Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ‘കുടുംബ’ത്തോടൊപ്പം; ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ ധീരന്‍മാര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു


കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തു തുടക്കമിട്ട രീതി പിന്‍തുടര്‍ന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലുള്ള ഇന്ത്യന്‍ കരസേനാ ഭടന്‍മാര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. ജമ്മു-കശ്മീരിലെ സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത് ഇതു മൂന്നാം തവണയാണ്.

രജൗറിയിലെ ‘ഹാള്‍ ഓഫ് ഫെയിം’ സന്ദര്‍ശിച്ച അദ്ദേഹം, രജൗറി, പൂഞ്ച് മേഖലകളുടെ സുരക്ഷയ്ക്കായി ബലിദാനികളായിത്തീര്‍ന്ന ധീരന്‍മാരായ പടയാളികളായ വീര്യമുള്ള പൗരന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഹാള്‍ ഓഫ് ഫെയിമിനെ അദ്ദേഹം ‘പരാക്രമ ഭൂമി, പ്രേരണാ ഭൂമി, പാവന ഭൂമി’ എന്നാണു വിശേഷിപ്പിച്ചത്.

ഇന്ത്യന്‍ വ്യോമ സേനയിലെ യോദ്ധാക്കളെ കാണുന്നതിനായി അദ്ദേഹം തുടര്‍ന്ന് പഥാന്‍കോട്ട് എയര്‍ബേസ് സന്ദര്‍ശിച്ചു.

സൈനികരെ അഭിസംബോധന ചെയ്യവേ, കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കാന്‍ എല്ലാവരും ദൂരയാത്ര നടത്താന്‍ പോലും തയ്യാറാകുന്നതുപോലെ, തന്റെ കുടുംബാംഗങ്ങളായ ധീര ജവാന്‍മാര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനാണു താന്‍ എത്തിയതെന്നു ശ്രീ. മോദി വ്യക്തമാക്കി.

ഇന്‍ഫന്‍ട്രി ദിനമായി ആചരിച്ചുവരുന്ന 1947 ഒക്ടോബര്‍ 27നു സായുധ സേനകള്‍ സഹിച്ച മഹത്തായ ത്യാഗങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യന്‍ പ്രതിരോധ സേനയുടെ വീര്യത്തെ പ്രശംസിക്കവേ, അസാധ്യമെന്നു കരുതിയിരുന്ന തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്ര ഗവണ്‍മെന്റിനെ പ്രാപ്തമാക്കിയതു സേനയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദേശസുരക്ഷ ഉറപ്പാക്കുന്നതില്‍ സൈന്യം കാട്ടുന്ന ധൈര്യവും സ്ഥൈര്യവും അദ്ദേഹം എടുത്തുപറഞ്ഞു. സ്മരണീയമായ സേവനത്തിനു സൈനികരോട് ഇന്ത്യന്‍ ജനതയ്ക്കുവേണ്ടി പ്രധാനമന്ത്രി നന്ദി പറഞ്ഞു.

സേനാംഗങ്ങളുടെ സേവനത്തോട് ആദരവു പുലര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ന്യൂഡെല്‍ഹിയില്‍ ദേശീയ യുദ്ധ സ്മാരകം നിര്‍മിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ യുദ്ധ സ്മാരകത്തിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതില്‍നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നതു സേനാവിഭാഗങ്ങള്‍ നല്‍കിയ സംഭാവനകള്‍ക്കു പൗരന്‍മാര്‍ വിലകല്‍പിക്കുന്നു എന്നാണ്.

ഇന്ത്യന്‍ പ്രതിരോധ സേനയെ ശക്തമാക്കാനും ആധുനികവല്‍ക്കരിക്കാനും ഗവണ്‍മെന്റ് കൈക്കൊള്ളുന്ന നടപടികള്‍ അദ്ദേഹം അക്കമിട്ടു പറഞ്ഞു. സൈനികരുടെ ക്ഷേമത്തിനാവശ്യമായ നടപടികള്‍ നടപ്പാക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.