Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുഖ്യമന്ത്രിക്കൊപ്പം ഉന്നതതലയോഗത്തില്‍ ഗുജറാത്തിലെ വരള്‍ച്ചയും ജലക്ഷാമവും പ്രധാനമന്ത്രി വിലയിരുത്തി

മുഖ്യമന്ത്രിക്കൊപ്പം ഉന്നതതലയോഗത്തില്‍ ഗുജറാത്തിലെ വരള്‍ച്ചയും ജലക്ഷാമവും പ്രധാനമന്ത്രി വിലയിരുത്തി


ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലെ വരള്‍ച്ചയും ജലക്ഷാമവും വിലയിരുത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം നടന്നു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍ സംബന്ധിച്ചു. ഉയര്‍ന്ന കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരും സന്നിഹതരായിരുന്നു.

ജലസംരക്ഷണത്തിനും പഴയ ജലാശയങ്ങള്‍ പുനരുദ്ധരിക്കുന്നതിനും പുതിയവ നിര്‍മിക്കുന്നതിനുമായുള്ള ശ്രമങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി, 6.32 ലക്ഷം ഹെക്ടര്‍ സ്ഥലത്തിനു ഗുണകരമാവുംവിധം 4230 കോടി ചതുരശ്ര അടി ജലസംഭരണശേഷി വര്‍ധിപ്പിച്ചതായി അറിയിച്ചു. 1.68 ലക്ഷം ചെക്ക് ഡാമുകളും കൃഷിയാവശ്യത്തിനുള്ള 2.74 ലക്ഷം കുളങ്ങളും 1.25 ലക്ഷം ബോറി ബണ്ടുകളും സ്ഥാപിക്കുക വഴിയാണിതു സാധിച്ചത്.

സംസ്ഥാനത്തെ 77 ശതമാനത്തോളം വീടുകളില്‍ പൈപ്പ് വഴി ജലം ലഭ്യമാക്കുന്നുണ്ട്. തുടര്‍ച്ചയായി രണ്ടു വര്‍ഷമായി മഴ ലഭിക്കുന്നതു കുറവാണെങ്കിലും സ്റ്റേറ്റ് വാട്ടര്‍ ഗ്രിഡ് നിര്‍മിച്ചതിനാല്‍ ഗ്രാമീണ പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ ആവശ്യമായ ടാങ്കര്‍ ലോറികളുടെ എണ്ണം കേവലം 568 ആയി ചുരുങ്ങി. ഈ പുരോഗതിയെ പ്രശംസിച്ച പ്രധാനമന്ത്രി, ടാങ്കറില്‍ വെള്ളമെത്തിക്കേണ്ടിവരുന്ന അവസ്ഥ തീരെ ഇല്ലാതാക്കണമെന്നു നിര്‍ദേശിച്ചു.
മൈക്രോ ഇറിഗേഷനില്‍ സംസ്ഥാനം നിര്‍ണായക പുരോഗതി നേടി. 3789 ഗ്രാമങ്ങളില്‍ ഡ്രിപ്/സ്പ്രിങ്ക്‌ളര്‍ നന പൂര്‍ണമായും നടപ്പാക്കി. ദീര്‍ഘകാല ശരാശരിയുടെ 80 ശതമാനം മഴ മാത്രമേ ഇപ്പോള്‍ ലഭിക്കുന്നുള്ളൂ. മഴ പെയ്യുന്നതാകട്ടെ, പലപ്പോഴും കാലംതെറ്റിയാണു താനും. എങ്കിലും സംസ്ഥാന ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ നിമിത്തം വരള്‍ച്ച നല്ലൊരളവോളം കുറയ്ക്കാന്‍ സാധിച്ചു. തുടര്‍ച്ചയായി രണ്ടു വര്‍ഷം വരള്‍ച്ചയുണ്ടായെങ്കിലും കാര്‍ഷികോല്‍പാദനം 95 ശതമാനം നിലനിര്‍ത്താന്‍ സാധിച്ചു.

സര്‍ദാര്‍ സരോവര്‍ ജലസേചനപദ്ധതി പ്രകാരം നിര്‍മിച്ച വ്യാപകമായ കനാല്‍ശൃംഖല കാര്‍ഷികോല്‍പാദനം ഗണ്യമായി വര്‍ധിക്കാനും അതുവഴി കൃഷിയില്‍നിന്നുള്ള വരുമാനം ഉയരാനും സഹായകമായി. ഈ സാഹചര്യത്തില്‍, പുഷ്പക്കൃഷിക്കും നാണ്യവിളകള്‍ക്കും പ്രാമുഖ്യം നല്‍കാന്‍ സാധിക്കണമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മല്‍സ്യക്കൃഷി, തേനീച്ച വളര്‍ത്തല്‍, മുത്തുച്ചിപ്പി കൃഷി തുടങ്ങിയവയും ചര്‍ച്ച ചെയ്യപ്പെട്ടു.

കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചുകൊണ്ടാണു യോഗം സമാപിച്ചത്.