Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൊസാംബിക്കിലെ ഔദ്യോഗികവിരുന്നില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

മൊസാംബിക്കിലെ ഔദ്യോഗികവിരുന്നില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ബഹുമാനപ്പെട്ട പ്രസിഡന്റ് ഫിലിപ് ന്യൂസി, സഹോദരീസഹോദരന്മാരേ,

ബഹുമാനപ്പെട്ട പ്രസിഡന്റ്, താങ്കളുടെ ദയാപൂര്‍ണമായ വാക്കുകള്‍ എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഇന്ത്യ-മൊസാംബിക് ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള താങ്കളുടെ ചിന്തകള്‍ക്കു നന്ദി. ഊഷ്മളമായ സ്വാഗതത്തിനും ആതിഥ്യത്തിനും താങ്കള്‍ക്കും മൊസാംബിക് ഗവണ്‍മെന്റിനും ജനതയ്ക്കും നന്ദി പറയുകയാണ്.

ബഹുമാനപ്പെട്ട പ്രസിഡന്റ്, നാം തമ്മിലുള്ള സൗഹൃദം അടുത്ത കാലത്തുണ്ടായതല്ല. ഇന്ത്യന്‍ വംശജരായ ആയിരക്കണക്കിനു പേര്‍ മൊസാംബിക് സ്വന്തം വീടായി കണ്ടുവരുന്നു. ഇന്ത്യയിലുള്ള സിദ്ദി സമുദായക്കാരുടെ മുന്‍തലമുറകള്‍ മൊസാംബിക്കുകാര്‍ ആണെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. നമ്മുടെ ജനങ്ങളെയും അവരുടെ ചിന്തകളെയും പാരമ്പര്യത്തെയും സംസ്‌കാരത്തെയും വാണിജ്യത്തെയും പരസ്പരം കാലങ്ങളായി ബന്ധപ്പെടുത്തിയിരുന്ന കണ്ണികള്‍ക്കു തെളിവാണ് ഈ സമുദായങ്ങള്‍.

ബഹുമാനപ്പെട്ട പ്രസിഡന്റ്, കൊളോണിയല്‍ ഭരണത്തിന്‍കീഴില്‍ ദുരിതം അനുഭവിക്കേണ്ടിവന്ന രാഷ്ട്രങ്ങളാണു നമ്മുടേത്. മൊസാംബിക്കിന്റെ കാര്യത്തിലാണെങ്കില്‍ യാതനകള്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ളതായിരുന്നു.

മൊസാംബിക്കിനെ കൊളോണിയല്‍ അധിനിവേശത്തില്‍നിന്നു സ്വതന്ത്രമാക്കണമെന്ന ആവശ്യം ഏറ്റവുമധികം ഉയര്‍ത്തിയ രാജ്യമായിരുന്നു സ്വതന്ത്ര ഇന്ത്യ. 1975ല്‍ മൊസാംബിക് സ്വതന്തരാഷ്ട്രങ്ങളുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് അഭിമാനം തോന്നി.

ഇപ്പോള്‍, ലോകത്തില്‍ ഏറ്റവുമധികം വളര്‍ച്ചയുള്ള സമ്പദ്‌വ്യവസ്ഥകളിലൊന്നായി മൊസാംബിക് മാറുന്നതിനെ ഞങ്ങള്‍ പ്രശംസിക്കുകയാണ്. ബഹുമാനപ്പെട്ട പ്രസിഡന്റ്, വികസ്വര രാഷ്ട്രങ്ങളെന്ന നിലയില്‍ നാം നേരിടുന്നത് ഒരേ വെല്ലുവിളികളാണ്. അതുകൊണ്ടുതന്നെ, വികസനവും സാമ്പത്തിക പങ്കാളിത്തവും നമ്മുടെ ബന്ധത്തിന്റെ ആണിക്കല്ലുകളാണ്.

നമുക്കിടയിലുള്ള വ്യാപാര- നിക്ഷേപ ബന്ധങ്ങള്‍ അടുത്തിടെയായി നല്ലതുപോലെ മെച്ചപ്പെട്ടിട്ടുണ്ട്. ഇത് ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി മൊസാംബിക്കിന്റെ ആവശ്യത്തിനനുസരിച്ച് അനുഭവജ്ഞാനവും സാങ്കേതികവിദ്യയും ശേഷിയും കുറഞ്ഞ പലിശയോടുകൂടിയ വായ്പയുമൊക്കെ പങ്കുവെക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

കഴിഞ്ഞ വര്‍ഷം മൊസാംബിക്കിന്റെ സ്വാതന്ത്ര്യത്തിന്റെയും നാം തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ നാല്‍പതാം വാര്‍ഷികമായിരുന്നു. മുമ്പുണ്ടായിട്ടില്ലാത്ത വിധം പരസ്പരം അടുക്കുന്ന സാഹചര്യവും അതോടൊപ്പം ഉണ്ടായി. അതില്‍ ഏറ്റവും പ്രധാനം താങ്കള്‍ 2015 ഓഗസ്റ്റില്‍ ഇന്ത്യ സന്ദര്‍ശിച്ചതാണ്. പിന്നീട്, ഇന്ത്യ-ആഫ്രിക്കന്‍ ഫോറം ഉച്ചകോടിയില്‍ പങ്കെടുക്കുകവഴി നിങ്ങളുടെ പ്രധാനമന്ത്രിയും ഞങ്ങളോട് ആദരവു കാട്ടി. ബഹുമാനപ്പെട്ട പ്രസിഡന്റ്, 34 വര്‍ഷത്തിനിടെ മൊസാംബിക് സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണു ഞാനെന്നറിയാം. ഒരിക്കലും ഇത്ര നീണ്ട ഇടവേള ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ഇനിയങ്ങോട്ട് അതുണ്ടാവില്ലെന്നു വിശ്വസിക്കുകയും ചെയ്യുന്നു.

ബഹുമാന്യരേ, സഹോദരീസഹോദരന്‍മാരേ, ഈ വാക്കുകളോടെ, ബഹുമാന്യനായ പ്രസിഡന്റ് ഫിലിപ് ജാസിന്റോ ന്യൂസിയുടെ ആരോഗ്യത്തിനും സന്തോഷത്തിനുമായും മൊസാംബിക് ജനതയ്ക്കു നീണ്ട കാലത്തേക്കുള്ള സമാധാനത്തിനും പുരോഗതിക്കുമായും ഇന്ത്യയും മൊസാംബിക്കുമായുള്ള അടുത്ത സൗഹൃദത്തിനും സഹകരണത്തിനുമായി ആശംസയര്‍പ്പിക്കാന്‍ എന്നോടൊപ്പം ചേരുക.