Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രബീന്ദ്രനാഥ ടാഗോറിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷമായി പ്രധാനമന്ത്രിയും സ്വീഡൻ പ്രധാനമന്ത്രിയും പ്രത്യേക പാരിതോഷികങ്ങൾ കൈമാറി


സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നോബൽ സമ്മാനജേതാവ് ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന്റെ പൈതൃകം ആഘോഷിക്കുന്ന പ്രത്യേക സ്മരണികാസമ്മാനങ്ങൾ കൈമാറി.

സ്വീഡൻ പ്രധാനമന്ത്രി ക്രിസ്റ്റേഴ്സൺ നൽകിയ സമ്മാനത്തിൽ ഗുരുദേവ് രബീന്ദ്രനാഥ ടാഗോർ സ്വന്തം കൈപ്പടയിൽ എഴുതിയ രണ്ടു സൂക്തങ്ങളുടെ പകർപ്പുകൾ അടങ്ങിയ പെട്ടിയും, ഹ്രസ്വമായ വിശദീകരണക്കുറിപ്പും 1921-ൽ അദ്ദേഹം ഉപ്സാല സർവകലാശാല സന്ദർശിച്ച വേളയിൽ എടുത്ത ചിത്രവും ഉൾപ്പെടുന്നു. സ്വീഡന്റെ ദേശീയ ചരിത്രരേഖകളിൽനിന്ന് അടുത്തിടെ കണ്ടെത്തിയ ഇവയുടെ യഥാർഥ രേഖകൾ, 1921-ലും 1926-ലും ഗുരുദേവ് ടാഗോറിന്റെ സ്വീഡൻ സന്ദർശനവേളയിൽ തയ്യാറാക്കിയവയാണ്.

പ്രധാനമന്ത്രി മോദി, രബീന്ദ്രനാഥ ടാഗോറിന്റെ തെരഞ്ഞെടുത്ത കൃതികളുടെ സമാഹാരവും, പ്രാദേശിക കരകൗശല വിദഗ്ധരെ ശാക്തീകരിക്കുന്നതിനായി ഗുരുദേവ് തെരഞ്ഞെടുത്ത രൂപഭംഗികളുള്ള, ശാന്തിനികേതനിൽനിന്നുള്ള സവിശേഷമായ കൈത്തറി ബാഗും പ്രധാനമന്ത്രി ക്രിസ്റ്റേഴ്സണു സമ്മാനിച്ചു. കല എന്നതു ഗ്യാലറികളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ലെന്നും, മറിച്ച്, ബുദ്ധിപരമായ ചിന്തകളും പ്രായോഗിക ഉപയോഗങ്ങളും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കി, ദൈനംദിന വസ്തുക്കൾക്കു ജീവൻ നൽകാനുള്ളതാണെന്നുമുള്ള ടാഗോറിന്റെ തത്വശാസ്ത്രത്തെയാണ് ഈ ബാഗ് സൂചിപ്പിക്കുന്നത്.

1913-ൽ നോബൽ സമ്മാനം സ്വീകരിക്കുന്നതിനായി ഗുരുദേവ് ടാഗോറിനു സ്വീഡനിലേക്കു യാത്ര ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും, 1921-ൽ അദ്ദേഹം സ്വീഡൻ സന്ദർശിച്ചപ്പോൾ ഗുസ്താവ് അഞ്ചാമൻ രാജാവ് അദ്ദേഹത്തെ സ്വീകരിച്ചിരുന്നു. ഈ സമ്മാനങ്ങൾ ഇന്ത്യയും സ്വീഡനും തമ്മിലുള്ള പൊതുവായ സാംസ്കാരിക-ബൗദ്ധിക പൈതൃകത്തെ അടയാളപ്പെടുത്തുകയും രബീന്ദ്രനാഥ ടാഗോറിന്റെ ശാശ്വതപൈതൃകത്തിന് ആദരമർപ്പിക്കുകയും ചെയ്യുന്നു. ഗുരുദേവ് 1926-ൽ സ്വീഡനിൽ നടത്തിയ ചരിത്രപരമായ സന്ദർശനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചാണ് സമ്മാനങ്ങളുടെ ഈ കൈമാറ്റം.

***

SK