പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സെപ്റ്റംബര്‍ 30ന് ഗുജറാത്ത് സന്ദര്‍ശിക്കും.
ആനന്ദില്‍ അമുലിന്റെ അതിനൂതന ചോക്കലേറ്റ് പ്ലാന്റ് ഉള്‍പ്പെടെയുള്ള ആധുനിക ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. ആനന്ദ് കാര്‍ഷിക സര്‍വകലാശാലയുടെ ഭക്ഷ്യസംസ്‌കരണത്തിനായുള്ള ഇന്‍ക്യുബേഷന്‍ സെന്റര്‍ കം സെന്റര്‍ ഓഫ് എക്‌സലന്‍സും മുജ്കുവ ഗ്രാമത്തില്‍ സൗരോര്‍ജ സഹകരണ സംഘവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആനന്ദിലും ഖത്‌റജിലും അമുല്‍ നിര്‍മാണ കേന്ദ്രങ്ങളുടെ വികസനപദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടും. അവിടെ പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്യും.
തുടര്‍ന്നു പ്രധാനമന്ത്രി അഞ്ചാറിലേക്കു തിരിക്കും. അവിടെ മുന്ദ്ര എല്‍.എന്‍.ജി. ടെര്‍മിനലും അഞ്ചാര്‍-മുന്ദ്ര പൈപ്പ്‌ലൈന്‍ പദ്ധതിയും പാലന്‍പൂര്‍-പാലി-ബാര്‍മര്‍ പൈപ്പ്‌ലൈന്‍ പദ്ധതിയും ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
അവിടെനിന്നു രാജ്‌കോട്ടിലെത്തുന്ന പ്രധാനമന്ത്രി മഹാത്മാ ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മഹാത്മാഗാന്ധിയുടെ ബാല്യത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള രാജ്‌കോട്ട് ആല്‍ഫ്രഡ് ഹൈസ്‌കൂളിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഗാന്ധിയന്‍ സംസ്‌കാരത്തെയും മൂല്യങ്ങളെയും തത്വശാസ്ത്രത്തെയുംകുറിച്ചു ബോധവല്‍ക്കരണം സൃഷ്ടിക്കാന്‍ ഉതകുന്നതാണു കേന്ദ്രം. 624 വീടുകള്‍ ഉള്‍പ്പെടുന്ന ഭവനപദ്ധതിയുടെ ഉദ്ഘാടന ശിലാഫലകത്തിന്റെ അനാച്ഛാദനം അദ്ദേഹം നിര്‍വഹിക്കും. 240 ഗുണഭോക്തൃകുടുംബങ്ങളുടെ ഇ-ഗൃഹപ്രവേശത്തിന് അദ്ദേഹം സാക്ഷിയാവുകയും ചെയ്യും.
ന്യൂഡെല്‍ഹിക്കു തിരിക്കുംമുന്‍പ് പ്രധാനമന്ത്രി മഹാത്മാഗാന്ധി മ്യൂസിയം സന്ദര്‍ശിക്കും.