Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബഹിരാകാശസഹകരണത്തിന് ബംഗ്ലാദേശുമായുള്ള ധാരണാപത്രം


ബഹിരാകാശത്തെ സമാധാനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള പരസ്പര സഹകരണത്തിന് ബംഗ്ലാദേശുമായി ഇന്ത്യ ഒപ്പുവച്ച ധാരണാപത്രത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തെ ധരിപ്പിച്ചു. 2017 ഏപ്രിലില്‍ ഡല്‍ഹിയിലാണ് ധാരണാപത്രം ഒപ്പിട്ടത്.

ബഹിരാകാശ ശാസ്ത്രം, ഭൂമിയുടെ വിദൂര സംവേദനം ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യാ പ്രയോഗം, ഉപഗ്രഹ വാര്‍ത്താവിനിമയം, ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള കപ്പല്‍ ഗതിനിര്‍ണ്ണയം. ഗ്രഹങ്ങളെക്കുറിച്ചുള്ള പര്യവേഷണം, ബഹിരാകാശവാഹനങ്ങളുടെയും ബഹിരാകാശ സംവിധാനങ്ങളുടെയും നിലയങ്ങളുടെയും ഉപയോഗം, ബഹിരാകാശ സാങ്കേതിക വിദ്യയുടെ പ്രയോഗം എന്നിവയിലുള്ള പരസ്പര സഹകരണത്തിന് ധാരണാപത്രം സഹായിക്കും.

ധാരണാപത്രപ്രകാരം ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പ്രതിനിധികള്‍ അടങ്ങുന്ന ഒരു പ്രവര്‍ത്തക ഗ്രൂപ്പിന് രൂപം നല്‍കും. ഇതിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധികളെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം/ ബഹിരാകാശ വകുപ്പ് എന്നിവയില്‍ നിന്നും ബംഗ്ലാദേശിന്റേത് ബംഗ്ലാദേശ് ടെലികോം റെഗുലേറ്ററി അതോറിറ്റിയില്‍ നിന്നുമായിരിക്കും നിയോഗിക്കുക. ധാരണാപത്രം നടപ്പാക്കുന്നതിനുള്ള സമയക്രമവും അതിന്റെ മാര്‍ഗ്ഗങ്ങളും ഉള്‍പ്പെടെയുള്ള ഒരു കര്‍മ്മപദ്ധതി ഈ പ്രവര്‍ത്തക ഗ്രൂപ്പ് തയാറാക്കും.

ഇത് ഭൂമിയുടെ വിദൂര സംവേദനം, ഉപഗ്രഹ വാര്‍ത്താവിനിമയ സംവിധാനം, ഉപഗ്രഹ, കടല്‍ ഗതിനിര്‍ണ്ണയിക്കല്‍, ബഹിരാകാശ ശാസ്ത്രവും അതിന് പുറത്തെ പര്യവേഷണവും ഉള്‍പ്പെടെയുള്ള നുതന മേഖലകളിലെ സാദ്ധ്യതകളും പ്രയോഗങ്ങളും ഉള്‍പ്പെടെയുള്ളവയില്‍ പുതിയ പര്യവേഷണത്തിനും ഗവേഷണത്തിനും അത്യന്തം ആവേശം നല്‍കും.

ധാരണാപത്രവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ക്കുള്ള സാമ്പത്തികസഹായങ്ങള്‍ രണ്ടു രാജ്യങ്ങളിലും നിലവിലുള്ള മാനദണ്ഡങ്ങളുടേയും ബജറ്റ് നിയമങ്ങളുടേയും അടിസ്ഥാനത്തില്‍ ലഭ്യമായ വിഭവത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ബന്ധപ്പെട്ട ഏജന്‍സികള്‍ നിര്‍വഹിക്കും. ഈ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്ന സംയുക്ത പദ്ധതികളും പ്രവൃത്തികളും ഏത് മേഖലയിലാണെന്നതിനെ ആശ്രയിച്ച് വാണിജ്യപരമായതോ അല്ലാത്തതോ ആകാം. ഇവ ഒന്നുകില്‍ പരസ്പരം പണം നല്‍കാതെ നടപ്പാക്കാം. അല്ലെങ്കില്‍ നഷ്ടപരിഹാര സംവിധാനമായോ കരാര്‍ വ്യവ്‌സഥയിലോ ആകാം.

ഈ ധാരണാപത്രം സാങ്കേതിക വിദ്യാ പ്രയോഗമേഖലയില്‍ ഒരു സംയുക്ത കര്‍മ്മപരിപാടിക്ക് വഴിവയ്ക്കും. അത് മാനവരാശിക്ക് ഏറെ പ്രയോജനകരവുമാകും. രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും മേഖലകള്‍ക്കും ഇതുകൊണ്ട് നേട്ടവുമുണ്ടാകും.