Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മുദ്ര യോജന ഗുണഭോക്താക്കള്‍ പ്രധാനമന്ത്രിയുമായി വിജയഗാഥകള്‍ പങ്കുവെച്ചു

പ്രധാനമന്ത്രി മുദ്ര യോജന ഗുണഭോക്താക്കള്‍ പ്രധാനമന്ത്രിയുമായി വിജയഗാഥകള്‍ പങ്കുവെച്ചു

പ്രധാനമന്ത്രി മുദ്ര യോജന ഗുണഭോക്താക്കള്‍ പ്രധാനമന്ത്രിയുമായി വിജയഗാഥകള്‍ പങ്കുവെച്ചു

പ്രധാനമന്ത്രി മുദ്ര യോജന ഗുണഭോക്താക്കള്‍ പ്രധാനമന്ത്രിയുമായി വിജയഗാഥകള്‍ പങ്കുവെച്ചു


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറു പ്രധാനമന്ത്രി മുദ്ര യോജന ഗുണഭോക്താക്കള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ വസതിയില്‍ സന്ദര്‍ശിച്ച് ആശയവിനിമയം നടത്തി.

അനൗദ്യോഗിക സന്ദര്‍ശനത്തിനിടെ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട മുദ്ര വായ്പകള്‍ ജീവിതത്തില്‍ ഏതു വിധത്തില്‍ ഗുണകരമായത്തീര്‍ന്നുവെന്നു ഗുണഭോക്താക്കള്‍ വിവരിച്ചു.

രണ്ടു ലക്ഷം രൂപയുടെ വായ്പ ലഭിച്ച ഝാര്‍ഖണ്ഡിലെ ബോക്കാറോ സ്വദേശിനി ശ്രീമതി കിരണ്‍ കുമാരി കളിപ്പാട്ടങ്ങളും സമ്മാന ഇനങ്ങളും വില്‍ക്കുന്ന കട തുടങ്ങിയ അനുഭവം വിശദീകരിച്ചു. നേരത്തേ കളിപ്പാട്ടങ്ങള്‍ കൊണ്ടുനടന്നു വില്‍പന നടത്തിയായിരുന്നു അവരും ഭര്‍ത്താവും ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. വായ്പ ലഭിച്ചതോടെ വിജയം കണ്ട സംരഭകയായി അവര്‍ മാറി. സൂറത്തുകാരി ശ്രീമതി മുനീറബാനു ഷബീര്‍ ഹുസൈന്‍ മാലിക്കിന് 1.77 ലക്ഷം രൂപയുടെ വായ്പയാണു ലഭിച്ചത്. എല്‍.എം.വി. ഡ്രൈവിങ് പരിശീലനം നേടിയ അനുഭവം വിവരിച്ച അവര്‍ ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിച്ചു പ്രതിമാസം 25,000 രൂപ സമ്പാദിക്കുന്നുണ്ട്.

കേരളത്തിലെ കണ്ണൂര്‍ സ്വദേശി ശ്രീ. സിജേഷ് പി. എട്ടു വര്‍ഷം വിദേശത്തു ജോലി ചെയ്തിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ഒരു മെഡിക്കല്‍ യൂണിറ്റില്‍ സെയില്‍സ് മാനേജരായി ജോലിനോക്കി. തനിക്കു ലഭിച്ച 8.55 ലക്ഷം രൂപയുടെ മുദ്ര വായ്പ ഉപയോഗപ്പെടുത്തി ആയുര്‍വേദ പല്‍പ്പൊടി നിര്‍മാണ യൂണിറ്റ് ആരംഭിച്ചതെങ്ങനെയെന്ന് ആവേശത്തോടെയാണ് അദ്ദേഹം പ്രധാനമന്ത്രിക്കു മുന്നില്‍ വിശദീകരിച്ചത്. ഉല്‍പന്നത്തിന്റെ സാംപിളുകള്‍ പ്രധാനമന്ത്രിക്കു നല്‍കുകയും ചെയ്തു.

തെലങ്കാനയില്‍നിന്നുള്ള ശ്രീ. സാലഹുന്ദം ഗിരിധര്‍ റാവു തന്റെ സംരംഭകത്വ ജീവിതത്തെക്കുറിച്ചു പ്രധാനമന്ത്രിയോടു വിവരിച്ചു. വായ്പയായി ലഭിച്ച 9.10 ലക്ഷം രൂപ തന്റെ ഡൈ കാസ്റ്റിങ്, മോള്‍ഡിങ് സംരംഭം വികസിപ്പിക്കാനാണ് അദ്ദേഹം ഉപയോഗിച്ചത്.

ജമ്മു-കശ്മീരില്‍നിന്നുള്ള ശ്രീമതി വീണാ ദേവി നെയ്ത്തുകാരിയാണ്. ഒരു ലക്ഷം രൂപയുടെ മുദ്ര വായ്പ അവര്‍ക്കു ലഭിച്ചു. സ്വന്തം നാട്ടിലെ മുന്‍നിര പഷ്മിന ഷാളുകളുടെ ഉല്‍പാദകയാണ് അവര്‍ ഇപ്പോള്‍. കൂടിക്കാഴ്ചയ്ക്കിടെ ശ്രീമതി വീണാ ദേവി പ്രധാനമന്ത്രിക്ക് പഷ്മിന ഷാള്‍ സമ്മാനിച്ചു.

വിമുക്തഭടനും ഡെറാഡൂണ്‍ സ്വദേശിയുമായ ശ്രീ. രാജേന്ദ്ര സിങ് ചൂല്‍ നിര്‍മിച്ചു ചില്ലറ വില്‍പനക്കാര്‍ക്കു വിതരണം ചെയ്യുന്ന യൂണിറ്റ് തുടങ്ങാനായി മുദ്ര വായ്പയിലൂടെ ലഭിച്ച അഞ്ചു ലക്ഷം രൂപ ഉപകാരപ്പെട്ട സംഭവം വിവരിച്ചു. ഏതാനും പേര്‍ക്കു തൊഴില്‍ നല്‍കാനും തനിക്കു സാധിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ചൈന്നൈ സ്വദേശി ശ്രീ. ടി.ആര്‍.സജീവനു പത്തു ലക്ഷം രൂപയുടെ മുദ്ര വായ്പ ലഭിച്ചു. ലോഹം ഉരുക്കുന്ന ജോലി ചെയ്യാന്‍ ഈ തുക സഹായകമായതെങ്ങനെ എന്ന് അദ്ദേഹം പ്രധാനമന്ത്രിയോടു വിശദീകരിച്ചു.

തൊഴില്‍രഹിതനായിരുന്ന ജമ്മു സ്വദേശി ശ്രീ. സതീഷ് കുമാറിന് അഞ്ചു ലക്ഷം രൂപയാണു മുദ്ര വായ്പയായി ലഭിച്ചത്. ഉത് ഉപയോഗപ്പെടുത്തി ഉരുക്ക് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന ബിസിനസ് ആരംഭിക്കാന്‍ സാധിച്ചു.

ഔഷധ സ്ഥാപനത്തില്‍ ജോലിനോക്കുകയായിരുന്ന ഉത്തരാഖണ്ഡ് ഉധംസിങ് നഗര്‍ സ്വദേശി ശ്രീ. വിപ്ലവ് കുമാറിനു സ്വന്തം ബിസിനസ് നടത്താനായിരുന്നു താല്‍പര്യം. അഞ്ചു ലക്ഷം രൂപയുടെ മുദ്ര വായ്പ അനുവദിക്കപ്പെട്ടതോടെ കീടനാശിനികളും വളങ്ങളും വില്‍ക്കുന്ന കട ആരംഭിക്കാന്‍ സാധിക്കുകയും അതുവഴി ഏതാനും പേര്‍ക്കു തൊഴില്‍ കൊടുക്കാന്‍ സാധിക്കുകയും ചെയ്തു. തന്റെ അനുഭവങ്ങള്‍ അദ്ദേഹം പ്രധാനമന്ത്രിക്കു മുന്നില്‍ വിശദീകരിച്ചു.

മുദ്ര വായ്പകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ സംരംഭകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രധാനമന്ത്രി മുദ്ര യോജന ഇതുവരെ 11 കോടി പേര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുകയാണു പദ്ധതിയുടെ ഉദ്ദേശ്യങ്ങളിലൊന്ന് എന്നു ശ്രീ. മോദി വ്യക്തമാക്കി. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ മാത്രമാണു തൊഴില്‍ സൃഷ്ടിക്കപ്പെടുന്നതെന്ന ധാരണയാണ് ഇതുവരെ ഉണ്ടായിരുന്നതെന്നും ‘പേഴ്‌സണല്‍ സെക്ടര്‍’ ഉപജീവനമാര്‍ഗമായും സ്വയംതൊഴില്‍മേഖലയായും വികസിക്കാന്‍ ഈ പദ്ധതി സഹായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയും ഗുണഭോക്താക്കളും തമ്മിലുള്ള അനൗദ്യോഗിക ആശയവിനിമയം ഒരുമണിക്കൂറിലേറെ നീണ്ടു. ധനകാര്യ സഹമന്ത്രിമാരായ ശ്രീ. പൊന്‍ രാധാകൃഷ്ണനും ശ്രീ. ശിവ പ്രതാപ് ശുക്ലയും സന്നിഹിതരായിരുന്നു.