Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​പ്രധാനമന്ത്രിക്ക് സ്വീഡനിൽ ‘റോയൽ ഓർഡർ ഓഫ് ദ പോളാർ സ്റ്റാർ, ഡിഗ്രി കമാൻഡർ ഗ്രാൻഡ് ക്രോസ്’ ബഹുമതി ലഭിച്ചു

​പ്രധാനമന്ത്രിക്ക് സ്വീഡനിൽ ‘റോയൽ ഓർഡർ ഓഫ് ദ പോളാർ സ്റ്റാർ, ഡിഗ്രി കമാൻഡർ ഗ്രാൻഡ് ക്രോസ്’ ബഹുമതി ലഭിച്ചു


സ്വീഡനിലെ ഗോഥൻബർഗിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ, സ്വീഡിഷ് കിരീടാവകാശി വിക്ടോറിയ രാജകുമാരി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കു ‘റോയൽ ഓർഡർ ഓഫ് ദ പോളാർ സ്റ്റാർ, ഡിഗ്രി കമാൻഡർ ഗ്രാൻഡ് ക്രോസ്’ ബഹുമതി സമ്മാനിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ പുരസ്കാരം, സ്വീഡന്റെ ഏറ്റവും പഴക്കമേറിയതും വിശിഷ്ടവുമായ ബഹുമതികളിൽ ഒന്നാണ്. അസാധാരണമായ പൊതുസേവനത്തെയും സ്വീഡനുമായുള്ള ബന്ധം കരുത്തുറ്റതാക്കുന്നതിനായുള്ള സംഭാവനകളെയും മുൻനിർത്തി വിദേശ ഗവണ്മെന്റ് തലവന്മാർക്കു സ്വീഡൻ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്.

ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി മോദി, ഈ ബഹുമതി നൽകിയതിനു സ്വീഡിഷ് കിരീടാവകാശി വിക്ടോറിയ രാജകുമാരിയോടും സ്വീഡനിലെ ജനങ്ങളോടും അഗാധമായ നന്ദി രേഖപ്പെടുത്തി. അദ്ദേഹം ഈ പുരസ്കാരം ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കായും ഇന്ത്യയും സ്വീഡനും തമ്മിലുള്ള ശാശ്വത സൗഹൃദത്തിനായും സമർപ്പിച്ചു. ‘റോയൽ ഓർഡർ ഓഫ് ദ പോളാർ സ്റ്റാർ’ ബഹുമതി ലഭിച്ചത് ഇന്ത്യയും സ്വീഡനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളുടെയും നാഗരികമായ അടുപ്പത്തിന്റെയും പുനഃസ്ഥാപനമാണെന്നും ഇരുരാജ്യങ്ങളിലെയും ജനങ്ങളെ ഒന്നിപ്പിക്കുന്ന സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ആദരമാണെന്നും പ്രധാനമന്ത്രി മോദി കുറിച്ചു. (ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഏഷ്യൻ നേതാവാണു പ്രധാനമന്ത്രി മോദി.)

ഇന്ത്യ-സ്വീഡൻ തന്ത്രപ്രധാന പങ്കാളിത്തത്തിലെ നാഴികക്കല്ലാണ് ഈ പുരസ്കാരം. ഉഭയകക്ഷിസഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനും, ആഗോള സമാധാനത്തിനും സമൃദ്ധിക്കും സംഭാവനയേകുന്നതിനുമുള്ള ഇരുരാജ്യങ്ങളുടെയും കൂട്ടായ പ്രതിജ്ഞാബദ്ധതയെ ഇതു പ്രതിഫലിപ്പിക്കുന്നു.

***

SK