പിഎം ഇന്ത്യ
വാടക ഗര്‍ഭധാരണ (നിയന്ത്രണ) ബില്‍ 2016ന് ഔദ്യോഗിക ഭേദഗതി കൊണ്ടുവരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ദേശീയ വാടക ഗര്‍ഭധാരണ ബോര്‍ഡ് കേന്ദ്ര തലത്തിലും സംസ്ഥാന ഗര്‍ഭധാരണ ബോര്‍ഡുകളും സമാനമായ അധികാരസ്ഥാനങ്ങളും സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലും സ്ഥാപിച്ച് ഇന്ത്യയില്‍ വാടക ഗര്‍ഭധാരണം നിയന്ത്രിക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് വാടകഗര്‍ഭധാരണ(നിയന്ത്രണ) ബില്‍ 2016.
വാടകഗര്‍ഭധാരണത്തെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതും, വാടകഗര്‍ഭധാരണം വാണിജ്യവല്‍ക്കരിക്കുന്നത് നിരോധിക്കുന്നതും വന്ധര്യായ ഇന്ത്യന്‍ ദമ്പതികള്‍ക്കായി പരോപകാരപ്രദമായ വാടകഗര്‍ഭധാരണം അനുവദിക്കുകയെന്നതാണ് ബില്ലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചുകഴിഞ്ഞാലുടന്‍ തന്നെ ദേശീയ വാടകഗര്‍ഭധാരണ ബോര്‍ഡ് രൂപീകരിക്കും. കേന്ദ്ര ഗവണ്‍മെന്റിന്റെ വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ മൂന്നു മാസത്തിനുള്ളില്‍ സംസ്ഥാന-കേന്ദ്ര ഭരണപ്രദേശതലങ്ങളില്‍ സംസ്ഥാന വാടകഗര്‍ഭധാരണബോര്‍ഡും തുല്യാധികാരമുള്ള സംസ്ഥാന അധികാരകേന്ദ്രങ്ങളും രൂപീകരിക്കണം.
പ്രധാന പ്രത്യാഘാതങ്ങള്‍
നിയമം നിലവില്‍ വന്നുകഴിഞ്ഞാല്‍, അത് രാജ്യത്തെ വാടകഗര്‍ഭധാരണ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കും. വാടകഗര്‍ഭധാരണത്തില്‍ നിലനില്‍ക്കുന്ന അധാര്‍മിക പ്രവണതകള്‍ നിയന്ത്രിക്കും, വാടകഗര്‍ഭധാരണത്തെ വാണിജ്യവല്‍ക്കരിക്കുന്നത് നിരോധിക്കും, വാടകഗര്‍ഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികളെയും ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന അമ്മമാരെയും ചൂഷണം ചെയ്യുന്നതും പരമാവധി ഇല്ലാതെയാക്കും. മനുഷ്യ ഭ്രൂണം, ബീജം അഥവാ അണ്ഡം എന്നിവയുടെ വില്‍പ്പനയുള്‍പ്പെടെയുള്ള വാടകഗര്‍ഭധാരണത്തിന്റെ വാണിജ്യവല്‍ക്കരണത്തിന്റെ നിയന്ത്രണമാണ് ഉദ്ദേശിക്കുന്നത്. വന്ധ്യരായ ദമ്പതികള്‍ക്ക് വേണ്ടി ധാര്‍മ്മികമായ വാടകഗര്‍ഭധാരണം അനുവദിക്കുന്നത് തന്നെ പ്രത്യേക ആവശ്യത്തിനുള്ള ചില ഉപാധികളുടെ പൂര്‍ത്തീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
ധാര്‍മകമായ വാടകഗര്‍ഭധാരണം വേണമെന്ന് ആഗ്രഹിക്കുന്ന വിവാഹിതരായ വന്ധ്യരായ എല്ലാ ഇന്ത്യന്‍ ദമ്പതിമാര്‍ക്കും ഗുണമുണ്ടാകും. വാടകഗര്‍ഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടിയുടെയും ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന അമ്മയുടെയും എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടുകയും ചെയ്യും.
പശ്ചാത്തലം
വിവിധ രാജ്യങ്ങളിലെ ദമ്പതിമാര്‍ക്ക് ഗര്‍ഭപാത്രം വാടയ്ക്ക് നല്‍കുന്ന ഒരു കേന്ദ്രമായി ഇന്ത്യ മാറി. അധാര്‍മിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന അമ്മമാരെ ചൂഷണം ചെയ്യുന്നതിനെ സംബന്ധിച്ചും വാടകഗര്‍ഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികളെ കൈയൊഴിയുന്നതിനെക്കുറിച്ചും മനുഷ്യ ഭ്രൂണവും ബീജവും അണ്ഡവും കയറ്റുമതി ചെയ്യുന്ന ഇടനിലക്കാരുടെ സംഘങ്ങളെക്കുറിച്ചും നിരന്തരമായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. വാടകഗര്‍ഭധാരണത്തിന്റെ വാണിജ്യവല്‍ക്കരണം തടഞ്ഞുകൊണ്ടും ധാര്‍മികവും പരോപകാരപ്രദവുമായ വാടകഗര്‍ഭധാരണം അനുവദിച്ചുകൊണ്ടും അനുയോജ്യമായ ഒരു നിയമം കൊണ്ടുവരുന്നതിനു നിയമകമ്മിഷന്റെ 228-ാമത് റിപ്പോര്‍ട്ട് ശിപാര്‍ശചെയ്തിട്ടുമുണ്ട്.
വാടകഗര്‍ഭധാരണ (നിയന്ത്രണ) ബില്‍ 2016, ലോക്‌സഭയില്‍ 2016 നവംബര്‍ 21ന് അവതരിപ്പിച്ചിരുന്നു. അത് 2017 ജനുവരി 12ന് ആരോഗ്യ കുടുംബക്ഷേമം സംബന്ധിച്ച പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് അയച്ചിട്ടുമുണ്ട്.
പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ബന്ധപ്പെട്ടവരുമായി, കേന്ദ്ര ഗവണ്‍മെന്റ്, മന്ത്രാലയങ്ങള്‍/വകുപ്പുകള്‍, എന്‍.ജി.ഒകള്‍, മെഡിക്കല്‍ പ്രൊഫഷണല്‍സ്, അഭിഭാഷകര്‍, ഗവേഷകര്‍, വാടകഗര്‍ഭധാരണത്തിലൂടെ ജനിച്ച കുട്ടികളെ സ്വീകരിച്ച മാതാപിതാക്കള്‍, ഗര്‍ഭപാത്രം വാടയ്ക്ക് നല്‍കിയിട്ടുള്ള അമ്മമാര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
വാടകഗര്‍ഭധാരണം (നിയന്ത്രിക്കല്‍) ബില്‍ 2016 സംബന്ധിച്ച ആരോഗ്യ കുടുംബക്ഷേ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ 102-ാമത് റിപ്പോര്‍ട്ട് രാജ്യസഭയുടെയും ലോക്‌സഭയുടെയൂം മേശപ്പുറത്ത് 2017 ഓഗസ്റ്റ് 10ന് സമര്‍പ്പിച്ചിട്ടുണ്ട്.