പിഎം ഇന്ത്യ
ലോക നേതാക്കളുടെ അഭിനന്ദന സന്ദേശങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്കു തുടര്‍ന്നും ലഭിച്ചുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കാ പ്രസിഡന്റ് ബഹുമാനപ്പെട്ട മൈത്രിപാല സിരിസേന, സൗദി അറേബ്യ രാജാവ് ബഹുമാനപ്പെട്ട സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്, യു.എസ്. പ്രസിഡന്റ് ബഹുമാനപ്പെട്ട ഡൊണാള്‍ഡ് ട്രംപ്, നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട പുഷ്പ കമല്‍ ദഹല്‍ ‘പ്രചണ്ട’ തുടങ്ങിയവര്‍ ടെലിഫോണില്‍ ആശംസകള്‍ അറിയിച്ചു.
പ്രധാനമന്ത്രിക്ക് ഊഷ്മളമായ ആശംസകള്‍ നേര്‍ന്ന പ്രസിഡന്റ് സിരിസേന, ഇരു അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിനെക്കുറിച്ച് ഓര്‍മിപ്പിക്കുകയും ബന്ധം ഇനിയും മെച്ചപ്പെടുത്തുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ശ്രീലങ്കന്‍ പ്രസിഡന്റിനോടു നന്ദി പറഞ്ഞ പ്രധാനമന്ത്രി, ഇരു രാജ്യങ്ങളിലെയും ജനതയ്ക്കും മേഖലയ്ക്കാകെത്തന്നെയുംവേണ്ടി കൂടുതല്‍ അടുത്ത ബന്ധം നിലനിര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചു.
ഊഷ്മളമായ അഭിനന്ദനത്തിനും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജനതയ്ക്കു പുരോഗതിയും അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന ആശംസയ്ക്കും സൗദി അറേബ്യ രാജാവിനോടു നന്ദി രേഖപ്പെടുത്തിയ ശ്രീ. മോദി, ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിനു ബഹുമാനപ്പെട്ട രാജാവ് നല്‍കിവരുന്ന മാര്‍ഗനിര്‍ദേശത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.
അഭൂതപൂര്‍വമായ തെരഞ്ഞെടുപ്പു വിജയം നേടിയതിനു പ്രധാനമന്ത്രിയെ പ്രസിഡന്റ് ട്രംപ് അഭിനന്ദിച്ചു. ജപ്പാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ ഉഭയകക്ഷി ബന്ധവും ആഗോളവിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കൂടിക്കാഴ്ച നടത്താന്‍ ഇരു നേതാക്കളും പരസ്പരം സമ്മതിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുപ്പമേറിയതും തന്ത്രപ്രധാനവുമായ പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടുത്താനായി യത്‌നിക്കാന്‍ ഇരുവരും തീരുമാനിച്ചു.