പിഎം ഇന്ത്യ
പുനരുപയോഗിക്കാവുന്ന ഊര്‍ജം സംബന്ധിച്ചുള്ള ഇന്ത്യ-ഗയാന ധാരണാപത്രത്തെക്കുറിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുമ്പാകെ വിശദീകരിക്കപ്പെട്ടു. ഊര്‍ജ-പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ വകുപ്പു സഹമന്ത്രി ശ്രീ. ആര്‍.കെ.സിങ്ങും ഗയാനയുടെ സെക്കന്‍ഡ് വൈസ് പ്രസിഡന്റും സഹകരണ വിദേശകാര്യ മന്ത്രിയുമായ ബഹുമാനപ്പെട്ട ശ്രീ. കാള്‍ ബി.ഗ്രീനിഡ്ജും 2018 ജനുവരി 30നു ന്യൂഡെല്‍ഹിയില്‍വെച്ചാണു ധാരണാപത്രം ഒപ്പുവെച്ചത്.
പരസ്പര നേട്ടത്തിന്റെയും തുല്യതയുടെയും അന്യോന്യതയുടെയും അടിസ്ഥാനത്തില്‍ പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ മേഖലകളില്‍ സാങ്കേതിക ഉഭയകക്ഷി സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതിനായി സഹകരണാടിസ്ഥാനത്തിനുള്ള സ്ഥാപനപരമായ ബന്ധത്തിന് അടിത്തറയിടുക എന്നതാണു ധാരണാപത്രത്തിലൂടെ ഇരു വിഭാഗവും ലക്ഷ്യംവെക്കുന്നത്. സഹകരിക്കാവുന്ന മേഖലകള്‍ സംബന്ധിച്ച കാര്യങ്ങള്‍ പുനരവലോകനം ചെയ്യാനും നിരീക്ഷിക്കാനും ചര്‍ച്ച ചെയ്യാനുമായി സംയുക്ത പ്രവര്‍ത്തന സമിതി രൂപീകരിക്കാനും ധാരണാപത്രത്തില്‍ പദ്ധതിയുണ്ട്. വൈദഗ്ധ്യമുള്ളവരുടെ കൈമാറ്റവും വിവരശൃംഖല രൂപീകരിക്കലും സാധ്യമാക്കുക എന്ന ഉദ്ദേശ്യവും ധാരണാപത്രത്തിനുണ്ട്.
ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനു ധാരണാപത്രം സഹായകമാകും.