പിഎം ഇന്ത്യ
മന്ത്രിസഭയിലെ എന്റെ സഹപ്രവര്ത്തകന് രാധാമോഹന്‍ സിംഗ്ജി, ഉത്തര്‍പ്രദേശിലെ ജനകീയനും വിജയശ്രീലാളിതനും തീഷ്ണമതിയുമായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്ജി, ജപ്പാന് ഗവണ്മെന്റിന്റെ അസിസ്റ്റന്റ് ഡപ്യൂട്ടി മന്ത്രി തകാമി നകാഡ്ജി, ഇസ്രയേല്‍ അംബാസിഡര്‍ മയ കഡോഷ്ജി, കൃഷി ശാസ്ത്രജ്ഞരെ, മറ്റ് വിശിഷ്ടാതിഥികളെ, ഉത്തര്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ സന്നിഹിതരായിരിക്കുന്ന എന്റെ പ്രിയപ്പെട്ട കര്‍ഷക സഹോദരി സഹോദരന്മാരെ,
പ്രയാഗ്രാജിലെ അര്‍ദ്ധ കുംഭമേളയ്ക്ക് ഇനിയും ഏതാനും മാസങ്ങള്‍ കൂടിയുണ്ട്. എന്നാല്‍ യുപിയില്‍ മറ്റൊരു കുംഭ് ഇന്നു മുതല്‍ ആരംഭിച്ചു കഴിഞ്ഞു. ഉത്തര്‍ പ്രദേശിന്റെ വിവിധ വിവിധ മേഖലകളില്‍ നിന്നായി ഏകദേശം 50000 കൃഷിക്കാരും ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള അനേകം ശാസ്ത്രജ്ഞരും സംരംഭകരും ലക്നോവില്‍ നടക്കുന്ന ഈ കാര്‍ഷിക കുംഭിന്റെ ഭാഗമായി മാറിയിരിക്കുകയാണ്്. ഞാന്‍ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. യുപിയില്‍ നിന്നുള്ള ലോക്സഭാംഗം എന്ന നിലയ്ക്ക് നിങ്ങളുടെ വികസന യാത്രയില്‍ എല്ലായ്പ്പോഴും നിങ്ങള്‍ക്ക് ഒപ്പം നില്ക്കുക എന്നത് എന്റെ ചുമതലയാണ്.
ഒരു വലിയ കാര്‍ഷിക മേള സംഘടിപ്പിക്കുന്നതിനെ കുറിച്ച് ഏതാനും മാസം മുമ്പു നടന്ന കൃഷി ഉന്നതി മേളയില്‍ ഞാന്‍ നിര്‍ദ്ദേശം വച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ കൃഷി കുംഭ്മേള. ഇതിനായി പ്രയത്നിച്ച യോഗിജിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ സംഘാംഗങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ സംരംഭവുമായി സഹകരിച്ച ജപ്പാന്റെയും ഇസ്രയേലിന്റെയും ഗവണ്മെന്റുകളെയും ഞാന്‍ കൃതജ്ഞത അറിയിക്കുന്നു. ഇതില്‍ പങ്കാളിയായിരിക്കുന്ന ഹരിയാനയ്ക്കും ഇതിന്റെ വലിയ പ്രയോജനം ലഭിക്കും.
സുഹൃത്തുക്കളെ,
കുംഭ് എന്ന വാക്ക് എവിടെയെല്ലാം ചേരുന്നുവോ, അതോടെ ആ സംഭവത്തിന്റെ പ്രസക്തി പതിന്മടങ്ങു വര്‍ധിക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ആശയങ്ങളുടെ ആന്തരിക പ്രവാഹവും മാനവികതയുടെ പ്രകടനവുമാണ് കുംഭ്. കൃഷി കുംഭ് ഈ പാരമ്പര്യത്തെ നിലനിര്‍ത്തും എന്നു ഞാന്‍ വിശ്വസിക്കുന്നു. അടുത്ത മൂന്നു ദിവസങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യയുടെയും അവസരങ്ങളുടെയും പുതിയ പാതകള്‍ ഇവിടെ നിന്ന് തുറക്കുമെന്നു ഞാന്‍ കരുതുന്നു.
സുഹൃത്തുക്കളെ,
കൃഷിക്കാര്‍ക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനും കൃഷിയുമായി ബന്ധപ്പെട്ട യന്ത്രങ്ങളെ പരിചയപ്പെടുത്താനുമായി ഏകദേശം 200 സ്റ്റാളുകള്‍ ഈ മേളയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. കൃഷിയില്‍ ഉന്നത നിലവാരം ഉറപ്പാക്കുന്നതിന് ഓരോ കൃഷിക്കാരനും ഈ അവസരം പ്രയോജനപ്പെടുത്തുമെന്നും ഞാന്‍ കരുതുന്നു.
സുഹൃത്തുക്കളെ,
രാജ്യത്ത് എല്ലായിടത്തും ഉള്ളതാണ് ഖാരിഫ് സീസണ്. ഈ കാലത്ത് എല്ലാ കര്‍ഷക സഹോദരങ്ങളും തിരക്കിലായിരിക്കും. ഇക്കുറി ഈ സീസണില്‍ ഒരു റെക്കോഡ് ഉത്പാദനമാണ് നാം പ്രതീക്ഷിക്കുന്നത്. രാജ്യത്തെ മൊത്തം ഭക്ഷ്യധാന്യത്തിന്റെ 20 ശതമാനവും യുപിയിലെ കഠിനാധ്വാനികളായ കൃഷിക്കാരാണ് ഉത്പാദിപ്പിക്കുന്നത്്. ആ നിലയ്ക്കും നിങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. രാജ്യത്തെ എല്ലാ കാര്‍ഷിക നാട്ടു ചന്തകളിലും നിങ്ങള്‍ ഉത്പാദിപ്പിക്കുന്ന അരിയും പയറുവര്‍ഗ്ഗങ്ങളും ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ വാങ്ങുന്നുണ്ട്. ഉത്തര്‍ പ്രദേശിന്റെ എല്ലാ മേഖലകളിലും തന്നെ ഇതിനുള്ള വലിയ ക്രമീകരണങ്ങള്‍ ചെയ്തിട്ടുള്ളതായി എനിക്ക് അറിയാന്‍ സാധിച്ചു. ഇക്കുറി പുതിയ താങ്ങുവില അടിസ്ഥാനമാക്കിയുള്ള വിലയാണ് നിങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്കു ലഭിക്കുക. നിങ്ങള്‍ അറിഞ്ഞു കാണും 21 വിളകളുടെ താങ്ങുവിലയില്‍ ചരിത്രത്തിലുണ്ടായിട്ടില്ലാത്ത വര്‍ധനയാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. അതായത് കൃഷിക്കാരന് മുടക്കുന്ന തുകയുടെ 50 ശതമാനം എങ്കിലും ലാഭം ഉത്പ്പന്നം വില്ക്കുമ്പോള് അയാള്‍ക്കു ലഭിക്കണം എന്നതാണ് തീരുമാനിച്ചിരിക്കുന്നത്.
സുഹൃത്തുക്കളെ,
യുപിയിലെ കൃഷിക്കാര്‍ ഉത്പാദനത്തില്‍ റെക്കോഡ് വര്‍ധന ഉണ്ടാക്കിയപ്പോള്‍ യോഗി ഗവണ്മെന്റ് ഈ ഉത്പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ റെക്കോഡുകള്‍ ഭേദിക്കുന്നു. ഞാന്‍ യോഗിജിയുടെ ഗവണ്മെന്റിനെ അഭിനന്ദിക്കുകയാണ്.
കഴിഞ്ഞ ഗവണ്മെന്റ് കൃഷിക്കാരില്‍ നിന്നു സംഭരിച്ചത് വെറും 7-8 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പാണ്. എന്നാല്‍ ഈ ഗവണ്മെന്റ് വാങ്ങിയിരിക്കുന്നതോ 50-55 മെട്രിക് ടണ്‍ ഗോതമ്പും. അതായത് കൃഷിക്കാര്‍ക്ക് കൂടുതല്‍ ആദായം ലഭിക്കുന്നതിനായി ഭാരതീയ ജനതാ പാര്‍ട്ടിയുടെ യോഗി ഗവണ്മെന്റ് 7-8 ഇരട്ടി ഉത്പ്പന്നമാണ് സംഭരിച്ചിരിക്കുന്നത്. അതിനുമുപരി ഇടനിലക്കാരെ ഒഴിവാക്കുന്നതിന് ഇതത്രയും ഇ – ഊപ്പര്ജന് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷിക്കാരില്‍ നിന്നു നേരിട്ടാണ് സംഭരിച്ചതും.
സുഹൃത്തുക്കളെ,
ഈ മാറ്റം ഗോതമ്പിന്റെയും നെല്ലിന്റെയും കാര്യത്തില്‍ മാത്രമല്ല, കരിമ്പിന്റെ കാര്യത്തിലും ദൃശ്യമാണ്. ഈ സീസണില്‍ മാത്രം 27000 കോടി രൂപയാണ് കരിമ്പു കര്‍ഷകര്‍ക്കു നല്‍കിയത്. അതിനുമുപരി അവരുടെ കുടിശികയായ 11000 കോടിയും നല്കി. പഞ്ചസാരമില്ലുകള്‍ വരുത്തിയ കടവും കൂടി കൊടുത്തു തീര്‍ക്കാന്‍ യോഗിജിയുടെ ഗവണ്മെന്റു ശ്രമിക്കുന്നു എന്നാണു ഞാന്‍ മനസിലാക്കുന്നത്. ഇതാദ്യമായി കൃഷിക്കാരില്‍ നിന്ന് ഉരുളക്കിഴങ്ങു കൂടി വാങ്ങാന്‍ യുപി ഗവണ്മെന്റു തീരുമാനിച്ചിരിക്കുന്നു എന്നറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഉരുളക്കിഴങ്ങിന് ഒരിക്കല്‍ പോലും നല്ല വില ലഭിക്കാത്ത കൃഷിക്കാര്‍ക്ക് തീര്‍ച്ചയായും ഇത് വലിയ സഹായമാകും.
സുഹൃത്തുക്കളെ,
ഇപ്രകാരം ഗ്രാമങ്ങളും ഗ്രാമീണ കര്‍ഷകരും നമ്മുടെ സാമ്പത്തിക ആസൂത്രണത്തിന്റെ സുപ്രധാന ഘടകങ്ങളായി മാറുന്നു. ഉത്തര്‍ പ്രദേശ് ഗവണ്മെന്റിന്റെ ഈ നടപടികള്‍ എല്ലാം കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ്. ഞങ്ങളുടെ വ്യക്തമായ ബോധ്യം അനുസരിച്ച് കൃഷിക്കാരാണ് ഈ രാജ്യത്തെ മുന്നോട്ട് നയിക്കുന്നത്. അതിനാല്‍ കൃഷിക്കാരുമായും കാര്‍ഷിക മേഖലയുമായും ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സമഗ്രമായ പരിഹാരം കാണാനാണ് ഈ ഗവണ്മെന്റ് പരിശ്രമിക്കുക. കൃഷിക്കാരുടെ ഓരോ ചെറിയ പ്രശ്നങ്ങളും പരിഹരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
സുഹൃത്തുക്കളെ,
രാജ്യം സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികം അടയാളപ്പെടുത്തുന്ന 2022 ല്‍ ഇവിടുത്തെ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കാന്‍ ഈ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. കുറഞ്ഞ മുതല്‍ മുടക്ക്, പരമാവധി ലാഭം എന്ന നയം പിന്തുടര്ന്ന്, കൃഷിയില്‍ നാം ശാസ്ത്ര സാങ്കേതിക വിദ്യ മനോഹരമായി സമഞ്ജസിപ്പിച്ചിരിക്കുകയാണ്. വിത്തു മുതല്‍ വിപണി വരെ എന്ന ശക്തമായ സംവിധാനവും രാജ്യത്ത് നടപ്പിലാക്കി കഴിഞ്ഞു. ഗ്രാമ ചന്തകളുടെ നവീകരണം മുതല്‍ മണ്ണിന്റെ ആരോഗ്യ കാര്‍ഡു വരെയുള്ള വിവിധ നടപടികളാണ് വ്യത്യസ്ത മേഖലകളിലായി നടപ്പിലാക്കി വരുന്നത്. രാജ്യമെമ്പാടുമുള്ള കൃഷിക്കാര്‍ക്കായി 16 കോടിയിലധികം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. ഇതില്‍ മൂന്നു കോടി കാര്‍ഡുകള്‍ വിതരണം ചെയ്തിരിക്കുന്നത് ഉത്തര്‍ പ്രദേശിലാണ്. മണ്ണിനു യോജിച്ച വിള ഏതെന്നും ഏതു വിളയ്ക്ക് എത്ര വളം നല്‍കണം എന്നും മനസിലാക്കാന്‍ ഈ കാര്‍ഡ് കൃഷിക്കാരനെ സഹായിക്കുന്നു.
സുഹൃത്തുക്കളെ,
മണ്ണിന്റെ ഫലപുഷ്ടിയും സ്വഭാവഗുണങ്ങളും നിലനിര്‍ത്താന്‍ ജൈവ കൃഷിയാണ് നാം പ്രോത്സാഹിപ്പിക്കുന്നത്. രാജ്യത്തിന്റെ ആവശ്യകത അനുസരിച്ച് ഉത്പാദനം വര്‍ധിപ്പിക്കാന്‍ മാലിന്യങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വളങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ കൃഷിക്കാരെ നാം പ്രോത്സാഹിപ്പിക്കുന്നു. യൂറിയ പോലെ ആവശ്യാനുസരണമുള്ള വളങ്ങളുടെ ലഭ്യതയും നാം ഉറപ്പാക്കിയിട്ടുണ്ട്. ജലസേചന സൗകര്യങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. വന്‍കിട ജലസേചന പദ്ധതികള്‍ക്കുപരി, ജലസേചനത്തിനുള്ള പുത്തന്‍ സാങ്കേതിക വിദ്യകളും നാം പ്രോത്സാഹിപ്പിക്കുന്നു. ഓരോ തുള്ളിക്കും കൂടുതല്‍ വിളവ് എന്നതാണ് നാം കൃഷിക്കാരെ ബോധവത്ക്കരിക്കുന്നത്. തുള്ളി നന, തളി നന പോലുള്ള ആധുനിക ജലസേചന സംവിധാനങ്ങളും നമ്മുടെ ജലസേചന സംവിധാനത്തിന്റെ ഭാഗമായിരിക്കുന്നു.
ആധുനിക ജലസേചന സാങ്കേതിക വിദ്യയില്‍ പ്രാഗത്ഭ്യം ഇസ്രയേലിനാണ്. അതേസമയം കാര്‍ഷിക സാങ്കേതിക വിദ്യയില്‍ മേല്‍ക്കൈ ജപ്പാനുമാണ്. അതിനാല്‍ കാര്‍ഷിക കുംഭിന്റെ പങ്കാളികള്‍ എന്ന നിലില്‍ ഈ രണ്ടു രാജ്യങ്ങളുടെയും പ്രാഗത്ഭ്യത്തില്‍ നിന്ന് കഴിയുന്നത്ര അറിവുകള്‍ സ്വായത്തമാക്കാന്‍ പോവുകയാണ് നിങ്ങള്‍.
സുഹൃത്തുക്കളെ,
നിലവിലുള്ള ഡീസല്‍ വൈദ്യുതി പമ്പുകള്‍ എല്ലാം നാം സൗരോര്‍ജ്ജ പമ്പുകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. കാരണം ജലസേചന സംവിധാനത്തിലെ പ്രധാന ഘടകം പമ്പുകളാണ്. അതുകൊണ്ടാണ് ഈ മേഖലയില്‍ കൂടുതല്‍ പരിശ്രമങ്ങള്‍ നാം നടത്തുവാന്‍ പോകുന്നത്. ഡീസല്‍, വൈദ്യുതി പമ്പുകള്‍ സൗരോര്‍ജ്ജ പമ്പുകളാക്കി മാറ്റാനുള്ള വന്‍ പ്രചാരണമാണ് നാം നടത്തി വരുന്നത്. രാജ്യത്തെ 28 ലക്ഷം കൃഷിക്കാരുടെ കൃഷിയിടങ്ങളില്‍ അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ സൗരോര്‍ജ്ജ പമ്പുകള്‍ സ്ഥാപിക്കപ്പെടും. കൃഷിക്ക് സൗജന്യമായി വൈദ്യുതി ലഭിക്കമെന്നുമാത്രമല്ല, മിച്ചം വരുന്ന വൈദ്യുതി വിറ്റ് അവര്‍ക്കു പണവും നേടാം.
സുഹൃത്തുക്കളെ,
ഒരുകാലത്ത് രാജ്യത്തിന്റെ അന്നദാതാക്കള്‍ അഥവ ഭക്ഷ്യധാന്യ ഉത്പാദകര്‍ ആയിരുന്ന കൃഷിക്കാരന് ഇന്ന് രാജ്യത്തെ ഊര്‍ജ്ജ ഉത്പാദകര്‍ അല്ലെങ്കില്‍ ഊര്‍ജ്ജദാതാവ് ആയി മാറാനുള്ള കഴിവുണ്ടായിരിക്കുന്നു.
സുഹൃത്തുക്കളെ,
ഇത് സത്യത്തില്‍ കൃഷിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. ഏതാനും ദിവസങ്ങള്‍ മുമ്പ് ഞാന്‍ ഗുജറാത്തില്‍ പോയിരുന്നു. അവിടെ ഒരു ഗ്രാമത്തില്‍ ഏതാനും കൃഷിക്കാര്‍ ചേര്‍ന്ന് അവരുടെ വയലില്‍ സൗരോര്‍ജ്ജ പാനലുകളും സൗരോര്‍ജ്ജ പമ്പുകളും സ്ഥാപിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. അവര്‍ സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. വയലുകളില്‍ സൗരോര്‍ജ്ജ പമ്പുകളാണ് അവര്‍ ഉപയോഗിക്കുന്നത്. അത് അവരുടെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നു. മാത്രവുമല്ല പ്രതിവര്‍ഷം വൈദ്യുതി വിറ്റ് 50000 രൂപ അവര്‍ നേടുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
ശാസ്ത്രനേട്ടങ്ങള്‍ പരമാവധി കൃഷിക്കാരില്‍ എത്തിക്കുന്നതിനാണ് ഗവണ്മെന്റ് വളരെ ഗൗരവമായി പരിശ്രമിച്ചുവരുന്നത്. ഗവേഷണ കേന്ദ്രങ്ങളില്‍ ശാസ്ത്രജ്ഞരെയും കൃഷിക്കാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വിത്തുകള്‍, ഗവേഷണ പഠനങ്ങളിലൂടെ ലഭിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ പരമാവധി ചുരുങ്ങിയ സമയത്തിനുള്ളില്‍ കൃഷിക്കാരില്‍ എത്തിക്കുക എന്നതാണ് ഇതു വഴി ലക്ഷ്യമിടുന്നത്. ഇതിനായി ഏകദേശം 700 കൃഷി വിജ്ഞാന് കേന്ദ്രങ്ങളാണ് രാജ്യത്തുടനീളം സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ കൃഷിയുമായി ബന്ധപ്പെട്ട ആധുനിക സ്ഥാപനങ്ങളും ആരംഭിച്ചിട്ടുണ്ട്. വാരാണസിയില്‍ ഒരു നെല്ലു ഗവേഷണ കേന്ദ്രവും തുടങ്ങി കഴിഞ്ഞു. കാര്ഷികോത്പ്പന്നങ്ങള്ക്കും മൂല്യ വര്‍ധിത ഉത്പ്പന്നങ്ങള്‍ക്കും പരമാവധി വില ഉറപ്പാക്കാന്‍ ഗവണ്മെന്റ് പരിശ്രമിച്ചു വരികയാണ്. ഭക്ഷ്യ സംസ്കരണ മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം നടത്താന്‍ ഗവണ്മെന്റ് അനുവദിച്ചിട്ടുണ്ട്. തക്കാളി നേരിട്ടു വിറ്റാല്‍ ലഭിക്കുന്നതിനെക്കാള്‍ എത്രയോ കൂടുതല്‍ വില കിട്ടും അത് തക്കാളി സോസാക്കി കുപ്പികളില്‍ വിറ്റാല്‍. മാങ്ങാ നേരിട്ടു വില്‍ക്കുന്നതിനെ അപേക്ഷിച്ച് മാങ്ങാ അച്ചാറിനാണ് പ്രിയം. ഇതാണ് മൂല്യ വര്‍ധനവ്. തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ മൂല്യ വര്‍ധനവിനായി 500 കോടി രൂപയാണ് നാം ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതു യുപിയിലെ ഉരുളക്കിഴങ്ങു കൃഷിക്കാര്‍ക്കു വലിയ സഹായമാകും. കാര്ഷി മേഖലയില്‍ കൂടുതല്‍ മൂലധന നിക്ഷേപത്തിനുള്ള അവസരങ്ങള്‍ ഇതു തുറക്കും. ഇതു ഉത്തര്‍ പ്രദേശിനാണ് വലിയ നേട്ടമാവുക. യുപിയില്‍ നടന്ന നിക്ഷേപ സംഗമത്തില്‍ 16000 കോടി രൂപയുടെ വ്യവസായ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട വയ്ക്കപ്പെട്ടത്. ഇതു മുഴുവന്‍ ഭക്ഷ്യ സംസ്കരണ മേഖലയിലാണ്. ഇതില്‍ തന്നെ 3500 കോടി വീതം മുതല്‍ മുടക്കുള്ള 14 പദ്ധതികള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
സുഹൃത്തുക്കളെ,
ഈ നടപടികളെല്ലാം കൃഷി ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാം തുടങ്ങിയിരിക്കുന്നത്. കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഇതു കൂടാതെയും വിവിധ നടപടികള്‍ നാം സ്വീകരിച്ചിട്ടുണ്ട്. ഹരിത വിപ്ലവത്തിന്റ വിജയത്തിനു ശേഷം ധവള വിപ്ലവത്തിന്റെ, മധുരവിപ്ലവത്തിന്റെ, നീലവിപ്ലവത്തിന്റെ വീഥികളിലൂടെ നാം മുന്നേറുകയായിരുന്നു. ക്ഷീരോത്പ്പാദനത്തില്‍ നാം റെക്കോഡുകള്‍ സൃഷ്ടിച്ചു. അതുപോലെ തേന്‍ ഉത്പാദനത്തില്‍, മുട്ട ഉത്പാദനത്തില്‍, മത്സ്യം ഉത്പാദനത്തില്‍ എല്ലാം നാം നേട്ടങ്ങള്‍ കൈവരിച്ചു.
മത്സ്യ ഉത്പാദനവുമായി ബന്ധപ്പെട്ട്, രാജ്യത്തെ മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്കായി കേന്ദ്ര ഗവണ്മെന്റ് ഒരു വന്‍ പദ്ധതി തയാറാക്കിയിരിക്കുന്നു. ഇതു പ്രകാരം 7500 കോടിയുടെ പുതിയ സാമ്പത്തിക സഹായമാണ് അവര്‍ക്ക് അനുവദിച്ചിരിക്കുന്നത്.
സുഹൃത്തുക്കളെ,
നിങ്ങള്‍ കൃഷിക്കാര്‍, കാര്‍ഷിക വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങി ഇവിടെ കൃഷികുംഭക്ക് എത്തിയിരിക്കുന്ന എല്ലാവരും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളാണ്. അതിനു കാരണം വരും ദിനങ്ങളില്‍ അതിവേഗം വളരുന്ന നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ സുപ്രധാന സ്വാധീനമാണ് സൃഷ്ടിക്കാന്‍ പോകുന്നത്്. അതിനാല്‍ നിങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്ന് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകള്‍ ചര്‍ച്ച ചെയ്യണം എന്നാണ് എന്റെ അഭ്യര്‍ഥന. എങ്ങിനെ വളപ്രയോഗം ലഘൂകരിക്കാം, കുറച്ചു വെള്ളം കൊണ്ട് എങ്ങിനെ കൂടുതല്‍ സ്ഥലം നനയ്ക്കാം, എങ്ങിനെ നമ്മുടെ സംഭരണശാലകള്‍ നവീകരിക്കാം. റോബോട്ടുകള്‍, ഡ്രോണുകള്‍ തുടങ്ങിയവയെ എങ്ങിനെ കൃഷിയില്‍ ഉപയോഗപ്പെടുത്താം തുടങ്ങിയ വിഷയങ്ങള്‍ നിങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യണം.
കൂടാതെ, സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എങ്ങിനെ കാര്‍ഷികാവശിഷ്ടങ്ങള്‍ സമ്പത്താക്കി മാറ്റാം, മാലിന്യത്തെ എങ്ങിനെ പണമാക്കി മാറ്റാന്‍ സാധിക്കും തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യണം. കൃഷിക്കു മുമ്പും വിളവെടുപ്പിനു ശേഷവും വയലിലുള്ള ഒരു വസ്തുവും ഉപയോഗശൂന്യമല്ല എന്നറിയുക. കൃഷിയടവുമായി ബന്ധപ്പെട്ടതെല്ലാം പൊന്നാണ്. കൃഷിക്കാര്‍ വയലിനെ ഫലപ്രദമായി ഉപയോഗിച്ചാല്‍ പിന്നെ ഒന്നും ഉപയോഗശൂന്യമല്ല. പാഴ് വസ്തുക്കളില്‍ നിന്നും നമുക്കു പണം നേടാം. ഈ ദിശയില്‍ കുറച്ചു കൂടി ഫലപ്രദമായി നാം പ്രവര്‍ത്തിക്കണം. കാര്‍ഷിക മാലിന്യങ്ങള്‍ കത്തിച്ചു കളയാതിരിക്കാന്‍ ഗവണ്മെന്റ് 50 -80 ശതമാനം വരെ സൗജന്യം നല്കി വരുന്നു. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള പരിഹാര മാര്‍ഗ്ഗങ്ങളിലൂടെ, കൃഷിയിട മാലിന്യങ്ങള്‍ കത്തിച്ചു കളയുന്നത് നിര്‍ബന്ധമായും നമ്മുടെ കൃഷിക്കാര്‍ അവസാനിപ്പിക്കണം. ഇതു പരിസ്ഥിതിയെ സംരക്ഷിക്കും.
അടുത്ത മൂന്നു ദിവസങ്ങളില്‍ ഇത്തരത്തിലുളള വിഷയങ്ങളെ കുറിച്ച് ഫലപ്രദമായ ചര്‍ച്ചകള്‍ നടക്കുമെന്നും കൃഷി ലാഭകരമാക്കാനും മൂല്യ വര്‍ധനവ് നടത്താനുമുള്ള മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ കണ്ടെത്തുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ അവരുടെ ആവശ്യാനുസരണം പുതിയ പരീക്ഷണങ്ങള്‍ എങ്ങിനെ നടത്താം എന്നതിനായിരിക്കണം ചര്‍ച്ചകള്‍ ഊന്നല്‍ നല്‍കേണ്ടത്.
രാജ്യത്തിനാകമാനവും പ്രത്യേകിച്ച് ഉത്തര്‍ പ്രദേശിനും ഈ കൃഷി കുംഭ് കാര്‍ഷിക മേഖലയില്‍ പുതിയ ദിശാബോധം പകരും എന്നു ഞാന്‍ കരുതുന്നു. ഈ പ്രതീക്ഷയോടെ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഒരിക്കല്‍ കൂടി ആശംസകള്‍ നേരുന്നു.
നന്ദി.
***
Addressing the Krishi Kumbh, a commendable initiative of the UP Government. Watch. https://t.co/XUXr5EPcmw
— Narendra Modi (@narendramodi) October 26, 2018