പിഎം ഇന്ത്യ
ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം, ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 8 മുതൽ 10 വരെ മെൽബണിൽ നടക്കുന്ന മൂന്നാം ഓസ്‌ട്രേലിയ-ഇന്ത്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയ സന്ദർശിച്ചു. കുലിൻ രാഷ്ട്രത്തിലെ വുറുണ്ട്‌ജെറി വോയ്-വുറുങ്, ബുനുറോങ് / ബൂൺ വുറുങ് ജനതയുടെ പരമ്പരാഗത നാടായ നാർമിലാണ് ഇത്.
ചരിത്രപരമായ ബന്ധങ്ങൾ, ജനങ്ങൾ തമ്മിലുള്ള ബന്ധം, പങ്കിട്ട തന്ത്രപരമായ താൽപ്പര്യങ്ങൾ, പരസ്പര ബഹുമാനം എന്നിവയിൽ വേരൂന്നിയ ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെ അനുസ്മരിച്ചുകൊണ്ട്, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള പരിതസ്ഥിതിയിൽ ഉയർന്നുവരുന്ന വെല്ലുവിളികളോട് പ്രതികരിക്കുന്നതിനും നമ്മുടെ പങ്കിട്ട മേഖലയുടെ സമാധാനത്തിനും സമൃദ്ധിക്കും സ്ഥിരതയ്ക്കും പ്രയോജനകരമായ പുതിയ സഹകരണ മേഖലകൾ പര്യവേക്ഷണം ചെയ്യുന്നതിനും ഇന്ത്യ-ഓസ്ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം (സിഎസ്‌പി) കൂടുതൽ ഏകീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പങ്കിട്ട പ്രതിബദ്ധത ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു.
പ്രതിരോധ, സമുദ്ര സുരക്ഷാ സഹകരണം ശക്തിപ്പെടുത്തൽ
വർദ്ധിച്ചുവരുന്ന സങ്കീർണ്ണമായ തന്ത്രപരമായ അന്തരീക്ഷത്തിൽ പ്രതിരോധ, സുരക്ഷാ സഹകരണം പങ്കാളിത്തത്തിന്റെ ഒരു ആണിക്കല്ലാണ് എന്ന് പ്രധാനമന്ത്രിമാർ വീണ്ടും ഉറപ്പിച്ചു. പ്രതിരോധ, സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം അവർ പ്രഖ്യാപിച്ചു, ഇത് ഉഭയകക്ഷി പ്രതിരോധ, സുരക്ഷാ ബന്ധത്തിന്റെ ആഴത്തിലും അഭിലാഷത്തിലും പ്രാദേശിക ശക്തിക്കും സുരക്ഷയ്ക്കും നൽകുന്ന സംഭാവനയിലും പടിപടിയായ മാറ്റം പ്രതിഫലിപ്പിക്കുന്നു.
കൂടിയാലോചനയും സഹകരണവും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സംവിധാനമായി പ്രതിരോധ മന്ത്രിമാരുടെ വാർഷിക സംഭാഷണം സ്ഥാപിക്കുന്നതിനെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. മ്യൂച്വൽ ലോജിസ്റ്റിക്സ് സപ്പോർട്ട് അറേഞ്ച്മെന്റിന് കീഴിലുള്ള പ്രതിരോധ അഭ്യാസങ്ങളുടെയും കൈമാറ്റങ്ങളുടെയും വർദ്ധിച്ചുവരുന്ന ആവൃത്തിയും സങ്കീർണ്ണതയും അവർ സംതൃപ്തിയോടെ ചൂണ്ടിക്കാട്ടി. പ്രതിരോധ പങ്കാളിത്തം ഇപ്പോൾ എല്ലാ മേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നുവെന്നും, ബഹുമുഖ പങ്കാളികളുൾപ്പെടെ പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞുവെന്നും അവർ ശ്രദ്ധിച്ചു.
സമാധാനപരവും സ്ഥിരതയുള്ളതും സമൃദ്ധവുമായ ഒരു ഇന്തോ പസഫിക്കിനായുള്ള അവരുടെ പങ്കിട്ട കാഴ്ചപ്പാടിൽ സമുദ്ര സഹകരണത്തിന്റെ കേന്ദ്രബിന്ദു പ്രധാനമന്ത്രിമാർ അടിവരയിട്ടു. ഇന്ത്യ-ഓസ്‌ട്രേലിയ സമുദ്ര സുരക്ഷാ സഹകരണ റോഡ്മാപ്പിലൂടെ സമുദ്ര സഹകരണം വർദ്ധിപ്പിക്കാൻ നേതാക്കൾ സമ്മതിച്ചു. ഇതിലൂടെ, പ്രാദേശിക സുരക്ഷയ്ക്ക് ഫലപ്രദമായ സമുദ്ര സഹകരണം അനിവാര്യമാണെന്ന് അംഗീകരിച്ചുകൊണ്ട്, സമാധാനപരവും സമൃദ്ധവുമായ ഒരു ഇന്തോ-പസഫിക്കിനുള്ള തങ്ങളുടെ പങ്കിട്ട പ്രതിബദ്ധത ഇന്ത്യയും ഓസ്‌ട്രേലിയയും വീണ്ടും ഉറപ്പിക്കുന്നു. വിവരങ്ങൾ പങ്കിടൽ, ശേഷി വികസനം, ശേഷി നിർമ്മിക്കൽ, പ്രവർത്തന ഏകോപനം എന്നീ മേഖലകളിൽ സഹകരിക്കാൻ അവർ സമ്മതിച്ചു. സുരക്ഷിതമായ സമുദ്ര പരിസ്ഥിതിയെ പിന്തുണയ്ക്കുന്നതിനായി മാരിടൈം ബോർഡർ കമാൻഡും ഇന്ത്യൻ കോസ്റ്റ് ഗാർഡും തമ്മിലുള്ള ധാരണാപത്രത്തിന്റെ പൂർത്തീകരണത്തെ നേതാക്കൾ സ്വാഗതം ചെയ്തു.
പ്രതിരോധ വ്യവസായം, ഗവേഷണം, മെറ്റീരിയൽ സഹകരണം എന്നിവയുടെ പ്രാധാന്യം പ്രധാനമന്ത്രിമാർ അംഗീകരിച്ചു. പ്രതിരോധ വസ്തുക്കളും പ്രതിരോധ സേവനങ്ങളും നൽകുന്നതിനുള്ള ഒരു ധാരണാപത്രം വികസിപ്പിക്കുന്നതിനുള്ള നിലവിലുള്ള പ്രവർത്തനങ്ങളെയും, ഇന്ത്യയിലേക്കുള്ള ഓസ്‌ട്രേലിയയുടെ ആദ്യ പ്രതിരോധ വ്യാപാര ദൗത്യത്തിലൂടെയും ഓസ്‌ട്രേലിയ-ഇന്ത്യ പ്രതിരോധ വ്യവസായ വട്ടമേശയിലും ഉൾപ്പെടെ ഓസ്‌ട്രേലിയയുടെയും ഇന്ത്യയുടെയും പ്രതിരോധ വ്യവസായങ്ങൾ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെയും നേതാക്കൾ സ്വാഗതം ചെയ്തു.
ഭാവിക്കു സജ്ജരായ സൈനിക ഉദ്യോഗസ്ഥർക്കായി പ്രൊഫഷണൽ സൈനിക വിദ്യാഭ്യാസം, സംയുക്ത ഗവേഷണം, യുദ്ധ ഗെയിമിംഗ്, ശേഷി വർദ്ധിപ്പിക്കൽ സംരംഭങ്ങൾ എന്നിവയുടെ പ്രാധാന്യം അംഗീകരിച്ച പ്രധാനമന്ത്രിമാർ, പ്രൊഫഷണൽ സൈനിക വിദ്യാഭ്യാസത്തിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളിലെയും സൈനിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് നേതാക്കൾ പ്രോത്സാഹിപ്പിച്ചു. 2028-2029 ൽ ഓസ്‌ട്രേലിയൻ ഡിഫൻസ് കോളേജിൽ ഇന്ത്യയിൽ നിന്നുള്ള ഒരു സന്ദർശക സൈനിക ഇൻസ്ട്രക്ടറെ നിയമിക്കുന്നത് ഇരു നേതാക്കളും ഉറ്റുനോക്കുന്നു. ജനറൽ റാവത്ത് ഇന്ത്യ-ഓസ്‌ട്രേലിയ യംഗ് ഓഫീസേഴ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ നാലാമത്തെ പതിപ്പിന് ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്നതിനെ അവർ സ്വാഗതം ചെയ്തു.
ഇരു രാജ്യങ്ങളിലെയും ആവാസവ്യവസ്ഥകളെ ബന്ധിപ്പിക്കുന്നതിനും ഗവൺമെന്റുകൾ, വ്യവസായം, അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിലുള്ള സഹകരണം ത്വരിതപ്പെടുത്തുന്നതിനുമായി ഒരു ഉഭയകക്ഷി നവീകരണ ചട്ടക്കൂട് (bilateral innovation framework) സ്ഥാപിക്കുന്നത് ആരായാൻ പ്രധാനമന്ത്രിമാർ തീരുമാനിച്ചു. നൂതന ശേഷി മുൻഗണനകൾക്കുള്ള നൂതന പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിരോധ ശാസ്ത്ര സാങ്കേതിക ഗവേഷണ സഹകരണം പുതിയ മേഖലകളിലേക്ക് വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവർ അടിവരയിട്ടു.
സാമ്പത്തിക സുരക്ഷയും സമൃദ്ധിയും മെച്ചപ്പെടുത്തൽ
ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാറിന് (ECTA) കീഴിലുള്ള പരസ്പര വ്യാപാരത്തിൽ തുടർച്ചയായ വളർച്ചയും താരിഫ് ഇതര തടസ്സങ്ങൾ കുറയ്ക്കലും പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു, ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും അതിന്റെ വ്യക്തമായ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി. സാമ്പത്തിക ബന്ധത്തിന്റെ പൂർണ്ണ സാധ്യതകൾ അഴിച്ചുവിടുന്നതിനും ഇരു രാജ്യങ്ങളുടെയും അഭിവൃദ്ധി ശക്തിപ്പെടുത്തുന്നതിനുമായി അഭിലാഷപൂർണ്ണവും സന്തുലിതവും പരസ്പര പ്രയോജനകരവുമായ ഒരു സമഗ്ര സാമ്പത്തിക സഹകരണ കരാർ (CECA) മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധത അവർ വീണ്ടും ഉറപ്പിച്ചു. നിക്ഷേപം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രിമാർ അടിവരയിട്ടു, ഇരു രാജ്യങ്ങളിലെയും പ്രസക്തമായ സ്ഥാപനങ്ങൾ തമ്മിലുള്ള ശക്തമായ ധനകാര്യ ഏകോപനം ഉൾപ്പെടെ സ്വകാര്യ മേഖലയിലെ നിക്ഷേപകർ തമ്മിലുള്ള വർദ്ധിച്ച ഇടപെടലിനെ പിന്തുണച്ചു.
വ്യവസായ പങ്കാളിത്തത്തിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, സന്ദർശന വേളയിൽ സിഇഒ ഫോറം വിളിച്ചുചേർത്തതിനെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു, ശക്തമായ ബിസിനസ്-ബിസിനസ് ബന്ധങ്ങൾക്കുള്ള പിന്തുണ വീണ്ടും ഉറപ്പിച്ചു. “മെയ്ക്ക് ഇൻ ഇന്ത്യ”, “ഫ്യൂച്ചർ മെയ്ഡ് ഇൻ ഓസ്‌ട്രേലിയ” എന്നിവ തമ്മിലുള്ള പരസ്പരപൂരകത്വവും ഉൽപ്പാദനം, സാങ്കേതികവിദ്യ, നിക്ഷേപം എന്നിവയിലുടനീളം ആഴത്തിലുള്ള സഹകരണത്തിനുള്ള സാധ്യതയും നേതാക്കൾ അംഗീകരിച്ചു. ഇന്ത്യയുമായുള്ള ഓസ്‌ട്രേലിയയുടെ സാമ്പത്തിക ഇടപെടലിനായുള്ള ഒരു പുതിയ റോഡ്‌മാപ്പിൻരെ തുടർച്ചയായ നടത്തിപ്പിനെ നേതാക്കൾ അഭിനന്ദിച്ചു, വിപുലീകൃത സഹകരണത്തിനുള്ള പ്രായോഗിക പാതകൾ രൂപപ്പെടുത്തുന്നതിൽ 2026 മെയ് മാസത്തിൽ സിഡ്‌നിയിൽ നടന്ന ഉദ്ഘാടന ട്രാക്ക് 1.5 ഡയലോഗിന്റെ സംഭാവനകളെ അവർ സ്വാഗതം ചെയ്തു.
നിർണായക ധാതുക്കളുടെ കാര്യത്തിലുള്ള സഹകരണത്തിനുള്ള പ്രതിബദ്ധത പ്രധാനമന്ത്രിമാർ ആവർത്തിച്ചു. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും, ദീർഘകാല വിതരണ-ഓഫ്‌ടേക്ക് ക്രമീകരണങ്ങൾ സുരക്ഷിതമാക്കുന്നതിനും, സംസ്‌കരണത്തിന്റെയും മൂല്യവർദ്ധനവിന്റെയും കഴിവുകൾ വികസിപ്പിക്കുന്നതിന് പിന്തുണയ്ക്കുന്നതിനും ഇന്ത്യൻ, ഓസ്‌ട്രേലിയൻ ഗവൺമെൻര് ഏജൻസികൾ, പൊതു, സ്വകാര്യ കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യം അവർ അടിവരയിട്ടു. സുതാര്യവും സുരക്ഷിതവും സ്ഥിരതയുള്ളതുമായ വിതരണ ശൃംഖലകൾ നമ്മുടെ സാമ്പത്തിക സുരക്ഷയുടെ കേന്ദ്രമാണെന്ന് നേതാക്കൾ സ്ഥിരീകരിച്ചു. ഉഭയകക്ഷി സംരംഭങ്ങളിലൂടെയും ബഹുമുഖ വേദികളിലൂടെയും ഉൾപ്പെടെ, പ്രത്യേകിച്ച് ഊർജ്ജം, നിർണായക ധാതുക്കൾ എന്നിവയ്ക്കായി വിതരണ ശൃംഖല സഹകരണത്തെ പിന്തുണയ്ക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം അവർ അംഗീകരിച്ചു.
ഊർജ്ജം, കാലാവസ്ഥ, ബഹിരാകാശം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം ശക്തമാക്കുക
നമ്മുടെ സമ്പദ്‌വ്യവസ്ഥകൾക്ക് ഊർജ്ജ സുരക്ഷയുടെയും വിഭവ സഹകരണത്തിന്റെയും വർദ്ധിച്ചുവരുന്ന പ്രാധാന്യം പ്രധാനമന്ത്രിമാർ ഊന്നിപ്പറഞ്ഞു. വിശ്വസനീയവും താങ്ങാനാവുന്നതും സുസ്ഥിരവുമായ ഊർജ്ജ വിതരണത്തെ പിന്തുണയ്ക്കുന്നതിനായി സഹകരണം ആഴത്തിലാക്കുന്നതിനുള്ള പ്രതിബദ്ധത അവർ വീണ്ടും ഉറപ്പിച്ചു, ഊർജ്ജ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിലും ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിലും ദീർഘകാല സാമ്പത്തിക അഭിവൃദ്ധിയെ പിന്തുണയ്ക്കുന്നതിലും പുനരുപയോഗ ഊർജ്ജത്തിന്റെയും വൈദ്യുതീകരണത്തിന്റെയും നിർണായക പങ്ക് തിരിച്ചറിഞ്ഞു. ഇക്കാര്യത്തിൽ, ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള സംയുക്ത പ്രസ്താവനയെ അവർ സ്വാഗതം ചെയ്തു.
കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഇരു പ്രധാനമന്ത്രിമാരും വീണ്ടും ഉറപ്പിച്ചു. വ്യത്യസ്ത ദേശീയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, തുല്യതയും പൊതുവായതും എന്നാൽ വ്യത്യസ്തവുമായ ഉത്തരവാദിത്തങ്ങളും അതത് ശേഷികളും (common but differentiated responsibilities and respective capabilities) പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് പാരീസ് കരാർ നടപ്പിലാക്കുക എന്ന് അവർ തിരിച്ചറിഞ്ഞു. COP31 ചർച്ചകളുടെ അധ്യക്ഷൻ എന്ന നിലയിലുളള ഓസ്‌ട്രേലിയയുടെ നേതൃത്വത്തെ അവർ സ്വാഗതം ചെയ്തു. പസഫിക്, ഇന്ത്യൻ സമുദ്രങ്ങൾ പോലുള്ള ചെറിയ ദ്വീപ് രാഷ്ട്രങ്ങളും മറ്റ് ദുർബല വികസ്വര രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ പ്രത്യേകിച്ച് ബാധിക്കുന്നുണ്ടെന്ന് നേതാക്കൾ സമ്മതിച്ചു. ആഗോള കാലാവസ്ഥാ പ്രവർത്തനങ്ങളിൽ ആക്കം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും കാലാവസ്ഥാ ധനസഹായം, സാങ്കേതിക കൈമാറ്റം, ശേഷി വികസന പിന്തുണ എന്നിവയുടെ പ്രാധാന്യവും അവർ അടിവരയിട്ടു. ഇന്ത്യ-ഓസ്ട്രേലിയ പുനരുപയോഗ ഊർജ്ജ പങ്കാളിത്തത്തിന് കീഴിലുള്ള പുരോഗതി നേതാക്കൾ അംഗീകരിച്ചു, റൂഫ്‌ടോപ്പ് സോളാർ അക്കാദമിയുടെ സ്ഥാപനവും പ്രവർത്തനവും പോലുള്ള സംരംഭങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഭാവിയിലെ വളർച്ചയെ മുന്നോട്ട് നയിക്കുന്നതിനും പങ്കിട്ട വെല്ലുവിളികളെ നേരിടുന്നതിനും സാങ്കേതികവിദ്യയും നവീകരണവും ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രിമാർ അടിവരയിട്ടു, സാങ്കേതിക സഹകരണത്തിനും വളർച്ചയ്ക്കും അടിവരയിടുന്ന ശക്തമായ ജനങ്ങൾ തമ്മിലുള്ള ബന്ധത്തെ അംഗീകരിച്ചു. നിർണായക സാങ്കേതികവിദ്യകൾ, വിതരണ ശൃംഖല വൈവിധ്യവൽക്കരണം, സൈബർ സുരക്ഷ, ഡിജിറ്റൽ പ്രതിരോധശേഷി, പ്രതിരോധ ഗവേഷണം എന്നിവയിലെ നമ്മുടെ ബന്ധത്തിന്റെ അഭിലാഷം ഉയർത്തുന്നതിനായി സൈബർ, ക്രിട്ടിക്കൽ ടെക്നോളജീസ്, വിതരണ ശൃംഖലകളിൽ (PACTS) ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തത്തിന് ഇരു നേതാക്കളും സമ്മതിച്ചു. നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിലെ സഹകരണത്തിനുള്ള അടിത്തറയായി വിശ്വസനീയ പങ്കാളിത്തങ്ങളോടുള്ള അവരുടെ പങ്കിട്ട പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് ഓസ്‌ട്രേലിയ-കാനഡ-ഇന്ത്യ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ (ACITI) പങ്കാളിത്ത ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ സ്വാഗതം ചെയ്യുന്നതിലും നേതാക്കൾ സന്തോഷിച്ചു.
വ്യവസായങ്ങൾ തമ്മിലുളള പങ്കാളിത്തങ്ങൾ ഉൾപ്പെടെ ബഹിരാകാശ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രിമാർ എടുത്തുപറഞ്ഞു. കൊക്കോസ് കീലിംഗ് ദ്വീപുകളിൽ താൽക്കാലിക ബഹിരാകാശ ട്രാക്കിംഗ് ടെർമിനൽ കമ്മീഷൻ ചെയ്യുന്നത് ഉൾപ്പെടെ ഇന്ത്യയുടെ ഗഗൻയാൻ ഹ്യൂമൻ സ്‌പേസ് ഫ്‌ലൈറ്റ് പ്രോഗ്രാമിനുള്ള ഓസ്‌ട്രേലിയയുടെ തുടർച്ചയായ പിന്തുണയെ നേതാക്കൾ സ്വാഗതം ചെയ്തു, കൂടാതെ ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനും (ISRO) ഓസ്‌ട്രേലിയൻ സ്‌പേസ് ഏജൻസിയും (ASA) തമ്മിലുള്ള കൂടുതൽ ആഴത്തിലുള്ള സഹകരണത്തിന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു.
ആണവ വിതരണക്കാരുടെ ഗ്രൂപ്പിൽ ഇന്ത്യയുടെ അംഗത്വത്തിനും ഓസ്‌ട്രേലിയ-ഇന്ത്യ ആണവ സഹകരണ കരാറിൽ കെട്ടിപ്പടുക്കുന്നതിനും ഓസ്‌ട്രേലിയ ശക്തമായ പിന്തുണ ആവർത്തിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കും ഐഎഇഎയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായും ഇന്ത്യയിലേക്കുള്ള ദീർഘകാല ഓസ്‌ട്രേലിയൻ യുറേനിയം കയറ്റുമതി സാധ്യമാക്കുന്ന ഭരണപരമായ ക്രമീകരണത്തിന്റെ അന്തിമരൂപത്തെയും ഒപ്പുവെക്കലിനെയും ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു.
വിദ്യാഭ്യാസം, നൈപുണ്യം, ജനങ്ങളുമായുള്ള ബന്ധം എന്നിവ ശക്തിപ്പെടുത്തൽ
പങ്കാളിത്തത്തിന്റെ കാതൽ ജനങ്ങളാണെന്ന് പ്രധാനമന്ത്രിമാർ അടിവരയിട്ടു, ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹം ഇപ്പോൾ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ വിദേശ വംശജരായ ഗ്രൂപ്പാണെന്ന് ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയുടെ ഊർജ്ജസ്വലവും ബഹുസ്വരവുമായ സമൂഹത്തിൽ ഇന്ത്യൻ ഓസ്‌ട്രേലിയൻ സമൂഹം വഹിച്ച പ്രധാന പങ്കിനെ നേതാക്കൾ വിലമതിച്ചു. സാമ്പത്തിക സഹകരണവും ജനങ്ങൾ തമ്മിലുല്ല ബന്ധങ്ങളും വർദ്ധിപ്പിക്കുന്നതിനായി സെന്റർ ഫോർ ഓസ്‌ട്രേലിയ-ഇന്ത്യ റിലേഷൻസിന്റെ മൈത്രി ഗ്രാന്റുകൾക്കായി 10 മില്യൺ ഡോളർ പ്രഖ്യാപിച്ചതിനെയും അവർ സ്വാഗതം ചെയ്തു. പതിവ് ഉയർന്ന തലത്തിലും മന്ത്രിതല ഇടപെടലിലും ഊന്നിപ്പറഞ്ഞുകൊണ്ട്, ഓസ്‌ട്രേലിയൻ പാർലമെന്റിലെ പാർലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ ഗ്രൂപ്പിന് സമാനമായി, ഇന്ത്യയുടെ ലോക്‌സഭയിൽ ഓസ്‌ട്രേലിയയുമായി ഒരു പാർലമെന്ററി ഫ്രണ്ട്‌ഷിപ്പ് ഗ്രൂപ്പ് സ്ഥാപിച്ചതിലൂടെ, പാർലമെന്റ് ഉൾപ്പെടെയുള്ള ജനാധിപത്യ സ്ഥാപനങ്ങളിലുടനീളം സഹകരണം തുടരണമെന്ന് ഇരു പ്രധാനമന്ത്രിമാരും സമ്മതിച്ചു.
ഇന്ത്യയിൽ പ്രവർത്തിക്കുന്നതോ അങ്ങനെ ചെയ്യാൻ അംഗീകരിച്ചതോ ആയ ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റി കാമ്പസുകളുടെ എണ്ണം വർദ്ധിച്ചുവരുന്നതിലൂടെ പ്രകടമായ വിദ്യാഭ്യാസ സഹകരണം വികസിക്കുന്നത് പ്രധാനമന്ത്രിമാർ എടുത്തുപറഞ്ഞു. ബെംഗളൂരുവിൽ കാമ്പസ് സ്ഥാപിക്കുന്നതിനായി ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിക്ക് ഇന്ത്യയുടെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ലെറ്റർ ഓഫ് ഇന്റന്റ് (എൽഒഐ) പുറപ്പെടുവിച്ചതിനെയും ഗുരുഗ്രാമിൽ കാമ്പസ് പ്രവർത്തിപ്പിക്കുന്നതിനായി വിക്ടോറിയ യൂണിവേഴ്‌സിറ്റിക്ക് ലെറ്റർ ഓഫ് അപ്രൂവൽ (എൽഒഎ) പുറപ്പെടുവിച്ചതിനെയും പ്രധാനമന്ത്രി അൽബനീസ് സ്വാഗതം ചെയ്തു. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതായും ഓസ്‌ട്രേലിയൻ ക്ലാസ് മുറികളിലും കാമ്പസുകളിലും കമ്മ്യൂണിറ്റികളിലും അവർ വിലമതിക്കപ്പെടുന്ന അംഗങ്ങളാണെന്നും പ്രധാനമന്ത്രി അൽബനീസ് ഊന്നിപ്പറഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറിലെ നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ മൈനിംഗിൽ നാഷണൽ സ്‌കിൽ എക്‌സലൻസ് സെന്റർ സ്ഥാപിക്കുന്നതിന് പിന്തുണ നൽകുന്നതിനായി വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഗവൺമെന്റും ഇന്ത്യാ ഗവൺമെന്റും തമ്മിലുള്ള കരാറിനെയും നേതാക്കൾ സ്വാഗതം ചെയ്തു.
സ്‌പോർട്‌സ് എന്നത് ഒരു പങ്കിട്ട അഭിനിവേശം മാത്രമല്ലെന്ന് പ്രധാനമന്ത്രിമാർ അംഗീകരിച്ചു. വ്യാപാരം, ടൂറിസം, നിക്ഷേപം എന്നിവ വർദ്ധിപ്പിക്കുന്നതിന് ഇത് നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ ഒരു പ്രധാന ഘടകമാണ്. 2032 ലെ ഒളിമ്പിക്‌സും പാരാലിമ്പിക്‌സും ബ്രിസ്‌ബേനിൽ സംഘടിപ്പിക്കാനും 2030 ലെ കോമൺവെൽത്ത് ഗെയിംസ് അഹമ്മദാബാദിൽ സംഘടിപ്പിക്കാനും ഓസ്‌ട്രേലിയയും ഇന്ത്യയും തയ്യാറെടുക്കുമ്പോൾ പ്രധാന കായിക മത്സരങ്ങളിൽ ഉൾപ്പെടെ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള സ്‌പോർട്‌സ് സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള ഇന്ത്യ-ഓസ്‌ട്രേലിയ സ്‌പോർട്‌സ് സഹകരണ റോഡ്‌മാപ്പിനെ നേതാക്കൾ സ്വാഗതം ചെയ്തു.
സാംസ്‌കാരിക സഹകരണത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെ സംരക്ഷണത്തിന്റെയും സംരക്ഷണത്തിന്റെയും പ്രാധാന്യം അടിവരയിട്ടുകൊണ്ട്, ഇന്ത്യയിൽ നടന്ന ഫസ്റ്റ് നേഷൻസ് പൂർവ്വികരുടെ സ്വമേധയാ ഉള്ളതും നിരുപാധികവുമായ തിരിച്ചയയ്ക്കലിലെ പുരോഗതിയെയും ഓസ്‌ട്രേലിയയിൽ സൂക്ഷിച്ചിരിക്കുന്ന തെലുങ്ക് അവശിഷ്ടങ്ങളുടെ തിരിച്ചയയ്ക്കലിനെയും പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു. ഓസ്‌ട്രേലിയൻ ശേഖരണ സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന നിരവധി സാംസ്‌കാരിക പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് സ്വമേധയാ തിരികെ നൽകിയതിന് പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി അൽബനീസിന് നന്ദി പറഞ്ഞു.
സമാധാനപരവും സുസ്ഥിരവും സമൃദ്ധവുമായ ഒരു ഇന്തോ പസഫിക് മേഖലയെ പ്രോത്സാഹിപ്പിക്കുന്നു
തുറന്നതും നിയമാധിഷ്ഠിതവുമായ ഒരു ഇന്തോ പസഫിക്കിനോടുള്ള തങ്ങളുടെ പങ്കിട്ട പ്രതിബദ്ധത പ്രധാനമന്ത്രിമാർ വീണ്ടും ഉറപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളുമായി, പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ (UNCLOS), നാവിഗേഷൻ സ്വാതന്ത്ര്യവും ആകാശമാർഗമുള്ള പറക്കലും ഉൾപ്പെടെ, യോജിച്ച അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വിനിയോഗിക്കാൻ കഴിയുന്നതിന്റെ പ്രാധാന്യം അവർ അടിവരയിട്ടു, കൂടാതെ അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്ന് അവർ ഊന്നിപ്പറഞ്ഞു. നിലവിലുള്ള സ്ഥിതി മാറ്റുന്നതിനും പ്രാദേശിക സമാധാനവും സ്ഥിരതയും തകർക്കുന്നതിനുമുള്ള ഏതൊരു അസ്ഥിരപ്പെടുത്തൽ അല്ലെങ്കിൽ ഏകപക്ഷീയമായ നടപടിയെയും അവർ ശക്തമായി എതിർത്തു.
പങ്കിട്ട വെല്ലുവിളികളെ നേരിടുന്നതിന് പ്രാദേശിക, ബഹുമുഖ സ്ഥാപനങ്ങൾ വഴി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത പ്രധാനമന്ത്രിമാർ വീണ്ടും ഉറപ്പിച്ചു. ഇന്തോ പസഫിക്കിന് പ്രായോഗികവും മൂർത്തവുമായ ഫലങ്ങൾ നൽകുന്ന ഒരു പങ്കാളിത്തമെന്ന നിലയിൽ ക്വാഡിന്റെ പ്രാധാന്യം അവർ ആവർത്തിച്ചു, കൂടാതെ 2026 മെയ് മാസത്തിൽ ന്യൂഡൽഹിയിൽ ക്വാഡ് വിദേശകാര്യ മന്ത്രിമാർ അംഗീകരിച്ച നിർണായക ഫലങ്ങളെ അവർ സ്വാഗതം ചെയ്തു.
ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (IORA) ഉൾപ്പെടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രിമാർ അടിവരയിട്ടു, കൂടാതെ പ്രാദേശിക സംരംഭങ്ങൾക്ക് കീഴിലുള്ള തുടർച്ചയായ ഇടപെടലിനെയും സ്വാഗതം ചെയ്തു. ജൂണിൽ ചെന്നൈയിലെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിൽ (MRCC) ഓസ്‌ട്രേലിയയും ഇന്ത്യയും സംയുക്തമായി IORA അംഗരാജ്യങ്ങൾക്കായി നടത്തിയ തിരയൽ, രക്ഷാ പരിശീലനത്തെയും ജൂണിൽ പെർത്തിൽ പെർത്തിൽ ഓസ്ട്രേലിയ ആതിഥേയത്വം വഹിച്ച IORA വർക്കിംഗ് ഗ്രൂപ്പ് ഓൺ മാരിടൈം സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയുടെ ആറാമത് യോഗത്തേയും അവർ സ്വാഗതം ചെയ്തു. ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവ് (IPOI) പ്രകാരം നിലവിലുള്ള സഹകരണ പ്രവർത്തനങ്ങളെ അവർ സ്വാഗതം ചെയ്തു. സമുദ്ര അവബോധം, സമുദ്ര മലിനീകരണം, നീല സമ്പദ്‌വ്യവസ്ഥ, പ്രാദേശിക സ്ഥാപനങ്ങൾ എന്നിവയിലെ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നത് ഉൾപ്പെടെ ഓസ്‌ട്രേലിയ-ഇന്ത്യ-ഇന്തോനേഷ്യ ത്രിരാഷ്ട്ര സംവിധാനത്തിലൂടെ കൂടുതൽ സഹകരണത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.
പസഫിക് ദ്വീപ് ഫോറത്തോടുള്ള (PIF) പ്രതിബദ്ധത ഇരു പ്രധാനമന്ത്രിമാരും ആവർത്തിച്ചു, നീല പസഫിക് ഭൂഖണ്ഡത്തിനായുള്ള 2050 ലെ തന്ത്രത്തിന്റെയും പസഫിക് മേഖലയിലെ കൂട്ടായ മുൻഗണനകളെ പ്രതിഫലിപ്പിക്കുന്ന പങ്കാളിത്തങ്ങളുടെയും പ്രാധാന്യം അംഗീകരിച്ചു. പസഫിക് ദ്വീപ് രാജ്യങ്ങളിലേക്ക് വികസന പങ്കാളിത്തം വ്യാപിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് പ്രധാനമന്ത്രി അൽബനീസ് അംഗീകരിച്ചു, ഇതിൽ ഫോറം ഫോർ ഇന്ത്യ-പസഫിക് ദ്വീപ് സഹകരണം (FIPIC) ചട്ടക്കൂട് ഉൾപ്പെടുന്നു. ആസിയാൻ കേന്ദ്രീകരണത്തിനും ആസിയാൻ നയിക്കുന്ന പ്രാദേശിക ഘടനയ്ക്കും പിന്തുണ ആവർത്തിച്ച് ഉറപ്പിച്ച പ്രധാനമന്ത്രിമാർ, ഇന്തോ പസഫിക്കിനെക്കുറിച്ചുള്ള ആസിയാൻ വീക്ഷണം (AOIP) നടപ്പിലാക്കുന്നതിന് അചഞ്ചലമായ പിന്തുണ പ്രകടിപ്പിച്ചു.
മധ്യപൂർവദേശത്ത് വീണ്ടും സംഘർഷങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രിമാർ, സംയമനം പാലിക്കാനും, സംഘർഷങ്ങൾ കുറയ്ക്കാനും, സാധാരണക്കാരുടെ സംരക്ഷണവും ഊർജ്ജ വിതരണത്തിന്റെയും വാണിജ്യത്തിന്റെയും തടസ്സമില്ലാത്ത ഒഴുക്കും ഉറപ്പാക്കാനും എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്തു. സംഘർഷത്തിന് സമാധാനപരവും ശാശ്വതവുമായ ഒരു പരിഹാരം കൈവരിക്കുന്നതിന് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പ്രാധാന്യവും അന്താരാഷ്ട്ര നിയമത്തോടുള്ള അനുസരണവും അവർ ആവർത്തിച്ചു. ഉക്രെയ്നിലെ യുദ്ധത്തെക്കുറിച്ചുള്ള വീക്ഷണങ്ങളും പ്രധാനമന്ത്രിമാർ കൈമാറി, ദാരുണമായ മാനുഷിക പ്രത്യാഘാതങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മ്യാൻമറിലെ സാഹചര്യത്തിലും മേഖലയിലെ അതിന്റെ സ്വാധീനത്തിലും അവർ ആശങ്കാകുലരായി, അഞ്ച് പോയിന്റ് സമവായം ഉൾപ്പെടെയുള്ള ആസിയാൻ നേതൃത്വത്തിലുള്ള ശ്രമങ്ങൾക്കുളള പിന്തുണ അവർ വീണ്ടും ഉറപ്പിച്ചു.
ഭീകരതയെയും അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ഉണ്ടാകുന്ന അക്രമാസക്തമായ തീവ്രവാദത്തെയും പ്രധാനമന്ത്രിമാർ അസന്ദിഗ്ധമായി അപലപിച്ചു. എല്ലാ രാജ്യങ്ങളും തീവ്രവാദ ഭീഷണിയെ സമഗ്രവും സുസ്ഥിരവുമായ രീതിയിൽ നേരിടേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു, ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ 1267 ഉപരോധ സമിതി പട്ടികപ്പെടുത്തിയിട്ടുള്ളവ ഉൾപ്പെടെ ആഗോളതലത്തിൽ നിരോധിത തീവ്രവാദികൾക്കും ഭീകര സംഘടനകൾക്കും അവരുടെ പ്രോക്സികൾ, അനുബന്ധ സ്ഥാപനങ്ങൾ, സ്പോൺസർമാർ, ധനസഹായം നൽകുന്നവർ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഭീകരതയെ ചെറുക്കുന്നതിന്റെ ഭാഗമായുള്ള വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിമാർ തിരിച്ചറിഞ്ഞു. നമ്മുടെ മേഖലയിലെ തീവ്രവാദ ഭീഷണികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടൽ വർദ്ധിപ്പിക്കാനും ഓൺലൈൻ റാഡിക്കലൈസേഷൻ, ഭീകരതയ്ക്ക് അനുകൂലമായ അക്രമാസക്തമായ തീവ്രവാദം, തീവ്രവാദ ആവശ്യങ്ങൾക്കായി പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യയുടെ ഉപയോഗം, ഭീകരതയ്ക്ക് ധനസഹായം, നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും സമുദ്ര മേഖലയ്ക്കും നേരെയുള്ള ഭീഷണികൾ എന്നിവ ഉൾപ്പെടെയുള്ള റാഡിക്കലൈസേഷനെ ചെറുക്കുന്നതിനുള്ള മെച്ചപ്പെട്ട സഹകരണത്തിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും അവർ പ്രതിജ്ഞാബദ്ധരായി. പഹൽഗാമിലും ബോണ്ടി ബീച്ചിലും നടന്ന ഭീകരാക്രമണങ്ങൾ ഉൾപ്പെടെയുള്ള രൂക്ഷമായ ആക്രമണങ്ങളെ അവർ ആവർത്തിച്ച് അപലപിച്ചു.
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ (UNSC) അടിയന്തര പരിഷ്കരണത്തിന്റെ ആവശ്യകത പ്രധാനമന്ത്രിമാർ അടിവരയിട്ടു, അതിൽ സമകാലിക ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ നന്നായി പ്രതിഫലിപ്പിക്കുന്നതിന് കൂടുതൽ സ്ഥിരമായതും സ്ഥിരമല്ലാത്തതുമായ പ്രാതിനിധ്യം ഉൾപ്പെടുന്നു. ബഹുരാഷ്ട്രവാദത്തിനും ഐക്യരാഷ്ട്രസഭയ്ക്കും ഇന്ത്യ നൽകിയ ദീർഘകാല സംഭാവനകൾ കണക്കിലെടുത്ത്, പരിഷ്കരിച്ച യുഎൻഎസ്‌സിയിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തിന് ഓസ്‌ട്രേലിയ പിന്തുണ ആവർത്തിച്ചു. യുഎൻഎസ്‌സിയിലേക്ക് പരസ്പരം സ്ഥിരമല്ലാത്ത സ്ഥാനാർത്ഥിത്വങ്ങൾക്ക് – 2028–2029 കാലയളവിൽ ഇന്ത്യയ്ക്കും 2029–2030 കാലയളവിൽ ഓസ്‌ട്രേലിയയ്ക്കും – പരസ്പര പിന്തുണ ഇരു നേതാക്കളും ആവർത്തിച്ചു. സംഘടനയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിന് യുഎൻ പരിഷ്കാരങ്ങളുടെ വിശാലമായ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു.
ഉഭയകക്ഷി ഇടപെടലുകളുടെ പുരോഗതിയിൽ പ്രധാനമന്ത്രിമാർ സംതൃപ്തി പ്രകടിപ്പിക്കുകയും പരസ്പര പ്രയോജനത്തിനും സ്വതന്ത്രവും തുറന്നതും നിയമാധിഷ്ഠിതവും സമാധാനപരവും സമൃദ്ധവുമായ ഇന്തോ-പസഫിക്കിനായി സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ അടുത്ത ഘട്ടം രൂപപ്പെടുത്താനുള്ള പ്രതിബദ്ധത സ്ഥിരീകരിക്കുകയും ചെയ്തു.
-SK-