പിഎം ഇന്ത്യ
മധ്യ പ്രദേശ് ഗവണ്‍മെന്റിന് ന്യൂഡല്‍ഹിയില്‍ സംസ്ഥാന അതിഥി മന്ദിരം പണിയാന്‍ ഭൂമി അനുവദിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ന്യൂഡല്‍ഹി ചാണക്യപുരിയിലെ ജീസസ് ആന്റ് മേരി മാര്‍ഗിന്റെയും ഡോ. രാധാകൃഷ്ണന്‍ മാര്‍ഗിന്റെയും ടി- ജംഗ്ഷനിലുള്ള 1.478 ഏക്കര്‍ അഥവാ 5882.96 ചതുരശ്ര മീറ്റര്‍ ഭൂമിയാണ് അതിഥി മന്ദിരത്തിന്റെ നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്.
നിലവിലെ നിരക്കനുസരിച്ച് താഴെപ്പറയുന്ന ഉപാധികളോടെയാണ് ഭൂമി അനുവദിച്ചിട്ടുള്ളത്:
1) അനുവദിച്ച ഭൂമിയില്‍ അതിഥി മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം ന്യൂഡല്‍ഹി ചാണക്യപുരിയിലിലെ 2 ഗോബിനാഥ് ബര്‍ദൊലെ മാര്‍ഗില്‍ 0.89 ഏക്കര്‍ വരുന്ന ഭൂമി മധ്യപ്രദേശ് ഗവണ്‍മെന്റ് കേന്ദ്രഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ലാന്റ് ആന്റ് ഡെവലപ്‌മെന്റ് ഓഫീസിന് വിട്ടു നല്‍കണം.
2) ഇരു ഭൂമികളും തമ്മില്‍ വിസ്തൃതിയിലുള്ള വ്യത്യാസമായ 0.59 ഏക്കറിന് നിലവിലെ നിരക്കനുസരിച്ചുള്ള തുക മധ്യപ്രദേശ് ഗവണ്‍മെന്റ് നല്‍കണം. ഒരേ ഭൂനിരക്കുള്ള മേഖലകളിലാണ് ഇരു ഭൂമികളും സ്ഥിതിചെയ്യുന്നുവെന്നതിനാലാണിത്.
3) നിലവില്‍ തങ്ങളുടെ കൈവശമുള്ള 0.89 ഏക്കര്‍ ഭൂമിക്ക് കേന്ദ്രഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ലാന്റ് ആന്റ് ഡെവലപ്‌മെന്റ് ഓഫീസിന് വിട്ടു നല്‍കുന്നതുവരെ മധ്യ പ്രദേശ് ഗവണ്‍മെന്റ് കൈവശാവകാശ വെക്കുന്നതിനുള്ള തുക നല്‍കണം.
ഇപ്പോഴത്തേയും ഭാവിയിലെയും ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയുള്ള സംസ്ഥാന അതിഥി മന്ദിരം പണിയുന്നതിന് ഈ അനുവദിച്ച ഭൂമി മധ്യപ്രദേശ് ഗവണ്‍മെന്റിന് പ്രയോജനപ്പെടും.
അതിഥി മന്ദിരം നിര്‍മ്മിക്കാനല്ലാതെ മറ്റൊരാവശ്യത്തിനും മധ്യപ്രദേശ് ഗവണ്‍മെന്റ് ഈ ഭൂമി ഉപയോഗപ്പെടുത്താന്‍ പാടുള്ളതല്ല. കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ മധ്യപ്രദേശ് ഗവണ്‍മെന്റ് നിലവിലുള്ള എല്ലാ കെട്ടിടനിര്‍മ്മാണ നിയമങ്ങളും, മാസ്റ്റര്‍ പ്ലാന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിച്ചിരിക്കണം.