Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബ്രിക്‌സ് ബിസിനസ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ബ്രിക്‌സ് ബിസിനസ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ബഹുമാനപ്പെട്ട പ്രസിഡന്റ് സി ജിങ്പിങ്, ബഹുമാനപ്പെട്ട പ്രസിഡന്റ് ജേക്കബ് സുമ,

ബഹുമാനപ്പെട്ട പ്രസിഡന്റ് മിഷേല്‍ ടെമി, ബഹുമാനപ്പെട്ട പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍,

ബഹുമാനപ്പെട്ട ബ്രിക്‌സ് ബിസിനസ് കൗണ്‍സില്‍ അംഗങ്ങളേ,

ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിന്റെ ഈ യോഗത്തിലേക്കു നിങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്.

നമുക്കിടയിലുള്ള വ്യാപാര ഇടപാടുകളുടെ ആഴവും സാമ്പത്തിക വ്യാപ്തിയും പ്രതിഫലിക്കുന്നതാണ് ഈ കൗണ്‍സില്‍.

ഉത്തരാവാദിത്തപൂര്‍ണവും സംയുക്തവുമായ പ്രശ്‌നപരിഹാരങ്ങളിലൂടെ എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള സാമ്പത്തിക വളര്‍ച്ച സാധ്യമാക്കുക എന്ന ബ്രിക്‌സ് അജണ്ട നടപ്പാക്കുന്നതിന് കൗണ്‍സില്‍ അര്‍പ്പിക്കുന്ന സംഭാവനകള്‍ക്കു നന്ദി പറയുന്നു.

ബഹുമാനപ്പെട്ടവരേ, സുഹൃത്തുക്കളേ,

ബ്രിക്‌സ് രൂപീകരണത്തിന്റെ അടിസ്ഥാനപരമായ പ്രചോദനം സാമ്പത്തിക, വാണിജ്യ ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ്. അതിനാല്‍ തന്നെ, ഡര്‍ബനില്‍ രൂപീകൃതമായി മൂന്നു വര്‍ഷത്തിനകം ബ്രിക്‌സ് ബിസിനസ് കൗണ്‍സില്‍ ആരോഗ്യകരമായി പ്രവര്‍ത്തിച്ചു തുടങ്ങി എന്നത് പ്രോത്സാഹജനകമാണ്.

ബ്രിക്‌സ് അംഗങ്ങള്‍ക്കിടയിലുള്ള വാണിജ്യ സഹകരണം ദ്രുതഗതിയിലാക്കുന്നതു നമ്മുടെ വാണിജ്യ സമൂഹങ്ങളാണ്.

ഈ സഹകരണം നമ്മുടെ സമൂഹങ്ങളില്‍ ധനവും മൂല്യവും വര്‍ധിപ്പിക്കുന്നു. സാങ്കേതികവിദ്യാ പരിഷ്‌കരണങ്ങള്‍ വഴിയും മൂല്യശേഷി വര്‍ധിപ്പിക്കുക വഴിയും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

ആ കാഴ്ചപ്പാടിനെ ഞാന്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു; ആ കാഴ്ചപ്പാട് പങ്കുവെക്കുകയും ചെയ്യുന്നു.

ബഹുമാന്യരേ,

ഭരണം കഴിവുറ്റതാക്കാനും ലളിതവല്‍ക്കരിക്കാനും അതോടൊപ്പം ഇന്ത്യയില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എളുപ്പമാക്കാനും കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം നിരവധി ശ്രദ്ധേയമായ പരിഷ്‌കാരങ്ങള്‍ വരുത്തിക്കഴിഞ്ഞു.

അവയുടെ ഫലം കാണാന്‍ സാധിക്കുന്നതുമാണ്.

മിക്ക ആഗോള സൂചികകളിലും മുന്നിലെത്താനായി.

ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ മാറ്റിയെടുക്കാന്‍ നമുക്കു സാധിച്ചു.

ശക്തമായ വളര്‍ച്ച ഉണ്ടാകുന്നുണ്ടെന്നു മാത്രമല്ല, അതിന്റെ വേഗം നിലനിര്‍ത്താന്‍ നാം നടപടികള്‍ കൈക്കൊള്ളുന്നുമുണ്ട്.

ഇതിനു സമാനമായി, വാണിജ്യം എളുപ്പമാക്കുക, വ്യാപാര രംഗത്തെ തടസ്സങ്ങള്‍ നീക്കുക, നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുക, ഉല്‍പാദന-വിതരണ ശൃംഖലകള്‍ കെട്ടിപ്പടുക്കുക, അടിസ്ഥാന സൗകര്യം വികസിപ്പിക്കുക എന്നിവയ്ക്കാണു ബ്രിക്‌സ് ബിസിനസ് കൗണ്‍സില്‍ മുന്‍ഗണന നല്‍കുന്നതെന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്.

കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തിലൂടെ ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള വാണിജ്യവും വ്യാപാരവും വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പുരോഗതി ഉണ്ടാകുമെന്നാണു പ്രതീക്ഷ.

വിശിഷ്ട വ്യക്തികളേ,

ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് (എന്‍.ഡി.ബി.) പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിക്കഴിഞ്ഞു. സംഘടിച്ചുള്ള നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ വിജയമുണ്ടായത്.
ആദ്യ ബാച്ച് പദ്ധതികള്‍ ആരംഭിക്കാനായതില്‍ എന്‍.ഡി.ബിയെയും മാനേജ്‌മെന്റിനെയും അഭിനന്ദിക്കുകയാണ്.

മാലിന്യമുക്തമായ ഊര്‍ജം, ഹരിതാഭവും നിലനില്‍ക്കുന്നതുമായ അടിസ്ഥാന സൗകര്യം എന്നിവയ്ക്കു മുന്‍ഗണന നല്‍കിയാണ് എന്‍.ഡി.ബി. പ്രവര്‍ത്തിക്കുന്നത്.

നാം അതിനെ സ്വാഗതം ചെയ്യുന്നു.

സാധ്യതയേറിയ സാമ്പത്തിക പദ്ധതികള്‍ കണ്ടെത്തുന്നതിനും അവ നടപ്പാക്കുന്നതിനും എന്‍.ഡി.ബിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിനു പ്രോത്സാഹനം നല്‍കണം.

രണ്ടു ദിവസം മുമ്പാണ് ഇന്ത്യ നിങ്ങളുടെയെല്ലാം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ന്യൂഡെല്‍ഹിയില്‍ ആദ്യ ബ്രിക്‌സ് വ്യാപാര പ്രദര്‍ശനത്തിന് ആതിഥ്യമരുളിയത്.

കൂടുതല്‍ വ്യാപാര ബോധവല്‍ക്കരണവും വാണിജ്യ കൈമാറ്റങ്ങളും യാഥാര്‍ഥ്യമാക്കുന്നതിനായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.

ബഹുമാന്യരേ,

പരസ്പര വ്യാപാരം ശക്തിപ്പെടുത്തുക, വാണിജ്യ അവസരങ്ങള്‍ വര്‍ധിപ്പിക്കുക, നിക്ഷേപക ബന്ധം കെട്ടിപ്പടുക്കുക, പുതുമകള്‍ പ്രോത്സാഹിപ്പിക്കുക, ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്കിടയിലെ വ്യാപാരത്തിലുള്ള തടസ്സങ്ങള്‍ നീക്കുക എന്നീ പൊതു ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ബ്രികിസ് ബിസിനസ് കൗണ്‍സില്‍ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നാണു ഗവണ്‍മെന്റുകള്‍ ആഗ്രഹിക്കുന്നതെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് ഞാന്‍ അവസാനിപ്പിക്കട്ടെ.
നന്ദി, വളരെയധികം നന്ദി.