Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുദ്രാ യോജന ഗുണഭോക്താക്കളുമായുള്ള ആശയവിനിമയ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


സഹോദരീ സഹോദരന്മാരേ,

എന്റെ ഹൃദയത്തോടു ചേര്‍ന്നിന്നിരിക്കുന്ന ഒരു പദ്ധതിയില്‍ സജീവ പങ്കാളികളായവരുമായി, പരമ്പരാഗത രീതികള്‍ക്കു പുറത്തു കടന്നു സംരംഭകരായ യുവാക്കളും സഹോദരികളുമായി സംസാരിക്കാന്‍ ഇന്ന് അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. നിങ്ങളാണ് പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ വിട്ട് സ്വന്തം വഴി വെട്ടിയവര്‍, നിങ്ങള്‍ ധീരതയുടെയും കരുത്തിന്റെയും വഴി കൂടിയാണ് നിര്‍മിച്ചത്. രാജ്യത്തിന്റെ ഐശ്വര്യത്തിനും ആഹ്ലാദത്തിനുമുതകുന്ന വലിയ സംഭാവനയാണ് നിങ്ങളുടേത്.
നിങ്ങളുടെ സ്ഥിരോല്‍സാഹത്തിന്റെ കഥ കേള്‍ക്കാന്‍ രാജ്യമാകെ ഇന്ന് ഈ വീഡിയോ കോണ്‍ഫറന്‍സിലൂടെ എനിക്കൊപ്പം ചേര്‍ന്നിരിക്കുന്നു, നിങ്ങളെടുത്ത തീരുമാനത്തെ അറിയാന്‍, നിങ്ങളുടെ മുന്‍കൈശ്രമങ്ങളെ അറിയാന്‍. കഴിഞ്ഞ മാസം മാത്രമാണ് മുദ്രാ പദ്ധതിയുടെ ഗണഭോക്താക്കളുമായി പ്രധാനമന്ത്രിയുടെ വസതിയില്‍ സമയം ചെലഴിക്കാന്‍ എനിക്ക് അവസരം ലഭിച്ചത്. ആ അനുഭവങ്ങള്‍, അവരുടെ പോരാട്ടവും പുരോഗതിയുടെ കഥകളും സംതൃപ്തി നല്‍കുകയും എന്റെ ഹൃദയത്തെ അഭിമാനത്താല്‍ നിറയ്ക്കുകയും ചെയ്തു. ഒരു ദിവസം കൂടി അവസരം ലഭിച്ചാലും മുദ്രാ ഗുണഭോക്താക്കളുമായി സംസാരിക്കുമെന്നും അവരുമായി കുശലം പറയുമെന്നും ഞാന്‍ തീരുമാനിക്കുകയായിരുന്നു. സാങ്കേതികവിദ്യയുടെ വളര്‍ച്ചമൂലം ഇന്നിപ്പോള്‍ നിങ്ങളുടെയും എന്റെയും സമയം ലാഭിക്കാന്‍ കഴിഞ്ഞിരിക്കുന്നു. എനിക്ക് നിങ്ങളുടെ അനുഭവഗാഥകളും നിങ്ങളുടെ വികാരത്തള്ളിച്ചയും നേരിട്ടറിയാനാകും; നമുക്കിടയില്‍ മധ്യസ്ഥന്റെ ആവശ്യമേയില്ല.
നിങ്ങളെപ്പോലുള്ള സംരംഭകരുടെ സംഭാവനകള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് സുപ്രധാനമാണ്. വായ്പാ നിരക്കുകള്‍ രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കി 25-30 വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപപ്പെടുത്തിയതാണെന്ന് നിങ്ങള്‍ക്കറിയാം. രാഷ്ട്രീയബന്ധമുള്ളവര്‍ക്കും അവരുടെ വിനീതര്‍ക്കും കരാറുകാര്‍ക്കും വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുന്നവര്‍ക്കും, അങ്ങനെ മുഴുവനാളുകള്‍ക്കും ബാങ്കുകളില്‍ നിന്നു പണം കിട്ടുന്നു. ബാങ്കുകള്‍ എത്രത്തോളം വായ്പകള്‍ നല്‍കിക്കഴിഞ്ഞു എന്നതിനെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതിനുശേഷം എന്തായി എന്ന് അന്വേഷിക്കാന്‍ ആരും മെനക്കെട്ടില്ല. ഞങ്ങള്‍ വായ്പാമേളകള്‍ സംഘടിപ്പിച്ചില്ല, ഒരൊറ്റ ഇടനിലക്കാരന് ഇടവും കൊടുത്തില്ല. സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്നും ബാങ്കുകളുമായി നേരിട്ടു സംസാരിക്കണം എന്നും ആഗ്രഹിക്കുന്ന ഈ രാജ്യത്തെ യുവജനങ്ങള്‍ക്കും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കുമായി ഞങ്ങളൊരു വഴിയുണ്ടാക്കി – മുദ്രാ യോജന. എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതൊരു വലിയ അവസരമായി മാറുകയും ചെയ്തു. ഞങ്ങള്‍ വിശ്വസിച്ചത് നമ്മുടെ ചെറുകിട സംരംഭകരെയാണ്, ഞങ്ങള്‍ വിശ്വസിച്ചത് അവരുടെ കഴിവിനെയാണ്; ഞങ്ങള്‍ അവര്‍ക്ക് മുദ്രാ യോജനയ്ക്ക് കീഴില്‍ വായ്പ നല്‍കി. അതുകൊണ്ട് അവര്‍ സ്വന്തമായി വ്യവസായം തുടങ്ങുകയും അത് വികസിപ്പിക്കുകയും ചെയ്തു. മുദ്രാ യോജന സ്വയം തൊഴില്‍ സംരംഭകര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല ചെയ്തത്, തൊഴിലുകളെ പല ഇരട്ടിയാക്കി മാറ്റുകയും ചെയ്തു.
സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ത്തന്നെ ലൈസന്‍സ് രാജ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നു. ആരെയെങ്കിലുമൊക്കെ പരിചയമുണ്ടെങ്കില്‍ മാത്രമേ വായ്പ ലഭിക്കുകയുള്ളുവെന്നും ആരുടെയെങ്കിലും ശുപാര്‍ശയിലേ ജോലി ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നുമുള്ള സ്ഥിതി. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അത് പാവപ്പെട്ടവരെ വ്യവസ്ഥിതിയില്‍ നിന്ന് അകറ്റി. കാരണം, അവര്‍ക്ക് സ്വന്തമായോ സമീപിക്കാനോ വലിയ പേരുകളുണ്ടായിരുന്നില്ല. ആയിരക്കണക്കിന് ചെറുകിട സംരംഭകര്‍ക്ക് അവരുടെ കഴിവിനനുസരിച്ചു വ്യവസായം തുടങ്ങാനോ വികസിപ്പിക്കാനോ കഴിയാതെ പോയതിനു പിന്നിലെ മുഖ്യ കാരണങ്ങളിലൊന്ന് ഇതായിരുന്നു. സാമ്പത്തിക സഹായത്തിന്റെ കാര്യത്തിലാണെങ്കില്‍ അവര്‍ വട്ടിപ്പലിശക്കാരുടെ കെണിയില്‍ കുടുങ്ങുകയും ചെയ്തു.
വന്‍കിട വ്യവസായികള്‍ക്ക് വായ്പകള്‍ ശരിയാക്കിക്കൊടുക്കാന്‍ ധനകാര്യ മന്ത്രി തന്നെ നേരിട്ടു ഫോണ്‍ വിളിക്കുന്ന ഒരു കാലമുണ്ടായിരുന്നു, രാജ്യത്ത്. അതേസമയംതന്നെ, ചെറുകിട സംരംഭകര്‍ക്ക് സ്വകാര്യ പണമിടപാടുകാരില്‍ നിന്ന് 30 മുതല്‍ 40 ശതമാനം വരെ പലിശയ്ക്ക് കടം വാങ്ങേണ്ടി വന്നു; അവര്‍ക്ക് ജീവിതകാലത്ത് അതില്‍ നിന്നു പുറത്തുകടക്കാന്‍ കഴിയാത്ത കുരുക്കായി അത് മാറി. ഈ ദൂഷിത വലയം ഒരു ദിവസം തകര്‍ന്നേ പറ്റൂ, ആരെങ്കിലും മുഖേന അത് പൊളിഞ്ഞേ പറ്റൂ. ഈ ദിശയില്‍ ഞങ്ങള്‍ ശ്രമങ്ങള്‍ നടത്തി. അതിന് ഫലമുണ്ടാവുകയും ചെയ്തു. ഈ ദൂഷിത വലയം ഞങ്ങള്‍ പൊളിച്ചു.
വിശ്വാസത്തോടെയും ആത്മിശ്വാസത്തോടെയും ഗവണ്‍മെന്റ് പാവപ്പെട്ടവരുടെ കൂടെ നിന്നു, അവരുടെ സ്വപ്‌നങ്ങളിലും കഠിനാധ്വാനത്തിലും വിശ്വാസമര്‍പ്പിച്ചു.
ദശാബ്ദങ്ങള്‍ക്കു മുമ്പ് മുദ്രാ യോജന പോലെയൊരു പദ്ധതി രാജ്യത്തെ യുവജനങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ നഗരങ്ങളിലെ കുടിയേറ്റം ഇത്രയ്ക്ക് രൂക്ഷമാകുമായിരുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ജാമ്യമില്ലാതെ ബാങ്ക് വായ്പ ലഭിക്കുകയും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുകയും ചെയ്താല്‍ യുവജനങ്ങള്‍ സ്വന്തം പട്ടണത്തിലേക്കോ ഗ്രാമത്തിലേക്കോ മടങ്ങിപ്പോയി വ്യവസായങ്ങള്‍ ചെയ്യും. ഇന്നിപ്പോള്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് ഭൂമി ജാമ്യമൊന്നുമില്ലാതെതന്നെ ബാങ്ക് വായ്പകള്‍ ലഭിക്കുന്നു. ഇന്ന്, പ്രത്യേകമായ ഒരു പേരോ ശുപാര്‍ശയോ ഇല്ലാതെതന്നെ സാധാരണക്കാര്‍ക്കുപോലും മുദ്ര വായ്പ മുഖേന സംരംഭകരാകാന്‍ സാധിക്കും. രാജ്യത്ത് നൈപുണ്യത്തിനു ക്ഷാമമൊന്നുമില്ല. ഒന്നല്ലെങ്കില്‍ മറ്റൊരു മേഖലയില്‍ എല്ലാവര്‍ക്കും കഴിവുണ്ട്. അതിനെ അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയുമാണ് വേണ്ടത്. ആളുകളുടെ, പ്രത്യേകിച്ചും യുവജനങ്ങളുടെ ഈ കഴിവുകള്‍ക്ക് മുദ്രാ വായ്പ കരുത്തു പകരുന്നു.
കഴിവുകള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുകയും അവ കൂടുതല്‍ വികസിക്കുകയും ചെയ്യുമ്പോള്‍ ജീവിതത്തില്‍ അത് മാറ്റം കൊണ്ടുവരും. ഉദാഹരണത്തിന്, ആര്‍ക്കെങ്കിലും വസ്ത്രങ്ങളില്‍ എംബ്രോയിഡറി ചെയ്യുന്നതിനു കഴിവുണ്ടെന്നു കരുതുക; അയാള്‍ അല്ലെങ്കില്‍ അവര്‍ മുദ്രാ യോജനയ്ക്കു കീഴില്‍ വായ്പ എടുത്ത് എബ്രോയിഡറി ചെയ്യുന്ന ഒരു സംരംഭം തുടങ്ങുന്നു. ക്രമേണ അയാള്‍ അല്ലെങ്കില്‍ അവര്‍ രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങളുടെ വ്യവസായം തുടങ്ങുന്നു. സ്വന്തം കൈത്തറി വ്യവസായം തുടങ്ങാന്‍ ഇതുപോലെ മറ്റൊരാള്‍ക്ക് സഹായം ലഭിക്കുന്നു. ഒരു നിലയില്‍ സാധാരണക്കാരുടെ കഴിവുകള്‍ മിനുക്കിയെടുക്കുന്ന ദൗത്യമാണ് മുദ്രാ യോജന ചെയ്യുന്നത്. അത് ആ കഴിവുകളെ അംഗീകരിക്കുകയും തൊഴിലിലൂടെ ജനങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നു. മുദ്രാ യോജനയ്ക്കു കീഴില്‍ 12 കോടി ഗുണഭോക്താക്കള്‍ക്കായി 5.75 ലക്ഷം കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞിരിക്കുന്നു.
ഗവണ്‍മെന്റിന്റെ പക്കല്‍ പണമുണ്ടെങ്കിലും അത് വേണ്ടവിധം പൂര്‍ണമായി വിനിയോഗിക്കാത്ത കാലമാണ് മുമ്പുണ്ടായിരുന്നത്. എന്നാല്‍ ലക്ഷ്യത്തിലും കൂടുതല്‍ വായ്പത്തുക വിതരണം ചെയ്യാന്‍ മുദ്രാ യോജന പൊലൊരു പദ്ധതിക്ക് സാധിച്ചു എന്നത് നിങ്ങളെ അമ്പരപ്പിക്കും.
ആദ്യമായി വ്യവസായം തുടങ്ങുന്നവര്‍ക്ക് ഈ പദ്ധതിക്കു കീഴില്‍ 28 ശതമാനം അല്ലെങ്കില്‍ ഏകദേശം 3.25 ലക്ഷം കോടി രൂപ നല്‍കി. നീണ്ടകാലത്തെ തൊഴിലില്ലായ്മയ്ക്കു ശേഷം അവര്‍ തൊഴിലുള്ളവരായി മാറാന്‍ ഇത് ഇടയാക്കി.
ഈ പദ്ധതിയിലെ 74% ഗുണഭോക്താക്കളും സ്ത്രീകളാണ് എന്നതാണ് ഏറ്റവും സംതൃപ്തി നല്‍കുന്ന കാര്യം. അതായത് ഒമ്പത് കോടി ഗുണഭോക്താക്കള്‍ സ്ത്രീകളാണ്. ഒരു സ്ത്രീക്ക് പുരോഗതിയുണ്ടാക്കുമ്പോള്‍ അവര്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാവുകയും കുടുംബത്തിന്റെയാകെ ആത്മവിശ്വാസം ഉയരുകയും ചെയ്യുന്നു. ചിന്തകളാകെ മാറിമറിയുകയും സമൂഹം ശാക്തീകരിക്കപ്പെടുകയും ചെയ്യുന്നു. അതുപോലെതന്നെ, മുദ്രാ യോജന വഴി നല്‍കിയ ആകെ വായ്പയുടെ 55% പിന്നാക്ക സമുദായാംഗങ്ങള്‍ക്കാണ് ലഭിച്ചത്. അതായത്, 12 കോടി ഗുണഭോക്താക്കളില്‍ 55 ശതമാനം വായ്പത്തുക ലഭിച്ചത് പട്ടിക ജാതി, വര്‍ഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ സംരംഭങ്ങള്‍ക്കാണ്. ദശാബ്ദങ്ങളായി നാം പട്ടിണിയുടെ പേരിലുള്ള മുദ്രാവാക്യങ്ങള്‍ കേള്‍ക്കുകയാണ്. പാവപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ നാം കേട്ടു. എന്നാല്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് യാതൊരു വിവേചനവും കൂടാതെ സാമ്പത്തിക, സാമൂഹിക അധികാരം നല്‍കുന്ന പദ്ധതിയാണ് മുദ്രാ യോജന. അത് അവരെ ശാക്തീകരിക്കുന്ന ജോലിയാണ് നിര്‍വഹിക്കുന്നത്.
നിരവധി സ്ഥാപനങ്ങള്‍ ഇതില്‍ കണ്ണിചേര്‍ന്നിരിക്കുന്നു. ഇന്നിപ്പോള്‍ 110 ബാങ്കുകള്‍ മാത്രമല്ല 72 മൈക്രോ ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളും ഒമ്പത് ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങളും ( എന്‍ബിഎഫ്‌സികള്‍) മുദ്രാ വായ്പകള്‍ നല്‍കുന്നു. മുദ്രാ വായ്പ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ബാങ്കുകള്‍ ലളിതമാക്കി. കടലാസ് പണികള്‍ എളുപ്പമാക്കുകയും രേഖകള്‍ ശേഖരിക്കുക എന്നത് അനായാസവുമാക്കി. ഇന്ന്, സ്വയംതൊഴില്‍ എന്നത് അഭിമാനമായി മാറിയിരിക്കുന്നു; നിങ്ങള്‍ അതിനു പ്രചോദനമേകുന്ന സ്രോതസ്സുകളാണ്.