പിഎം ഇന്ത്യ
നോയിഡയിലെ പൊതുഗതാഗത അടിസ്ഥാനസൗകര്യത്തിനു സുപ്രധാനമായ ഒരു കുതിപ്പു നല്‍കിക്കൊണ്ട് നോയിഡ സിറ്റി സെന്ററില്‍ നിന്ന് ഉത്തര്‍പ്രദേശിലെ നോയിഡ സെക്ടര്‍ 62ലേക്ക് ഡെല്‍ഹി മെട്രോ നീട്ടാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. 6.675 കിലോമീറ്റര്‍ ദൂരമാണ് നീട്ടുന്നത്. 1,967 കോടി രൂപയാണ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ വേണ്ടി വരുന്ന മൊത്തം തുക. ഗ്രാന്റും വായ്പയുമായി 340.60 കോടി രൂപയായിരിക്കും കേന്ദ്ര ഗവണ്‍മെന്റിന്റെ ബാധ്യത.
വിശദാംശങ്ങള്‍:
1. നോയിഡ സിറ്റി സെന്ററില്‍ നിന്ന് ഉത്തര്‍പ്രദേശിലെ നോയിഡ സെക്ടര്‍ 62ലേക്ക് ഡെല്‍ഹി മെട്രോ നീട്ടാന്‍ മന്ത്രിസഭയുടെ അനുമതി. ആകെ നീളം 6.675 കിലോമീറ്റര്‍.
2. പൂര്‍ത്തീകരിക്കാന്‍ വേണ്ടി വരുന്ന ആകെ ചെലവ് 1,967 കോടി രൂപ.
3. കേന്ദ്ര സര്‍ക്കാരിന്റെ നിലവിലെ പ്രത്യേകോദ്ദേശ്യ കമ്പനി ( എസ്പിവി), ഡല്‍ഹി തലസ്ഥാന മേഖലാ ഗവണ്‍മെന്റ് എന്നിവ മുഖേന ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ( ഡിഎംആര്‍സി) പദ്ധതി നടപ്പാക്കും.
4. കേന്ദ്ര മെട്രോ നിയമത്തിന്റെ നിയമപരമായ ചട്ടക്കൂട്, മെട്രോ റെയില്‍വേ ( പ്രവൃത്തി നിര്‍മാണം) നിയമം, 1978, മെട്രോ റെയില്‍ ( പ്രവര്‍ത്തിപ്പിക്കലും അറ്റകുറ്റപ്പണി നടത്തലും) നിയമം, 2002, അതില്‍ കാലാനുസൃതം ഉണ്ടാകുന്ന ഭേദഗതികള്‍ എന്നിവയുടെ കീഴിലായിരിക്കും പദ്ധതിയുടെ നടപ്പാക്കല്‍.
സുപ്രധാന ഫലപ്രാപ്തി:
ഡല്‍ഹി മെട്രോ ഇടനാഴി നോയിഡ നഗര കേന്ദ്രത്തില്‍ നിന്ന് നോയിഡ സെക്ടര്‍ 62ലേക്ക് നീട്ടുന്നത് ഡല്‍ഹി മെട്രോയുടെ ദ്വാരക- നോയിഡ നഗര പാതയുടെ ദീര്‍ഘിപ്പിക്കലാണ്. ജനങ്ങളുടെ കൂടുതല്‍ മെച്ചപ്പെട്ട യാത്രാ സൗകര്യം ഉറപ്പ് വരുത്തുന്നു. ഡല്‍ഹിയുടെ ഈ ഉപഗ്രഹ നഗരത്തിലേക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്നതോടെ ഡല്‍ഹി നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിയും. ഇതിന്റെ ഫലമായി കൂടുതല്‍ പാര്‍പ്പിട, വാണിജ്യ സമുച്ചയങ്ങള്‍ ഈ മേഖലയില്‍ വികസിക്കും. മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ റോഡ് ഗതാഗതത്തില്‍ വാഹനങ്ങളുടെ എണ്ണം കുറയുന്നത് ഗതാഗതക്കുരുക്കും കുറയ്ക്കും. കുറഞ്ഞ സമയവും കുറഞ്ഞ ചെലവും കുറഞ്ഞ ഇന്ധനച്ചെലവും പരിസ്ഥിതിക്ക് കുറഞ്ഞ നാശവും.
വികസിപ്പിക്കപ്പെടുന്ന പാതയുടെ ഗുണം നോയിഡയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ക്കു ലഭിക്കും. പദ്ധതി പ്രദേശത്ത് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ ഏകദേശം 800 ജീവനക്കാര്‍ വേണ്ടിവരും. ഇതിനു പുറമേ, ഇടനാഴിയുടെ പ്രവര്‍ത്തനപരവും അറ്റകുറ്റപ്പണി സംബന്ധവുമായ കാര്യങ്ങള്‍ക്കും വേണ്ടി ഡിഎംആര്‍സി ഏകദേശം 200 തൊഴിലാളികളെ എടുക്കും.
പദ്ധതിയുടെ സിവില്‍ ജോലികളുടെ ഏകദേശം 81% വും, മൊത്തം ധനസമാഹരണത്തിന്റെ 55%വും പൂര്‍ത്തിയായിട്ടുണ്ട്.
പശ്ചാത്തലം:
ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നോയിഡ നഗരം നിര്‍മിച്ചത് ഉത്തര്‍പ്രദേശ് വ്യവസായ മേഖലാ വികസന നിയമപ്രകാരമാണ്. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഇവിടം ഡല്‍ഹി ദേശീയ തലസ്ഥാന മേഖലയിലെ പ്രധാനപ്പെട്ട ആധുനിക നരപ്രാന്തമായാണ് പരിഗണിക്കപ്പെടുന്നത്. 2011ലെ കാനേഷുമാരി കണക്കെടുപ്പു പ്രകാരം നോയിഡയിലെ ജനസംഖ്യ 6.42 ലക്ഷമാണ്. ഹരിതാഭമായ തുറന്ന പ്രദേശങ്ങളുള്ള സ്ഥലം എന്ന നിലയില്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും നിന്നുള്ള കൂടുതല്‍ക്കൂടുതല്‍ ആളുകള്‍ നോയിഡ താമസത്തിനായി തിരഞ്ഞെടുക്കുന്നു.
നോയിഡയുടെ നഗരവല്‍ക്കണ പ്രവണത വളരെ വേഗത്തിലാണ്. നിരവധി വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നഗരത്തില്‍ സ്ഥാപിച്ചിട്ടുമുണ്ട്. നോയിഡയുടെ പ്രധാന റോഡ് ബന്ധം ഡല്‍ഹിയുമായും ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളുടെയും തൊട്ടടുത്തുള്ള പ്രദേശങ്ങളുമായുമാണ്. മറ്റിടങ്ങളില്‍ നിന്നുള്ളവര്‍ നോയിഡല്‍ ജോലിക്കായി എത്തുന്നു; തിരിച്ചും. ഈ ഘടകങ്ങള്‍ ഗതാഗത സൗകര്യങ്ങളുടെ വര്‍ധന ആവശ്യപ്പെടുന്നു, കാര്യക്ഷമമായ മലിനീകരണ രഹിത അതിവേഗ ഗതാഗത സൗകര്യവും വേണ്ടിവരുന്നു. മെട്രോ റെയില്‍ മുഖേന നോയിഡയെ ബന്ധിപ്പിച്ചിട്ടുണ്ട്. ട്രെയിനുകള്‍ നോയിഡ നഗരകേന്ദ്രം ( സെക്ടര്‍ 32 നോയിഡ) വരെയുണ്ട്. മെട്രോ ഇടനാഴി നോയിഡ നഗര കേന്ദ്രത്തില്‍ നിന്ന് നോയിഡ സെക്ടര്‍ 62 വരെയുള്ള 6.675 കിലോമീറ്റര്‍ ആറ് സ്‌റ്റേഷനുകളുമായി നീട്ടണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിരുന്നു. നോയിഡയില്‍ റെയില്‍വേ സ്‌റ്റേഷനില്ല. ന്യൂഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ ആണ് സമീപ സ്റ്റേഷന്‍. ഇത് ഏകദേശം 15 കിലോമീറ്റര്‍ ദൂരെയാണ്. ഏറ്റവും അടുത്തുള്ള ഡെല്‍ഹി വിമാനത്താവളം നോയിഡയില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ ദൂരെയാണ്. വരുംവര്‍ഷങ്ങളില്‍ നോയിഡ മേഖലയിലെ ജനസംഖ്യ വന്‍ തോതില്‍ വര്‍ധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
A decision that will benefit the people of Noida as well as the NCR. https://t.co/niH38kLhRa
— Narendra Modi (@narendramodi) May 16, 2018
via NMApp