Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മെക്‌സിക്കോ പ്രസിഡന്റുമൊത്ത് നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

മെക്‌സിക്കോ പ്രസിഡന്റുമൊത്ത് നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന


യുവര്‍ എക്‌സലന്‍സി പ്രസിഡന്റ് എന്റിക്വെ പെനാ നീറ്റോ ഉദാരമായ സ്വാഗതത്തിന് പ്രസിഡന്റിന് നന്ദി.

നിങ്ങളുടെ ഊഷ്മളതയും ആതിഥേയത്വവും എന്നെ ഏറെ സ്പര്‍ശിച്ചിരിക്കുന്നു. പ്രധാനമന്ത്രിയെന്ന നിലയ്ക്ക് നിങ്ങളുടെ ഈ മഹത്തായ രാജ്യത്തേക്ക് ആദ്യമായാണ് ഞാന്‍ എത്തുന്നതെങ്കിലും ഒരു സാധാരണ ഇന്ത്യക്കാരനായി തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഞാന്‍ നടത്തിയ യാത്രയില്‍ നിങ്ങളുടെ സാംസ്‌കാരിക സമ്പന്നത ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മൂന്നാമത്തെ തവണയാണ് നാം കണ്ടുമുട്ടുന്നത്. താങ്കളുമായി നടത്തിയ സംഭാഷണങ്ങള്‍ ആഴത്തില്‍ പ്രചോദനം പകരുന്നതായാണ് എനിക്കനുഭവപ്പെട്ടത്. താങ്കളുടെ സൗഹൃദം ഞാന്‍ ശരിക്കും വിലമതിക്കുന്നു പ്രസിഡന്റ്.

സുഹൃത്തുക്കളേ,

ഇന്ത്യയെ അംഗീകരിച്ച ആദ്യ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമാണ് മെക്‌സിക്കോ. അന്നുമുതല്‍ സമസ്തമേഖലയിലും നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ സഞ്ചാപരഥം വളരുകയാണ്. 2007 ല്‍ നമ്മള്‍ സവിശേഷമായ പങ്കാളിത്തം സ്ഥാപിച്ചു. ഇന്ന് ഞങ്ങളുടെ സംഭാഷണത്തിനിടെ ഉഭയകക്ഷി ബന്ധത്തിനുകീഴില്‍ വരുന്ന മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും പരസ്പര താല്‍പര്യമുള്ള ആഗോള വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. നമ്മുടെ ഉറച്ച ബന്ധം തന്ത്രപ്രധാനമായ പങ്കാളിത്തമാക്കിമാറ്റാനുള്ള രൂപരേഖ തയാറാക്കാന്‍ ഞങ്ങള്‍ സമ്മതിച്ചു.

സുഹൃത്തുക്കളേ,

വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ നമ്മുടെ ബന്ധത്തിന്റെ പ്രധാന ചാലക ശക്തിയാണ്. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്ക് പ്രധാന പങ്കാളിയാണ് മെക്‌സിക്കോ. വാങ്ങുന്നവനും വില്‍ക്കുന്നവനും തമ്മിലുള്ള ബന്ധത്തിനപ്പുറത്തേക്കാണ് നമ്മള്‍ ഉറ്റുനോക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പങ്കാളിത്തമാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. വിവര സാങ്കേതിക വിദ്യ, ഊര്‍ജ്ജം, ഔഷധ നിര്‍മാണം, വാഹന വ്യവസായം എന്നിവയാണ് നമ്മുടെ വ്യാപാര ബന്ധത്തില്‍ സുപ്രധാന വളര്‍ച്ച നടക്കുന്ന മേഖലകള്‍. പക്ഷേ നമ്മുടെ വാണിജ്യവും നിക്ഷേപവും, ശാസ്ത്ര സാങ്കേതികം എന്നീ മേഖലകളിലെ പങ്കാളിത്തം കൂടുതല്‍ വ്യാപിപ്പിക്കാനുള്ള സാധ്യതകളുണ്ട്. ഇതനുസരിച്ച് ബഹിരാകാശം, ശാസ്ത്രം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ സഹകരണം ആഴത്തിലുള്ളതാക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ പ്രസിഡന്റും ഞാനും സമ്മതിച്ചിട്ടുണ്ട്. കാര്‍ഷിക ഗവേഷണം, ജൈവ സാങ്കേതിക വിദ്യ, മാലിന്യം കൈകാര്യം ചെയ്യല്‍, ദുരന്ത മുന്നറിയിപ്പ് നല്‍കലും പ്രതികരണവും, സൗരോര്‍ജ്ജം എന്നീ മേഖലകളില്‍ മൂര്‍ത്തമായ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. അന്താരാഷ്ട്ര സൗര സഖ്യത്തിന് നല്‍കുന്ന പിന്തുണക്ക് പ്രസിഡന്റ് പെനാ നീറ്റോയ്ക്ക് ഞാന്‍ പ്രത്യേമായി നന്ദി പറയുന്നു. അത് സൗരോര്‍ജ്ജ സാങ്കേതികവിദ്യയുടെ ആഗോള കാന്‍വാസിനെത്തന്നെ മാറ്റിമറിക്കും. പ്രത്യേകിച്ച് വികസിത രാജ്യങ്ങളുടേയും ചെറിയ ദ്വീപു രാഷ്ട്രങ്ങളുടേയും.

സുഹൃത്തുക്കളേ,

ഈ നൂറ്റാണ്ടിലെ സാധ്യതകളും വെല്ലുവിളികളും പ്രസിഡന്റും ഞാനും തിരിച്ചറിയുന്നു. അന്താരാഷ്ട്ര വിഷയങ്ങളില്‍ ഞങ്ങളുടെ അഭിപ്രായ സമന്വയം തന്ത്ര പ്രധാനമായ ഭരണക്രമത്തെ ശക്തിപ്പെടുത്താന്‍ സാധിക്കുന്നു. ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയുടെ അംഗത്വത്തിനായി പ്രസിഡന്റ് പെനാ നീറ്റോ നല്‍കുന്ന നിര്‍മാണാതാമകമായ പിന്തുണക്ക് ഞാന്‍ നന്ദി പറയുന്നു.

എക്‌സലന്‍സി,

ഈ രാജ്യത്തിന്റെ ഭാഗധേയത്തില്‍ വിശ്വസിക്കുന്ന, അതിന്റെ പരിഷ്‌കര്‍ത്താവിനെ ഞാന്‍ നിങ്ങളില്‍ കാണുന്നു. ഇന്ത്യയുടെ സാമ്പത്തിക, ഭരണ വ്യവസ്ഥ പരിഷ്‌കരിക്കുന്നതില്‍ ഞാനും ശ്രദ്ധയൂന്നുന്നു. ഈ മേഖലയിലെ ഏറ്റവും മികച്ച രീതികള്‍ പങ്കുവെക്കുന്നത് രണ്ടു രാജ്യങ്ങളിലെയും സമൂഹങ്ങള്‍ക്ക് പ്രയോജനപ്പെടും. സുഹൃത്തുക്കളേ,

തന്റെ ലൈറ്റ് ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ മഹാനായ ഒക്ടോവിയോ പാസ് എഴുതി:

”ഇന്ത്യക്കാരനായിരിക്കുക എന്നത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയും, കാരണം ഞാനൊരു മെക്‌സിക്കക്കാരനാണ്.” മറ്റൊരു തരത്തിലും ഇത് ശരിയാണ്. ഈ പരസ്പര വിശ്വാസം ശക്തമാക്കുന്നതില്‍ ഇന്ന് നമ്മള്‍ വിജയിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് മനോഹരമായ ഒരു ഒരു സന്ദര്‍ശനമായിരുന്നു. എക്‌സലന്‍സി, ഒരിക്കല്‍ക്കൂടി താങ്ങളുടെ സ്വാഗതത്തിനും, സൗഹൃദത്തിനും ഇന്ത്യ-മെക്‌സിക്കോ സൗഹൃദത്തിലുള്ള വിശ്വാസത്തിനും ഞാന്‍ നന്ദി പറയുന്നു. ഏറ്റവും അടുത്ത അവസരത്തില്‍ നിങ്ങളെ ഇന്ത്യയില്‍ സ്വാഗതംചെയ്യാന്‍ ഞാന്‍ കാത്തിരിക്കുന്നു.

നന്ദി, വളരെ നന്ദി