പിഎം ഇന്ത്യ
ബയോടെക്‌നോളജി രംഗത്തുള്ള ഇന്ത്യ-ക്യൂബ, ഇന്ത്യ-കൊറിയ ഉഭയകക്ഷി ധാരണാപത്രങ്ങള്‍ സംബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുമ്പാകെ വിശദീകരിക്കപ്പെട്ടു. ധാരണാപത്രങ്ങള്‍ ഒപ്പുവെക്കപ്പെട്ടതു യഥാക്രമം 2018 ജൂണ്‍ 22നു ക്യൂബയിലെ ഹവാനയില്‍ വെച്ചും 2018 ജൂലൈ ഒന്‍പതിനു ന്യൂഡെല്‍ഹിയില്‍ വെച്ചുമാണ്. ശാസ്ത്ര, സാങ്കേതിക രംഗത്ത് സഹകരിക്കാമെന്നു പരസ്പര ധാരണയിലെത്തിയതും വൈദഗ്ധ്യമുള്ളതുമായ മേഖലകളില്‍ സഹകരിക്കാന്‍ ഉതകുന്നതാണു ധാരണാപത്രങ്ങള്‍.
പ്രധാന നേട്ടം: ധാരണാപത്രങ്ങള്‍ ഇന്ത്യയും ക്യൂബയുമായും ഇന്ത്യയും കൊറിയുമായും ഉള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിനും ശാസ്ത്ര, സാങ്കേതിക രംഗത്തെ നവീനാശയങ്ങള്‍ സംബന്ധിച്ചു സഹകരിക്കുക വഴി ബയോടെക്‌നോളജി വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം എന്നീ മേഖലകളില്‍ സഹകരിക്കാന്‍ കൃത്യമായ പദ്ധതി തയ്യാറാക്കുന്നതിനും സഹായകമാകും.
പശ്ചാത്തലം:
ഇന്‍ഡോ-ക്യൂബ സഹകരണം
ബഹുമാനപ്പെട്ട രാഷ്ട്രപതി നടത്തിയ ക്യൂബയിലെ ഹവാന സന്ദര്‍ശനത്തിനിടെ 2018 ജൂണ്‍ 22നാണു ബയോടെക്‌നോളജി രംഗത്തു കൂടുതല്‍ സഹകരിക്കുന്നതിനായുള്ള ഉഭയകക്ഷി ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്. കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പും ക്യൂബന്‍ ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി മന്ത്രാലയവുമാണ് ഒപ്പുവെച്ചത്.
ഇന്ത്യ-കൊറിയ സഹകരണം
ബയോ ടെക്‌നോളജി, ബയോ ഇക്കോണമി എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന ധാരണാപത്രമാണ് ഇന്ത്യയും കൊറിയയും ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ ശാസ്ത്ര സാങ്കേതിക രംഗത്തും ബയോടെക്‌നോളജി രംഗത്തും വ്യാവസായിക ഗവേഷണവും വികസനവും സംബന്ധിച്ചും ഉഭയകക്ഷി നിക്ഷേപ ഒഴുക്കു സംബന്ധിച്ചും ഉള്ളതാണു ധാരണാപത്രം.