിങ്ങൾ എപ്പോഴൊക്കെ ഇന്ത്യ സന്ദർശിച്ചാലും പട്ന സാഹിബിൽ പോയി ആദരമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഞാൻ നിങ്ങളോടെല്ലാവരോടും അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന്, അപാരമായ ആത്മവിശ്വാസത്തോടും അതിരറ്റ സ്നേഹത്തോടും ഒപ്പം ഒരുപാട് അമൂല്യമായ ഓർമ്മകളുമായാണ് ഞാൻ മടങ്ങുന്നത്. ഒപ്പം എനിക്ക് നിങ്ങളോട് മറ്റൊന്ന് കൂടി പറയാനുണ്ട്: ഇത്തവണ, ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡ് സന്ദർശിക്കാൻ 40 വർഷത്തെ സമയമെടുത്തു. എന്നാൽ ഇനി നിങ്ങൾക്ക് അത്രയും കാലം കാത്തിരിക്കേണ്ടി വരില്ല. മറ്റൊരു 40 വർഷം കൂടി ഇതിനായി എടുക്കില്ല. അത് മോദിയുടെ ഗ്യാരന്റിയാണ് . മോദിയുടെ ഗ്യാരന്റി എന്നാൽ, അത് ഉറപ്പായും നിറവേറ്റപ്പെടും എന്നതിന്റെ ഗ്യാരന്റിയാണ്.
സുഹൃത്തുക്കളേ,
എനിക്ക് നിങ്ങളോട് ഒരു അഭ്യർത്ഥന കൂടി നടത്താനുണ്ട്. കുറച്ചുകാലം മുൻപ്, വിദേശത്ത് വസിക്കുന്ന നമ്മുടെ ഇന്ത്യൻ സമൂഹത്തിലെ കുട്ടികൾക്കായി നമ്മൾ ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. നമ്മുടെ കുട്ടികൾക്ക് ഇന്ത്യയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും, ഇന്ത്യയുടെ വൈവിധ്യങ്ങൾ ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കാനും സഹായിക്കുന്നതിനായി നമ്മൾ ‘ഭാരത് കോ ജാനിയേ ക്വിസ്’ ആരംഭിച്ചു. ഇതുവരെ ഇതിന്റെ ഒരു പ്രാഥമിക ഘട്ടം മാത്രമാണ് നടന്നത്, എങ്കിലും നമ്മുടെ യുവ മത്സരാർത്ഥികൾ എത്രത്തോളം ആവേശത്തോടെയാണ് ഇതിൽ പങ്കെടുത്തതെന്ന് കണ്ട് ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി.
ഇപ്പോൾ, ഈ പരിപാടിയുടെ ആറാമത് പതിപ്പിനെ നമ്മൾ കൂടുതൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാക്കുകയാണ്. ഇത്തവണത്തെ മിക്ക മത്സരങ്ങളും ഒരു ആപ്പ് വഴിയായിരിക്കും നടക്കുക. ഇവിടുത്തെ എല്ലാ യുവാക്കളും ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇന്ത്യയെ കൂടുതൽ അടുത്തറിയൂ, ഒപ്പം ന്യൂസിലൻഡിലെ ജനങ്ങളെ ഇന്ത്യയുടെ സമ്പന്നമായ പൈതൃകവുമായി ബന്ധിപ്പിക്കാൻ സഹായിക്കൂ.
സുഹൃത്തുക്കളേ,
വികസിത ഇന്ത്യയെന്ന കാഴ്ചപ്പാടാലും ന്യൂസിലൻഡിന്റെ സമൃദ്ധിയാലും പ്രകാശമാനവും ശോഭനവുമായ ഒരു ഭാവി ഞാൻ മുന്നിൽ കാണുന്നു. ഈ ആത്മവിശ്വാസത്തോടെ, ഞാൻ ഒരിക്കൽക്കൂടി നിങ്ങളോടെല്ലാവർക്കും വളരെയധികം നന്ദി അറിയിക്കുന്നു.
പ്രധാനമന്ത്രി ലക്സണും അദ്ദേഹത്തിന്റെ ടീമിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ന്യൂസിലൻഡിലെ ജനങ്ങളോടുള്ള എന്റെ കൃതജ്ഞതയും അറിയിക്കുന്നു.
ഒരിക്കൽ കൂടി, എന്നോടൊപ്പം ചേർന്ന് ഉറക്കെ പറയൂ, ഭാരത് മാതാ കി ജയ്!
വന്ദേ മാതരം!
നന്ദി!
കിയ ഓരാ!
നിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ഏകദേശ പരിഭാഷ മാത്രമാണ്. യഥാർത്ഥ പ്രസ്താവന ഹിന്ദിയിലായിരുന്നു നടത്തിയത്.
SK
Incredible enthusiasm and affection at the community programme in Auckland. https://t.co/u4cv0Mx4ZJ
— Narendra Modi (@narendramodi) July 11, 2026
The India-New Zealand relationship is built on cherished memories, enduring friendship, shared values and a common commitment. pic.twitter.com/WDPFJgTwHy
— PMO India (@PMOIndia) July 11, 2026
India is always willing to learn from others. For us, it is not the size of a country's population that matters, but its commitment to the welfare of its people. pic.twitter.com/YVnYj0WEA6
— PMO India (@PMOIndia) July 11, 2026
There is a similarity between India and New Zealand.
— PMO India (@PMOIndia) July 11, 2026
It is our indigenous cultures... and our resolve to celebrate and preserve them. pic.twitter.com/SmqLhjsu7h
Even amid global uncertainties, India's pace of development is truly unprecedented. pic.twitter.com/ej5dwCMc1G
— PMO India (@PMOIndia) July 11, 2026
Just as India places great importance on its economy and ecology, it accords equal importance to its heritage. pic.twitter.com/TLG29peF0V
— PMO India (@PMOIndia) July 11, 2026
An unforgettable atmosphere at the community programme in Auckland!
— Narendra Modi (@narendramodi) July 11, 2026
Grateful to the Indian community of New Zealand. pic.twitter.com/aarWK3q8eg
The Indian community in New Zealand is one of the strongest pillars of our friendship. Addressing them in Auckland was a memorable experience.
— Narendra Modi (@narendramodi) July 11, 2026
Here are some more glimpses from the community programme… pic.twitter.com/CFOlXnD6U8
Glad that my friend Prime Minister Christopher Luxon joined the community programme in Auckland. His presence reflects the warmth he has for India and the Indian community.@chrisluxonmp pic.twitter.com/zYr9ZkZBHi
— Narendra Modi (@narendramodi) July 11, 2026
न्यूजीलैंड के सभी निवासियों के लिए मैं 140 करोड़ भारतीयों की शुभकामनाएं लेकर यहां आया हूं। pic.twitter.com/DNWYx95emz
— Narendra Modi (@narendramodi) July 11, 2026
Whenever the Indian diaspora is praised, I feel very proud! pic.twitter.com/7DANDblQOs
— Narendra Modi (@narendramodi) July 11, 2026
इस वर्ष इंडिया-न्यूजीलैंड स्पोर्टिंग रिलेशन्स के सौ साल पूरे हो रहे हैं। आज भी स्पोर्ट्स में दोनों देशों के बीच परस्पर सहयोग की बहुत संभावनाएं हैं। pic.twitter.com/Dd3BKbe4OC
— Narendra Modi (@narendramodi) July 11, 2026
भारत और न्यूजीलैंड के बीच एक बड़ी समानता यह है कि दोनों ही देश Indigenous Culture को खूब सेलिब्रेट करते हैं। इसके एक नहीं अनेक उदाहरण हैं… pic.twitter.com/pmCF00I5bG
— Narendra Modi (@narendramodi) July 11, 2026
India has focused on economy and ecology but at the same time, we have preserved and protected our heritage too. As examples, talked about few instances relating to our Sikh brothers and sisters. pic.twitter.com/K6Oc5tpkGP
— Narendra Modi (@narendramodi) July 11, 2026