പിഎം ഇന്ത്യ
ലോക സുസ്ഥിരവികസന ഉച്ചകോടിയുടെ 2018ലെ സമ്മേളനം (ഡബ്ല്യൂ. എസ്.ഡി.എസ് 2018) നാളെ (2018 ഫെബ്രുവരി 16) ന്യൂ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഊര്‍ജ്ജ വിഭവ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എനര്‍ജി ആന്റ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്-ടി.ഇ.ആര്‍.ഐ) ഫ്‌ളാഗ്ഷിപ്പ് ഫോറമാണ് ഡബ്ല്യൂ. എസ്.ഡി.എസ്. സുസ്ഥിരവികസനം, ഊര്‍ജ്ജം, പരിസ്ഥിതി എന്നീ മേഖലയിലുള്ള ലോകനേതാക്കളെയും ചിന്തകരെയും ഒരു പൊതു വേദിയില്‍ കൊണ്ടുവരാനാണ് സമ്മേളനം ശ്രമിക്കുന്നത്.
കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ മന്ത്രി ഡോ: ഹര്‍ഷ്‌വര്‍ദ്ധന്‍, വ്യവസായ വാണിജ്യ മന്ത്രി ശ്രീ സുരേഷ് പ്രഭു, ഭവനനിര്‍മ്മാണ, നഗരകാര്യവകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി ശ്രീ ഹര്‍ദീപ് പുരി, വ്യോമയാന സഹമന്ത്രി ശ്രീ ജയന്ത് സിന്‍ഹ എന്നിവരും രാഷ്ട്രീയ-കോര്‍പ്പറേറ്റ് നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.
” പാര്‍ട്ടണര്‍ഷിപ്പ് ഫോര്‍ എ റിസീലിയന്റ് പ്ലാനറ്റ് (മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രഹത്തിന് വേണ്ടി ഒരു പങ്കാളിത്തം) എന്നതാണ് ഇക്കൊല്ലത്തെ ഉച്ചകോടിയുടെ പ്രമേയം. കാലാവസ്ഥ വ്യതിയാനം മൂലം വികസിതരാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന അടിയന്തിര വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് തയാറാക്കാന്‍ ഡബ്ല്യൂ. എസ്.ഡി.എസ് പ്രാധാന്യം നല്‍കുന്നു. ഭൂമിയുടെ ഘടനയില്‍ മാറ്റം വരുത്തുന്നത് തടയുക, നഗരങ്ങളിലെ മാലിന്യകൂമ്പാരം ഇല്ലാതാക്കുന്നതിന് കാര്യക്ഷമമായ മാലിന്യ പരിപാലന സംവിധാനം, വായു മലീനീകരണം തടയല്‍, ഊര്‍ജ്ജ-വിഭവശേഷികള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാര്യക്ഷമമായ നടപടികള്‍, ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള ചുവടുമാറ്റവും കാലാവസ്ഥ വ്യതിയാനങ്ങളെ നേരിടുന്നതിന് വേണ്ട സാമ്പത്തിക സംവിധാനം സജ്ജമാക്കലും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളെയായിരിക്കും ഇക്കൊല്ലത്തെ ഉച്ചകോടി അഭിസംബോധനചെയ്യുന്നത്. ഏറ്റവും നൂതനമായ സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ട സാങ്കേതിക പുരോഗതി ഡബ്ല്യൂ. എസ്.ഡി.എസ് 2018ന്റെ ഭാഗമായുള്ള ‘ഗ്രീനോവേഷന്‍ എക്‌സിബിഷനില്‍” പ്രദര്‍ശിപ്പിക്കും.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള നയരൂപകര്‍ത്താക്കള്‍, ഗവേഷകര്‍, നയതന്ത്രജ്ഞര്‍, കോര്‍പ്പറേറ്റുകള്‍ തുടങ്ങി 2000ലധികം പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. പ്ലീനറി സെഷനില്‍ പ്രഗല്‍ഭരായ അന്താരാഷ്ട്ര പ്രാസംഗികള്‍ വായു, വെളളം, ഭൂമി എന്നിവയിലുടെമേലുള്ള ആഘാതം കുറയ്ക്കുന്നതിനെക്കുറിച്ചും ഊര്‍ജ്ജവും, വിഭവങ്ങളും കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനെക്കുറിച്ചും സംസാരിക്കും. കാര്‍ബണ്‍ വിപണിയും വിലനിര്‍ണ്ണയവും, സുസ്ഥിര ഗതാഗതം, മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഗരങ്ങള്‍, സൗരോര്‍ജ്ജം, താപഹാരിയായ സാങ്കേതികവിദ്യ ഉള്‍പ്പെടെ സുസ്ഥിരതയുമായി ബന്ധപ്പെട്ടവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എനര്‍ജി ആന്റ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടി.ഈ.ആര്‍.ഐ)യാണ് ലോക സുസ്ഥിര വികസന സമ്മേളനത്തിന് ആതിഥേയത്വമരുളുന്നത്.