Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബെര്‍ലിനില്‍ നാലാമത് ഇന്ത്യ-ജര്‍മനി ഗവണ്‍മെന്റ്തല ചര്‍ച്ചകള്‍ പ്രധാനമന്ത്രി മോദിയുടെയും ചാന്‍സലര്‍ മെര്‍ക്കലിന്റെയും അധ്യക്ഷതയില്‍ നടന്നു

ബെര്‍ലിനില്‍ നാലാമത് ഇന്ത്യ-ജര്‍മനി ഗവണ്‍മെന്റ്തല ചര്‍ച്ചകള്‍ പ്രധാനമന്ത്രി മോദിയുടെയും ചാന്‍സലര്‍ മെര്‍ക്കലിന്റെയും അധ്യക്ഷതയില്‍ നടന്നു


ബെര്‍ലിനില്‍ നാലാമത് ഇന്ത്യ-ജര്‍മനി ഗവണ്‍മെന്റ്തല ചര്‍ച്ചകള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെയും ചാന്‍സലര്‍ ഏഞ്ചെല മെര്‍ക്കലിന്റെയും അധ്യക്ഷതയില്‍ നടന്നു.

ചര്‍ച്ചകള്‍ക്കുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ച പ്രധാനമന്ത്രി മോദി, യൂറോപ്പിനെയും ലോകത്തെത്തന്നെയും സംബന്ധിച്ചു ചാന്‍സലര്‍ മെര്‍ക്കലിനുള്ള വീക്ഷണത്തെ പ്രശംസിച്ചു.

ഫലപ്രാപ്തി ലക്ഷ്യംവെച്ചുള്ള വേഗം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു.

ജര്‍മനിയില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപം വര്‍ധിക്കുകയാണെന്നും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കാര്യത്തില്‍ ഇതു കൂടുതല്‍ പ്രകടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജര്‍മനിയുടെ മാനദണ്ഡങ്ങള്‍ ആഗോളനിലവാരം ഉള്ളതാണ് എന്നതിനാല്‍ സ്‌കില്‍ ഇന്ത്യ മിഷന് ജര്‍മന്‍ പങ്കാളിത്തം പ്രധാനമാണെന്നു ശ്രീ. മോദി വ്യക്തമാക്കി. സ്‌പോര്‍ട്‌സ് മേഖലയില്‍, വിശിഷ്യാ ഫുട്‌ബോളിന്റെ കാര്യത്തില്‍ക്കൂടി സഹകരണം ഉദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചയ്‌ക്കെടുത്ത കാലാവസ്ഥാ സംരക്ഷണം, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ജര്‍മനിയിലെ കണ്ടുപിടിത്തങ്ങളും ഇന്ത്യന്‍ യുവത്വത്തിന്റെ ശേഷിയും സംഗമിക്കുക വഴി സ്റ്റാര്‍ട്ടപ്പ് രംഗത്തു വലിയ ചലനം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പരസ്പര ബന്ധിതവും പരസ്പര ആശ്രയത്വമുള്ളതുമായ വര്‍ത്തമാനകാലത്ത് ജനാധിപത്യത്തെ അടിസ്ഥാനമാക്കിയുള്ള ആഗോളക്രമം അനിവാര്യമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജര്‍മനിയും ഇന്ത്യയും ‘മെയ്ഡ് ഫോര്‍ ഈച്ച് അദര്‍’ ആണെന്ന് ഒരു ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കി. ജര്‍മനിയുടെ ശേഷിയും ഇന്ത്യയുടെ ആവശ്യകതയും യോജിക്കേണ്ടതിന്റെ ആവശ്യകത ഏറെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്‍ജിനീയറിങ്, അടിസ്ഥാനസൗകര്യ വികസനം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളില്‍ മികവു നേടിയെടുക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പുതിയ കണ്ടുപിടിത്തങ്ങളും ജനാധിപത്യവും മനുഷ്യകുലത്തിന് ഒരു അനുഗ്രഹമാണെന്നു വിശദീകരിച്ച പ്രധാനമന്ത്രി, ഇന്ത്യക്കും ജര്‍മനിക്കും ഈ മൂല്യങ്ങളുണ്ടെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന്, പ്രകൃതിയെ പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കാലാകാലമായ ഇന്ത്യന്‍ മൂല്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹം മറുപടി നല്‍കിയത്. 2022 ആകുമ്പോഴേക്കും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍നിന്നായി 175 ജിഗാവാട്ട് ഊര്‍ജം ഉല്‍പാദിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ചു പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞ അദ്ദേഹം, വരുംതലമുറകളുടെ ക്ഷേമം കയ്യിലെടുത്തു പന്താടുന്നതു നീതികേടും ക്രിമിനല്‍ കുറ്റവുമാണെന്ന് ആരോപിച്ചു.

നിയമാധിഷ്ഠിതമായ ആഗോളക്രമം നിലനിര്‍ത്തുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനു വലിയ പങ്കു വഹിക്കാനുണ്ടെന്നു നേരത്തേ ഗവണ്‍മെന്റ്തല ചര്‍ച്ചയില്‍ പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടിയിരുന്നു. ആഗോളശാപമായിത്തീര്‍ന്ന ഭീകരവാദത്തെക്കുറിച്ച് കടുത്ത ആശങ്ക പങ്കുവെച്ച ഇരു നേതാക്കളും ഭീകരവാദത്തെ ഒരുമിച്ചു നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചു.

കയറ്റുമതിനിയന്ത്രണ സംവിധാനങ്ങളില്‍ ഇന്ത്യക്ക് അംഗത്വം നല്‍കണമെന്ന ആവശ്യത്തിനു നല്‍കിയ പിന്‍തുണയ്ക്കു പ്രധാനമന്ത്രി ജര്‍മനിയെ പിന്തുണ അറിയിച്ചു. മാലിന്യമുക്ത കല്‍ക്കരി, ശാസ്ത്ര സാങ്കേതിക രംഗത്തെ സഹകരണം, സൈബര്‍ സുരക്ഷ, വ്യോമസുരക്ഷ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിവിശേഷങ്ങളും മറ്റു ആഗോള വിഷയങ്ങളും സംബന്ധിച്ചും ചര്‍ച്ചനടന്നു.

ഇരു രാഷ്ട്രങ്ങളും 12 കരാറുകളില്‍ ഒപ്പുവെച്ചു. ചര്‍ച്ചകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ സമഗ്ര സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുമുണ്ട്.