പിഎം ഇന്ത്യ
പ്രധാനമന്ത്രി നാളെ കര്‍ണ്ണാടകത്തിലെ കലാബുറാഗിയും തമിഴ്‌നാട്ടിലെ കാഞ്ചീപുരവും സന്ദര്‍ശിക്കും. രണ്ടിടത്തും അദ്ദേഹം നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
കലാബുറാഗി, കര്‍ണ്ണാടക
കലാബുറാഗിയില്‍ പ്രധാനമന്ത്രി കര്‍ണ്ണാടകത്തിലെ ജനങ്ങള്‍ക്ക് ഗുണകരമാകുന്ന ഊര്‍ജ്ജം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ഇവയില്‍ പ്രധാനപ്പെട്ടവ ചുവടെ :
ആരോഗ്യ മേഖല
കര്‍ണ്ണാടകത്തിലെ ആരോഗ്യപരിചരണ രംഗത്തിന് ഒരു വന്‍ കുതിച്ചുചാട്ടമേകിക്കൊണ്ട് ബംഗളുരു ഇ.എസ്.ഐ.സി ആശുപത്രിയും മെഡിക്കല്‍ കോളേജും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും.
ഹുബ്ബള്ളി കിംസിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.
ഈ പദ്ധതികള്‍ കര്‍ണ്ണാടകത്തിലെ ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള, താങ്ങാവുന്ന നിരക്കിലുള്ള ചികിത്സ ഉറപ്പാക്കും.
ഊര്‍ജ്ജമേഖല
ബിപിസിഎല്ലിന്റെ റായ്ച്ചൂര്‍ ഡിപ്പോ കലാബുറാഗിയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് തറക്കല്ലിടും.
ഇതിന് പുറമെ, ബംഗളുരുവിലെ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ ടെര്‍മിനലും അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിക്കും.
ബംഗളുരു സര്‍വ്വകലാശാലയില്‍ വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള വനിതാ ഹോസ്റ്റലും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
‘സുഗമ ജീവിതം’ ഉറപ്പ് വരുത്തുന്നതില്‍ കേന്ദ്രഗവണ്‍മെന്റിന്റെ നിരന്തരമായുള്ള ഊന്നല്‍ എടുത്തുകാട്ടുന്നവയാണ് ഈ പദ്ധതികള്‍.
ആയുഷ്മാന്‍ ഭാരത് ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി കാലാബുറാഗിയില്‍ ആശയവിനിമയം നടത്തും.
കാഞ്ചീപുരം – തമിഴ്‌നാട്
തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് റോഡ്, റെയില്‍വേ, ഊര്‍ജ്ജ മേഖല എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ റോഡ്, റെയില്‍, അടിസ്ഥാന സൗകര്യ വികസനത്തെ ഈ പദ്ധതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.
തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ടതും, വേഗത്തിലുള്ളതും, ചെലവു കുറഞ്ഞതുമായ ഗതാഗതത്തിന് ഇവ വഴിയൊരുക്കും.
പദ്ധതികളില്‍ പ്രധാനപ്പെട്ടവ ചുവടെ :
തമിഴ്‌നാട്ടിലെ ഹൈവേ അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ കുതിപ്പേകുന്ന ദേശീയപാത – 45 സിയിലെ വിക്രവണ്ടി – സെതായിതോപ്പ്, സെതിയാതോപ്പ് – ചോളോപുരം, ചോളോപുരം – തഞ്ചാവൂര്‍ ഭാഗങ്ങളില്‍ നാല് വരിയാക്കുന്നതിന് പ്രധാനമന്ത്രി തറക്കല്ലിടും.
ദേശീയപാത 4 -ലെ കാരായിപേട്ട – വാലജാപേട്ട് ഭാഗം ആറ് വരിയാക്കുന്നതിനും അദ്ദേഹം തറക്കല്ലിടും.
ദേശീയപാത 234 ശക്തിപ്പെടുത്തുന്നതിന് കാരിയേജ് വേകളും കള്‍വര്‍ട്ടുകളും വീതി കൂട്ടുന്നതിനും ശക്തിപ്പെടുത്തുന്നതിനും പ്രധാനമന്ത്രി തറക്കല്ലിടും.
ദേശീയപാത 381-ല്‍ അവിനാശി – തിരുപ്പൂര്‍ – അവിനാശി പാളയം ഭാഗം നാല് വരിയാക്കിയതും, കാരിയേജ് വേ ശക്തിപ്പെടുത്തിയതും അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിക്കും.
റെയില്‍വേ മേഖല
ഈറോഡ് – കരൂര്‍ – തിരുച്ചിറപ്പള്ളി, സേലം- കരൂര്‍ -ഡിണ്ടുഗല്‍ റെയില്‍പാതകള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും.
വൈദ്യുതീകരണം ജനങ്ങളുടെ യാത്രാസമയവും, പുക പുറന്തള്ളലും കുറയ്ക്കുന്നതോടൊപ്പം ഈ റൂട്ടിലെ ചരക്ക് നീക്കം വേഗത്തിലുമാക്കും.
ഊര്‍ജ്ജമേഖല
എണ്ണോര്‍ എല്‍.എന്‍.ജി ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും.
പ്രതിവര്‍ഷം അഞ്ച് ദശലക്ഷം മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള എണ്ണോര്‍ എല്‍.എന്‍.ജി ടെര്‍മിനല്‍ തമിഴ്‌നാട്ടിലെയും സമീപ സംസ്ഥാനങ്ങളിലെയും എല്‍.എന്‍.ജി വാതക ആവശ്യങ്ങള്‍ നേരിടും.
ഇതിന് പുറമെ, ചെന്നൈയിലെ ഡോ. എം.ജി.ആര്‍ ജാനകി വനിതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഡോ. എം.ജി. രാമചന്ദ്രന്റെ പ്രതിമയും പ്രധാനമന്ത്രി വീഡിയോ ലിങ്കിലൂടെ അനാച്ഛാദനം ചെയ്യും.
നടനും രാഷ്ട്രീയ നേതാവുമായിരുന്ന എം.ജി.രാമചന്ദ്രന്‍ 1977 നും 1987 നും ഇടയില്‍ പത്ത് വര്‍ഷക്കാലം തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തെ ഭാരത രത്‌നം നല്‍കി ആദരിച്ചിട്ടുണ്ട്.
ആയുഷ്മാന്‍ ഭാരത് ഗുണഭോക്താക്കളുമായും പ്രധാനമന്ത്രി കാഞ്ചീപുരത്ത് ആശയവിനിമയം നടത്തും.