Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പോളണ്ടിലെ കാറ്റോവൈസില്‍ നടന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ ഇന്ത്യ കൈക്കൊണ്ട നിലപാടിന് മന്ത്രിസഭയുടെ അംഗീകാരം


2018 ഡിസംബര്‍ 2 മുതല്‍ 15 വരെ പോളണ്ടിലെ കാറ്റോവൈസില്‍ നടന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്ര ചട്ടക്കൂട് ഉടമ്പടിയിലെ

(യു.എന്‍.എഫ്.സി.സി.സി) കക്ഷികളുടെ ഇരുപത്തിനാലാം സമ്മേളനത്തിലെ (സി.ഒ.പി) ചര്‍ച്ചകളില്‍ ഇന്ത്യ കൈക്കൊണ്ട സമീപനത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2018 നവംബര്‍ 28 ന് നേരത്തെ നല്‍കിയ അനുമതിയുടെ തുടര്‍ച്ചയാണിത്.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധനാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. 2020 നു ശേഷം പാരീസ് ഉടമ്പടിയുടെ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗരേഖകള്‍ക്ക് അന്തിമ രൂപം നല്‍കുകയായിരുന്നു സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം. തുല്യവും അതേസമയം തങ്ങളുടെ ശേഷിക്കനുസൃതമായ വ്യത്യസ്ഥ ഉത്തരവാദിത്വങ്ങളും എന്ന ആശയത്തിന്റെയും പാരീസ് ഉടമ്പടി, യു.എന്‍.എഫ്.സി.സി.സി, എന്നിവയുടെ വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലുള്ളതായിരുന്നു ഇന്ത്യന്‍ സമീപനം.

പാരീസ് ഉടമ്പടി കൂട്ടായി നടപ്പിലാക്കുമെന്ന വാഗ്ദാനം ഇന്ത്യ സമ്മേളനത്തില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണമെന്ന പാരമ്പര്യത്തിന് അനുസൃതമായി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് നിരവധി മുന്‍കൈകള്‍ എടുത്തിട്ടുണ്ട്. ഇവയൊക്കെത്തന്നെ ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നവയുമാണ്. സൗരോര്‍ജ്ജത്തില്‍നിന്ന് 24 ജിഗാവാട്ട് ഉള്‍പ്പെടെ 74 ജിഗാവാട്ട് സ്ഥാപിത ശേഷിയുള്ള പുനരുപയോഗ ഊര്‍ജ്ജമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം, അന്താരാഷ്ട്ര സൗര സഖ്യം വഴി വര്‍ദ്ധിച്ച സൗരോര്‍ജ്ജ ഉല്‍പ്പാദന ലക്ഷ്യം, ഊര്‍ജ്ജ ഉപഭോഗത്തിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവ ഏതാനും ചില ഉദാഹരണങ്ങളാണ്.

അതേസമയം ഈ രംഗത്തുള്ള വികസ്വര രാഷ്ട്രങ്ങളുടെ ശ്രമങ്ങളെ സാമ്പത്തികം, ശേഷി വര്‍ദ്ധന, സാങ്കേതിക സഹായം എന്നിവയുള്‍പ്പെടെ വികസിത രാഷ്ട്രങ്ങള്‍ മതിയായ തോതില്‍ സുസ്ഥിരമായി പിന്തുണയ്ക്കുകയും വേണം. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ശ്രമങ്ങളുടെ സാമ്പത്തിക ബാധ്യതയില്‍ വികസിത രാഷ്ട്രങ്ങള്‍ വ്യക്തത വരുത്തണം. 2020 നു ശേഷം കൂട്ടായ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ശ്രമിക്കാനും ചര്‍ച്ചയില്‍ പങ്കെടുത്ത കക്ഷികള്‍ തമ്മില്‍ ധാരണയായി.

മൊത്തത്തില്‍ ഇന്ത്യയുടെ ദീര്‍ഘകാല താല്‍പര്യങ്ങള്‍ പരിരക്ഷിക്കപ്പെട്ടു. അതേസമയം പാവപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ പാരീസ് ഉടമ്പടി പ്രകാരം ആഗോള സ്‌റ്റോക്കെടുപ്പില്‍ (ഗ്ലോബല്‍ സ്‌റ്റോക്ക് ടേക്ക്) സമാനത വേണമെന്ന നിര്‍ദ്ദേശത്തില്‍ ഇന്ത്യ സംശയം പ്രകടിപ്പിച്ചു.