Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഫെബ്രുവരി 28-ന് ഗുജറാത്ത് സന്ദർശിക്കും


2026 ഫെബ്രുവരി 28-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കും. വൈകുന്നേരം ഏകദേശം 3:45-ന് സാനന്ദിലുള്ള മൈക്രോൺ സെമികണ്ടക്ടർ ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സെമികണ്ടക്ടർ അസംബ്ലി, ടെസ്റ്റ് ആൻഡ് പാക്കേജിംഗ് (ATMP) കേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യും.

സാനന്ദിലെ ഈ ATMP കേന്ദ്രത്തിൽ നിന്ന് ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ(‘മെയ്ഡ് ഇൻ ഇന്ത്യ’) സെമികണ്ടക്ടർ മെമ്മറി മൊഡ്യൂളുകളുടെ വാണിജ്യ ഉൽപ്പാദനവും കയറ്റുമതിയും  ആരംഭിക്കുന്നതോടെ, ഇന്ത്യയുടെ സെമികണ്ടക്ടർ നിർമ്മാണ യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായി ഈ ഉദ്ഘാടനം മാറും. ആഗോള സെമികണ്ടക്ടർ മൂല്യശൃംഖലയിൽ  ഇന്ത്യയുടെ സ്ഥാനം ശക്തമാക്കുന്നതിലെ വലിയൊരു ചുവടുവെപ്പാണ് ഈ വികസനം.

2023 സെപ്റ്റംബറിൽ ഭൂമിപൂജ നടന്ന ഈ പദ്ധതി, ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ (ISM) കീഴിൽ അംഗീകരിക്കപ്പെട്ട ആദ്യത്തെ നിർദ്ദേശമായിരുന്നു. 22,500 കോടി രൂപയിലധികം ആകെ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ നിർമ്മാണം, അംഗീകാരം ലഭിച്ച ഉടൻ തന്നെ ആരംഭിച്ചു. തന്ത്രപ്രധാനമായ സെമികണ്ടക്ടർ നിക്ഷേപങ്ങൾ രാജ്യത്ത് വേഗത്തിൽ നടപ്പിലാക്കുന്നതിലുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

സാനന്ദിലെ ഈ കേന്ദ്രം പൂർണ്ണ സജ്ജമാകുമ്പോൾ ഏകദേശം 5,00,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ‘ക്ലീൻറൂം’ (Cleanroom) സൗകര്യം ഇവിടെയുണ്ടാകും. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ‘റൈസ്‌ഡ് ഫ്ലോർ ക്ലീൻറൂമുകളിൽ’  ഒന്നായിരിക്കും.  നിർമ്മിത ബുദ്ധി,(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,AI) ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് എന്നിവയിലെ ദ്രുതഗതിയിലുള്ള പുരോഗതി മൂലം മെമ്മറി, സ്റ്റോറേജ് സൊല്യൂഷനുകൾക്കായി വർദ്ധിച്ചുവരുന്ന ആഗോള ആവശ്യം നിറവേറ്റുന്നതിനും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ സേവിക്കുന്നതിനുമായാണ് ഈ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സാനന്ദിലെ എ.ടി.എം.പി (ATMP) കേന്ദ്രം, മൈക്രോണിന്റെ ആഗോള നിർമ്മാണ ശൃംഖലയിൽ നിന്നുള്ള അത്യാധുനിക ഡൈനാമിക് റാഡം ആക്സസ് മെമ്മറി (DRAM), നാൻഡ് (NAND) സെമികണ്ടക്ടർ വേഫറുകൾ(Wafers) എന്നിവയെ ഉപയോഗസജ്ജമായ  മെമ്മറി, സ്റ്റോറേജ് ഉൽപ്പന്നങ്ങളാക്കി മാറ്റുകയും ആഗോള വിപണിയിലെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയും ചെയ്യും.

ഈ സൗകര്യത്തിന്റെ സ്ഥാപനവും പ്രവർത്തനവും സെമികണ്ടക്ടർ നിർമ്മാണത്തിനുള്ള വിശ്വസനീയവും മത്സരബുദ്ധിയുള്ളതുമായ ഒരു കേന്ദ്രമായി ഇന്ത്യ ഉയർന്നുവരുന്നതിനെ അടിവരയിടുന്നു. കൂടാതെ, രാജ്യത്ത് കരുത്തുറ്റതും സ്വയംപര്യാപ്തവുമായ ഒരു സാങ്കേതിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന  പ്രധാനമന്ത്രിയുടെ ദർശനവുമായി ഇത് യോജിക്കുന്നു.

***

NK