പിഎം ഇന്ത്യ
റോഡ് ഗതാഗത ഹൈവേ മേഖലയില്‍ ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഉഭയകക്ഷി സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയവും യു.എ.ഇ.യുടെ ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും തമ്മിലാകും ധാരണാപത്രത്തില്‍ ഒപ്പിടുക.
അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ഗതാഗത കാര്യക്ഷമത കൂട്ടുന്നതിനും വഴിയൊരുക്കുന്നതാണ് നിര്‍ദ്ദിഷ്ട ധാരണാപത്രം. രാജ്യത്ത് സുരക്ഷിതവും, ലാഭകരവും, കാര്യക്ഷമവും, പരിസ്ഥിതി സൗഹാര്‍ദ്ദവുമായ ഗതാഗത സംവിധാനം പരിപോഷിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. കൂടാതെ ഈ രംഗത്തെ ഉഭയകക്ഷി സഹകരണത്തിനുള്ള ഒരു വ്യവസ്ഥാപിത സംവിധാനത്തിന് രൂപം നല്‍കാനും ഇരു രാജ്യങ്ങളെയും ധാരണാപത്രം സഹായിക്കും.
ധാരണാപത്രത്തിന്റെ സവിശേഷതകള്‍ :
1. റോഡ് മാര്‍ഗ്ഗമുള്ള യാത്രാ ചരക്ക് ഗതാഗതത്തിനുള്ള സാങ്കേതിക വിദ്യകള്‍, നയങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണം ഉടപ്പാക്കല്‍.
2. റോഡുകളുടെയും ഹൈവേകളുടെയും നിര്‍മ്മാണത്തിലും പരിപാലനത്തിലും അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതിക വിദ്യ ഗുണനിലവാരം എന്നിവയുടെ ആസൂത്രണവും കൈകാര്യം ചെയ്യലും.
3. മികച്ച റോഡ് സുരക്ഷിതത്വ പദ്ധതികള്‍ വികസിപ്പിച്ചെടുക്കല്‍, റോഡ് അപകടങ്ങളില്‍ ജീവഹാനിയും, പരിക്കേല്‍ക്കലും പരമാവധി കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് രൂപം നല്‍കല്‍.
4. ടോള്‍ പിരിവിന് ഇലക്‌ട്രോണിക് സാങ്കേതിക വിദ്യ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം.
5. റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണത്തില്‍ നൂതന സാങ്കേതികവിദ്യകള്‍ കൈമാറലും, സംയുക്ത ഗവേഷണവും.
6. തടസമില്ലാത്ത ചരക്ക് നീക്കം ഉറപ്പാക്കുന്നതിനും അതുവഴി സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത് പോലെയുള്ള മൂല്യവര്‍ദ്ധിത സേവനങ്ങളില്‍ പരസ്പര സഹകരണം.