Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാര്‍ലമെന്റ് അംഗങ്ങള്‍ക്കുവേണ്ടി പുതുതായി നിര്‍മ്മിച്ച ഫ്‌ളാറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ലോക്‌സഭയുടെ ആദരണീയനായ അധ്യക്ഷന്‍ ശ്രീ ഓം ബിര്‍ളാ ജി, രാജ്യസഭാ ഉപാധ്യക്ഷന്‍ ശ്രീ ഹരിവന്‍ഷ് ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ പ്രഹ്‌ളാദ് ജോഷി ജി, ശ്രീ ഹര്‍ദീപ് സിംഗ് പുരി ജി, ഭവന കമ്മിറ്റി അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ ജി, ശ്രീ ഓം മാത്തുര്‍ ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന എംപിമാരെ, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, വിശിഷ്ടാതിഥികളെ,

ഓരോ പുതിയ സമ്മേളനങ്ങള്‍ തുടങ്ങുമ്പോഴും എംപിമാര്‍ താമസ സൗകര്യങ്ങളുടെ കാര്യത്തില്‍ ധാരാളം ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുന്നുണ്ട്. ദീര്‍ഘ നാളത്തേയ്ക്ക് ഹോട്ടലുകള്‍ ബുക്കു ചെയ്യേണ്ടി വരുന്നു. വീടുകള്‍ ഒഴിയുമ്പോള്‍ അവയുടെഅറ്റകുറ്റപണി നടത്തുന്നു, നവീകരിക്കുന്നു. ഇത് ഇങ്ങനെ തുടരുന്നു. ഇതിന് പരിഹാരമായിട്ടാണ്, മാറുന്ന കാലത്തിനനുസരിച്ച് സ്ഥിരമായ സംവിധാനം വികസിപ്പിക്കുക എന്ന ചിന്ത ഉയരുകയും അതിനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തത്. എംപിമാര്‍ക്ക് ഒരു മുറിയില്‍ കൂടുതല്‍ ആവശ്യമില്ല. പക്ഷെ അവരെ കാണാന്‍ അവരുടെ മേഖലയില്‍ നിന്ന് വളരെയധികം ആളുകള്‍ എത്തുന്നു. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് അവരുടെ വലിയ ജോലി. ദൂരെ ദിക്കുകളില്‍ നിന്നു വരുന്നവരെ സംബന്ധിച്ചിടത്തോളം രാത്രിയിലുള്ള താമസം വളരെ ഉത്ക്കണ്ഠയുളവാക്കുന്നു. ഇവിടെ താമസിക്കാന്‍ സ്ഥലമുണ്ടോ ഇല്ലയോ എന്ന് പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് അറിയാവുന്നതാണ്, നമുക്കവരെ പറഞ്ഞു വിടാനും പറ്റില്ല.

പുറത്തു നിന്നു വരുന്നവര്‍ക്ക് ഈ പ്രശ്‌നം മനസ്സിലാക്കാന്‍ ബുദ്ധമുട്ടുണ്ട്. എംപി മാരെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഗുരുതരമായ വെല്ലുവിളിയാണ്. അങ്ങിനെയാണ് കഴിഞ്ഞ സമ്മേളനത്തിനു ശേഷം ഇതെക്കുറിച്ച് ഗൗരവമായി ചിന്തിച്ച് ശ്രമങ്ങള്‍ ആരംഭിച്ചത്. മറ്റൊരു വിഷയം ചില കെട്ടിടങ്ങള്‍ വളരെ പഴക്കം ചെന്നവയായും എല്ലാ ദിവസവും അറ്റകുറ്റപണി ആവശ്യമുള്ളതുമാണ്. അത് താമസ സൗകര്യങ്ങള്‍ ഒരുക്കുന്നവര്‍ക്കും അവിടെ താമസിക്കാന്‍ എത്തുന്നവര്‍ക്കും ബുദ്ധിമുട്ടാണ്. അങ്ങിനെയാണ് പ്രശ്‌നത്തിനു സ്ഥിര പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. വരും ദിനങ്ങളില്‍ കൂടുതല്‍ മന്ദിരങ്ങള്‍ വേഗത്തില്‍ നിര്‍മ്മിക്കണം. ഗവണ്‍മെന്റ് സ്വന്തം വകുപ്പു വഴി ഇത്ര നന്നായി പ്രവര്‍ത്തിക്കുകയാണെങ്കില്‍, സ്വന്തം ജോലി ഇത്ര ഉജ്വലമായി ചെയ്യുന്നതു കണ്ട് പുറത്തുള്ളവര്‍ അമ്പരന്നു പോകും. അതിനാല്‍ ഈ ജോലികള്‍ നിര്‍വഹിച്ച ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരെ ഞാന്‍ അഭിനന്ദിക്കുന്നു. സാധാരണ ഗവണ്‍മെന്റിന്റെ ജോലികള്‍ വൈകുമെന്നാണ് ആളുകള്‍ കരുതുന്നത്. ഈ ജോലി എന്നു തീരും? അല്ലെങ്കില്‍ ഇനി എത്ര കാലതാമസം വേണ്ടിവരും ? എന്നു ജനം ചോദിക്കും. പക്ഷെ ഈ ജോലി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയായിരിക്കുന്നു. ഗവണ്‍മെന്റിന്റെ ജോലികളില്‍ കാലതാമസം വരികയും ബജറ്റ് വര്‍ധിക്കുകയുമാണ് പതിവ്. ഇവിടെ അനുവദിച്ച തുകയെക്കാളും കുറഞ്ഞ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായി, എന്നാല്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച്ചകള്‍ വരുത്തിയിട്ടുമില്ല. അങ്ങിനെ സമയം ലാഭിച്ചു, പണവും ലാഭിച്ചു. എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്. ഈ മന്ദിരത്തിന്റെ നിര്‍മ്മാണത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെയും, പ്രത്യേകിച്ച് ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ ഞാന്‍ അഭിനന്ദിക്കുന്നു.

ഇക്കുറി പാര്‍ലമെന്റ് വളരെ നന്നായി പ്രവര്‍ത്തിച്ചു. അതിന്റെ ബഹുമതി ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. എല്ലാ എംപിമാര്‍ക്കുമാണ്, സ്പീക്കര്‍ക്കാണ്. എന്നാല്‍ ഇരു സഭകളില്‍ നിന്നും ഏകകണ്ഠമായി ഒരു അഭിപ്രായം ഉയര്‍ന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം 2022 ല്‍ ആസന്നമാകുകയാണ്. അതിനാല്‍ പാര്‍ലമെന്റിലും ചെറിയ മാറ്റങ്ങള്‍ ഉണ്ടാവണം എന്നു സ്പീക്കറും ഉപരാഷ്ട്രപതിയും നിര്‍ദ്ദേശിക്കുയും ചെയ്തു. ശരിയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി എം പി മാരില്‍ നിന്ന് ഞാന്‍ ഈ ആവശ്യം കേള്‍ക്കുന്നു. എല്ലാം പഴയതാണ്, മാറ്റങ്ങള്‍ വേണം എന്നു മാധ്യമപ്രവര്‍ത്തരും പറയാറുണ്ടായിരുന്നു. ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. സഭയില്‍ നിന്നു തന്നെ ആവശ്യം ഉന്നയിക്കപ്പെട്ടതോടെ ഗവണ്‍മെന്റ് ഇക്കാര്യം ഗൗരവമായി എടുത്തു. പാര്‍ലമെന്റില്‍ എങ്ങനെ ആധുനിക സൗകര്യങ്ങള്‍ കൊണ്ടുവരാം എന്ന് ഉദ്യോഗസ്ഥരും ചിന്തിച്ചു. ആവശ്യമെങ്കില്‍ പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിന്റെ സാധ്യതയെ കുറിച്ചു പോലും ആലോചിക്കുന്നുണ്ട്.

ഞാന്‍ അവരോട് ആവശ്യപ്പെട്ടിരിക്കുന്നത് കഴിയുന്നത്ര വേഗത്തില്‍ അതായത് 75-ാം വാര്‍ഷികത്തിനു മുന്നെ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കണം എന്നാണ്. വളരെ കുറച്ചു സമയമെ ഉള്ളു, എന്നാലും നാം ശ്രമിക്കണം. ഈ പുതിയ സൗകര്യങ്ങളുടെ പേരില്‍ എല്ലാ എംപിമാരെയും ഞാന്‍ വീണ്ടും അഭിനന്ദിക്കുകയും അവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്യുന്നു. ഇതിനു വേണ്ടി ആത്മാര്‍ത്ഥമായിപ്രവര്‍ത്തിച്ച, വേദിയിലുള്ള എല്ലാ വിശിഷ്ട വ്യക്തികള്‍ക്കും ഞാന്‍ നന്ദി പറയുന്നു.

എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി.

***