Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘മൻ കി ബാത്തിന്റെ’ 136-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (26.07.2026)


എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. നമ്മുടെ ജീവിതത്തിൽ ചില തീയതികൾ ഓർത്തിരിക്കാൻ ഒരു കലണ്ടർ ആവശ്യമില്ല. ഇന്ന്, ജൂലൈ 26, അത്തരത്തിലുള്ള ഒരു ദിവസം. ഇന്ന് കാർഗിൽ വിജയ് ദിവസ്. ഈ ദിവസം നമ്മളിൽ അഭിമാനം നിറയ്ക്കുന്നു. നമ്മുടെ വീര സൈനികരുടെ അവിശ്വസനീയമായ ധൈര്യത്തെ ഈ ദിവസം ഓർമ്മിപ്പിക്കുന്നു. കാർഗിലിലെ ഉയർന്ന കൊടുമുടികൾ, കഠിനമായ കാലാവസ്ഥ, ശത്രുവിന്റെ വെല്ലുവിളികൾ – ഇങ്ങനെ പല ദുഷ്ക്കരമായ സാഹചര്യങ്ങൾ അവർക്ക് മുന്നിൽ ഉണ്ടായിരുന്നു.  നമ്മുടെ സൈനികർ എല്ലാ വെല്ലുവിളികളെയും നേരിട്ടു, അവരുടെ മനോധൈര്യം ഏതൊരു വെല്ലുവിളിയേക്കാളും വലുതായിരുന്നു. ഭാരതമാതാവിന്റെ സുരക്ഷയ്ക്കായി അവർ സർവ്വതും ത്യജിച്ചു. ഇന്ന്, കാർഗിൽ വിജയ് ദിവസത്തിന്റെ ഈ വേളയിൽ, എല്ലാ ധീരരായ രക്തസാക്ഷികൾക്കും ധീരരായ സൈനികർക്കും ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.

സുഹൃത്തുക്കളേ, ഇന്നത്തെ ഭാരതം അതിൻ്റെ വീരന്മാരെ സ്മരിക്കുക മാത്രമല്ല, അവരുടെ കഥകൾ പുതുതലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നു. ഈ വികാരം ഉൾക്കൊണ്ടുകൊണ്ട്, ഈ വർഷം ഒരു വിശേഷ “ശൗര്യ വിജയ് യാത്ര” സംഘടിപ്പിച്ചു. ജൂലൈ 14 ന് ഡൽഹിയിലെ നാഷണൽ വാർ മെമ്മോറിയലിൽ നിന്ന് ആരംഭിച്ച ഈ മോട്ടോർ സൈക്കിൾ യാത്ര ദ്രാസിലെ കാർഗിൽ വാർ മെമ്മോറിയൽ വരെയാണ്. ഇതിന്റെ സന്ദേശം: “വൺ റൈഡ്, വൺ നേഷൻ, വൺ സല്യൂട്ട്” എന്നതാണ്. രാജ്യത്തിനുവേണ്ടി ചെയ്ത ത്യാഗങ്ങൾ വിസ്മരിക്കപ്പെടില്ലെന്ന് ഈ യാത്ര ഓർമ്മപ്പെടുത്തുന്നു.
സുഹൃത്തുക്കളേ, ഇന്ന് ഭാരതം സൈനികരുടെ ധൈര്യം മാത്രമല്ല, സാങ്കേതിക കഴിവുകളും നിരന്തരം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്തി. ഈ ആധുനിക യുദ്ധക്കപ്പൽ ഭാരതത്തിൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണ്. അതിന്റെ 75 ശതമാനത്തിലധികവും തദ്ദേശീയമായ ഉല്പന്നങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ഇത് ആത്മ നിർഭർ ഭാരതത്തിന്റെ വളരുന്ന ശക്തിയുടെ പ്രതീകമാണ്. ഈ മാസം, ഡി.ആർ.ഡി.ഒ. പിനാക്ക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റും വിജയകരമായി പരീക്ഷിച്ചു. നമ്മുടെ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും കൂട്ടായ കഠിനാധ്വാനമാണ് ഈ വിജയത്തിന് പിന്നിൽ. രണ്ടോ മൂന്നോ ദിവസങ്ങൾക്ക് മുമ്പ്, ഡി.ആർ.ഡി.ഒ. കുശ മിസൈലും വിജയകരമായി പരീക്ഷിച്ചു.

സുഹൃത്തുക്കളേ, ഇന്ന്, പ്രതിരോധ ഉൽപ്പാദനമായാലും, പ്രതിരോധ കയറ്റുമതിയായാലും, മിത്രരാജ്യങ്ങളുമായുള്ള രാഷ്ട്രീയ സഹകരണമായാലും, ഭാരതം തുടർച്ചയായി പുതിയ ഉയരങ്ങളിലെത്തുകയാണ്. ഈ മാസം ആദ്യം, ഞാൻ ഇന്തോനേഷ്യയിലായിരുന്നു, അവിടെ ബ്രഹ്മോസ്, അസ്ത്ര മിസൈലുകൾക്കായി ഒരു പ്രധാന കരാർ ഒപ്പിട്ടു. ഭാരതത്തിന്റെ പ്രതിരോധ ഉപകരണങ്ങളിലും സാങ്കേതികവിദ്യയിലും ലോകത്തിന്റെ ആത്മവിശ്വാസം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വരൂ, ഇന്ന് കാർഗിൽ വിജയ് ദിവസത്തിന്റെ ഈ വേളയിൽ, നമ്മുടെ അമരരായ രക്തസാക്ഷികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും സുരക്ഷിതവും, കഴിവുറ്റതും, ആത്മനിർഭരവുമായ ഒരു ഭാരതം കെട്ടിപ്പടുക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തുകയും ചെയ്യാം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ‘മൻ കി ബാത്തിന്റെ’ കഴിഞ്ഞ അദ്ധ്യായത്തിൽ, ‘ക്യാച്ച് ദി റെയിൻ’ ക്യാമ്പെയ്‌നിനെക്കുറിച്ച് ഞാൻ നിങ്ങളുമായി സംസാരിച്ചിരുന്നു. ഓരോ തുള്ളി മഴയും സംരക്ഷിക്കാനുള്ള ഈ ക്യാമ്പെയ്‌നെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിച്ചു. ‘ക്യാച്ച് ദി റെയിൻ’ എന്ന സന്ദേശം വളരെ ലളിതമാണ്: എവിടെ മഴ പെയ്താലും എപ്പോൾ പെയ്താലും അവിടെ അപ്പോൾതന്നെ വെള്ളം ശേഖരിക്കുക. അതിനാൽ, ജൂലൈ 4 മുതൽ രാജ്യമെമ്പാടും ഒരു പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഈ ക്യാമ്പയിൻ, മഴവെള്ള സംഭരണം, ഗ്രൌണ്ട് വാട്ടർ റീചാർജ്ജ്, പുരാതന ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം, വൃക്ഷത്തൈ നടീൽ എന്നിവയ്ക്ക് പുതിയ മാർഗ്ഗം നൽകുന്നു. ഗ്രാമങ്ങളോ നഗരങ്ങളോ പഞ്ചായത്തുകളോ സാമൂഹിക സംഘടനകളോ ആകട്ടെ, എല്ലായിടത്തും ആളുകൾ ആവേശത്തോടെ ഈ ക്യാമ്പയിനിൽ പങ്കെടുത്തതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. ചില സ്ഥലങ്ങളിൽ, പഴയ കുളങ്ങളിൽ നിന്ന് ചെളി നീക്കം ചെയ്യുന്നു, മറ്റുചിലയിടത്ത്, കിണറുകളും സ്റ്റെപ്പ് വെല്ലുകളും പുനരുജ്ജീവിപ്പിക്കുന്നു.  ഓരോ സ്റ്റെപ്പ് വെല്ലും ഇപ്പോൾ ഭൂഗർഭജല റീചാർജ്ജിനുള്ള ഒരു മാധ്യമമായി മാറുകയാണ്.

സുഹൃത്തുക്കളേ, മധ്യപ്രദേശിലെ സീധി ജില്ലയിൽ ഏകദേശം 1,500 കുളങ്ങൾ നിർമ്മിച്ചിട്ടുണ്ട്. നരസിങ്പൂരിൽ അമൃത് സരോവറുകൾ നവീകരിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ വലിയ തോതിൽ വെള്ളം സംരക്ഷിക്കാനുള്ള ശേഷി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ നന്ദ്യാലിൽ, എല്ലാ ഗ്രാമപഞ്ചായത്തുകളും പഴയ കുളങ്ങൾ വീണ്ടും ഉപയോഗിക്കുന്നതിലൂടെ ഈ കാമ്പയിനിൽ പങ്കുചേർന്നു. നമ്മുടെ നഗരങ്ങളും പിന്നിലല്ല. ഛത്തീസ്ഗഡിലെ കോർബ, ഒഡീഷയിലെ ഭുവനേശ്വർ, ആന്ധ്രാപ്രദേശിലെ വിജയനഗരം എന്നിവിടങ്ങളിലെല്ലാം ഈ പ്രചാരണത്തിന്റെ നിന്ന് ആവേശ്ശോജ്ജ്വലമായ ഫലം കാണാം. നമ്മുടെ അയൽപക്കത്തുള്ള ഒരു കുളത്തിന്റെയോ കിണറിന്റെയോ സ്റ്റെപ്പ് വെല്ലിന്റെയോ ഉത്തരവാദിത്തം നമുക്ക് ഏറ്റെടുക്കാം – ഓരോ തുള്ളി വെള്ളവും സംരക്ഷിക്കാം. ഇന്ന് സംരക്ഷിക്കപ്പെടുന്ന ഓരോ തുള്ളി വെള്ളവും വരും തലമുറകളുടെ ഭാവിയിലേക്കുള്ള ഏറ്റവും വലിയ സ്വത്താണ്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യു.കെ.യിലെ ഗ്ലാസ്‌ഗോയിൽ കോമൺ‌വെൽത്ത് ഗെയിംസ് ആരംഭിച്ചു. രാജ്യത്തെ ഓരോ പൗരനും ഇന്ത്യൻ സംഘത്തിന് ആശംസകൾ നേരുന്നു. എല്ലാ കളിക്കാരും അത്‌ലറ്റുകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ജനങ്ങളുടെ ഹൃദയം കീഴടക്കുകയും ചെയ്യണമെന്ന് അവർ ആഗ്രഹിക്കുന്നു. സുഹൃത്തുക്കളേ, നമ്മുടെ യുവാക്കൾ സമീപകാലത്ത് കായികരംഗത്ത് നിരവധി ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ബാഡ്മിന്റണിൽ ജപ്പാൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി പി.വി.സിന്ധു മാറി. അവരുടെ നേട്ടത്തിൽ രാജ്യം ഒന്നടങ്കംഅഭിമാനിക്കുന്നു. ലണ്ടനിലെ ലോർഡ്‌സ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വിജയിച്ചു. ഇതൊരു ചരിത്ര വിജയമാണ്. 270 റൺസിന്റെ വലിയ വ്യത്യാസത്തിൽ നമ്മുടെ ടീം ഈ മത്സരം വിജയിച്ചു. എന്നാൽ അതു മാത്രമല്ല. ലോർഡ്‌സിന്റെ നീണ്ട ചരിത്രത്തിൽ വനിതാ ടീമിന് വേണ്ടിയുള്ള ആദ്യ ടെസ്റ്റ് മത്സരമായിരുന്നു ഇത്. 1983-ൽ ഭാരതം ക്രിക്കറ്റ് ലോകകപ്പ് ആദ്യമായി നേടിയത് ഈ ഗ്രൗണ്ടിലാണ്. ഇപ്പോൾ ഇതാ നമ്മുടെ സ്ത്രീശക്തി ഇവിടെ രാജ്യത്തിന്റെയശ്ശസ്സുയർത്തി.

സുഹൃത്തുക്കളേ, വളരെ അർത്ഥവത്തായ ചില ചെറിയ പരിശ്രമങ്ങളുണ്ട്. കേരളത്തിലെ എറണാകുളത്തെ സൗത്ത് ചിറ്റൂരിൽ അത്തരമൊരു കായിക സംരംഭത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കി. അവിടെ ഒരു സ്കൂളിൽ ഒരു സംസ്കൃതം ക്ലബ്ബ് ഉണ്ട്. അവിടത്തെ അധ്യാപകൻ, അഭിലാഷ് സംസ്കൃതത്തെ സവിശേഷമായ രീതിയിൽ ജനപ്രിയമാക്കുന്നു. ഈ പദ്ധതിയുടെ പേര് ‘അക്ഷരകംദുക’ എന്നാണ്. ഈ പദ്ധതിയിൽ, സംസ്കൃത അക്ഷരങ്ങളെ ഫുട്ബോളിൽ ഉപയോഗിക്കുന്ന വാക്കുകളുമായി ബന്ധിപ്പിച്ചുകൊണ്ട് ലളിതമായ രീതിയിൽ വിശദീകരിക്കുന്നു. ഇത് പഠനം ആസ്വാദ്യകരമാക്കുകയും കായികരംഗത്ത് ആളുകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കഴിഞ്ഞ ഞായറാഴ്ച, വിക്രം-1 ന്റെ വിജയകരമായ വിക്ഷേപണം ഓരോ പൗരനെയും അഭിമാനപുളകിതനാക്കി. ഇന്ത്യൻ ബഹിരാകാശ മേഖലയിലെ ഈ ചരിത്ര നിമിഷത്തിന് നാമെല്ലാവരും സാക്ഷിയായി. സ്വകാര്യ മേഖല വികസിപ്പിച്ചെടുത്ത ഭാരതത്തിലെ ആദ്യത്തെ റോക്കറ്റാണിത്. നമ്മുടെ യുവ ഇന്നോവേറ്റേഴ്സ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒന്ന് നേടിയെടുത്തു. അവർ വിസ്മയകരമായ കഴിവ്, അഭിനിവേശം, ക്ഷമ എന്നിവ പ്രകടിപ്പിച്ചു. വളരെക്കാലമായി, നമ്മുടെ ബഹിരാകാശ മേഖല സ്വകാര്യ മേഖലയ്ക്ക് നിഷിദ്ധമായിരുന്നു. ഈ മേഖലയിൽ താൽപ്പര്യമുള്ള നിരവധി യുവാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കാതെ പോയി. യുവാക്കളുടെ താൽപ്പര്യങ്ങൾ മുൻനിർത്തി, നമ്മൾ ബഹിരാകാശ മേഖല സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്തു. ഇന്ന്, ലോകം അതിന്റെ ഗുണഫലങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു.

സുഹൃത്തുക്കളേ, നമ്മുടെ യുവ സഹപ്രവർത്തകർ ശാസ്ത്രത്തിൽ ഭാരതത്തിന്റെ യശ്ശസ്സുയർത്തുന്നു. സയൻസ് ഒളിമ്പ്യാഡുകൾ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിൽ ഒന്നാണ്. ധാരാളം വിദ്യാർത്ഥികൾ അവയിൽ പങ്കെടുക്കുന്നു. ഈ മാസം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിൽ ഒളിമ്പ്യാഡുകൾ നടന്നു. ഈ മത്സരങ്ങളിൽ ഇന്ത്യൻ സംഘം മികച്ച പ്രകടനം കാഴ്ചവച്ചു. ഫിസിക്സ് ഒളിമ്പ്യാഡിൽ നമ്മുടെ അഞ്ച് വിദ്യാർത്ഥികളും സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി, ഭാരതം ഒന്നാം റാങ്ക് നേടി. കഴിഞ്ഞ ദശകത്തിൽ നടന്ന എല്ലാ ഫിസിക്സ് ഒളിമ്പ്യാഡുകളിലും, നമ്മുടെ രാജ്യത്ത് നിന്നുള്ള വിദ്യാർത്ഥികൾ സ്വർണ്ണമെഡലോ വെള്ളിമെഡലോ നേടിയിട്ടുണ്ട്. കെമിസ്ട്രി ഒളിമ്പ്യാഡിൽ, നമ്മുടെ എല്ലാ വിദ്യാർത്ഥികളും സ്വർണ്ണ മെഡലുകൾ നേടി. ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനമാണിത്. ബയോളജി ഒളിമ്പ്യാഡിൽ, നമ്മുടെ എല്ലാ വിദ്യാർത്ഥികളും മെഡലുകൾ നേടി. ഇതിൽ ഒരു സ്വർണ്ണ മെഡലുമുണ്ട്. മാത്തമാറ്റിക്സ് ഒളിമ്പ്യാഡിൽ, രണ്ട് സ്വർണ്ണവും നാല് വെള്ളി മെഡലുകളും നമ്മുടെ വിദ്യാർത്ഥികൾ സ്വന്തമാക്കി. രാജ്യത്തിന്റെ യുവശക്തിയിൽ എനിക്ക് അഭിമാനമുണ്ട്. ഒളിമ്പ്യാഡുകളുടെയും ഹാക്കത്തോണുകളുടെയും സംസ്കാരം ഭാരതത്തിൽ നിരന്തരം വളർന്നുവരുന്നത് കാണുന്നത് സന്തോഷകരമാണ്. രാജ്യത്ത് നിന്ന് കൂടുതൽ കൂടുതൽ യുവാക്കൾ ഇത്തരം വേദികളിൽ എത്തുകയുംവെന്നിക്കൊടി പാറിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, എന്തെങ്കിലും ചെയ്യാനുള്ള കഴിവും അഭിനിവേശവും ഉള്ളപ്പോൾ, എല്ലാ വഴികളും സുഗമമാകും. കശ്മീരിലെപരമ്പരാഗത പായയായ “വഗു”വിനായി ഇന്ന് നടക്കുന്ന പരിശ്രമങ്ങളിൽ ഇത് പ്രതിഫലിക്കുന്നു. ഇത് ഞാങ്ങണപുല്ലും വൈയ്ക്കോലും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഈ പായ നിർമ്മിക്കുന്ന പാരമ്പര്യത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. ആദ്യം, കശ്മീരിലെ ചതുപ്പുനിലങ്ങളിൽ നിന്നുള്ള പുല്ലും വയ്ക്കോലും ശേഖരിക്കുന്നു. വെയിലത്ത് ഉണക്കിയ ശേഷം അവ തരംതിരിക്കുന്നു, തുടർന്ന് കൈകൊണ്ട് നെയ്യുന്ന പ്രക്രിയയാണ്. ഒരു പായ നിർമ്മിക്കാൻ രണ്ട് കരകൗശല വിദഗ്ദ്ധർക്ക് ഏകദേശം നാല് ദിവസമെടുക്കും. ഈ പായ സവിശേഷവും പരിസ്ഥിതി സൗഹൃദവുമാണ്. വേനൽക്കാലത്ത് തണുപ്പും ശീതകാലത്ത് ചൂടും നൽകുന്നു എന്നതാണ് ഇതിന്റെ ഒരു പ്രധാന സവിശേഷത. മുമ്പ്, കശ്മീരിലെ എല്ലാ വീട്ടിലും ഇത് കാണപ്പെട്ടിരുന്നു, എന്നാൽ സമീപ വർഷങ്ങളിൽ, അതിന്റെ ഉപയോഗം കുറഞ്ഞു തുടങ്ങിയിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, ശ്രീനഗറിൽ നിന്നുള്ള ഗുലാം ഹുസൈനും മകൾ തൻസിലയും ഒരു പ്രതിജ്ഞയെടുത്തു. ‘വഗു’ കരകൗശല പാരമ്പര്യത്തിന് ഒരു പുതിയ ജീവൻ നൽകുന്നതിൽ ഇരുവരും പങ്കാളികളായി. ഗുലാം ഹുസൈൻ വളരെ സാധാരണ കുടുംബത്തിൽ നിന്നുള്ളയാളാണ്. ഈ ജോലിയിൽ അദ്ദേഹം നിരവധി വെല്ലുവിളികൾ നേരിട്ടു. എന്നാൽ ‘വഗു’ സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം അചഞ്ചലമായിരുന്നു. താമസിയാതെ നിരവധി ആളുകൾ അദ്ദേഹത്തിന്റെ പരിശ്രമത്തിൽ പങ്കുചേരാൻ തുടങ്ങി. ഗുലാം ഹുസൈൻ ഈ നൈപുണ്യം ജനങ്ങൾക്കിടയിൽ വ്യാപിപ്പിച്ചു. അദ്ദേഹത്തിന്റെ ദൗത്യത്തിൽ പ്രാദേശിക തലത്തിൽ സർക്കാർ പിന്തുണയും ലഭിച്ചു. ഇന്ന്, ‘വഗു’ അതിവേഗം ജനപ്രീതി നേടുകയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ഈ ശ്രമവുമായി ബന്ധപ്പെട്ട എല്ലാ ആളുകളെയും ഓർത്ത് എനിക്ക് വളരെ അഭിമാനമുണ്ട്. ഇന്ന്, നാമെല്ലാവരും പ്രാദേശിക ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വോക്കൽ ഫോർ ലോക്കൽ എന്ന മന്ത്രവുമായി നമ്മൾ മുന്നോട്ട് പോകുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, കശ്മീരിലെ ‘വഗു’ നിങ്ങളുടെ വീടിന്റെ ഭാഗമായി മാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചുകൂടേ?

സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്ത് ചായ വെറുമൊരു പാനീയമല്ല – അത് ആത്മബന്ധത്തിന്റെ പ്രതീകം കൂടിയാണ്. ദിവസത്തിന്റെ തുടക്കത്തിലായാലും, സുഹൃത്തുക്കളെ കണ്ടുമുട്ടുമ്പോളായാലും, കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കുമ്പോളായാലും, ചായ എല്ലാ അവസരങ്ങളുടെയും ഭാഗമായി മാറുന്നു. ചായയുമായുള്ള എന്റെ ബന്ധം നിങ്ങൾക്ക് നന്നായി അറിയാം. എന്നാൽ ഇന്ന് ഞാൻ സംസാരിക്കുന്ന ചായ രുചി നൽകുക മാത്രമല്ല, നിരവധി സഹോദരിമാരുടെ  ജീവിതത്തിലേക്ക് സ്വാശ്രയബോധത്തിന്റെ ഒരു പുതിയ സുഗന്ധം  പകരുകയും ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലെ ലഖിവാല ഗ്രാമത്തിലെ ഒരു സ്വയം സഹായ സംഘവുമായി ബന്ധപ്പെട്ട സ്ത്രീകൾ “വിദുർ പ്രേരണ സ്വദേശി ഹെർബൽ ടീ” തയ്യാറാക്കി. ഇതിൽ ഇഞ്ചിപ്പുല്ല്, ചിറ്റമൃത്, ഇരട്ടിമധുരം, തുളസി, പച്ചമഞ്ഞൾ, കറുവപ്പട്ട, ഏലം, പെരുംജീരകം തുടങ്ങിയ പ്രകൃതിദത്ത ചേരുവകൾ അടങ്ങിയിരിക്കുന്നു. അതിന്റെ സവിശേഷമായ രുചിയും ഗുണങ്ങളും കാരണം, ഈ ചായ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ജനപ്രീതി നേടി. പ്രയാഗ്‌രാജിലെ മഹാകുംഭിലും ഡൽഹിയിലെ അന്താരാഷ്ട്ര ഭക്ഷ്യമേളയിലും ഈ ഹെർബൽ ടീ വ്യാപക പ്രശംസ നേടി. വിദേശത്തു നിന്നുള്ള സന്ദർശകരും ഇതിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ, ഏറ്റവും പ്രചോദനാത്മകമായ വശം അതിന്റെ തുടക്കമാണ്. ഈ മുഴുവൻ ശ്രമവും ആരംഭിച്ചത് വെറും ഒരു ലക്ഷം രൂപയിലാണ്. ഇന്ന്, ഈ ബ്രാൻഡ് രാജ്യത്തുടനീളമുള്ള പ്രധാന സ്ഥാപനങ്ങളിലേക്ക് എത്തിയിരിക്കുന്നു. പ്രാദേശിക അറിവ്, പ്രകൃതി, സ്ത്രീകളുടെ ആത്മവിശ്വാസം എന്നിവ ഒത്തുചേരുമ്പോൾ, ഒരു ചെറിയ ശ്രമം പോലും വലിയ മാറ്റത്തിന്റെ തുടക്കമാകുമെന്ന് ഈ സംരംഭം നമ്മെ പഠിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന്, ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പെയിനിലൂടെ, രാജ്യത്തുടനീളമുള്ള ആളുകൾ പ്രകൃതിയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നു. സമൂഹം ഈ വികാരവുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ, നിരവധി മനോഹരവും പ്രചോദനാത്മകവുമായ ഉദാഹരണങ്ങൾ മുന്നിലെത്തുന്നു. സുഹൃത്തുക്കളേ, അഹമ്മദാബാദിൽ പൊതുജനപങ്കാളിത്തത്തിന്റെ അത്ഭുതകരമായ ശക്തി പ്രകടമായി. ഒരു മണിക്കൂറിനുള്ളിൽ ഭാഡജ് പ്രദേശത്ത് മൂന്നര ലക്ഷത്തിലധികം തൈകൾ നട്ടുപിടിപ്പിച്ചു, 25,000-ത്തിലധികം ആളുകൾ പങ്കെടുത്തു. സ്കൂൾ കുട്ടികൾ, എൻസിസി കേഡറ്റുകൾ, സന്നദ്ധപ്രവർത്തകർ, സാധാരണ പൗരന്മാർ എന്നിവരെല്ലാം ഈ ക്യാമ്പെയ്‌നിൽ പങ്കെടുത്തു. വരും വർഷങ്ങളിൽ, ഈ തൈകൾ ഒരു ഇടതൂർന്ന നഗര വനമായി മാറും. ഈ ശ്രമം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സുഹൃത്തുക്കളേ, ‘ഏക് പെഡ് മാ കേ നാം’ ക്യാമ്പെയ്‌നിന് കീഴിൽ, ജനശക്തിയുടെ അത്ഭുതകരമായ ദൃഢനിശ്ചയം ഉത്തർപ്രദേശിലും കണ്ടു. ജൂലൈ 12 ന് ഒറ്റ ദിവസം കൊണ്ട് 35കോടിയിലധികം തൈകൾ അവിടെ നട്ടുപിടിപ്പിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പാർലമെന്റ് അംഗം എന്ന നിലയിൽ, ഇത് എനിക്ക് പ്രത്യേക അഭിമാനമാണ്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മരങ്ങൾ മനുഷ്യർക്ക് മാത്രമല്ല; അവ എണ്ണമറ്റ ജീവജാലങ്ങൾക്കും ആവാസ കേന്ദ്രമാണ്. ഏകദേശം 60 വർഷത്തിനുശേഷം, ഇന്ത്യൻ ഗ്രേ ഹോൺബിൽ വീണ്ടും ഗുജറാത്തിലെ ഗിർ വനങ്ങളിൽ കൂടുകൂട്ടുന്നു. ഗിർ വനത്തിൽ വർഷങ്ങളായി നടന്നുവരുന്ന സംരക്ഷണ-പുനരുദ്ധാരണ ശ്രമങ്ങളുടെ ഫലമാണിത്. വേഴാമ്പലുകളെ വനങ്ങളുടെ കർഷകർ എന്ന് വിളിക്കുന്നു. അവ പഴങ്ങൾ തിന്നുകയും വിത്തുകൾ ദൂരെ വിതറുകയും ചെയ്യുന്നു, അതിൽ നിന്ന് കാട്ടിൽ പുതിയ മരങ്ങൾ വളരുന്നു. ഈ രീതിയിൽ, ഒരു പക്ഷി കാടിനെ വീണ്ടും പച്ചപ്പുള്ളതാക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ സവിശേഷസന്ദർഭങ്ങളെ പ്രകൃതിയുമായി ബന്ധിപ്പിക്കാൻ ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അമ്മയുടെ പേരിൽ ഒരു മരം നടുക. ഇന്ന് നട്ടുപിടിപ്പിക്കുന്ന ഒരു ചെറിയ തൈ; വരും തലമുറകൾക്ക് പച്ചപ്പും, ശുദ്ധവായുവും, മനോഹരമായ ഭാവിയും സ്വത്തായി സ്വരുക്കൂട്ടും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് പ്ലാസ്റ്റിക് മലിനീകരണം ലോകമൊട്ടാകെ പരിസ്ഥിതിക്ക് ഒരു വലിയ വെല്ലുവിളി ഉയർത്തുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. സിംഗിൾ യൂസ് പ്ലാസ്റ്റിക് മാലിന്യങ്ങൾ വർഷങ്ങളായി പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നു, അതിനാൽ പ്ലാസ്റ്റിക് ശരിയായ രീതിയിൽ സംസ്കരിക്കേണ്ടത് അത്യാവശ്യമാണ്. സുഹൃത്തുക്കളേ, ബിഹാറിലെ സീതാമഢിയിൽ ‘വേസ്റ്റ് ടു വെൽത്ത്’ എന്നതിന്റെ ഒരു ഉത്തമമായ ഉദാഹരണം ഉയർന്നുവന്നിട്ടുണ്ട്. ഇവിടെ, മാലിന്യങ്ങൾ പുനരുപയോഗിച്ച് ആകർഷകമായ ബെഞ്ചുകൾ നിർമ്മിക്കുന്നു. ഒരു ബെഞ്ച് നിർമ്മിക്കാൻ ഏകദേശം 40 കിലോഗ്രാം സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉപയോഗിക്കുന്നു. ശക്തവും, ഈടുനിൽക്കുന്നതും, സുഖകരവുമാകുന്നതിനു പുറമേ, ഇത് പരിസ്ഥിതി സൗഹൃദവുമാണ്. സർക്കാർ സ്കൂളുകളിലും, പാർക്കുകളിലും, പൊതുസ്ഥലങ്ങളിലും ഇത് സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധവും ജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരികയാണ്. പ്രാദേശിക യൂണിറ്റിനൊപ്പം, ജില്ലാ ഭരണകൂടത്തിനും ഈ ശ്രമത്തിൽ ഒരു പ്രധാന പങ്കുണ്ട്. ഇത് പ്രാദേശിക തലത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. റെഡ്യൂസ്, റീ-യൂസ്, റീസൈക്കിൾ എന്നത് ഇന്ന് ഒരു മുദ്രാവാക്യം മാത്രമല്ല, മറിച്ച് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണെന്ന് സീതാമഢിയുടെ ഈ ശ്രമം നമ്മോട് പറയുന്നു.

സുഹൃത്തുക്കളേ, കഴിഞ്ഞ തവണ “മൻ കി ബാത്തിൽ” ഞാൻ “ഗണേഷ് ഉത്സവ്” നെ കുറിച്ച് സംസാരിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാകും. നമ്മുടെ സ്വന്തം മണ്ണിൽ നിർമ്മിച്ച ഗണേശനെ ആരാധിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ചോ ഇറക്കുമതി ചെയ്ത ഗണേശ വിഗ്രഹങ്ങൾക്കോ പകരം, നമ്മുടെ വീടുകളിൽ നമ്മുടെ മണ്ണിൽ നിർമ്മിച്ച ഗണേശനെ സ്ഥാപിക്കണം. പലരും എനിക്ക് സന്ദേശങ്ങൾ അയയ്ക്കുകയും ഈ വിഷയത്തിൽ അവരുടെ ചിന്തകൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. എന്റെ അഭ്യർത്ഥനയ്ക്ക് അവർ നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്. നമ്മുടെ മണ്ണിൽ നിർമ്മിച്ച ഗണേശനെ സ്ഥാപിക്കാൻ അവർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഈ വിഷയം “മൻ കി ബാത്തിൽ” ഇതിനകം ചർച്ച ചെയ്തിട്ടുണ്ടെന്നും ശരിയായ സമയത്ത് ശരിയായ നടപടി സ്വീകരിക്കാൻ ഇത് അവരെ സഹായിച്ചുവെന്നും ആളുകൾ എഴുതിയിട്ടുണ്ട്. ഞാൻ വീണ്ടും എന്റെ അഭ്യർത്ഥന ആവർത്തിക്കുന്നു: ഇത്തവണ ഗണേശ പൂജയിൽ, നമ്മുടെ മണ്ണിൽ നിർമ്മിച്ച ഗണേശനെ നമ്മുടെ വീട്ടിൽ പ്രതിഷ്ഠിച്ച് ആരാധിക്കുക. ഈ ശ്രമം പ്രകൃതിയോടുള്ള ആരാധനയുടെ ഒരു രൂപമായിരിക്കും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഒരു വ്യക്തിയെക്കുറിച്ച് ഞാൻ ഇപ്പോൾ നിങ്ങളോട് പറയാം. അദ്ദേഹത്തെക്കുറിച്ച് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സും അഭിമാനപൂരിതമാകും. ശാസ്ത്ര, നൂതനാശയ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന, ആഗോളതലത്തിൽ അംഗീകാരം നേടിക്കൊണ്ടിരിക്കുന്ന, എന്നാൽ തന്റെ വേരുകളുമായി ആഴത്തിൽ ഉറച്ചുനിൽക്കുന്ന, അവസരം ലഭിക്കുമ്പോഴെല്ലാം തന്റെ മണ്ണിനെ ബഹുമാനിക്കാൻ ഒരിക്കലും മറക്കാത്ത ഒരു വ്യക്തി – മണിപ്പൂരിലെ ഡോ. റൊണാൾഡോ ലയ്ഷ്റാം. അദ്ദേഹത്തിന്റെ പേര് റൊണാൾഡോ എന്നാണ്, പക്ഷേ തൊഴിൽപരമായി അദ്ദേഹം ഒരു ആസ്ട്രോ ഫിസിസിസ്റ്റ് ആണ്. ജപ്പാനിൽ ജോലി ചെയ്യുന്ന അദ്ദേഹം, യുവ ഗ്യാലക്സികളുടെ ഒരു വലിയ കൂട്ടം കണ്ടെത്തിയ സംഘത്തിന്റെ ഭാഗമായിരുന്നു. അദ്ദേഹം എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് അറിയണോ? മണിപ്പൂരിലെ മനോഹരമായ ഒരു തടാകത്തിന്റെ പേരു ചേർത്ത് അദ്ദേഹം ഈ മുഴുവൻ ക്ലസ്റ്ററിനും ലോക്തക് പ്രോട്ടോ-ക്ലസ്റ്റർ എന്ന് പേരിട്ടത്. ലോക്തക് ഒരു വലിയ ശുദ്ധജല തടാകമാണ്. ലോക്തക് തടാകത്തിലെ പൊങ്ങിക്കിടക്കുന്ന ഫുംദികൾ ഒരു സവിശേഷ ഭൂപ്രകൃതി സൃഷ്ടിക്കുന്നു. ചെറിയ ദ്വീപുകൾ വിശാലമായ ഒരു സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്നതുപോലെയാണിത്. അതുപോലെ, പ്രപഞ്ചത്തിൽ, ഈ യുവ ഗ്യാലക്സികളും ഒരു വലിയ ഘടന സൃഷ്ടിക്കുന്നു. ഇന്ന്, മണിപ്പൂരിലെ ലോക്തക് ദേശീയ ഭൂപടത്തിൽ മാത്രമല്ല, വിശാലമായ പ്രപഞ്ചത്തിലും തിളങ്ങുന്നു. ഈ നേട്ടം ഓരോ ഭാരതീയനും അഭിമാനകരമാണ്. നമ്മുടെ യുവ സുഹൃത്തുക്കൾതങ്ങളുടെ പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ തന്നെ പുതിയ ഉയരങ്ങളിലെത്താൻ കഴിയുമെന്ന് ഇത് പഠിപ്പിക്കുന്നു. നക്ഷത്രലോകത്തെ പോലും പ്രകാശിപ്പിക്കാൻ കഴിയുന്ന വേരുകളാണിവ.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഏതാനും ദിവസങ്ങൾക്കുള്ളിൽ, ഓഗസ്റ്റ് 7 ന്, നമ്മുടെ രാജ്യം ‘ദേശീയ കൈത്തറി ദിനം’ ആഘോഷിക്കും. ഈ അവസരത്തിൽ, നമ്മുടെ നെയ്ത്തുകാരായ സഹോദരീ സഹോദരന്മാരുടെ കഴിവുകളും സർഗ്ഗാത്മകതയും നാം ആഘോഷിക്കുന്നു. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട പാരമ്പര്യങ്ങൾ ഈ സുഹൃത്തുക്കൾ മുന്നോട്ട് കൊണ്ടുപോകുന്നു. സുഹൃത്തുക്കളേ, കൈത്തറിയിൽ നിർമ്മിക്കുന്ന ഓരോ വസ്ത്രവും ഒരു പ്രദേശത്തിന്റെയും, ഒരു സമൂഹത്തിന്റെയും, അതുമായി ബന്ധപ്പെട്ട എണ്ണമറ്റ ആളുകളുടെയും കഥ വെളിച്ചത്തു കൊണ്ടുവരുന്നു. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം അഭിമാനത്തോടെ സംരക്ഷിക്കുന്ന ആളുകളാണ് ഇവർ. ഈ ദിവസം, കരകൗശല വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നമ്മുടെ നെയ്ത്തുകാരായ സുഹൃത്തുക്കളെ ആദരിക്കാൻ ഞാൻ നിങ്ങളോടെല്ലാവരോടും അഭ്യർത്ഥിക്കുന്നു. വോക്കൽ ഫോർലോക്കലിന്റെ ആത്മാവിനെ നമുക്ക് കൂടുതൽ ശക്തിപ്പെടുത്താം.

സുഹൃത്തുക്കളേ, ഇന്ന് രാജ്യത്ത് കൈത്തറി പ്രോത്സാഹിപ്പിക്കപ്പെടുന്ന രീതി, നിരവധി ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നു. പോച്ചംപള്ളി മുതൽ പട്ന വരെയും കുത്താംപള്ളി മുതൽ കച്ച് വരെയും ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഇന്ന്, നമ്മുടെ മഹത്തായ കൈത്തറി പാരമ്പര്യത്തിന് പുതിയ ഊർജ്ജവും ഐഡന്റിറ്റിയും നൽകുന്ന നിരവധി വ്യക്തികളും ഗ്രൂപ്പുകളും ഉണ്ട്. ചിലർ പോച്ചംപള്ളി ഇകത്തിന്റെ മനോഹരമായ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നു, മറ്റുള്ളവർ കമ്പിളി ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സ്ത്രീ നെയ്ത്തുകാരെ ഒന്നിപ്പിക്കുന്നു. ചിലർ കേരളത്തിലെ പരമ്പരാഗത കസവു കലയെ സംരക്ഷിക്കുന്നു. ഇത് നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും തൊഴിൽ നൽകുന്നു.
സുഹൃത്തുക്കളേ, ഞാൻ പ്രത്യേകം പരാമർശിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു വിഷയം ഖാദിയാണ്. മഹാത്മാഗാന്ധിക്ക് ഖാദി വളരെ പ്രിയപ്പെട്ടതായിരുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഖാദി വളരെ ജനപ്രിയമായി. കഴിഞ്ഞ 12 വർഷങ്ങൾക്കുള്ളിൽ അതിന്റെ വിൽപ്പന ആറ് മടങ്ങ് വർദ്ധിച്ചു. ഈ വിൽപ്പന ഇപ്പോൾ ₹8,000 കോടിയോടടുത്തെത്തി. വരാനിരിക്കുന്ന ഉത്സവങ്ങളിൽ ഖാദി, കൈത്തറി, അല്ലെങ്കിൽ കരകൗശല ഉൽപ്പന്നങ്ങൾ വാങ്ങാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഭാരതത്തിൽ എത്ര തരം സംഗീതോപകരണങ്ങൾ ഉണ്ടെന്ന് നിങ്ങളോട് ചോദിച്ചാൽ, നിങ്ങൾ അത്ഭുതപ്പെടും. കാരണം, നമുക്ക് ധാരാളം സംഗീതോപകരണങ്ങളും അവയുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളും ഉണ്ട്. അത്തരമൊരു ഉപകരണമാണ് ത്രിപുരയിലെ ‘ചോങ്‌പ്രെങ്’. അവിടത്തെ ആദിവാസി സമൂഹങ്ങൾക്കിടയിൽ ഇത് വളരെ ജനപ്രിയമാണ്. മുളകൊണ്ട് നിർമ്മിച്ച ഈ ഉപകരണത്തിന് മൂന്ന് തന്ത്രികളുണ്ട്. ഇതിൽനിന്നുയരുന്ന ഈണം വളരെ ശ്രുതിമധുരമാണ്, അത് സരോദിന് സമാനമാണ്. ചില കാരണങ്ങളാൽ, യുവാക്കൾക്കിടയിൽ അതിന്റെ ജനപ്രീതി കുറയാൻ തുടങ്ങിയിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, സൂരജ് കുമാർ ദേബ് ബർമ ഇത് വീണ്ടും ജനപ്രിയമാക്കാൻ തീരുമാനിച്ചു. ഇന്ന് അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഫലം കാണുന്നുണ്ട്. ചോങ്‌പ്രെങ്ങിനൊപ്പം, ആ സ്ഥലത്തെ മറ്റ് പരമ്പരാഗത സംഗീതോപകരണങ്ങളിലും അദ്ദേഹം പരിപാടി അവതരിപ്പിക്കുന്നുണ്ട്. കോക്‌ബോറോക്ക് നാടൻ പാട്ടുകൾ, ബൗൾ ഗാനങ്ങൾ, ബംഗാളി നാടൻ പാട്ടുകൾ എന്നിവ അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്. ഇപ്പോൾ ഞാൻ നിങ്ങൾക്കായി ഒരു ചെറിയ ക്ലിപ്പ് പ്ലേ ചെയ്യാൻ ആഗ്രഹിക്കുന്നു. ഈ സംഗീതം നിങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

സുഹൃത്തുക്കളേ, ഇത് കേട്ടപ്പോൾ നിങ്ങൾക്ക് വളരെ സന്തോഷം തോന്നി എന്ന് എനിക്ക് ഉറപ്പുണ്ട്. ദേബ് ബർമയെക്കുറിച്ച് എനിക്ക് വളരെ അഭിമാനമുണ്ട്. പരമ്പരാഗത സംഗീതത്തെ ജനപ്രിയമാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ അഭിനന്ദനീയമാണ്. നിങ്ങളുടെ ചുറ്റുമുള്ള പരമ്പരാഗത സംഗീത ഉപകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ശ്രമങ്ങൾ തീർച്ചയായും മറ്റുള്ളവരെ പരമ്പരാഗത ഇന്ത്യൻ സംഗീതവുമായി ബന്ധിപ്പിക്കും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നാളെ, ജൂലൈ 27, ഭാരതരത്ന ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ചരമവാർഷികമാണ്. ഡോ. കലാമിന്റെ വ്യക്തിത്വത്തിന് പ്രചോദനാത്മകമായ നിരവധി വശങ്ങളുണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ ഹൃദയത്തോട് ഏറ്റവും അടുപ്പമുള്ളത് അദ്ധ്യാപകൻ എന്ന റോളായിരുന്നു. കുട്ടികളെയും യുവാക്കളെയും വലിയ സ്വപ്നങ്ങൾ കാണാൻ അദ്ദേഹം പ്രേരിപ്പിച്ചു. യാദൃശ്ചികം എന്നുപറയട്ടെ, ഈ ആഴ്ച നമ്മൾ ‘ഗുരു പൂർണിമ’ എന്ന പുണ്യോത്സവം ആഘോഷിക്കും. നമ്മുടെ മാതാപിതാക്കളാണ് നമ്മുടെ ആദ്യ ഗുരുക്കന്മാർ. സ്കൂൾ അധ്യാപകർ നമ്മെ അക്ഷരം പഠിപ്പിക്കുന്നു. അത്തരം എല്ലാ ഗുരുക്കന്മാർക്കും നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാണ് ഗുരു പൂർണിമ. രാജ്യത്തെ എല്ലാ അധ്യാപകരെയും മുതിർന്നവരെയും ഞാൻ ആദരപൂർവ്വം അഭിവാദ്യം ചെയ്യുന്നു.

സുഹൃത്തുക്കളേ, ഏതാനും ആഴ്ചകൾക്കുള്ളിൽ നമ്മുടെ സ്വാതന്ത്ര്യദിനമെന്ന മഹത്തായ ഉത്സവവും നാം ആഘോഷിക്കും. ഓഗസ്റ്റ് 15 ഓരോ ഭാരതീയനും അഭിമാനിക്കുന്ന ദിവസമാണ്. ഭാരതമാതാവിന്റെ സ്വാതന്ത്ര്യത്തിനായി സർവ്വവും സമർപ്പിച്ച എണ്ണമറ്റ വീരന്മാരെ ഓർമ്മിക്കേണ്ട ദിവസമാണിത്. അവരുടെ ത്യാഗത്തിന്റെയും തപസ്സിന്റെയും ഫലമായി, ഇന്ന് നമ്മുടെ കൈകളിൽ ത്രിവർണ്ണ പതാകയുണ്ട്. നമ്മുടെ ഭരണഘടനയുടെ ആദർശങ്ങൾ ഈ ത്രിവർണ്ണ പതാക ഉൾക്കൊള്ളുന്നു.

സുഹൃത്തുക്കളേ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, “ഹർ ഘർ തിരംഗ” ക്യാമ്പയിൻ, രാജ്യമൊട്ടാകെയുള്ള ജനങ്ങളെ ഒരു അത്ഭുതകരമായ വികാരത്തോടെ ഒന്നിപ്പിച്ചു. ത്രിവർണ്ണ പതാകയുടെ ആഘോഷം എല്ലാ വീട്ടിലും, എല്ലാ തെരുവുകളിലും ദൃശ്യമാണ്. ഈ വർഷവും, “ഹർ ഘർ തിരംഗ” കാമ്പയിൻ പൂർണ്ണ ആവേശത്തോടെ മുന്നോട്ട് കൊണ്ടുപോകണം. നമ്മുടെ വീടുകളിൽ ത്രിവർണ്ണ പതാക പൂർണ്ണ ബഹുമാനത്തോടെ ഉയർത്തണം.

സുഹൃത്തുക്കളേ, എല്ലാ വർഷവും ഓഗസ്റ്റ് 15 ന് മുമ്പ്, നിങ്ങൾ എനിക്ക് നിരവധി ആശയങ്ങളും നിർദ്ദേശങ്ങളും അയയ്ക്കാറുണ്ട്. ഈ വർഷവും, ദയവായി MyGov-ൽ നിങ്ങളുടെ ചിന്തകൾ പങ്കിടുക. നിങ്ങളുടെ നിർദ്ദേശങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നു.

സുഹൃത്തുക്കളേ, ഇന്നത്തെ “മൻ കി ബാത്തിൽ” ഇത്രമാത്രം. നമ്മുടെ നാട്ടുകാരുടെ നിരവധി നേട്ടങ്ങളും പ്രചോദനാത്മകമായ ശ്രമങ്ങളുമായി അടുത്ത മാസം നമ്മൾ വീണ്ടും ഒത്തുചേരും. അതുവരെ, ഞാൻ വിട ചോദിക്കുന്നു. വളരെ നന്ദി, നമസ്കാരം.
-SK-
***