Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യത്താകമാനമുള്ള ആശ, എ.എന്‍.എം., അംഗന്‍വാടി വര്‍ക്കര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


നിങ്ങളോടു സംവദിക്കാനുള്ള എന്റെ ആദ്യത്തെ ശ്രമമാണ് ഇത്. രാജ്യത്തിലെ എല്ലാ ബ്ലോക്കില്‍നിന്നും നിങ്ങള്‍ എന്നോടു നേരിട്ടു സംവദിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആശ വര്‍ക്കര്‍മാരും അംഗന്‍വാടി വര്‍ക്കര്‍മാരും എ.എന്‍.എമ്മുമാരും രാഷ്ട്രനിര്‍മാണത്തിന്റെ മുന്നണിപ്പോരാളികള്‍ ആണ്. നിങ്ങളെക്കൂടാതെ ആരോഗ്യകരമായ മാതൃസംരക്ഷണത്തെക്കുറിച്ചു ചിന്തിക്കാന്‍ പോലും സാധിക്കില്ല. രാജ്യത്തിന്റെ അടിത്തറയും ഭാവിയും കരുത്തേറിയതാക്കുന്നതില്‍ നിങ്ങള്‍ നിര്‍ണായക പങ്കു വഹിക്കുന്നു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. ഓരോ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയുടെ ചുമതല നിങ്ങള്‍ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. പോഷകാഹാരവും ശരിയായ വിധമുള്ള ഭക്ഷണവുമാണ് ആദ്യഘടകം. രണ്ടാമത്തേതു പ്രതിരോധ കുത്തിവെപ്പും മൂന്നാമത്തേത് ശുചിത്വവും ആണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കു മുന്‍കാലങ്ങളില്‍ അറിവ് ഉണ്ടായിരുന്നില്ല എന്നോ ഈ ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍ നേരത്തേ ഉണ്ടായിരുന്നില്ല എന്നോ അര്‍ഥമില്ല. സ്വാതന്ത്ര്യാനന്തരം ഇത്തരം കാര്യങ്ങളില്‍ പല നടപടികളും കൈക്കൊണ്ടിട്ടുണ്ട് ഉണ്ടെങ്കിലും അവയൊന്നും വിജയം കണ്ടില്ല. വിഭവശേഷി കുറഞ്ഞ രാജ്യങ്ങള്‍ പോലും ഇത്തരം കാര്യങ്ങളില്‍ നമ്മേക്കാള്‍ മുന്നിലാണ്. അവ നമ്മെക്കാള്‍ എത്രയോ മികച്ച നിലയിലാണ്. ഈ ദുഃസ്ഥിതി പരിഹരിക്കുന്നതിനായി നാം 2014ല്‍ പുതിയ തന്ത്രം ആരംഭിച്ചു.

മിഷന്‍ ഇന്ദ്രധനുഷ് എന്താണെന്നു നിങ്ങള്‍ക്കെല്ലാം അടുത്തറിയാമല്ലോ. ഈ പദ്ധതി പ്രകാരം രാജ്യത്തു വിദൂര പ്രദേശങ്ങളിലും പിന്നോക്ക മേഖലകളിലും ഉള്ള കൊച്ചുകുട്ടികള്‍ക്കു പ്രതിരോധ കുത്തിവെപ്പു നല്‍കാന്‍ പദ്ധതിയിട്ടു. നിങ്ങള്‍ ഈ പദ്ധതി വളരെയധികം മുന്നോട്ടു കൊണ്ടുപോവുകയും 85 ലക്ഷം ഗര്‍ഭിണികള്‍ക്കു പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ സൗകര്യമൊരുക്കുകയും ചെയ്തു. കിഴക്കന്‍ ഇന്ത്യയിലും കിഴക്കന്‍ ഉത്തര്‍പ്രദേശിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് അറിയാം, അവിടങ്ങളിലെ കുട്ടികള്‍ക്കു മസ്തിഷ്‌ക ജ്വരം പിടികൂടാനുള്ള സാധ്യത ഏറെയാണെന്ന്. അത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പ്രാപഞ്ചിക പ്രതിരോധ കുത്തിവെപ്പു പദ്ധതിയുടെ ഭാഗമായി ജപ്പാന്‍ ജ്വരത്തിന് എതിരെയുള്ളത് ഉള്‍പ്പെടെ അഞ്ചു പുതിയ കുത്തിവെപ്പു മരുന്നുകള്‍ വികസിപ്പിച്ചെടുത്തു. രണ്ടും വര്‍ഷം മുമ്പ് ‘പ്രധാനമന്ത്രി സുരക്ഷിത മിത്ര അഭിയാന്‍’ ആരംഭിച്ചു. പ്രസ്തുത പദ്ധതി നടപ്പാക്കുന്നതില്‍ നിങ്ങളുടെ സംഭാവന ഏറെക്കൂടുതലാണ്. നിങ്ങള്‍ എന്റെ കൂട്ടാളികള്‍ ആണ്. പണ്ടു പറയാറുണ്ട് ദൈവത്തിനു മാത്രമേ ആയിരം കൈകള്‍ ഉള്ളൂ എന്ന്. ആയിരം കൈകള്‍ ഉണ്ടാവില്ല എന്നതാണു സത്യം. ദൈവത്തിന് ആയിരം കൈകള്‍ ഉണ്ട് എന്നു പറഞ്ഞതിന്റെ അര്‍ഥം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദൈവത്തിനൊപ്പം അഞ്ഞൂറു പേര്‍ ഉണ്ടായിരുന്നു എന്നാണ്. ആയിരത്തിനു പകരം ലക്ഷക്കണക്കിനു കൈകള്‍ തനിക്ക് ഉണ്ടെന്ന് ഇന്നു പ്രധാനമന്ത്രിക്കു വേണമെങ്കില്‍ പറയാം.

സുഹൃത്തുക്കളേ,

ആരോഗ്യം പോഷണവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ഒരാള്‍ എന്തു കഴിക്കണം, എങ്ങനെ കഴിക്കണം എന്നതു മാത്രമല്ല പോഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശുചിത്വവും പ്രതിരോധ കുത്തിവെപ്പും പ്രധാനമാണ്. ചെറിയ പ്രായത്തിലുള്ള വിവാഹവും ഇതിന് ഒരു പ്രധാന കാരണമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടാവും. വിവാഹവും ഗര്‍ഭധാരണവും ശരിയായ പ്രായത്തില്‍ ആയിരിക്കണം. പ്രായം തെറ്റിയുള്ള ഗര്‍ഭധാരണം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു ഭീഷണിയാകാം.

ഭക്ഷണത്തിനു മുമ്പ് ഏതു വിധത്തില്‍ കൈ കഴുകുന്നു എന്നതൊക്കെ പോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങളെല്ലാം പരിഗണിച്ച് ഈ വര്‍ഷം രാജസ്ഥാനിലെ ഝുന്‍ഝുനുവില്‍ വെച്ച് ദേശീയ പോഷണ ദൗത്യത്തിനു തുടക്കമിട്ടു. വ്യക്തമായ ലക്ഷ്യത്തോടുകൂടിയ പദ്ധതിയാണ് അത്. അതൊരു വലിയ വെല്ലുവിളിയാണ്. എന്നാല്‍, അതു ഞാന്‍ തനിച്ച് ഏറ്റെടുക്കുന്ന ഒന്നല്ല. നിങ്ങളില്‍ ഉള്ള വിശ്വാസമാണ് ഇത്തരമൊരു വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യം പകര്‍ന്നത്. നിങ്ങള്‍ ശേഷി തെളിയിച്ചിട്ടുണ്ട്. ഇനിയും അതു പ്രകടിപ്പിക്കുകയും ചെയ്യും. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ആ വലിയ വെല്ലുവിളി ഏറ്റെടുത്തത്. എല്ലാ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇടയില്‍ പോഷണ്‍ മിഷന്റെ ലക്ഷ്യങ്ങള്‍ ശരിയാംവണ്ണം നിറവേറ്റുന്നതില്‍ നാം വിജയിക്കുന്നപക്ഷം ലക്ഷക്കണക്കിനു പേരുടെ ജീവന്‍ രക്ഷിക്കപ്പെടും. അതു രാജ്യത്തിന്റെ വികസനത്തിന് ഊര്‍ജം പകരും.

വെള്ളത്തില്‍ മുങ്ങിത്താഴ്ന്നവരെ മറ്റു ചിലര്‍ രക്ഷപ്പെടുത്തി എന്നു നാം കേള്‍ക്കാറുണ്ട്. രക്ഷപ്പെടുത്തിയ വ്യക്തി അതോടെ ആ പ്രദേശത്തു പ്രശസ്തനായിത്തീരുന്നു. ഓടിയെത്തുന്ന തീവണ്ടിക്കു മുന്നില്‍ പെട്ടുപോയ വ്യക്തിയെ മറ്റു ചിലര്‍ രക്ഷപ്പെടുത്തിയതായും നാം കേള്‍ക്കാറുണ്ട്. ഈ വാര്‍ത്ത എല്ലാ ടെലിവിഷന്‍ ചാനലുകളും വര്‍ത്തമാന പത്രങ്ങളും ഫ്‌ളാഷ് ചെയ്യും. അതേസമയം, കഠിനാധ്വാനം ചെയ്തും ത്യാഗം ചെയ്തും ഏകാഗ്രതയോടെ പ്രവര്‍ത്തിച്ചും നിങ്ങള്‍ ഓരോ ദിവസവും നിഷ്‌കളങ്കരായ കൊച്ചുകുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നു. ഒരു ഡോക്ടര്‍ തന്റെ ജീവിതത്തില്‍ ഉടനീളം എത്രയോ പേരുടെ ജീവന്‍ രക്ഷിക്കുന്നുണ്ട്. എനിക്കു തോന്നുന്നു, അശ വര്‍ക്കര്‍മാരും അംഗന്‍വാടി വര്‍ക്കര്‍മാരും അതിലേറെ ജീവനുകള്‍ രക്ഷിക്കുന്നുണ്ടെന്ന്.

ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനായി സേവനം അര്‍പ്പിക്കുകയും ഈ പോഷണമാസം വിജയിപ്പിക്കാനായി കഠിനാധ്വാനം നടത്തുകയും ചെയ്യുന്ന 24 ലക്ഷത്തിലേറെ വര്‍ക്കര്‍മാരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഇന്നാണ് അതിനുള്ള അവസരം എനിക്കു ലഭിച്ചത്. പ്രവര്‍ത്തനം വിജയിപ്പിക്കുന്നതില്‍ നിങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍, നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്നിവ കേള്‍ക്കാന്‍ ഞാന്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണ്. പദ്ധതികളുടെ ന്യൂനതകള്‍ പരിഹരിക്കാന്‍ അവ സഹായകമാകും. ദിവസം മുഴുവന്‍ ശീതീകരിച്ച മുറികളില്‍ കഴിയുന്ന ഞങ്ങളെപ്പോലെയുള്ളവര്‍ക്കു നിങ്ങള്‍ നിത്യവും പ്രവര്‍ത്തനരംഗത്തു നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ല. രാജ്യത്തുള്ളവര്‍ മുഴുവന്‍ നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍, ലക്ഷക്കണക്കിനു സഹോദരിമാര്‍ക്കും വര്‍ക്കര്‍മാര്‍ക്കും നിങ്ങളുടെ അനുഭവത്തില്‍നിന്നു പാഠം ഉള്‍ക്കൊള്ളാന്‍ സാധിക്കും. അതുകൊണ്ടാണ് നിങ്ങള്‍ പറയുന്നതു കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.