Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രതിരോധ, സുരക്ഷാ സഹകരണം സംബന്ധിച്ച ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത പ്രഖ്യാപനം


നമ്മുടെ എക്കാലത്തെയും അടുത്ത ഉഭയകക്ഷി ബന്ധങ്ങളാൽ ഒന്നിച്ച് ചേർക്കപ്പെട്ടവരും നമ്മുടെ രാജ്യങ്ങളുടെ തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കാനുള്ള ദൃഢനിശ്ചയത്തിൽ ഒരുമിച്ചവരും സ്വതന്ത്രവും സമാധാനപരവും സുസ്ഥിരവും സമൃദ്ധവുമായ ഒരു ഇന്തോ-പസഫിക് മേഖല എന്ന പൊതുവായ ലക്ഷ്യത്താൽ പ്രേരിതരുമായ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പ്രധാനമന്ത്രിമാരായ ഞങ്ങൾ പ്രതിരോധ, സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള ഈ സംയുക്ത പ്രഖ്യാപനത്തിന് ഇതിനാൽ പ്രതിജ്ഞാബദ്ധരാകുന്നു.

2020-ൽ സ്ഥാപിതമായ നമ്മുടെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ (CSP) ഊർജ്ജസ്വലത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. നമ്മുടെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം ആരംഭിച്ചതുമുതൽ നമ്മുടെ തന്ത്രപ്രധാന സംയോജനം വേഗത്തിലാവുകയും സാമ്പത്തിക ബന്ധങ്ങൾ ആഴത്തിലാവുകയും രാജ്യങ്ങൾക്കിടയിലെ ജീവസ്സുറ്റ പാലമായ ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാവുകയും ചെയ്തിട്ടുണ്ട്. ഉഭയകക്ഷിപരമായും ബഹുമുഖപരമായുമുള്ള നമ്മുടെ അടുത്ത പങ്കാളിത്തം—ക്വാഡ് പോലുള്ള പ്രാദേശിക ഫോറങ്ങളിലൂടെയും മറ്റ് ബഹുമുഖ സ്ഥാപനങ്ങളിലൂടെയുമുള്ള മറ്റ് പങ്കാളികളുമായുള്ള സഹകരണം ഉൾപ്പെടെ—ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്നും നമ്മുടെ പങ്കിട്ട മേഖലയുടെ സുരക്ഷയ്ക്കും അഭിവൃദ്ധിക്കും സംഭാവന നൽകുമെന്നും ഞങ്ങൾ പ്രസ്താവിക്കുന്നു.

2009-ലെ സുരക്ഷാ സഹകരണം സംബന്ധിച്ച ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത പ്രഖ്യാപനം നമ്മുടെ പങ്കാളിത്തത്തിൽ കൈവരിച്ച വലിയ മുന്നേറ്റങ്ങളെയും ഞങ്ങൾ അനുസ്മരിക്കുന്നു. വിദേശകാര്യ മന്ത്രിമാരുടെ ഫ്രെയിംവർക്ക് ഡയലോ​ഗ് (FMFD), 2+2 വിദേശ-പ്രതിരോധ മന്ത്രിതല ചർച്ച, പ്രതിരോധ മന്ത്രിമാരുടെ ചർച്ച എന്നിവയുൾപ്പെടെയുള്ള വിവിധ ഉഭയകക്ഷി സംവിധാനങ്ങളിലൂടെ ഈ പങ്കാളിത്തത്തിന് ലഭിച്ച വിലയേറിയ സംഭാവനകളെ ഞങ്ങൾ അഭിനന്ദിക്കുന്നു.

ഭൂമിശാസ്ത്രപരമായ തന്ത്രപ്രധാന അനിശ്ചിതത്വങ്ങളിലും പ്രാദേശിക സമാധാനത്തിനും സുസ്ഥിരതയ്ക്കും നേരെയുള്ള ഭീഷണികളിലും ഞങ്ങൾ ആശങ്ക രേഖപ്പെടുത്തുന്നു. എല്ലാ കക്ഷികളും ഒന്നിച്ച് സമാധാനപരമായി പ്രവർത്തിക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായും ബലപ്രയോഗത്തിന്റെയോ നിർബന്ധിക്കലിന്റെയോ ഭീഷണിയില്ലാതെയും തർക്കങ്ങൾ പരിഹരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിലൂടെ രൂപപ്പെടുന്ന നിയമാനുസൃതമായ ഒരു ചട്ടക്കൂട്, പരമാധികാരത്തോടും പ്രാദേശിക അഖണ്ഡതയോടുമുള്ള ആദരവ്, നാവികസ്വാതന്ത്ര്യവും വ്യോമയാന സ്വാതന്ത്ര്യവും ഉൾപ്പെടെ, 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ ഉടമ്പടി (UNCLOS) പാലിക്കുന്നതിലൂടെ അടിത്തറയിട്ട സു​ഗമവും സുസ്ഥിരവും സുരക്ഷിതവുമായ ഒരു സമുദ്രമേഖല, ഫലപ്രദവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സുതാര്യവുമായ സ്ഥാപനങ്ങൾ എന്നിവയാൽ ശക്തിപ്പെടുത്തിയ സ്വതന്ത്രവും സമാധാനപരവും സുസ്ഥിരവും സമൃദ്ധവുമായ ഒരു ഇന്തോ-പസഫിക് മേഖലയോടുള്ള നമ്മുടെ അചഞ്ചലമായ പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു.

ഈ പ്രദേശങ്ങളിലെ വെല്ലുവിളികളെ നേരിടുന്നതിനുള്ള പ്രധാന ഫോറങ്ങളായ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (IORA), ആസിയാൻ (ASEAN), ആസിയാൻ കേന്ദ്രീകൃതമായ പ്രാദേശിക ചട്ടക്കൂട്, പസഫിക് ഐലൻഡ്‌സ് ഫോറം (PIF) എന്നിവയ്ക്കുള്ള നമ്മുടെ പിന്തുണ ഞങ്ങൾ വീണ്ടും ഉറപ്പിച്ചുപറയുന്നു.

മാറിവരുന്ന തന്ത്രപ്രധാന സാഹചര്യങ്ങളെ നേരിടാൻ നമ്മുടെ പങ്കാളിത്തം വികസിക്കേണ്ടതുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു, കൂടാതെ നമ്മുടെ നൂതനവും സംയോജിതവും ഉന്നതതലത്തിലുള്ളതുമായ പ്രതിരോധ, സുരക്ഷാ പങ്കാളിത്തം വേഗത്തിലാക്കാൻ പ്രതിജ്ഞാബദ്ധരാകുന്നു. നമ്മുടെ തന്ത്രപരമായ താൽപ്പര്യങ്ങളുടെ സംയോജനത്തെ പ്രതിഫലിപ്പിക്കുന്ന തന്ത്രപരമായ കൈമാറ്റങ്ങൾ ശക്തമാക്കുന്നത് ഞങ്ങൾ തുടരുകയും പതിവായി മന്ത്രിതല ചർച്ചകൾ നടത്തുകയും ചെയ്യും. കൂട്ടായ കരുത്ത് വർധിപ്പിക്കുന്നതിനുള്ള പ്രതിരോധ, സുരക്ഷാ സഹകരണത്തിന്റെ ദീർഘകാല കാഴ്ചപ്പാടിനെ ഞങ്ങൾ അംഗീകരിക്കുന്നു. ഈ സഹകരണം ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്ക് സംഭാവന നൽകുകയും പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും സുപ്രധാനമായ സംഭാവന നൽകുകയും ചെയ്യും.

താഴെ പറയുന്നവ ഉൾപ്പെടെയുള്ള നടപടികളിലൂടെ നമ്മുടെ സമഗ്രമായ പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനും തന്ത്രപരമായ ചർച്ചകൾ ആഴത്തിലാക്കുന്നതിനും സഹകരണം തീവ്രമാക്കുന്നതിനും നാം പ്രതിജ്ഞാബദ്ധരാണ്:

എ. പൊതു താൽപ്പര്യങ്ങളെ ബാധിക്കുന്ന ഇന്തോ-പസഫിക് മേഖലയിലെ പ്രതിരോധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെക്കുറിച്ച് കൂടിയാലോചനകൾ 

ബി. പങ്കാളികളുമായുള്ളത് ഉൾപ്പെടെ നമ്മുടെ പ്രതിരോധാഭ്യാസങ്ങളുടെ വ്യാപ്തിയും തീവ്രതയും വർധിപ്പിക്കൽ

സി. പ്രതിരോധ സേനകൾക്കിടയിൽ പരസ്പര പ്രവർത്തനക്ഷമതയും വിവരങ്ങൾ പങ്കുവെക്കലും കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തൽ

ഡി. ഇരുരാജ്യങ്ങളുടെയും ഭൂപ്രദേശങ്ങളിൽ നിന്നുമുള്ള വ്യോമവാഹന വിന്യാസങ്ങൾ വിപുലീകരിക്കൽ

ഇ. വിനിമയം, വിദ്യാഭ്യാസം, പരിശീലനം, ലെയ്സൺ ചുമതലകൾ എന്നിവയിലൂടെ പ്രതിരോധ സേനാംഗങ്ങൾ തമ്മിലുള്ള ബന്ധം ആഴത്തിലാക്കൽ

എഫ്. വിദ​ഗ്ധ പ്രതിരോധ സേനാംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിൽ സഹകരിക്കാനുള്ള അവസരങ്ങൾ തേടൽ

നമ്മുടെ പ്രതിരോധ, സുരക്ഷാ, സാമ്പത്തിക താൽപ്പര്യങ്ങളിൽ സമുദ്രമേഖലയ്ക്കുള്ള കേന്ദ്രസ്ഥാനം ഞങ്ങൾ അംഗീകരിക്കുന്നു, കൂടാതെ സമുദ്ര സുരക്ഷാ സഹകരണത്തിന്റെ ആഴവും സങ്കീർണ്ണതയും ക്രമവും വർധിപ്പിക്കും. ഒരു ഇന്ത്യ-ഓസ്‌ട്രേലിയ സമുദ്ര സുരക്ഷാ സഹകരണ റോഡ്‌മാപ്പിലൂടെ ഞങ്ങൾ സമുദ്ര സഹകരണം ശക്തിപ്പെടുത്തും.

സംയോജനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും വ്യവസായ പങ്കാളിത്തത്തിലൂടെയും വിതരണ ശൃംഖലയുടെ പ്രതിരോധശേഷി കെട്ടിപ്പടുക്കുന്നതിലൂടെയും ഇരുപക്ഷത്തുമുള്ള പ്രതിരോധ വ്യവസായങ്ങളുടെ വളർന്നുവരുന്ന സാധ്യതകളെ ഞങ്ങൾ ഉൾക്കൊള്ളും. നമ്മുടെ പ്രതിരോധ നവീനാശയ ആവാസവ്യവസ്ഥകൾ തമ്മിലുള്ള സഹകരണം ഞങ്ങൾ ആഴത്തിലാക്കുകയും നൂതന പ്രതിരോധ ശാസ്ത്ര-സാങ്കേതിക സഹകരണത്തിനായുള്ള ക്രമീകരണങ്ങൾ വികസിപ്പിക്കുകയും ചെയ്യും.

സംഘർഷങ്ങൾ തടയുന്നതിലും ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ എത്തിക്കുന്നതിലും സുസ്ഥിര സമാധാനം കെട്ടിപ്പടുക്കുന്നതിലും സ്ത്രീകളുടെ അർത്ഥവത്തായ പങ്കാളിത്തവും നേതൃത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും. ഒപ്പം സമാധാന പരിപാലന പ്രവർത്തനങ്ങളിൽ ലിംഗസമത്വം നിലനിർത്തുന്നതിനും ‘സ്ത്രീ, സമാധാനം, സുരക്ഷ’ എന്ന അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു.

പ്രാദേശിക സാമ്പത്തിക അഭിവൃദ്ധിയും പ്രതിരോധശേഷിയും പിന്തുണയ്ക്കുന്നതിനായി ഉഭയകക്ഷിപരമായും പങ്കാളികളുമായും സഹകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിർണായക ധാതുക്കളും ശുദ്ധോർജ്ജ സാങ്കേതികവിദ്യകളും ഉൾപ്പെടെ, കൂടുതൽ വൈവിധ്യമാർന്നതും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖലകളും നിർണായക അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും ഞങ്ങൾ വികസിപ്പിക്കും.

സുരക്ഷിതവും പ്രതിരോധശേഷിയുള്ളതുമായ ഇന്തോ-പസഫിക് മേഖലയ്ക്കായുള്ള നമ്മുടെ പങ്കിട്ട കാഴ്ചപ്പാടിന് അനുയോജ്യമായ ഒരു സാങ്കേതിക അന്തരീക്ഷം രൂപപ്പെടുത്താൻ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കും. സൈബർ, നിർണായക സാങ്കേതികവിദ്യകൾ, വിതരണ ശൃംഖലകൾ എന്നിവയെക്കുറിച്ചുള്ള ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തത്തിന് കീഴിലുള്ള നമ്മുടെ സൈബർ സുരക്ഷ, സുപ്രധാനവും വളർന്നുവരുന്നതുമായ സാങ്കേതിക സഹകരണം, വിവര വിനിമയ സംവിധാനങ്ങൾ എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും തന്ത്രപ്രധാന സാങ്കേതികവിദ്യകളിലെ സഹകരണം ശക്തമാക്കുന്നതിനും ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കും.

വ്യക്തികളും സംഘടനകളും ഉൾപ്പെടെ നമ്മുടെ മേഖലയിലെ ഭീകരവാദ ഭീഷണികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നത് വർധിപ്പിക്കുന്നതിനും താഴെ പറയുന്നവ ഉൾപ്പെടെയുള്ള മേഖലകളിൽ അക്രമാസക്തമായ തീവ്രവാദത്തെയും ഭീകരവാദത്തെയും പ്രതിരോധിക്കുന്നതിനുള്ള മെച്ചപ്പെട്ട സഹകരണത്തിനുള്ള അവസരങ്ങൾ തേടുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്:

എ. പുതിയതും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യ

ബി. ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം 

സി. നിർണായക അടിസ്ഥാന സൗകര്യങ്ങളും തിരക്കേറിയ ഇടങ്ങളും

ഡി. സമുദ്രമേഖല

ഇ. ഓൺലൈൻ റാഡിക്കലൈസേഷൻ

ക്രമരഹിതമായ കുടിയേറ്റം, മനുഷ്യക്കടത്ത്, മനുഷ്യചൂഷണം എന്നിവ തടയുന്നതിൽ സഹകരിക്കാനുള്ള വഴികൾ വ്യക്തമാക്കുന്ന, 2023-ൽ ഒപ്പുവെച്ച മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് അറേഞ്ച്മെന്റിന് കീഴിൽ നമ്മുടെ സഹകരണം ഞങ്ങൾ തുടരും. അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള നമ്മുടെ സഹകരണവും ഞങ്ങൾ തുടരും.

ആണവായുധങ്ങളില്ലാത്ത സമാധാനപരമായ ഒരു ലോകമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, ഈ ലക്ഷ്യത്തിനായി വ്യാപനരഹിതവും ആഗോളവും പൂർണ്ണവും വിവേചനരഹിതവും പരിശോധിച്ചുറപ്പിക്കാൻ കഴിയുന്നതുമായ ആണവ നിരായുധീകരണത്തോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ ആവർത്തിച്ച് വ്യക്തമാക്കുന്നു.

ത്രികക്ഷി സഹകരണ സംവിധാനങ്ങളും ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവ് വഴിയുള്ള പങ്കാളികളുമായുള്ള ആഴത്തിലുള്ള ഇടപെടലുകളും ഉൾപ്പെടെ, മറ്റ് ഇന്തോ-പസഫിക് പങ്കാളികളുമായുള്ള തുടർച്ചയായ സഹകരണത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സ്വതന്ത്രവും സുസ്ഥിരവും സമാധാനപരവും സമൃദ്ധവുമായ ഒരു ഇന്തോ-പസഫിക് മേഖല എന്ന നമ്മുടെ നല്ലതായ കാഴ്ചപ്പാടിലേക്ക് ശേഷിയും സഹകരണവും കെട്ടിപ്പടുക്കുന്നതിനായി ഞങ്ങൾ അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളുമായുള്ള നമ്മുടെ സഹകരണം വിപുലീകരിക്കും.

പ്രാദേശിക സമാധാനം, സുരക്ഷ, അഭിവൃദ്ധി, പ്രതിരോധശേഷി എന്നിവയോടുള്ള നമ്മുടെ പങ്കിട്ട പ്രതിബദ്ധത അംഗീകരിച്ചുകൊണ്ട് വേഗതയേറിയതും ഏകോപിതവും സുസ്ഥിരവുമായ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിനായി മാനവിക സഹായത്തിലും ദുരന്തനിവാരണത്തിലും (HADR) സഹകരണം ആഴത്തിലാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. താഴെ പറയുന്നവ ഉൾപ്പെടെയുള്ള നടപടികളിലൂടെ ഞങ്ങൾ സഹകരണം ശക്തമാക്കും:

എ. വിവര വിനിമയവും വൈദ​ഗ്ധ്യ കൈമാറ്റവും

ബി. വൻതോതിലുള്ള പ്രകൃതിദുരന്തങ്ങളോടുള്ള സിവിലിയൻ പ്രതികരണങ്ങളെ പിന്തുണയ്ക്കുന്ന ക്വാഡ് ഇൻഡോ-പസഫിക് ലോജിസ്റ്റിക്സ് നെറ്റ്‌വർക്ക് ഉൾപ്പെടെയുള്ള സംയുക്ത HADR അഭ്യാസങ്ങൾ.

മൂന്നാം ലോകരാജ്യങ്ങളിലെ പ്രാദേശികവും ആഗോളവുമായ ഒഴിപ്പിക്കൽ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഉൾപ്പെടെ ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും സമയത്ത് അടിയന്തര സാഹചര്യങ്ങൾക്കുള്ള ആസൂത്രണം പങ്കുവെക്കൽ, സംയുക്ത പ്രതികരണം, ഏകോപനം എന്നിവയ്ക്കുള്ള അവസരങ്ങൾ തേടുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

നമ്മുടെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഉദാത്തചിന്തയിൽ സമാധാനപരവും സുസ്ഥിരവുമായ ഒരു ഇന്തോ-പസഫിക് മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള ഈ അഭിലഷണീയമായ അജണ്ട പൂർണ്ണമായി നടപ്പിലാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

***

SK