Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യു.പി. മുഖ്യമന്ത്രിക്കൊപ്പം വരള്‍ച്ചയും ജലക്ഷാമവും വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം

യു.പി. മുഖ്യമന്ത്രിക്കൊപ്പം വരള്‍ച്ചയും ജലക്ഷാമവും വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം


ഉത്തര്‍പ്രദേശിലെ വരള്‍ച്ചയും ജലക്ഷാമവും സംബന്ധിച്ചു ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ. അഖിലേഷ് യാദവും പങ്കെടുത്തു. ഉയര്‍ന്ന കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥര്‍ സംബന്ധിച്ചിരുന്നു. ചര്‍ച്ചയ്ക്കു തുടക്കമിട്ട പ്രധാനമന്ത്രി, വരള്‍ച്ച നിമിത്തം ജനങ്ങള്‍ നേരിടേണ്ടിവരുന്ന ദുരിതങ്ങള്‍ക്കു പരിഹാരം കാണാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കി. വരള്‍ച്ചയില്ലാതാക്കാന്‍ മധ്യകാല, ദീര്‍ഘകാല പരിഹാരങ്ങള്‍ തേടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റിമോട്ട് സെന്‍സിങ്ങും സാറ്റലൈറ്റ് ഇമേജിങ്ങും പോലുള്ള സാങ്കേതികവിദ്യകള്‍ ജലസംരക്ഷണത്തിനും മറ്റും ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രസക്തി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശാസ്ത്രീയ ഉപദേശങ്ങള്‍ക്കു വിധേയമായി കൃഷിരീതികളില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത, ഡ്രിപ്, സ്പ്രിങ്ക്‌ളര്‍ നന രീതികള്‍ ഉപയോഗപ്പെടുത്തല്‍, ജലോപയോഗം ഫലപ്രദമാക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ സാമൂഹികപങ്കാളിത്തം ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. നഗരങ്ങളില്‍നിന്നുള്ള അഴുക്കുവെള്ളം ശുദ്ധീകരിച്ചു തൊട്ടടുത്ത സ്ഥലങ്ങളില്‍ കൃഷിക്ക് ഉപയോഗപ്പടുത്തണമെന്നു പ്രധാനമന്ത്രി പറഞ്ഞു. ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ വെള്ളം വിതരണം ചെയ്യുന്നത് ജി.പി.എസ്. സംവിധാനത്തിലൂടെ നിരീക്ഷിക്കണമെന്നും ശ്രീ. നരേന്ദ മോദി പറഞ്ഞു.

വരുന്ന മണ്‍സൂണില്‍ എങ്ങനെ മഴവെള്ളം വിജയകരമായി സംഭരിക്കാമെന്നും യോഗം ചര്‍ച്ച ചെയ്തു. മഴവെള്ളം തിരികെ നദികളിലെത്തിക്കലും ചെക് ഡാമുകളും മറ്റു ജലസംഭരണസംവിധാനങ്ങളും ഒരുക്കലുമൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടു.

വരള്‍ച്ച നിമിത്തം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരാന്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ധരിപ്പിച്ചു. ബുന്ദേല്‍ഖണ്ഡില്‍ കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കല്‍, തൊഴിലവസരം സൃഷ്ടിക്കല്‍, കന്നുകാലികള്‍ക്കു വെള്ളവും കാലിത്തീറ്റയും ലഭ്യമാക്കല്‍, ഇടക്കാലത്തേക്കും ദീര്‍ഘകാലത്തേക്കുമായുള്ള പ്രശ്‌നപരിഹാരം തേടല്‍ എന്നിവ ഇതില്‍ പെടുന്നു. പ്രധാനമന്ത്രി ഫസല്‍ ബീമ യോജന നടപ്പാക്കാനുള്ള പ്രാഥമിക നടപടികള്‍ കൈക്കൊണ്ടതായും അദ്ദേഹം അറിയിച്ചു.

കുളങ്ങള്‍ ഉള്‍പ്പെടെ 78,000 ജലാശയങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള കര്‍മപദ്ധതിയെക്കുറിച്ചു യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു. പുതുതായി ഒരു ലക്ഷം ജലാശയങ്ങള്‍ യാഥാര്‍ഥ്യമാക്കാനും പദ്ധതിയുണ്ട്. എം.ജി.എന്‍.ആര്‍.ഇ.ജി.എ.,പ്രധാനമന്ത്രി കൃഷി സീഞ്ചായ് യോജന തുടങ്ങിയ പദ്ധതികളില്‍നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ഇതു സാധ്യമാക്കുക.

ദേശീയ ദുരിതാശ്വാസ ഫണ്ടി(എന്‍.ഡി.ആര്‍.എഫ്.)ല്‍നിന്ന് സംസ്ഥാനത്തിന് 934.32 കോടി രൂപ അനുവദിച്ചു. 2015-16ല്‍ സംസ്ഥാന ദുരിതാശ്വാസ ഫണ്ടി(എസ്.ഡി.ആര്‍.എഫ്.)നു കേന്ദ്രവിഹിതമായി അുവദിച്ച 506.25 കോടിക്കു പുറമേയാണിത്. 2016-17ലേക്ക് എസ്.ഡി.ആര്‍.എഫിലേക്കുള്ള വിഹിതമായി 265.87 കോടി രൂപ വേറെയും അനുവദിച്ചു.

2015-16 റാബി സീസണില്‍ കൂടുതല്‍ സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് മെയ് അഞ്ചാം തീയതി കേന്ദ്രഗവണ്‍മെന്റിനു സംസ്ഥാന ഗവണ്‍മെന്റ് അപേക്ഷ നല്‍കിയിരുന്നു. നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി താമസമില്ലാതെ ധനസഹായം അനുവദിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

ബുന്ദേല്‍ഖണ്ഡ് പാക്കേജ് പ്രകാരം തുക നല്‍കുന്നതിനു കൈക്കൊണ്ട നടപടികളെക്കുറിച്ച് നീതി ആയോഗ് പ്രതിനിധികള്‍ വിശദീകരിച്ചു.

ഇത്തരമൊരു യോഗത്തിനു മുന്‍കയ്യെടുത്തതിനു പ്രധാനമന്ത്രിയെ മുഖ്യമന്ത്രി നന്ദി അറിയിച്ചു. ബുന്ദേല്‍ഖണ്ഡ് മേഖലയുള്‍പ്പെടെ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ ഗുരുതരാവസ്ഥ കണക്കിലെടുക്കുമ്പോള്‍ ഇത്തരമൊരു യോഗം വിളിച്ചുകൂട്ടിയതു സ്വാഗതാര്‍ഹമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രവും സംസ്ഥാനവും ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്ന തീരുമാനത്തോടെയാണു യോഗം സമാപിച്ചത്.