Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോകസഭാ സ്പീക്കറായി ഓം ബിര്‍ല തിരഞ്ഞെടുക്കപ്പെട്ടതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു


സഭയുടെ ഉന്നത പാരമ്പര്യങ്ങള്‍ക്കനുസൃതമായി ശ്രീ. ഓം ബിര്‍ലയെ 17-ാം ലോകസഭയുടെ സ്പീക്കറായി ഐകകണ്‌ഠേന തിരഞ്ഞെടുത്തതിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വാഗതം ചെയ്തു.

ലോകസഭയില്‍ തന്റെ പ്രസംഗത്തിനിടെ ശ്രീ. ഓം ബിര്‍ലയെ അഭിനന്ദിച്ചുകൊണ്ട്, ഇത്രയും അതിവിശിഷ്ട വ്യക്തിത്വമുള്ള ഒരാളെ സഭയുടെ സ്പീക്കറായി ലഭിച്ചതില്‍ എല്ലാ അംഗങ്ങള്‍ക്കും അഭിമാന മുഹൂര്‍ത്തമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഒരു വിദ്യാര്‍ത്ഥി നേതാവായി തുടക്കമിട്ട് വര്‍ഷങ്ങളായി പൊതുരംഗത്തുള്ള ശ്രീ. ഓം ബിര്‍ല സമൂഹത്തെ നിരന്തരം സേവിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ കോട്ടയുടെ പരിവര്‍ത്തനത്തിനും സര്‍വ്വതോമുഖമായ വികസനത്തിനും ശ്രീ. ബിര്‍ല വഹിച്ച പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറുമായുള്ള തന്റെ ദീര്‍ഘനാളത്തെ പരിചയവും പ്രധാനമന്ത്രി അനുസ്മരിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് കച്ചിലും, വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേദാര്‍നാഥിലും നടന്ന പുനര്‍ നിര്‍മ്മാണ യത്‌നങ്ങളിലും ശ്രീ. ഓം ബിര്‍ലയുടെ സംഭാവനകളും, സമര്‍പ്പിത സേവനവും അദ്ദേഹം എടുത്ത് പറഞ്ഞു. സഹാനുഭൂതിയുള്ള ഒരു നേതാവിനെയാണ് 17-ാം ലോകസഭയ്ക്ക് സ്പീക്കറായി ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഭാനടപടികള്‍ സുഗമമായി നടത്തിക്കൊണ്ട് പോകാന്‍ അംഗങ്ങളുടെ പൂര്‍ണ്ണസഹകരണം സ്പീക്കര്‍ക്ക് ലഭിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.