Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിനിടെ (ജൂണ്‍24-2017) പ്രധാനമന്ത്രി പുറപ്പെടുവിച്ച പത്രപ്രസ്താവന

പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിനിടെ (ജൂണ്‍24-2017) പ്രധാനമന്ത്രി പുറപ്പെടുവിച്ച പത്രപ്രസ്താവന

പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിനിടെ (ജൂണ്‍24-2017) പ്രധാനമന്ത്രി പുറപ്പെടുവിച്ച പത്രപ്രസ്താവന


ബഹുമാനപ്പെട്ട പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റാ, ബഹുമാനപ്പെട്ട പ്രതിനിധികളെ,

മാധ്യമപ്രതിനിധികളെ,

ആദ്യമായി കഴിഞ്ഞ ആഴ്ച പോര്‍ച്ചുഗലിലുണ്ടായ അതിഭീകരമായ കാട്ടുതീയില്‍ ഇരകളായവരോടുള്ള ഞങ്ങളുടെ ഏറ്റവും അഗാധമായ ആദരാജ്ഞലിയും സഹാനുഭൂതിയും രേഖപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളെ,

നമ്മുടെ ഈ രണ്ടു രാജ്യങ്ങളും തമ്മില്‍ വളരെ ആഴത്തിലുള്ള ചരിത്രപരവും ശക്തവുമായ സാമ്പത്തിക ബന്ധമുണ്ട്. ഒപ്പം ജനങ്ങള്‍ തമ്മില്‍ പരസ്പരമുള്ള ബന്ധവും ശക്തമാണ്. അതുകൊണ്ടുതന്നെ ഇതുവരെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഉഭയകക്ഷി സന്ദര്‍ശനം പോര്‍ച്ചുഗലിലേക്ക് ഉണ്ടായിട്ടില്ലെന്നത് എന്നെ അതിശയിപ്പിക്കുന്നു. എന്നാല്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇന്ത്യയും പോര്‍ച്ചുഗലും തമ്മിലുള്ള രണ്ടാമത്തെ ഉച്ചകോടിയാണിതെന്നത് എനിക്ക് അതിയായ സംതൃപ്തി നല്‍കുന്നു. ഈ ചെറിയ സമയത്തിനുള്ളില്‍ എനിക്ക് അതീവ ഹൃദ്യവും സ്‌നേഹം നിറഞ്ഞതുമായ സ്വീകരണം നല്‍കിയതില്‍ പ്രധാനമന്ത്രി കോസ്റ്റയോട് ഞാന്‍ അഗാധമായ നന്ദി പ്രകടിപ്പിക്കുന്നു. ജനുവരിയില്‍ പ്രധാനമന്ത്രി കോസ്റ്റയെ ഇന്ത്യയില്‍ വെറും ഒരു ഉഭയകക്ഷി സന്ദര്‍ശനം എന്ന നിലയ്ക്കുപരി രാജ്യത്തിന് പുറത്തുവസിക്കുന്ന നാട്ടുകാരുടെ ആഘോഷദിവസം എന്നനിലയില്‍ പ്രവാസി ഭാരതീയ ദിവസത്തിന്റെ മുഖ്യ അതിഥി എന്ന നിലയിലും സ്വീകരിക്കാനായതില്‍ ഞങ്ങള്‍ അതിയായി അഭിമാനിക്കുന്നു.

സുഹൃത്തുക്കളെ,

ഇന്ന് ഞാനും പ്രധാനമന്ത്രി കോസ്റ്റയും തമ്മില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് വിശദമായ ആശയവിനിമയം നടത്തുകയും നാഴികകല്ലായി മാറിയ അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷമുള്ള നേട്ടങ്ങള്‍ വിലയിരുത്തുകയും ചെയ്തു. നമ്മുടെ സാമ്പത്തിക ബന്ധം മുകളിലോട്ടുള്ള പ്രയാണത്തില്‍ തന്നെയാണ്. ഉഭയകക്ഷി വ്യാപാരത്തില്‍ കഴിഞ്ഞവര്‍ഷം 17% വളര്‍ച്ചയുണ്ടായിട്ടുണ്ട്. അതുപോലെ പോര്‍ച്ചുഗലില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശനിക്ഷേപം ചെറുതാണെങ്കിലും 2016-17ല്‍ അത് ഇരട്ടിയായി. എന്നാല്‍ ഈ രണ്ടു സാമ്പത്തികശക്തികളും തമ്മിലുള്ള ചരക്ക്, സേവനം, മൂലധനം, മാനവവിഭശേഷി എന്നിവയുടെ ഒഴുക്ക് ശക്തിപ്പെടുത്തുന്നതിന് ഇനിയും നാം പലതും ചെയ്യേണ്ടതുണ്ട്. പോര്‍ച്ചുഗീസ് സമ്പദ്ഘടനയുടെ കുതിപ്പും ഇന്ത്യയുടെ ശക്തമായ വളര്‍ച്ചയും നമ്മുടെ ഈ രണ്ടു രാജ്യങ്ങള്‍ക്കും ഒന്നിച്ച് വളരുന്നതിനുള്ള മികച്ച അവസരമാണ് നല്‍കുന്നത്. സുഹൃത്തുക്കളെ, ഇന്ന് യൂറോപ്പില്‍ വ്യാവസായിക സംരംഭകത്വത്തിന് അനുയോജ്യമായി ഏറ്റവും ഊര്‍ജ്ജസ്വലമായ പാരിസ്ഥിതികമേഖലയായി പോര്‍ച്ചുഗല്‍ മാറിക്കഴിഞ്ഞു. ഇന്ത്യയും ഇന്ന് ഏറ്റവും കരുത്തുറ്റതും ചലനാത്മകവുമായ സ്റ്റാര്‍ട്ട് അപ്പുകളുടെ കേന്ദ്രമായി മാറിക്കഴിഞ്ഞു. സ്റ്റാര്‍ട്ട്-അപ്പുകള്‍ എന്നത് യുവത്വത്തോടൊപ്പം ആശയങ്ങള്‍, സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍, സൃഷ്ടിപരത എന്നിവയെല്ലാം കൂടി യോജിപ്പിച്ചുകൊണ്ട് സമൂഹത്തിന്റെ ഗുണത്തിന് വേണ്ടി മൂല്യങ്ങളും സമ്പത്തും സൃഷ്ടിക്കുന്ന ഏറ്റവും ആവേശകരമായ മേഖലയാണ്. ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഞാനും പ്രധാനമന്ത്രി കോസ്റ്റയും തമ്മില്‍ ഇന്ത്യാ-പോര്‍ച്ചുഗല്‍ അന്തര്‍ദ്ദേശീയ സ്റ്റാര്‍ട്ട്-അപ്പ് ഹബ്ബിനെക്കുറിച്ച് ചര്‍ച്ചചെയ്തിരുന്നു. ഇത്രയും ചെറിയകാലയളവിനുള്ളില്‍ അത് സാക്ഷാത്കരിക്കപ്പെടുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. പ്രധാനമന്ത്രി കോസ്റ്റയുമായി ചേര്‍ന്ന് സംയുക്തമായി അതിന്റെ ഉദ്ഘാടനം നടത്തുന്നതിനാണ് ആലോചിക്കുന്നത്. നികുതി, ഭരണപരിഷ്‌ക്കാരങ്ങള്‍, ശാസ്ത്രം ബഹിരാകാശം, യുവജനക്ഷേമം, കായികം എന്നീ മേഖലകളിലെ പുതിയ കരാറുകള്‍ നമ്മുടെ സഹകരണത്തിന്റെ മേഖകളെ കൂടുതല്‍ വിശാലമാക്കുകയാണ്. ശാസ്ത്ര-സാങ്കേതിക മേഖലകളിലെ നമ്മുടെ സഹകരണത്തിന് കൂടുതല്‍ ഗതിവേഗം കൈവന്നിട്ടുണ്ട്. ഏറ്റവും മുന്‍ നിര സാങ്കേതിക വിദ്യയിലെ സഹകരണത്തിന് 4 മില്യണ്‍ യുറോയുടെ ശാസ്ത്ര സാങ്കേതിക സംയുക്ത ഫണ്ട് രൂപീകരിക്കുന്നതിന് നാം തീരുമാനിച്ചിട്ടുണ്ട്. നാനോ ടെക്‌നോളജി, മറൈന്‍ സയന്‍സ്, ഓഷ്യാനോഗ്രാഫി എന്നീ മേഖലകളില്‍ പോര്‍ച്ചുഗീസ് വിദഗ്ധരില്‍ നിന്നും പലതും പഠിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ബഹിരാകാശം നമ്മുടെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ മേഖലയാണ്. ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി കോസ്റ്റ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഈ ആശയമുദിച്ചത്. ബഹിരാകാശ-സമുദ്രശാസ്ത്ര മേഖലകളില്‍ പോര്‍ച്ചുഗലിലെ അറ്റ്‌ലാന്റിക് ഇന്റര്‍നാഷണല്‍ റിസര്‍ച്ച് സെന്ററുമായുള്ള സഹകരണത്തെ ഞങ്ങള്‍ വളരെ താല്‍പര്യത്തോടെയാണ് നോക്കി കാണുന്നത്.

സുഹൃത്തുക്കളെ,

നമ്മുടെ രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മില്‍ വളരെ ഊര്‍ജ്ജസ്വലവും വളരുന്നതുമായ ബന്ധമാണുള്ളത്. പോര്‍ച്ചുഗലിലുള്ള ഇന്ത്യന്‍ വംശജര്‍ ഈ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഫുട്‌ബോളിനോടുള്ള പോര്‍ച്ചുഗീസിന്റെ താല്‍പര്യം വളരെ ആഴത്തിലുള്ളതാണ്. പ്രധാനമന്ത്രി കോസ്റ്റ തന്നെ വലിയ ഒരു ഫുട്‌ബോള്‍ പ്രേമിയാണ്. ഇത് നമ്മുടെ സമൂഹത്തെ തമ്മില്‍ കൂടുതല്‍ ബന്ധിപ്പിക്കുന്നതിനുള്ള മറ്റൊരു വഴിയാണ്. നമ്മുടെ സാംസ്‌ക്കാരിക ബന്ധങ്ങള്‍ വികസിക്കുകയാണ്. ലിസ്ബണ്‍ സര്‍വകലാശാലയില്‍ ഇന്ത്യന്‍ സ്റ്റഡീസിന് വേണ്ടി നാം ഒരു ചെയര്‍ ആരംഭിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ പോര്‍ച്ചുഗീസ് സബ്‌ടൈറ്റിലുകളോടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതോടൊപ്പം നമ്മുടെ പരസ്പരമുള്ള ഗുണത്തിന് വേണ്ടി ഒരു ഹിന്ദി-പോര്‍ച്ചുഗീസ് നിഘണ്ടുവും വികസിപ്പിക്കുന്നുണ്ട്. 17-ാം നൂറ്റാണ്ടില്‍ ഗോവയും പോര്‍ച്ചുഗലും തമ്മില്‍ നടത്തിയ കത്തിടപാടിന്റെ 12,000 രേഖകള്‍ പങ്കുവച്ചതിനും ഞാന്‍ നന്ദിരേഖപ്പെടുത്തുന്നു. ഈ പ്രധാനപ്പെട്ട ചരിത്രരേഖകള്‍ നമ്മുടെ ഗവേഷകര്‍ക്ക് വളരെ പ്രയോജനം ചെയ്യും.

സുഹൃത്തുക്കളെ,

അന്തര്‍ദ്ദേശീയ രംഗത്ത് ഇന്ത്യയും പോര്‍ച്ചുഗലും ശക്തരായ പങ്കാളികളാണ്. ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗത്വത്തിനും ബഹുമുഖ കയറ്റുമതി നിയന്ത്രണ സംവിധാനത്തിനും ഇന്ത്യയെ നിരന്തരം പിന്തുണയ്ക്കുന്നതില്‍ പോര്‍ച്ചുഗലിനോടുള്ള നന്ദി രേഖപ്പെടുത്തുകയാണ്. ഭീകരവാദത്തിനും അക്രമാസക്തമായ തീവ്രവാദത്തിനുമെതിരായ സഹകരണവും ഞങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

എക്‌സലന്‍സി,

താങ്കള്‍ നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യത്തിനും താങ്കളുടെ വിലപ്പെട്ട സമയം ഞങ്ങള്‍ക്കുവേണ്ടി മാറ്റിവച്ചതിലുമുള്ള കൃതജ്ഞത ഒരിക്കല്‍ കൂടി ഒരിക്കല്‍ കൂടി ഞാന്‍ രേഖപ്പെടുത്തുന്നു.

മ്യൂയിറ്റോ ഒബ്രിഗാഡോ, വളരെയധികം നന്ദി.

***