Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് മാലദ്വീപ് പ്രസിഡന്റ് ശ്രീ. ഇബ്രാഹിം മുഹമ്മദ് സോലിഹിനെ ടെലിഫോണില്‍ വിളിച്ച് അടുത്തിടെ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മാല്‍ഡീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എം.ഡി.പി.) നേടിയ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചു.

മാലദ്വീപിലെ ജനങ്ങളോട് അങ്ങേയറ്റത്തെ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച നേതാക്കളുടെ നയങ്ങളുടെയും, പ്രവര്‍ത്തനങ്ങളുടെയും സാക്ഷ്യപ്പെടുത്തലിന്റെ മാറ്റൊലിയാണ് എം.ഡി.പി.യുടെ മഹത്തരമായ വിജയം സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മാലദ്വീപിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, ജനാധിപത്യം ബലപ്പെടുത്തുന്നതിനും വഴിയൊരുക്കിയ തിരഞ്ഞെടുപ്പിന്റെ വിജയകരമായ പരിസമാപ്തിയെ അദ്ദേഹം സ്വാഗതം ചെയ്തു.

‘അയല്‍പ്പക്കം ആദ്യം’ എന്ന ഇന്ത്യയുടെ നയത്തിന് അനുസൃതമായി മാലദ്വീപുമൊത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാനും, പങ്കാളിത്തം കൂടുതല്‍ ആഴത്തിലുള്ളതാക്കാനും, മാലദ്വീപിന്റെ ആവശ്യാനുസരണം അവിടത്തെ സാമൂഹിക, സാമ്പത്തിക വികസനത്തെ സഹായിക്കാനുമുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദുമായും സംസാരിച്ച പ്രധാനമന്ത്രി ചരിത്രം സൃഷ്ടിച്ച തിരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹത്തെയും അഭിനന്ദിച്ചു. മാലദ്വീപില്‍ ജനാധിപത്യത്തിന്റെ വേരുകള്‍ ആഴത്തിലോടാന്‍ ജനാധിപത്യ പ്രേമികളായ എല്ലാ ശക്തികളുടെയും പങ്കാളിത്തത്തെയും പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി ഈ ലക്ഷ്യം നേടാന്‍ ഇന്ത്യയുടെ തുടര്‍ സഹകരണം വാഗ്ദാനം ചെയ്തു.