Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ ഇന്ത്യന്‍ രക്തസാക്ഷികളെ ആദരിക്കാന്‍ മനേക് ഷാ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ ഇന്ത്യന്‍ രക്തസാക്ഷികളെ ആദരിക്കാന്‍ മനേക് ഷാ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ ഇന്ത്യന്‍ രക്തസാക്ഷികളെ ആദരിക്കാന്‍ മനേക് ഷാ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


ബംഗ്ലാദേശിന്റെ ആദരണീയയായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനാജി,

രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ, ബംഗ്ലാദേശിന്റെ ബഹുമാന്യനായ വിദേശകാര്യമന്ത്രി, ബഹുമാന്യനായ വിമോചന യുദ്ധ മന്ത്രി, എന്റെ മന്ത്രിസഭാംഗങ്ങളെ, വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്‌ലി, ഇവിടെ സന്നിഹിതരായിട്ടുള്ള വിശിഷ്ട വ്യക്തികളെ, പ്രത്യേക അതിഥികളെ, എന്റെ സുഹൃത്തുക്കളെ,

ഇന്ന് ഒരു പ്രത്യേക ദിനമാണ്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും രക്തസാക്ഷികളുടെ ജീവത്യാഗത്തെ അനുസ്മരിക്കുന്ന ദിവസമാണ് ഇത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ജീവിതം സമര്‍പ്പിച്ച ധീരയോധാക്കളെ അനുസ്മരിക്കുന്ന ദിനമാണിത്. ബംഗ്ലാദേശിന്റെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനായി പോരാടിയ ഇന്ത്യന്‍ സൈന്യത്തിലെ ധീരയോധാക്കളെ അനുസ്മരിക്കുകയാണ് ഇന്ന്. ബംഗ്ലാദേശിനു മേല്‍ നടന്ന അതിപൈശാചികമായ ആക്രമണത്തെ അനുസ്മരിക്കുന്ന ദിനം കൂടിയാണിത്. ലക്ഷക്കണക്കിനാളുകള്‍ക്കാണ് ആ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ബംഗ്ലാദേശിന്റെ മേല്‍ പതിച്ച ദുരന്തത്തിനു കാരണക്കാരായവരുടെ ക്രൂരമായ മനോഭാവത്തെ അപലപിക്കുന്നതിനും ഈ ദിവസം നാം ഉപയോഗപ്പെടുത്തുന്നു. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും 140 കോടി വരുന്ന പൗരന്മാരുടെ അചഞ്ചലമായ പരസ്പര വിശ്വാസത്തിന്റെ ശക്തി തിരിച്ചറിയുന്ന സന്ദര്‍ഭമാണ് ഇത്. നമ്മുടെ സമൂഹത്തിന് ശക്തവും ശോഭനവുമായ ഭാവി എങ്ങിനെ രൂപപ്പെടുത്താം എന്നു വിചിന്തനം ചെയ്യാനുള്ള അനുയോജ്യ സന്ദര്‍ഭം കൂടിയാണ് ഇത്.

ശ്രേഷ്ഠരെ സുഹൃത്തുക്കളെ,

വിവിധ കാരണങ്ങളാല്‍ ഇന്ന് ഒരു ചരിത്രദിനമാണ്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ രക്തസാക്ഷികളായ ഇന്ത്യന്‍ സൈനികരുടെ കുടുംബാംഗങ്ങളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയ നിമിഷങ്ങളാണ് ഇത്. ബംഗ്ലാദേശിന്റെ വിമോചനത്തിനായി 1971 ലെ യുദ്ധത്തില്‍ ജീവിതം സമര്‍പ്പിച്ച 1661 ഇന്ത്യന്‍ സൈനികരെയാണ് ഇന്ന് ബംഗ്ലാദേശ് ആദരിക്കുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനാ ജിയോടും ബംഗ്ലാദേശ് ഗവണ്‍മെന്റിനോടും അവിടുത്തെ ജനങ്ങളോടും ഇന്ത്യയിലെ 125 കോടി ജനങ്ങളുടെ പേരില്‍ ഞാന്‍ കൃതജ്ഞത അറിയിക്കുന്നു. ബംഗ്ലാദേശില്‍ അരങ്ങേറിയ മനുഷ്യക്കുരുതിയ്ക്കും അനീതിയ്ക്കും എതിരെ മാത്രമായിരുന്നില്ല ധീരരായ ഇന്ത്യന്‍ സൈനികര്‍ പോരാടിയത് മറിച്ച് ഇന്ത്യന്‍ സംസ്‌കാരത്തില്‍ അന്തര്‍ലീനമായ മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനു കൂടിയായിരുന്നു. അതില്‍ ഏഴ് ഇന്ത്യന്‍ രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ ഇന്ന ഇവിടെ സന്നിഹിതരാണ് എന്നത് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. ഇന്ത്യ മുഴുവന്‍ നിങ്ങളുടെ ദുഖവും നഷ്ടവും പങ്കുവയ്ക്കുന്നു. നിങ്ങളുടെ ത്യാഗവും തപസും തുലനം ചെയ്യാനാവാത്തതാണ്.

സുഹൃത്തുക്കളെ,

ബംഗ്ലാദേശിന്റെ ജനനം, പ്രതീക്ഷയുടെ ആശാകിരണ പ്രതീകമാണ്, 1971 ന്റെ ചരിത്രം ഓര്‍മ്മിപ്പിക്കുന്നതാകട്ടെ നൊമ്പരങ്ങളുടെ നിമിഷങ്ങളെയും. 1971 ഏപ്രില്‍ നമ്മെ അനുസ്മരിപ്പിക്കുന്നത് ബംഗ്ലാദേശില്‍ നടന്ന മനുഷ്യക്കുരുതിയാണ്. ഒരു തലമുറയെ മുഴുവനായി ഉന്മൂലനം ചെയ്യാനുള്ള ശ്രമമായിരുന്നു ബംഗ്ലാദേശില്‍ അന്ന് നടന്നത്. ബംഗ്ലാദേശിലെ രാജ്യസ്‌നേഹമുള്ള ഓരോ വ്യക്തിയും ആ രാജ്യത്തിന്റെ നിഷ്‌കാസനം ചെയ്ത ചരിത്രത്തെ ഭാവി തലമുറകള്‍ക്കു പരിചയപ്പെടുത്തണം. ഈ കൂട്ടക്കുരുതിയുടെ ലക്ഷ്യം നിരപരാധികളെ കൂട്ടക്കൊല ചെയ്യുക എന്നതു മാത്രമായിരുന്നില്ല ബംഗ്ലാദേശ് എന്ന ആശയം തന്നെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു. പക്ഷെ ആത്യന്തികമായി ഈ പീഡനം പരാജയമായിരുന്നു. അവിടെ വിജയിച്ചത് മാനുഷിക മൂല്യങ്ങളും ബംഗ്ലാദേശിലെ ജനകോടികളുടെ ആത്മവിശ്വാസവുമാണ്.

സുഹൃത്തുക്കളെ,

ബംഗ്ലാദേശിന്റെ ജനനം അളക്കാനാവാത്ത ത്യാഗങ്ങളുടെ ഇതിഹാസമാണ്. ഈ ത്യാഗകഥകളിലെയെല്ലാം പൊതുവായ അന്തര്‍ധാര മാതൃരാജ്യത്തോടും മാനുഷിക മൂല്യങ്ങളോടുമുള്ള അനന്തമായ സ്‌നേഹമായിരുന്നു. രാജ്യസ്‌നേഹത്തില്‍ പ്രചോദിതരായാണ് ഈ പടയാളികളെല്ലാം സ്വജീവിതം ബലിയര്‍പ്പിച്ചത്. സ്വാതന്ത്ര്യ സമര യോധാക്കള്‍ വെറും ശരീരത്തിന്റെയും ആത്മാവിന്റെയും മാത്രം ഒരു സംയോജനമല്ല, കീഴടക്കാനാവാത്തതും നശിപ്പിക്കപ്പെടാനാവാത്തതുമായ ഒരു മനസ് കൂടി അതിനൊപ്പം ഉണ്ട്. സ്വാതന്ത്ര്യ സമര യോധാക്കള്‍ക്കായി ചിലതെല്ലാം ചെയ്യാന്‍ ഇന്ത്യയ്ക്കായി എന്നതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. മുക്തി യോദ്ധാ സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ സ്വാതന്ത്ര്യ സമര യോധാക്കളുടെ കുടുംബങ്ങളിലെ 10,000 ത്തിലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്കുന്നുണ്ട്. ഈ അവസരത്തില്‍ ഈ കുടംബങ്ങളുടെ ക്ഷേമത്തിനായി മൂന്നു പദ്ധതികള്‍ കൂടി ഞാന്‍ പ്രഖ്യാപിക്കുകയാണ്. അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് ഈ കുടുംബങ്ങളിലെ 10000 കുട്ടികള്‍ക്കു കൂടി കൂടുതലായി മുക്തി യോദ്ധാ സ്‌കോളര്‍ഷിപ്പിന്റെ ആനുകൂല്യം നല്കും. അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് സ്വാതന്ത്ര സമര യോദ്ധാക്കള്‍ക്ക് മള്‍ട്ടിപ്പിള്‍ വിസ എന്‍ട്രി സൗകര്യം ലഭ്യമാക്കും. കൂടാതെ എല്ലാ വര്‍ഷവും നൂറ് സ്വാതന്ത്ര്യ സമര യോദ്ധാക്കള്‍ക്ക് ഒരു പ്രത്യേക ചികിത്സാ സഹായ പദ്ധതി പ്രകാരം ഇന്ത്യയില്‍ സൗജന്യ ചികിത്സയും ലഭ്യമാക്കും. ബംഗ്ലാദേശിലെ സ്വാതന്ത്ര്യ സമര യോദ്ധാക്കള്‍ക്കൊപ്പം ഇന്ത്യന്‍ സൈനികര്‍ അനുഭവിച്ച ക്ലേശങ്ങളും ത്യാഗങ്ങളും ആര്‍ക്കും മറക്കാന്‍ പറ്റില്ല. ബംഗ്ലാദേശിലെ ജനങ്ങളോടുള്ള സ്‌നേഹവും ബംഗ്ലാദേശ് ജനതയുടെ സ്വപ്‌നങ്ങളോടുള്ള ആദരവും മാത്രമാണ് അവരെ ഇതിനു പ്രേരിപ്പിച്ചത്. ഒരു കാര്യം നാം പ്രത്യേകം ഓര്‍മ്മിക്കണം. യുദ്ധവേളയില്‍ ഇന്ത്യന്‍ സൈന്യം ഒരിക്കല്‍ പോലും അവരുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നോ യുദ്ധനിയമങ്ങളില്‍ നിന്നോ അണുവിട വ്യതിചലിച്ചില്ല എന്നത് ലോകത്തിനു മുഴുവന്‍ മാതൃകയായി. യുദ്ധത്തടവുകാരെ ഇന്ത്യന്‍ സൈന്യം സുരക്ഷിതരായി പോകാന്‍ അനുവദിക്കുകയാണുണ്ടായത്. 1971 ലെ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം പ്രകടിപ്പിച്ച മനുഷ്യത്വം കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ സംഭവമായിട്ടാണ് കണക്കാക്കപ്പെടുന്നത്.സുഹൃത്തുക്കളെ, ക്രൂരതയെ മാത്രമല്ല അത്തരം ചിന്തകളെ പോലും അപലപിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ബംഗ്ലാദേശും.

സുഹൃത്തുക്കളെ,

ബംഗ്ലാദേശിനെ കുറിച്ചുള്ള ഏതു ചര്‍ച്ചയും ബംഗാബന്ധുവിനെ കൂടി ഓര്‍മ്മിക്കാതെ പൂര്‍ണമാവില്ല. രണ്ടിന്റെയും അസ്തിത്വം പരസ്പര ബന്ധിതമാണ്. രണ്ടും പൂരകങ്ങളാണ്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന്റെ പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം ബംഗാബന്ധുവായിരുന്നു. കാലത്തിനു മുമ്പെ ചിന്തിച്ചയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഓരോ ആഹ്വാനവും പൊതുജനങ്ങള്‍ക്കു വെല്ലുവിളിയായിരുന്നു. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് ആധുനികവും സ്വതന്ത്രവും പുരോഗമനോന്മുഖവുമായ ഒരു ബംഗ്ലാദേശായിരുന്നു. അതാണ് പുരോഗതിയുടെ പാതയില്‍ ബംഗ്ലാദേശിനെ ഇപ്പോഴും നയിക്കുന്നത്. 1971 നു ശേഷം ബംഗ്ലാദേശിനെ അസ്വസ്ഥതയുടെയും അസ്ഥിരതയുടെയും യുഗത്തില്‍ നിന്നും വിമുക്തമാക്കിയത് ബംഗാബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ നേതൃത്വമായിരുന്നു. സമൂഹത്തിലെ വെറുപ്പും വിദ്വേഷവും തുടച്ചു മാറ്റിക്കൊണ്ട് ബംഗ്ലാദേശിന് സമാധാനത്തിന്റെയും വികസനത്തിന്റെയും മാര്‍ഗ്ഗം കാണിച്ചു കൊടുത്തത് മഹാനായ ബംഗാബന്ധുവായിരുന്നു.സോണാര്‍ ബംഗ്ലായുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാനുള്ള വഴിയാണ് അദ്ദേഹം കാണിച്ചുകൊടുത്തത്. അക്കാലത്ത് ഇന്ത്യയിലെ യുവാക്കളുടെ മാതൃകാപുരുഷനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പല ചിന്തകളും എന്നെയും സ്വാധീനിച്ചിട്ടുണ്ട് എന്നു പറയട്ടെ. സമാധാനത്തന്റെയും സഹവര്‍ത്വിത്തത്തിന്റെയും സന്ദേശം പ്രചരിപ്പിച്ച നേതാവ് എന്ന നിലയ്ക്കാണ് ഇന്ന് ദക്ഷിണേഷ്യയില്‍ മാത്രമല്ല, ലോകമെമ്പാടും ബംഗാബന്ധു അനുസ്മരിക്കപ്പെടുന്നത്.

അദ്ദേഹത്തിന്റെ പുത്രി ആദരണീയയായ ഷെയ്ഖ് ഹസിന ബംഗ്ലാദേശ് പ്രധാന മന്ത്രി എന്ന നിലയില്‍ ഇന്ന് ഇവിടെ സന്നിഹിതയാണ്. ഈ അവസരത്തില്‍ അവരുടെ ധീരതയെ ആദരിക്കാന്‍ കൂടി ഞാന്‍ ആഗ്രഹിക്കുന്നു. പ്രശ്‌നങ്ങലുടെ മധ്യത്തിലൂടെ തന്റെ രാജ്യത്തെയും ജനതയെയും തന്നെ തന്നെയും മുന്നോട്ടു നയിക്കാന്‍ അവര്‍ കാണിക്കുന്ന ധീരത അത്യപൂര്‍വമാണ്. വികസനത്തിന്റെ പാതയിലൂടെ തന്റെ രാജ്യത്തെ മുന്നോട്ടു നയിച്ചു കൊണ്ട് ഒരു കരിമ്പാറ പോലെ അവര്‍ ഇന്നും ഉറച്ചു നിന്നു പ്രവര്‍ത്തിക്കുന്നു.

സുഹൃത്തുക്കളെ,

ഇന്നു മൂന്ന് ആശയസംഹിതകളാണ് ലോകത്തിലെ ഏറ്റവും പുരാതനമായ നമ്മുടെ മേഖലയെ നിര്‍വചിക്കുന്നത്. ഈ ആശയങ്ങളാണ് നമ്മുടെ സമൂഹത്തിന്റെയും നമ്മുടെ ഭരണ സംവിധാനത്തിന്റയും മുന്‍ഗണനകളായി പ്രതിഫലിക്കുന്നതും. ഇതിലെ ഒരാശയം സാമ്പത്തിക വികസന കേന്ദ്രീകൃതമാണ്. അത് ഊന്നല്‍ നല്കുന്നത് രാജ്യത്തിന്റെ സമ്പദ്‌സമൃദ്ധി, ശക്തി, സമഗ്രവികസനം എന്നീ മേഖലകളിലാണ്. ഈ ചിന്തയ്ക്കുള്ള ഒരു ഉദാഹരണം ബംഗ്ലാദേശിന്റെ പുരോഗതിയും മുന്നേറ്റവുമാണ്. 1971 ല്‍ ബംഗ്ലാദേശിലെ ആയുര്‍ദൗര്‍ഘ്യം ഇന്ത്യയിലെക്കാള്‍ താഴെയായിരുന്നു. ഇന്ന് അത് ഇന്ത്യയ്ക്കും മുകളിലാണ്. കഴിഞ്ഞ 45 വര്‍ഷത്തിനുള്ളില്‍ ബംഗ്ലാദേശിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 13 ഇരട്ടിയായി. ശിശുമരണ നിരക്ക് 222 ല്‍ നിന്ന് വെറും 38 ആയി താഴ്ന്നു. ഡോക്ടര്‍മാരുടെ സംഖ്യ മൂന്നിരട്ടിയായി. സ്വാതന്ത്ര്യത്തിനു ശേഷം ബംഗ്ലാദശിന്റെ കയറ്റുമതി 125 ഇരട്ടി വര്‍ധിച്ചു. മാറ്റങ്ങളിലെ തോത് പറയാന്‍ ഈ ചുരുക്കം കണക്കുകള്‍ തന്നെ ധാരാളം. പ്രധാനമന്ത്രി ഷെയ്ഖ് ഹസിനുടെ കാഴ്ച്ചപ്പാടു പിന്തുടര്‍ന്ന് ബംഗ്ലാദേശ് സാമ്പത്തിക വികസനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ കടക്കുകയാണ്.

സുഹൃത്തുക്കളെ,

ഒരു രണ്ടാം ചിന്തയുണ്ട്. സബ്കാ സാത് സബ്കാ വികാസ്. എല്ലാവര്‍ക്കും സമഗ്ര വികസനം. എന്റെ അയല്‍ രാജ്യം എന്നോടൊപ്പം വികസിക്കണം എന്നതാണ് എന്റെ വിശ്വാസപ്രമാണം. ഇന്ത്യയുടെ ഒറ്റയ്ക്കുള്ള വികസനം അപൂര്‍ണമായിരിക്കും. ഞങ്ങള്‍ക്കു മാത്രമായി ഒറ്റയ്ക്കു പൂര്‍ണവികസനം സാധ്യമല്ല. സബ്കാ സാത് സബ്കാ വികാസ് സാധ്യമാകുന്നത് സമാധാനത്തിന്റെ അടിസ്ഥാന ശിലയിലാണ് എന്നും ഞങ്ങള്‍ക്കു ബോധ്യമുണ്ട്. അതിനാല്‍ എല്ലാ രാജ്യങ്ങളിലേയ്ക്കും ഞങ്ങള്‍ സൗഹൃദ ഹസ്തങ്ങള്‍ നീട്ടുന്നു. ഞങ്ങളുടെ വികസന പ്രക്രിയയില്‍ പങ്കാളികളാകാന്‍ എല്ലാ രാജ്യങ്ങളെയും ഞങ്ങള്‍ ക്ഷണിക്കുന്നു. ഈ മേഖലയുടെ ക്ഷേമമാണ് നിസ്വാര്‍ഥമാി ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ ചിന്തയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇന്ത്യ – ബംഗ്ലാദേശ് ബന്ധത്തിലെ ശക്തമായ രേഖാചിത്രം. സാമ്പത്തിക, രാഷ്ട്രിയ, അടിസ്ഥാന വികസന, ഊര്‍ജ്ജ, ആശയവിനിമയ മേഖലകളില്‍ മാത്രമല്ല പതിറ്റാണ്ടുകളായി തീര്‍പ്പാകാതെ കിടന്ന രാജ്യാതിര്‍ത്തി നിര്‍ണയത്തില്‍ പോലും ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തിലും വിശ്വാസത്തിലും വികസന പങ്കാളികളായി മുന്നേറുകയാണ്.

സുഹൃത്തുക്കളെ,

നിര്‍ഭാഗ്യവശാല്‍ ദക്ഷിണേഷ്യയില്‍ ഇപ്പോള്‍ ഒരു എതിര്‍ ചിന്താഗതിയും മനോഭാവവും നിലനില്ക്കുന്നുണ്ട്. ആ ചിന്തയാണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. അത് മനുഷ്യത്വത്തില്‍ അധിഷ്ഠിതമല്ല. മറിച്ച് ഭീകരവാദപ്രചരണാര്‍ത്ഥം അക്രമവും ഭീകരതയുമാണ് അതിന്റെ മുഖമുദ്ര.

 

മനുഷ്യത്വത്തെക്കാള്‍ വലുത് ഭീകരതയാണ്
വികസനത്തെക്കാള്‍ പ്രധാനം നശീകരണമാണ്
സൃഷ്ടിയെക്കാള്‍ പ്രാമുഖ്യം ഉന്മൂലനമാണ്
വിശ്വാസത്തെക്കാള്‍ മഹത്തരം വഞ്ചനയാണ്
എന്നൊക്കെയാണ് ഈ ആശയം നയ രൂപീകരണ വിദഗ്ധരെ ധരിപ്പിക്കുന്നത്. നമ്മുടെ സമൂഹത്തിന്റെ സമാധാനത്തിനും സാമ്പത്തിക വികസനത്തിനും സുസ്ഥിരതയ്ക്കുമുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഈ ചിന്ത. ഈ ആശയം മേഖലയുടെയും ലോകത്തിന്റെയും മൊത്തം സമാധാനത്തിനും വികസനത്തിനും തടസമായി നില്ക്കുന്നു. ഇന്ത്യയും ബംഗ്ലാദേശും സമൂഹത്തിന്റെ സാമ്പത്തിക വികസനത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ നമ്മളും ഈ പ്രതിലോമ ആശയങ്ങളുടെ ബലിയാടുകളാകുന്നു.

സുഹൃത്തുക്കളെ,

ഈ മേഖലയിലെ മുഴുവന്‍ രാജ്യങ്ങളിലെയും പൗരന്മാര്‍ വിജയത്തിലേയ്ക്കും പുരോഗതിയിലേയ്ക്കും മുന്നേറണം എന്നാണ് നമ്മുടെ ആഗ്രഹം. അതിനായി സഹകരണത്തിന്റെ വാതിലുകള്‍ ഇന്ത്യ എന്നും മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. പക്ഷെ അതിന് ഭീകരതയും വിപരീത ആശയങ്ങളും ഇല്ലാതാക്കിയേ തീരൂ.

സുഹൃത്തുക്കളെ,

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം രണ്ടു ഗവണ്‍മെന്റുകളോ ശക്തി കേന്ദ്രങ്ങളോ തമ്മിലുള്ള സ്‌നേഹത്തിലധിഷ്ഠിതമല്ല. ഇന്ത്യയും ബംഗ്ലാദേശും ഒന്നിച്ചു നില്ക്കുന്നത് രണ്ടു രാജ്യങ്ങളിലെയും 140 കോടി ജനങ്ങള്‍ തമ്മില്‍ ഒന്നിച്ചു നില്ക്കുന്നതുകൊണ്ടാണ്. ദുഖവും സന്തോഷവും നാം പങ്കുവയ്ക്കുന്നു. എനിക്ക് ഇന്ത്യയെ കുറിച്ചുള്ള സ്വപ്‌നം ബംഗ്ലാദേശിനെ കുറിച്ചും മറ്റ് അയല്‍ രാജ്യങ്ങളെ കുറിച്ചുമുണ്ട് എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ബംഗ്ലാദേശിന് ഞാന്‍ ശോഭനമായ ഒരു ഭാവി ആശംസിക്കുന്നു. സുഹൃത്ത് എന്ന നിലയില്‍ ഇന്ത്യ അതിനു സാധിക്കുന്ന വിധത്തില്‍ സഹായിക്കുന്നതാണ്. അവസാനമായി സ്വാതന്ത്ര്യ സമര യോധാക്കളെ, ഇന്ത്യയുടെ ധീരരായ സൈനികരെ ഞാന്‍ ഒരിക്കല്‍ കൂടി അഭിവാദ്യം ചെയ്യുന്നു. ഈ ചടങ്ങ് സംഘടിപ്പിച്ചതിനും ഇവിടെ സന്നിഹിതയായതിനും പ്രധാനമന്ത്രി ഷെയ്ഖ് ഹസിനയ്ക്ക് പ്രത്യേകം നന്ദി പറയുന്നു. ആത്മാര്‍ത്ഥതയും വിശ്വസ്തതയുമുള്ള സുഹൃത്തായി ബംഗ്ലാദേശിനൊപ്പം നില്കാന്‍ ഇന്ത്യ എന്നും തയാറാണ് എന്ന് ആവര്‍ത്തിച്ചുകൊണ്ട്,

ജെയ് ഹിന്ദ്, ജോയ് ബംഗ്ലാ.