പിഎം ഇന്ത്യ
ബഹുമാനപ്പെട്ട പ്രസിഡന്റ് സി ജിന്‍പിങ്, ബഹുമാനപ്പെട്ട പ്രസിഡന്റ് ജേക്കബ് സുമ, ബഹുമാനപ്പെട്ട പ്രസിഡന്റ് മിഷെല്‍ ടെമര്‍, ബഹുമാനപ്പെട്ട പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, വിശിഷ്ടരായ പ്രതിനിധികളേ,
125 കോടി വരുന്ന ഇന്ത്യന്‍ ജനതയ്‌ക്കൊപ്പം നിന്നുകൊണ്ട് ഗോവയില്‍ നടക്കുന്ന എട്ടാമത് ബ്രിക്‌സ് ഉച്ചകോടിയിലേക്കു നിങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്യുകയാണ്.
ബ്രിക്‌സ് നേതാക്കളുടെ സമ്പൂര്‍ണ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കാനുള്ള അവസരം ഒരു അംഗീകാരമായി ഞാന്‍ കാണുന്നു. ഇന്ന് ഇതുവരെ നാം നടത്തിയ ചര്‍ച്ചകള്‍ സൃഷ്ടിപരമായിരുന്നു.
അവയുടെ അടുത്ത ഘട്ടമാകണം ഇപ്പോഴത്തെ ചര്‍ച്ചകള്‍. ബ്രിക്‌സിനു യോജ്യമായ സ്വയംസന്നദ്ധമായ പ്രവര്‍ത്തന പദ്ധതിയെക്കുറിച്ചും ആലോചന നടക്കണം.
ബ്രിക്‌സ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ കൂടുതല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളത്തക്കവിധം ഇതിനകം വികസിച്ചുകഴിഞ്ഞു.
നാം തമ്മിലുള്ള പങ്കാളിത്തത്തിനുള്ള സാധ്യതകള്‍ കൃഷി മുതല്‍ വ്യവസായവും പുതുമയും വരെയും വാണിജ്യം മുതല്‍ വിനോദസഞ്ചാരം വരെയും പരിസ്ഥിതി മുതല്‍ ഊര്‍ജം വരെയും ചലച്ചിത്രരംഗം മുതല്‍ ഫുട്‌ബോള്‍ വരെയും നൈപുണ്യ വികസനം മുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ വരെയും നമ്മുടെ സമൂഹങ്ങളെ സംരക്ഷിക്കാനായി അഴിമതിക്കും കള്ളപ്പണ ഇടപാടിനെതിരെയും പോരാടുന്നതു വരെയും വ്യാപിച്ചുകിടക്കുകയാണ്.
ഈ വര്‍ഷം ബ്രിക്‌സിനെ നമ്മുടെ നഗരങ്ങളും പ്രദേശങ്ങളുമായി അടുപ്പിക്കുകയും ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നവരുമായി നേരിട്ടു ബന്ധപ്പെടുത്തുകയും ചെയ്തു.
ബഹുമാന്യരേ,
നാം ബ്രിക്‌സ് പങ്കാളിത്തത്തിന്റെ ദശവാര്‍ഷികം ആഘോഷിക്കുകയാണ്. ഒരു ദശാബ്ദം നീളുന്ന സഹകരണം വളരെയധികം നേട്ടങ്ങള്‍ പ്രദാനം ചെയ്തിട്ടുണ്ട്.
നമ്മുടെ ശ്രമങ്ങളിലും നേട്ടങ്ങളിലും അഭിമാനിക്കാന്‍ അര്‍ഹതയുണ്ട്.
ന്യൂ ഡെവലപ്‌മെന്റ് ബാങ്കും കണ്ടിന്‍ജന്‍സി റിസര്‍വ് അറേഞ്ച്‌മെന്റും യാഥാര്‍ഥ്യമായതു വലിയ നേട്ടങ്ങളാണ്.
പുതിയ സുരക്ഷാ വെല്ലുവിളികളും തുടര്‍ച്ചയായ സാമ്പത്തിക അനിശ്ചിതത്വങ്ങളും നിലനില്‍ക്കുന്ന ഇന്നത്തെ ലോകത്തിനു മുന്നില്‍ സമാധാനത്തിന്റെ വാഗ്ദാനവുമായി ഒരു ദീപസ്തംഭമെന്ന നിലയ്ക്കു ബ്രിക്‌സ് നിലകൊള്ളുന്നു.
വികസ്വര ലോകത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ പ്രവര്‍ത്തനം വളരെ അര്‍ഥവത്തായ ഒന്നാണ്.
മാറ്റത്തിനും വികസനത്തിനുമായുള്ള ആഗോള അജണ്ട നിശ്ചയിക്കുന്നതില്‍ ബ്രിക്‌സ് കഴിഞ്ഞ വര്‍ഷം സജീവമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
അജണ്ട 2030, പാരിസ് കാലാവസ്ഥാ കരാര്‍, വികസനത്തിനു പണം ലഭ്യമാക്കാനുള്ള അഡിസ് അബാബ കര്‍മപദ്ധതി എന്നിവയുമായി നാം സഹകരിച്ചതു ഗുണകരവും സൃഷ്ടിപരവുമായിരുന്നു.
ആഗോള ഭരണ സംവിധാനങ്ങളില്‍ മാറ്റം വരുത്തുന്നതിനായി മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ചുകൊണ്ടു നാം സമ്മര്‍ദം ചെലുത്തിവരികയുമാണ്.
വിശിഷ്ട വ്യക്തിത്വങ്ങളേ,
നമുക്കു ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നതിനാല്‍ ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള ഇടപാടുകളിലെ ദിശാബോധവും ശക്തമായ ഗതിവേഗവും നിലനിര്‍ത്തേണ്ടതുണ്ട്.
അതിന്റെ ഉള്ളടക്കം വര്‍ധിപ്പിക്കുകയും വേണം.
നിങ്ങളുടെ പരിഗണനയ്ക്കായി ചില ചിന്തകള്‍ ഞാന്‍ മുന്നോട്ടുവെക്കാം.
ആദ്യമായി സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലുള്ള ശ്രദ്ധ ബ്രിക്‌സ് ശ്രദ്ധാപൂര്‍വം മുന്നോട്ടു കൊണ്ടുപോകണം.
നാം തുടക്കമിടുന്ന സ്ഥാപനങ്ങള്‍ രാജ്യങ്ങളുടെയും അതതു മേഖലകളുടെയും വികസനത്തെ പിന്‍തുണയ്ക്കുന്നതായിരിക്കണം.
അവ മാറ്റങ്ങള്‍ക്കു വഴങ്ങുന്നതും സ്വതന്ത്രവും വികസന ആവശ്യങ്ങള്‍ക്കു വളരെയധികം സാധ്യതകള്‍ തുറന്നിടുന്നതും ആയിരിക്കണം.
ബ്രിക്‌സ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി എന്ന ആശയം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണു നാം.
ബ്രിക്‌സ് കാര്‍ഷിക ഗവേഷണ കേന്ദ്രവും ബ്രിക്‌സ് റെയില്‍വേ ഗവേഷണ ശൃംഖലയും ബ്രിക്‌സ് സ്‌പോര്‍ട്‌സ് കൗണ്‍സിലും ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനം നാം ശക്തിപ്പെടുത്തണം.
നികുതിവെട്ടിപ്പു തടയാനും കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ പോരാടാനുമുള്ള നമ്മുടെ ശേഷി വര്‍ധിപ്പിക്കാനും വ്യവസ്ഥകളും സംവിധാനങ്ങളും ഒരുക്കാനും സാധിക്കേണ്ടത് അനിവാര്യതയാണ്.
നികുതിവെട്ടിപ്പുകാരെയും കള്ളപ്പണക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ വിവരങ്ങള്‍ പങ്കുവെക്കുന്ന സംവിധാനമൊരുക്കാന്‍ നമുക്കു സാധിക്കണം.
വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കാന്‍ സാധിക്കുംവിധം ആഗോള ഭരണ സംവിധാനത്തെ ശാക്തീകരിക്കാന്‍ ബ്രിക്‌സ് സമ്മര്‍ദം ചെലുത്തണം.
രണ്ടാമതായി, ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങളുടെ വ്യാപ്തിയും മേന്മയും വര്‍ധിപ്പിക്കണം.
2015ല്‍ ബ്രിക്‌സിന്റെ ആന്തരിക വ്യാപാരം 25000 കോടി ഡോളറിന്റേതായിരുന്നു.
2020 ആകുമ്പോഴേക്കും ഈ തുക ഇരട്ടിപ്പിക്കുകയെന്ന ലക്ഷ്യം നമുക്ക് ഉണ്ടായിരിക്കണം.
ഇതു സാധ്യമാകണമെങ്കില്‍ അഞ്ചു രാഷ്ട്രങ്ങളിലെയും വാണിജ്യ, വ്യാവസായിക ഇടപാടികള്‍ മെച്ചപ്പെടണം.
ഈ പ്രവര്‍ത്തനത്തെ സമ്പൂര്‍ണമായി പിന്‍തുണയ്ക്കാന്‍ ഗവണ്‍മെന്റുകള്‍ക്കു സാധിക്കണം. നികുതി, തീരുവ സഹകരണ കരാര്‍ ഒരു നല്ല തുടക്കമാണ്.
ന്യൂഡെല്‍ഹിയില്‍ ഇപ്പോള്‍ സമാപിച്ച ബ്രിക്‌സ് വ്യാപാര പ്രദര്‍ശനം വാണിജ്യ കൈമാറ്റങ്ങള്‍ക്കായുള്ള സ്ഥിരം വേദിയായി മാറണം.
ഈ ലക്ഷ്യത്തെ പിന്‍തുണയ്ക്കുന്നതിനായി സജീവമായി പ്രവര്‍ത്തിക്കാന്‍ ബ്രിക്‌സ് ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് തയ്യാറാകണം.
നമ്മുടെ ചെറുകിട വ്യവസായങ്ങളെ ആഗോള ശൃംഖലകളാക്കി വളരാന്‍ സഹായിക്കാനും സാധിക്കണം. ദോഹ ഡെവലപ്‌മെന്റ് റൗണ്ടിനും ഡബ്ല്യു.ടി.ഒയ്ക്കുമുള്ള പ്രധാന ചുമതല സംരക്ഷിക്കപ്പെടുന്നതിനു വേണ്ടി ഏകോപിത പ്രവര്‍ത്തനം നടത്താനും നാം തയ്യാറാകണം.
ഇതോടൊപ്പം, ജി-20, ഡബ്ല്യു.ടി.ഒ. തുടങ്ങിയ വേദികളില്‍ സഹകരണവും ഒരുമയും വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കണം.
ഡബ്ല്യു.ടി.ഒയില്‍ സേവനമേഖലയിലെ വാണിജ്യ സൗകര്യം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച കരാറിന്റെ കരട് ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ട്.
വികസ്വര രാഷ്ട്രങ്ങള്‍ക്കു സേവന ഉദാരവല്‍ക്കരണത്തിന്റെയും വ്യാപാരത്തിന്റെയും നേട്ടങ്ങള്‍ പരമാവധി വര്‍ധിപ്പിച്ചു കിട്ടാന്‍ ഉദ്ദേശിച്ചു കൂടിയാണത്.
ഇതിനെ ബ്രിക്‌സ് ശക്തമായി പിന്തുണയ്ക്കുന്നതു നമ്മുടെ പൊതു സാമ്പത്തിക താല്‍പര്യത്തിനു ഗുണകരമാകും.
മൂന്നാമതായി, സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ ഏറ്റവും മുന്‍ഗണനയുള്ള കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക.
നഗരവല്‍ക്കരണം, അടിസ്ഥാന സൗകര്യ വികസനം, പുതുമ എന്നിവയാണ് ബ്രിക്‌സ് സമ്പദ്‌വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമുള്ള മേഖലകള്‍.
ഇന്ത്യയുടെ അധ്യക്ഷതയില്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യക്കും സ്മാര്‍ട്ട് സിറ്റികള്‍ക്കും നഗരവല്‍ക്കരണത്തിനും നഗരങ്ങള്‍ തമ്മിലുള്ള സഹകരണത്തിനും നാം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
ഇനി വരാനിരിക്കുന്ന നൂറു കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളും വളര്‍ന്നുവരുന്ന വിപണികളില്‍നിന്ന് ആയിരിക്കും.
നമ്മുടെ സമ്പദ്‌വ്യവസ്ഥകളുടെ അടിസ്ഥാന ഘടന മാറ്റിയെടുക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ പരസ്പര സഹകരണത്തിലൂടെ നമുക്കു സാധിക്കണം.
നാലാമതായി, നമ്മുടെ സമൂഹങ്ങളെ സുരക്ഷിതമാക്കുക.
ഇന്നത്തെ ലോകത്തില്‍ നമ്മുടെ പൗരന്‍മാരുടെ ജീവിതം സുരക്ഷിതമാക്കണമെങ്കില്‍ സുരക്ഷയും തീവ്രവാദ വിരുദ്ധ സഹകരണവും കൂടിയേ തീരൂ.
നമ്മുടെ വികസനത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും മീതെ വന്‍ നിഴലാണു തീവ്രവാദം വീഴ്ത്തുന്നത്.
അതിപ്പോള്‍ ആഗോളതലത്തിലേക്കു വളര്‍ന്നുകഴിഞ്ഞു. കൂടുതല്‍ മാരകവും സാങ്കേതികവൈദഗ്ധ്യം ഉപയോഗപ്പെടുത്താന്‍ കെല്‍പുള്ളതുമായി അതു മാറിക്കഴിഞ്ഞു.
അതുകൊണ്ടുതന്നെ, തീവ്രവാദത്തോടുള്ള നമ്മുടെ സമീപനം സമഗ്രമാവാതെ വയ്യ.
തനിച്ചും കൂട്ടായും ഇതിനായി യത്‌നിക്കുകയും വേണം. തീവ്രവാദികളെയും തീവ്രവാദ സംഘടനകളെയും ഒറ്റതിരിച്ചു നേരിടാനുള്ള ശ്രമം വിഫലമായിരിക്കുമെന്നു മാത്രമല്ല, വിപരീതഫലം ഉളവാക്കുകയും ചെയ്യും.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും നേരിടുന്നതിനുള്ള മാനദണ്ഡം അവര്‍ ചെയ്യുന്ന കുറ്റകൃത്യം മാത്രമായിരിക്കണം.
തീവ്രവാദികള്‍ക്കു പണം നല്‍കുന്നതും ആയുധങ്ങളും പരിശീലനവും രാഷ്ട്രീയ പിന്തുണയും നല്‍കുന്നതും വ്യവസ്ഥാപിതമായി അവസാനിപ്പിക്കാന്‍ സാധിക്കണം.
ഇതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള സഹകരണം ആഴമുള്ളതാക്കിത്തീര്‍ക്കണം.
രാജ്യാന്തര തീവ്രവാദത്തെക്കുറിച്ചുള്ള സമഗ്ര ഉടമ്പടിയുടെ കരട് പരമാവധി നേരത്തേ അംഗീകരിക്കുന്നത് തീവ്രവാദമെന്ന ശാപത്തെ നേരിടുന്നതിനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കല്‍ കൂടിയായിരിക്കും.
അഞ്ചാമതായി, ജനങ്ങള്‍ തമ്മിലുള്ള ഇടപെടലുകള്‍ ബ്രിക്‌സിനു ജീവജലമാകും.
അതു നാം തമ്മിലുള്ള സഹകരണത്തിന് ഊര്‍ജവും കരുത്തും പകരും. ഇതിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനുള്ള തീരുമാനം ഈ വര്‍ഷം നാം കൈക്കൊണ്ടിട്ടുണ്ട്.
ബ്രിക്‌സ് ചലച്ചിത്രോല്‍സവം, വ്യാപാര പ്രദര്‍ശനം, വിനോദസഞ്ചാര സമ്മേളനം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഫുട്‌ബോല്‍ ടൂര്‍ണമെന്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ദശലക്ഷക്കണക്കിനു വ്യക്തികള്‍ക്ക് അവസരങ്ങള്‍ പ്രദാനം ചെയ്യുകയും അതുവഴി നമ്മുടെ പങ്കാളിത്തത്തെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യും.
വിശിഷ്ട വ്യക്തിത്വങ്ങളേ,
കരുത്തും ഓജസ്സുമാര്‍ന്നതതും ഗാഢമായ പരസ്പര ബന്ധമുള്ളതുമായ ബ്രിക്‌സ് സമൂഹത്തെക്കുറിച്ച് സഹ ബ്രിക്‌സ് രാഷ്ട്ര നേതാക്കളില്‍നിന്ന് കൂടുതല്‍ കേള്‍ക്കാനുള്ള ആകാംക്ഷയിലാണു ഞാന്‍.
എന്റെ വാക്കുകള്‍ ശ്രദ്ധിച്ചതിനു നന്ദി.
നന്ദി.
Chaired the @BRICS2016 Plenary Meet & talked about sustaining the strong momentum of intra-BRICS engagement. https://t.co/lNmXfChRfG
— Narendra Modi (@narendramodi) October 16, 2016