Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസിലെ പാരിസിൽ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസിലെ പാരിസിൽ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയെ അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലെ പാരിസിൽ നടന്ന അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയെ വീഡിയോ  കോൺഫെറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. കൃത്യസമയത്ത് മുൻകൈ എടുത്തതിനും ഹാർദ്ദവമായ ക്ഷണത്തിനും അദ്ദേഹം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് നന്ദി അറിയിച്ചു. ഈ സുപ്രധാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. “പ്രഥമ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,” ശ്രീ മോദി പറഞ്ഞു.

പ്രപഞ്ചത്തോട് മനുഷ്യനുള്ള അടങ്ങാത്ത ആകർഷണത്തെക്കുറിച്ച് പരാമർശിക്കവെ, ബഹിരാകാശം നൂറ്റാണ്ടുകളായി മനുഷ്യന്റെ ഭാവനയെ സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. കാലാവസ്ഥ, കൃഷി, സമുദ്രങ്ങൾ, ജനസമൂഹങ്ങൾ എന്നിവ ഉൾപ്പെടെ ഭൂമിയിലെ ദൈനംദിന ജീവിതത്തെ ഈ മേഖല ഇപ്പോൾ നേരിട്ട് സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ബഹിരാകാശത്തിന്റെ സാധ്യതകൾ അനന്തമാണ്, നമ്മുടെ ഉത്തരവാദിത്തം കൂട്ടായതുമാണ്,” ശ്രീ മോദി ഓർമ്മിപ്പിച്ചു.

ബഹിരാകാശ മേഖല നേരിടുന്ന വർദ്ധിച്ചുവരുന്ന സങ്കീർണ്ണതകളെക്കുറിച്ച് സംസാരിക്കവെ, ഉപഗ്രഹ ഭ്രമണപഥങ്ങൾ കൂടുതൽ തിരക്കേറിയതാകുകയും സാങ്കേതികവിദ്യകൾ കൂടുതൽ ശക്തമാകുകയും ഈ രംഗത്തെ പങ്കാളികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഹ്രസ്വകാല ലാഭങ്ങളേക്കാൾ ദീർഘകാല സുസ്ഥിരതയ്ക്കാണ് ആഗോള പങ്കാളിത്തങ്ങൾ മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. “നമ്മുടെ നിലപാടുകൾ വ്യക്തമായിരിക്കണം: എതിർപ്പിനേക്കാളുപരി സഹകരണം, ഹ്രസ്വകാല ലാഭത്തേക്കാൾ സുസ്ഥിരത, ഒഴിവാക്കുന്നതിനേക്കാൾ എല്ലാവരെയും ഉൾക്കൊള്ളൽ,” ശ്രീ മോദി വ്യക്തമാക്കി.

ഇന്ത്യയുടെ ദാർശനിക ലോകവീക്ഷണത്തെ ബഹിരാകാശവുമായി ബന്ധിപ്പിച്ചുകൊണ്ട്, രാജ്യത്തിന്റെ സമീപനം ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നർത്ഥംവരുന്ന “വസുധൈവ കുടുംബകം” എന്ന ആശയം ഉയർത്തിപ്പിടിക്കുന്നതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബഹിരാകാശ മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ ഈ ഐക്യബോധം ഭൂമിക്ക് അപ്പുറത്തേക്കും വ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “അന്താരാഷ്ട്ര നിയമങ്ങളിലും ചർച്ചകളിലും ബഹുരാഷ്ട്ര സഹകരണത്തിലും അധിഷ്ഠിതമായ, സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഞങ്ങൾ പിന്തുണയ്ക്കുന്നു,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

സുതാര്യമായ ഗവേഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കവെ, ഇന്ത്യയുടെ ബഹിരാകാശ യാത്ര ലോകക്ഷേമം എന്ന തത്ത്വചിന്തയെ പൂർണ്ണമായി പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആഗോള പുരോഗതിക്ക് വിവരങ്ങളുടെ നൈതികമായ പങ്കുവയ്ക്കൽ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. “ശാസ്ത്രീയ വിവരങ്ങൾ സുതാര്യതയോടും സത്യസന്ധതയോടും കൂടെ പൊതുനന്മയ്ക്കായി വിനിയോഗിക്കണം,” ശ്രീ മോദി ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ബഹിരാകാശ കുതിപ്പിന്റെ ശ്രദ്ധേയമായ പുരോഗതി വിവരിക്കവെ, കാലാവസ്ഥാ പ്രവചനം, ദുരന്തനിവാരണം, നാവിഗേഷൻ എന്നിവയിൽ ഉപഗ്രഹ സാങ്കേതികവിദ്യ നൽകുന്ന പ്രായോഗിക നേട്ടങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ അത്യാധുനിക സാങ്കേതികവിദ്യകൾ കർഷകരും മൽസ്യത്തൊഴിലാളികളും അടങ്ങുന്ന സാധാരണക്കാർക്ക് നേരിട്ട് പ്രയോജനപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഈ യാത്രയുടെ കേന്ദ്രബിന്ദുവായ ഐ.എസ്.ആർ.ഒ, അതിൻ്റെ മികവിനും ചെലവുകുറഞ്ഞ ദൗത്യങ്ങൾക്കും ആഗോളതലത്തിൽ പ്രശംസ നേടിയിട്ടുണ്ട്,” ശ്രീ മോദി നിരീക്ഷിച്ചു.

വിക്ഷേപണ സേവനങ്ങളിൽ ഇന്ത്യയുടെ ആഗോള പങ്കാളിത്തം വിശദീകരിക്കവെ, സ്വദേശി റോക്കറ്റുകൾ ഉപയോഗിച്ച് 34 രാജ്യങ്ങളിൽ നിന്നുള്ള 430-ലധികം പേലോഡുകൾ വിജയകരമായി ബഹിരാകാശത്ത് എത്തിച്ച കാര്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ സഹകരണ ശാസ്ത്ര ശ്രമങ്ങളുടെ വിശാലമായ ആഗോള പ്രയോജനം അദ്ദേഹം എടുത്തുപറഞ്ഞു. “ഐ.എസ്.ആർ.ഒയുടെ സാങ്കേതികവിദ്യകളും പങ്കാളിത്തങ്ങളും ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനാകെ ലഭ്യമാക്കുന്നു,” ശ്രീ മോദി കൂട്ടിച്ചേർത്തു.

ഈ സ്ഥാപനപരമായ വിജയത്തിന് കാരണം രാജ്യത്തിന്റെ അക്ഷീണമായ മനുഷ്യവിഭവശേഷിയാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യൻ ശാസ്ത്രജ്ഞരുടെയും എൻജിനീയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും തലമുറകളായുള്ള സമർപ്പണത്തിനും കഠിനാധ്വാനത്തിനും ആദരമർപ്പിച്ചു. അവരുടെ അശ്രാന്ത പരിശ്രമങ്ങൾ ബഹിരാകാശ രാഷ്ട്രങ്ങളുടെ ഇടയിൽ രാജ്യത്തിന് അഭിമാനകരമായ സ്ഥാനം നേടിത്തന്നതിനെ അദ്ദേഹം പ്രകീർത്തിച്ചു. “രാപ്പകലില്ലാതെ അധ്വാനിച്ച്, ഓരോ ദൗത്യങ്ങളിലൂടെയും ഓരോ വിജയങ്ങളിലൂടെയും അവർ ഐ.എസ്.ആർ.ഒയെ ആഗോള പ്രശസ്തിയിലേക്കുയർത്തി,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

ഗ്രഹശാസ്ത്രത്തിലെ നിർണായക നാഴികക്കല്ലുകൾ അനുസ്മരിച്ചുകൊണ്ട് , ആദിത്യ-എൽ1 ഇപ്പോൾ സൗര രഹസ്യങ്ങൾ പുറത്തുകൊണ്ടുവരികയാണെന്നും കഴിഞ്ഞ വർഷം ഒരു ഭാരതീയ ബഹിരാകാശ യാത്രികൻ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുതിയൊരു ആഗോള മാനദണ്ഡം സൃഷ്ടിച്ച ചരിത്രപരമായ ചാന്ദ്ര സ്പർശനത്തെക്കുറിച്ച് അദ്ദേഹം അഭിമാനത്തോടെ അനുസ്മരിച്ചു. “ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം ഇറങ്ങുന്ന ആദ്യ രാജ്യമായി ഭാരതത്തെ മാറ്റി,” ശ്രീ മോദി നിരീക്ഷിച്ചു.
 
ദേശീയ ബഹിരാകാശ രൂപരേഖയിലെ അഭിലാഷകരമായ ഭാവി ലക്ഷ്യങ്ങൾ പങ്കുവെക്കവെ, 2035 ഓടെ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040 ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികനെ അയക്കാനുമുള്ള പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ ദീർഘകാല ശ്രമങ്ങൾ ഏകീകൃതവും സമഗ്രവുമായ ലക്ഷ്യത്താൽ നയിക്കപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഈ പരിശ്രമങ്ങളിലെല്ലാം നമ്മുടെ മാർഗ്ഗനിർദ്ദേശതത്ത്വം വ്യക്തമാണ്: ഇവയുടെ പ്രയോജനങ്ങൾ, മുഴുവൻ മനുഷ്യരാശിയിലും എത്തിച്ചേരണം,” ശ്രീ മോദി ഊന്നിപ്പറഞ്ഞു.

ആഭ്യന്തര വാണിജ്യ മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയെക്കുറിച്ച് പരമർശിക്കവെ, ഔദ്യോഗിക ഏജൻസികൾക്കൊപ്പം ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയും വലിയ രീതിയിൽ ഉയർന്നുവരികയാണെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. പുതിയ സ്റ്റാർട്ടപ്പുകളും നിലവിലുള്ള സംഘടനകളും  തമ്മിൽ രൂപപ്പെടുന്ന ഊർജ്ജസ്വലമായ സഹകരണത്തെ അദ്ദേഹം അഭിനന്ദിച്ചു. “സംരംഭകത്വത്തിന്റെ ഊർജ്ജവും ഐ.എസ്.ആർ.ഒയുടെ മികവും ഇപ്പോൾ ഒന്നിക്കുകയാണ്,” ശ്രീ മോദി പറഞ്ഞു.

ദീർഘകാല ഉഭയകക്ഷി ബന്ധങ്ങളെ വിലമതിച്ചുകൊണ്ട്, 1960-കളിൽ തുമ്പയിൽ ഇന്ത്യൻ ബഹിരാകാശ പദ്ധതി ആരംഭിച്ചത് മുതൽ ഫ്രാൻസ് വിശ്വസ്ത പങ്കാളിയാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. നിലവിലെ സംയുക്ത സംരംഭങ്ങൾ ഉന്നതതല ഗവേഷണങ്ങളെ ജനങ്ങൾക്ക് ഉപകാരപ്രദമായ നേട്ടങ്ങളുമായി വിജയകരമായി സമന്വയിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. “ഇന്ന് നമ്മുടെ സഹകരണം ഭൗമ നിരീക്ഷണത്തിലും അത്യാധുനിക സാങ്കേതികവിദ്യകളിലും വ്യാപിച്ചുകിടക്കുന്നു; ശാസ്ത്രീയ മികവിനെ മാനവിക ലക്ഷ്യങ്ങളുമായി ഇത് കൂട്ടിയിണക്കുന്നു,” ശ്രീ മോദി വ്യക്തമാക്കി.

അന്താരാഷ്ട്ര പങ്കാളികൾക്കായി വാതിലുകൾ തുറന്നിട്ടുകൊണ്ട്, ഭാവി ഗവേഷണ ദൗത്യങ്ങളിൽ പങ്കാളികളാകാൻ പ്രധാനമന്ത്രി ആഗോള സമൂഹത്തോട് ആഹ്വാനം ചെയ്തു. പ്രപഞ്ച കണ്ടെത്തലുകളുടെ അടുത്ത തരംഗത്തിന് നേതൃത്വം നൽകാൻ ലോകമെമ്പാടുമുള്ള പങ്കാളികളെ അദ്ദേഹം സ്വാഗതം ചെയ്തു. “ഭാരതത്തിന്റെ അടുത്ത ബഹിരാകാശ കുതിപ്പിൽ സഹയാത്രികരാകാൻ ഞങ്ങൾ ഫ്രാൻസിനെയും ലോകത്തെയും ക്ഷണിക്കുന്നു,” ശ്രീ മോദി പറഞ്ഞു.

വീഡിയോ സന്ദേശം അവസാനിപ്പിച്ചുകൊണ്ട്, ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാ വിശിഷ്ട വ്യക്തികൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. കൂട്ടായ പര്യവേക്ഷണത്തിലൂടെയും പുതിയ കണ്ടെത്തലുകളിലൂടെയും ആകാശ മണ്ഡല ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ അദ്ദേഹം ആഗോള സമൂഹത്തോട് അഭ്യർത്ഥിച്ചു. “പാരിസിലെ ബഹിരാകാശ ഉച്ചകോടി വ്യക്തമായൊരു സന്ദേശം നൽകട്ടെ: നമ്മൾ ഒന്നിച്ചു പര്യവേക്ഷണം നടത്തും, ഒന്നിച്ചു നൂതനാശയങ്ങൾ അവലംബിക്കും, വരുംതലമുറകൾക്കും മുഴുവൻ മനുഷ്യരാശിക്കും വേണ്ടി ബഹിരാകാശത്തെ കൂട്ടായി സംരക്ഷിക്കും,” ശ്രീ മോദി ഉറക്കെ പ്രഖ്യാപിച്ചു.

-SK-