Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​പ്രധാനമന്ത്രി നോർവേ പ്രധാനമന്ത്രിയുമായി ഉഭയകക്ഷിചർച്ച നടത്തി

​പ്രധാനമന്ത്രി നോർവേ പ്രധാനമന്ത്രിയുമായി ഉഭയകക്ഷിചർച്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്‌ലോയിൽ നോർവേ പ്രധാനമന്ത്രി ജൊനാസ് ഗർ സ്റ്റോറുമായി ഉഭയകക്ഷിചർച്ച നടത്തി. ഇന്ത്യയും നോർവേയും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ പ്രതീകമെന്നോണം, ഇന്നു രാവിലെ ഓസ്‌ലോ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി മോദിയെ പ്രധാനമന്ത്രി സ്റ്റോർ ഊഷ്മളമായി സ്വീകരിച്ചു.

വ്യാപാരവും നിക്ഷേപവും, ഇന്ത്യ-EFTA വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (TEPA) തുടർനടപടികൾ, കാലാവസ്ഥാവ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങളും ഊർജപരിവർത്തനവും, നീല സമ്പദ്‌വ്യവസ്ഥയും സമുദ്രപരിപാലനവും, ഗവേഷണവും ഉന്നതവിദ്യാഭ്യാസവും, ആർട്ടിക്-ധ്രുവ സഹകരണം, ബഹിരാകാശം, പ്രതിഭകളുടെ സഞ്ചാരം എന്നിവയുൾപ്പെടെ ഇന്ത്യ-നോർവേ ബന്ധത്തിന്റെ എല്ലാ മേഖലകളും ഇരുനേതാക്കളും അവലോകനംചെയ്തു. സുസ്ഥിരതയോടും ഹരിതവികസനത്തോടുമുള്ള പൊതുവായ പ്രതിജ്ഞാബദ്ധതയ്ക്ക് അടിവരയിട്ട്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘ഹരിത തന്ത്രപ്രധാന പങ്കാളിത്ത’മായി ഉയർത്താൻ അവർ ധാരണയായി.

സാമ്പത്തിക-വ്യാപാര പങ്കാളിത്തം വർധിപ്പിക്കുന്നതിനു ബൃഹത്തായ സാധ്യതകളുണ്ടെന്ന് ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യൻ വിപണിയിൽ നോർവീജിയൻ സംരംഭങ്ങൾ കൂടുതൽ നിക്ഷേപം നടത്തുന്നതിനെ പ്രധാനമന്ത്രി സ്വാഗതംചെയ്തു. ഇന്ത്യയും നോർവേയും തമ്മിലുള്ള നിലവിലെ വ്യാപാരമൂല്യം 2030-ഓടെ ഇരട്ടിയാക്കുകയെന്ന ലക്ഷ്യം ഇരുനേതാക്കളും വ്യക്തമാക്കി. TEPA കരാറിനു കീഴിലുള്ള 100 ശതകോടി അമേരിക്കൻ ഡോളറിന്റെ നിക്ഷേപ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനും ഇന്ത്യയിൽ പത്തുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി വിവിധ മേഖലകളിൽ ഊർജസ്വലമായ പങ്കാളിത്തങ്ങൾ സൃഷ്ടിക്കാൻ അവർ വ്യവസായ പ്രതിനിധികളെ പ്രോത്സാഹിപ്പിച്ചു.

സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണം, കപ്പൽ നിർമാണം, ഹരിത കപ്പൽഗതാഗതം, ടണലിങ്-അടിസ്ഥാനസൗകര്യവികസനം, ബഹിരാകാശം, നിർമിതബുദ്ധി, റോബോട്ടിക്സ്, സൈബർസുരക്ഷ, നാവിക പരിശീലനം, മത്സ്യബന്ധനം, ജലജീവിക്കൃഷി എന്നിവയുൾപ്പെടെയുള്ള നീല സമ്പദ്‌വ്യവസ്ഥാമേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരുനേതാക്കളും നിർദേശം നൽകി. UNCLOS തത്വങ്ങൾ നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു. നോർവേ ഇൻഡോ-പസഫിക് സമുദ്രസംരംഭത്തിന്റെ ഭാഗമാകുന്നതിനെ നേതാക്കൾ സ്വാഗതംചെയ്തു. 2026 ജൂണിൽ ഫ്രാൻസിൽ നടക്കുന്ന ‘ഭാരത് ഇന്നൊവേറ്റ്സ് 2026’-ൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി നോർവേയെ ക്ഷണിച്ചു. ഇരുരാജ്യങ്ങളെയും കോർത്തിണക്കുന്ന സ്റ്റാർട്ടപ്പ് നൂതനാശയ ഹബ്ബും ഹരിത നൂതനാശയ ഹാക്കത്തോണും സ്ഥാപിക്കാനും അദ്ദേഹം നിർദേശിച്ചു.

പരിസ്ഥിതി-പുനരുൽപ്പാദക ഊർജ മേഖലകളിലെ സഹകരണം അടിവരയിട്ട്, കാർബൺ ക്യാപ്ചറും വ‌ിനിയോഗവും സംഭരണവും (CCUS), തീരദേശ പവനോർജം തുടങ്ങിയ സവിശേഷ സാങ്കേതികവിദ്യകളിൽ കൂടുതൽ സഹകരണത്തിനും ഇന്ത്യയിലെ ഹര‌ിതോർജ പദ്ധതികളിൽ നോർവേയുടെ വലിയ നിക്ഷേപങ്ങൾക്കും ഇരുനേതാക്കളും ആഹ്വാനംചെയ്തു.

ആർട്ടിക് മേഖലയിലെ ധ്രുവഗവേഷണവും ലോജിസ്റ്റിക്സും ശക്തിപ്പെടുത്താൻ ഇരുനേതാക്കളും ധാരണയായി. കൂടാതെ, പരിസ്ഥിതിസൗഹൃദപരമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുമെന്നും അവർ ആവർത്തിച്ചു പ്രഖ്യാപിച്ചു. പുനരുൽപ്പാദക ഊർജം, സമുദ്രങ്ങൾ, കാലാവസ്ഥ, ആരോഗ്യം, നിർണായക ധാതുക്കൾ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, വിവരസാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഗവേഷണത്തിലും നൂതനാശയങ്ങളിലും സംയുക്തമായി പ്രവർത്തിക്കുന്നതിന് അവർ ഊന്നൽ നൽകി. ഉന്നതവിദ്യാഭ്യാസമേഖലയിൽ, സംയുക്ത ബിരുദ പ്രോഗ്രാമുകൾ, യോഗ്യതകളുടെ പരസ്പര അംഗീകാരം, വിദ്യാർഥികളുടെയും അധ്യാപകരുടെയും കൈമാറ്റം എന്നിവയ്ക്കുള്ള സാധ്യതകൾ പരിശോധിക്കാൻ അവർ ധാരണയായി.

ബഹുരാഷ്ട്രവേദികളിലെ സഹകരണത്തെക്കുറിച്ചും അവർ ചർച്ചചെയ്തു. പരസ്പരതാൽപ്പര്യമുള്ള പ്രധാന പ്രാദേശിക-ആഗോള വിഷയങ്ങളിൽ നേതാക്കൾ കാഴ്ചപ്പാടുകൾ പങ്കുവച്ചു. പരിഷ്കരിച്ച ഐക്യരാഷ്ട്ര സുരക്ഷാസമിതിയിൽ ഇന്ത്യക്കു സ്ഥിരാംഗത്വം നൽകുന്നതിനുള്ള നോർവേയുടെ പിന്തുണ നോർവീജിയൻ പ്രധാനമന്ത്രി ആവർത്തിച്ചു.

അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെ, ഭീകരവാദത്തെ ഇരുനേതാക്കളും ശക്തമായി അപലപിച്ചു. ഈ ഭീഷണി നേരിടാൻ യോജിച്ചുള്ള ആഗോള നീക്കത്തിനു നേതാക്കൾ ആഹ്വാനം ചെയ്തു.

രാജ്യരക്ഷാ സഹകരണത്തിലും പ്രതിരോധ വ്യവസായ കൂട്ടായ്മയിലുമുള്ള സാധ്യതകൾ അവർ വിലയിരുത്തി. ഡിജിറ്റൽ പൊതുവിഭവങ്ങൾ മൂന്നാം രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ നേതാക്കൾ ധാരണയായി. ഡിജിറ്റൽ പരിവർത്തനത്തിനു വേഗം കൂട്ടുന്നതിനായി ഡിജിറ്റലൈസേഷൻ സംബന്ധിച്ച സംയുക്ത കർമസമിതി രൂപീകരിക്കാൻ മന്ത്രാലയങ്ങൾക്കു നിർദേശം നൽകി.

ഊഷ്മളമായ സ്വീകരണത്തിനു പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി സ്റ്റോറിനും നോർവേയിലെ ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രി സ്റ്റോറിനെ ഇന്ത്യ സന്ദർശിക്കാൻ​ ശ്രീ മോദി ക്ഷണിച്ചു. ഉന്നതതല വിനിമയങ്ങളുടെ വേഗത നിലനിർത്താനും ഇരുനേതാക്കളും ധാരണയായി.

SK