Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാരണാസിയില്‍ നടന്ന പരവതാനി പ്രദര്‍ശനത്തെ അഭിസംബോധന ചെയ്തുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ആശംസകള്‍!

വാരണാസിയില്‍ സന്നിഹിതയായിട്ടുള്ള മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തക സ്മൃതി ഇറാനി ജീ, പരവതാനി വ്യവസായ മേഖലയിലെ സംരംഭകരേ,

നെയ്ത്തുകാരായ സഹോദരീസഹോദരന്‍മാരേ, സന്നിഹിതരായിരിക്കുന്ന വിശിഷ്ട വ്യക്തികളേ, ഇന്ത്യയിലും വിദേശത്തുനിന്നുമായി വിശുദ്ധഭൂമിയായ കാശിയില്‍ സംഗമിച്ചവരേ, എല്ലാവര്‍ക്കും എന്റെ ആശംസകള്‍. 38 രാഷ്ട്രങ്ങളില്‍നിന്നായി 250 അതിഥികള്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്. അതിനു പുറമേ, പരവതാനി വ്യവസായവുമായി ബന്ധപ്പെട്ടവര്‍ ജമ്മു-കശ്മീരില്‍നിന്നും പശ്ചിമ ബംഗാളില്‍നിന്നും മറ്റു പല സംസ്ഥാനങ്ങളില്‍നിന്നും എത്തിയിട്ടുണ്ടെന്നും അറിയാന്‍ സാധിച്ചു. ബനാറസ് എം.പിയെന്ന നിലയില്‍ അവര്‍ ഓരോരുത്തരെയും പ്രദര്‍ശനത്തിലേക്കു സ്വാഗതം ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഇതു രാജ്യത്ത് ഉല്‍സവകാലമാണ്. ദസറയ്ക്കും ദൂര്‍ഗാപൂജയ്ക്കും ശേഷം ഇതാദ്യമായാണ് സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഞാന്‍ ബനാറസുമായി ബന്ധപ്പെടുന്നത്. ധന്‍തെരാസിനും ദീപാവലിക്കുമായുള്ള തയ്യാറെടുപ്പിന്റെ തിരക്കിലായിരിക്കും നിങ്ങളൊക്കെ ഇപ്പോള്‍. എല്ലാ വര്‍ഷവും നിങ്ങള്‍ക്ക് ഏറ്റവും തിരക്കുള്ള നാളുകളാണല്ലോ ഇത്. ആവശ്യക്കാര്‍ കൂടുമെന്നതിനാലാണ് ഈ കാലത്തു തിരക്കേറുന്നത്. നിങ്ങളുടെ കഠിനാധ്വാനത്തിനും കരകൗശല മികവിനും പ്രതിഫലം ലഭിക്കുന്ന സമയംകൂടിയാണിത്.

സുഹൃത്തുക്കളേ,

ഉല്‍സവങ്ങള്‍ വാരണാസിയിലെയും യു.പിയിലെയും നെയ്ത്തുകാര്‍ക്കും വ്യാപാരികള്‍ക്കും ഇരട്ടി സന്തോഷം പകരുന്നു. ആദ്യംതന്നെ, ദീനദയാല്‍ ഹസ്തകല സംകുലില്‍ പ്രഥമ ഇന്ത്യ പരവതാനി പ്രദര്‍ശനം സംഘടിപ്പിച്ചതിനു നിങ്ങളെ അഭിനന്ദിക്കട്ടെ. ഇപ്പോള്‍ നമ്മുടെ രാജ്യത്തു പരവതാനി വ്യവസായ രംഗത്തുള്ള നെയ്ത്തുകാര്‍ക്കും രൂപകല്‍പന നിര്‍വഹിക്കുന്നവര്‍ക്കും വ്യാപാരികള്‍ക്കും തങ്ങളുടെ നൈപുണ്യവും ഉല്‍പന്നങ്ങളും ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം വാരണാസിയില്‍ ലഭിക്കുകയാണ്.

സുഹൃത്തുക്കളേ,

ദീനദയാല്‍ ഹസ്തകലാ സങ്കുല്‍ എന്തിനുവേണ്ടിയാണോ സ്ഥാപിച്ചത്, ആ ലക്ഷ്യങ്ങളിലേക്കു നാം അതിവേഗം നടന്നടുക്കുകയാണ് എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഈ മേഖല പരവതാനി വ്യവസായത്തിന്റെ കേന്ദ്രം കൂടിയാണ് എന്നതു കൂടുതല്‍ പ്രധാനമാണ്. രാജ്യത്തു കരകൗശല മേഖലയുമായി ബന്ധപ്പെട്ടുള്ള നെയ്ത്തുകാരിലും തൊഴിലാളികളിലും വ്യാപാരികളിലും കാല്‍ഭാഗത്തോളം ഇവിടെയാണ് ഉള്ളത്. വാരണാസി ആയാലും ഭദോഹി ആയാലും മിര്‍സാപൂര്‍ ആയാലും പരവതാനി വ്യവസായത്തിന്റെ കേന്ദ്രങ്ങളാണ്. ഇപ്പോഴാകട്ടെ, കിഴക്കന്‍ ഇന്ത്യ ഒന്നാകെ രാജ്യത്തുനിന്നുള്ള വസ്ത്ര കറ്റുമതിയുടെ ആഗോള കേന്ദ്രമായി മാറിയിരിക്കുകയാണ്. കരകൗശല രംഗത്ത് ഈ ആഗോള അംഗീകാരം നേടിത്തരുന്നതില്‍ ദീനദയാല്‍ ഹസ്തകലാ സങ്കുല്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഈ മേഖലയിലെ ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി സാങ്കേതിക വിദ്യയും പ്രചാരവും ഉപയോഗപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് എല്ലായ്‌പ്പോഴും ഊന്നല്‍ നല്‍കിവരികയാണ്. പ്രഥമ ഇന്ത്യ പരവതാനി പ്രദര്‍ശനം വാരണാസിയില്‍ സംഘടിപ്പിച്ചിരിക്കുന്നത് ഈ ദിശയിലുള്ള വന്‍ ചുവടാണെന്നു മാത്രമല്ല, വസ്ത്രനിര്‍മാണ മേഖലയ്ക്കായുള്ള് അഞ്ച് ‘എഫ്’ പദ്ധതിയുടെ പ്രധാന സ്തംഭം കൂടിയാണ്. ഫാം റ്റു ഫൈബര്‍ (കൃഷിയിടത്തില്‍നിന്നു നാരിലേക്ക്), ഫൈബര്‍ റ്റു ഫാക്ടറി (നാരില്‍നിന്നു നിര്‍മാണശാലയിലേക്ക്), ഫാക്ടറി റ്റു ഫാഷന്‍ (നിര്‍മാണശാലയില്‍നിന്ന് ഫാഷനിലേക്ക്), ഫാഷന്‍ റ്റു ഫോറിന്‍ (ഫാഷനില്‍നിന്നു വിദേശത്തേക്ക്) എന്നിവയാണ് അഞ്ച് ‘എഫു’കള്‍. ലോകത്താകമാനമുള്ള വിപണികളുമായി കര്‍ഷകരെയും നെയ്ത്തുകാരെയും നേരിട്ടു ബന്ധപ്പെടുത്താനുള്ള ബൃഹത്തായ ഉദ്യമമാണ് ഇത്.
വരുന്ന നാലു ദിവസങ്ങളിലായി ഈ പ്രദര്‍ശനത്തില്‍ ഒട്ടേറെ ഉയര്‍ന്ന ഡിസൈനുകള്‍ പ്രദര്‍ശിപ്പിക്കപ്പെടും; കോടികളുടെ കച്ചവടം നടക്കും; ഇടപാടുകള്‍ ഉറപ്പിക്കപ്പെടും; കച്ചവടത്തിനുള്ള പുതിയ വേദികള്‍ തുറക്കപ്പെടും. നെയ്ത്തുകാര്‍ക്കു പുതിയ ഓര്‍ഡറുകള്‍ ലഭിക്കുകയും ചെയ്യും. വിദേശത്തുനിന്നു വന്ന കച്ചവടക്കാര്‍ക്കു നമ്മുടെ സംസ്‌കാരവും കാശിയിലെയും ഇന്ത്യയിലെത്തന്നെയും മാറിയ കച്ചവട പരിസ്ഥിതിയും തിരിച്ചറിയാന്‍ സാധിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

സുഹൃത്തുക്കളേ,

കരകൗശല വിദ്യയുടെ നീണ്ട പാരമ്പര്യം ഇന്ത്യക്ക് ഉണ്ട്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നൂല്‍നൂല്‍ക്കാന്‍ ഇപ്പോഴും ചര്‍ക്കകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ബനാറസിനാകട്ടെ, ഈ രംഗത്തുണ്ടായിരുന്ന സ്ഥാനം അതിലുമേറെയാണ്. ബനാറസ് കരകൗശലവിദ്യയാലും വിശുദ്ധനായ കബീറിനാലും പ്രശസ്തമായിരുന്നു. കബീര്‍ നൂല്‍നൂറ്റ് അതിലൂടെ തന്റെ സന്ദേശം പകരുമായിരുന്നു. കബീര്‍ദാസ് ജി ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘ചര്‍ക്ക ജീവിതത്തിന്റെ സത്താണ്. അതു മനസ്സിലാക്കിയിട്ടുള്ളവര്‍ ജീവിതത്തിന്റെ അര്‍ഥവും മനസ്സിലാക്കിയിട്ടുണ്ട്. കരകൗശലവിദ്യ ജീവിതവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവോ അത്രത്തോളം പ്രധാനമായ ഒരു തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രദേശത്തെ നെയ്ത്തുകാരുടെ ജീവിതം സുഖകരമാക്കുന്നതിന് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ, എനിക്കു സംതൃപ്തി ലഭിക്കുന്നു’.

സുഹൃത്തുക്കളേ,

നമ്മുടെ രാജ്യത്ത് കരകൗശലവിദ്യ സ്വാതന്ത്ര്യസമരത്തിനും കച്ചവടത്തിനുമീതെ സ്വയംപര്യാപ്തതയെ പ്രതിഷ്ഠിക്കുന്നതിനും ഊര്‍ജം പകര്‍ന്ന മാധ്യമം ആയിരുന്നു. ഗാന്ധിജി, സത്യഗ്രഹം, ചര്‍ച്ച എന്നിവയുടെ പ്രാധാന്യം എന്തെന്നു നമുക്കു വളരെയധികം അറിയാം.

കരകൗശല വിദ്യയിലൂടെ സ്വാശ്രയത്വം എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ നിങ്ങളുടെയെല്ലാം സഹകരണത്തോടെ ഗവണ്‍മെന്റ് സ്ഥിരമായി ശ്രമിച്ചുവരികയാണ്. ഇതാണ് ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പരവതാനി ഉല്‍പാദക രാഷ്ട്രമായി മാറുന്നതിലേക്കു നയിച്ചത്. കൈകൊണ്ടു നെയ്യുന്ന പരവതാനികളുടെ ഉല്‍പാദനത്തില്‍ നാലര വര്‍ഷമായി നാം മുന്നിലാണ്. ലക്ഷക്കണക്കിനു നെയ്ത്തുകാരുടെയും രൂപകല്‍പന നടത്തുന്നവരുടെയും വ്യാപാരികളുടെയും കഠിനാധ്വാനവും ഗവണ്‍മെന്റിന്റെ നയങ്ങളും നിമിത്തമാണ് ഈ നേട്ടം കരഗതമായത്.

സുഹൃത്തുക്കളേ,

ഇന്ന്, ആഗോള പരവതാനി വിപണിയുടെ മൂന്നിലൊന്ന് അഥവാ 35% ഇന്ത്യയുടേതാണ്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനകം ഇത് 50% വര്‍ധിക്കുമെന്നും അതോടെ ആഗോള പരവതാനി വ്യാപാരത്തിന്റെ പകുതി ഇന്ത്യയുടേതായിരിക്കും എന്നുമാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നാം 9,000 കോടി രൂപയുടെ പരവതാനികള്‍ കയറ്റുമതി ചെയ്തു. ഈ വര്‍ഷം നാം നൂറോളം രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതു ശ്രദ്ധേയമാണെങ്കിലും നമുക്കിനിയും മുന്നോട്ടു പോകാനുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികമായ 2022 ആകുമ്പോഴേക്കും 25,000 കോടി രൂപയിലേക്കു കയറ്റുമതി ഉയര്‍ത്തണം. കയറ്റുമതി മാത്രമല്ല, ആഭ്യന്തര വിപണിയിലുള്ള പരവതാനി വില്‍പനയും വര്‍ധിക്കുന്നുണ്ട്. നാലു വര്‍ഷത്തിനിടെ വില്‍പന മൂന്നിരട്ടി ഉയര്‍ന്നു. നാലു വര്‍ഷം മുമ്പേ 500 കോടി രൂപയുടെ കച്ചവടം നടന്നിടത്ത് ഇപ്പോള്‍ 1600 കോടി രൂപയുടെ കച്ചവടം നടക്കുന്നു. രാജ്യത്തിന്റെ പരവതാനി വിപണി വിശാലമായതു രണ്ടു കാരണങ്ങളാലാണ്. ഒന്നാമത്തെ കാരണം രാജ്യത്തു മധ്യവര്‍ഗം വര്‍ധിച്ചുവരുന്നു എന്നതാണ്. രണ്ടാമത്തെ കാരണം പല ആധുനിക സംവിധാനങ്ങളും പരവതാനി വ്യവസായത്തിനു ലഭിച്ചു എന്നതാണ്. കൂടുതല്‍ പ്രചാരം ലഭിക്കുന്നതും നേട്ടമായി.
സുഹൃത്തുക്കളേ,

നാം ഇതേ രീതി തുടരുകയാണെങ്കില്‍ പരവതാനി, വസ്ത്ര മേഖലകളില്‍ ശോഭനമായ ഭാവി രാജ്യത്തിനുണ്ടാകും. ഏറ്റവും ചെറുതു മുതല്‍ ഏറ്റവും വലിപ്പമേറിയതു വരെയുള്ള പരവതാനികള്‍ ഉല്‍പാദിപ്പിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്. അതിലുപരി, ഇന്ത്യന്‍ പരവതാനികള്‍ കലയിലും കരകൗശലത്തിലും മികച്ചവയും ആണ്. അവ പരിസ്ഥിതസൗഹൃദപരങ്ങളും ആണ്. നിങ്ങളുടെ അറിവും നൈപുണ്യവുമാണ് ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന പരവതാനിയെ ലോകത്തിലെ വലിയ ബ്രാന്‍ഡ് ആക്കി മാറ്റിയത്.

സുഹൃത്തുക്കളേ,

ഈ ബ്രാന്‍ഡിനെ ഇനിയും ശക്തിപ്പെടുത്താന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. പരവതാനി കയറ്റുമതിക്കാര്‍ക്കു സൗകര്യമൊരുക്കാന്‍ ചരക്കുനീക്കം ശക്തിപ്പെടുത്തുകയാണ്. രാജ്യത്താകമാനം ഗോഡൗണുകളും ഷോറൂമുകളും ആരംഭിക്കാനുള്ള പ്രവൃത്തി അതിവേഗം നടന്നുവരികയാണ്. സാങ്കേതികവിദ്യ, മേന്മ എന്നീ രംഗങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കിവരികയാണ്. പരവതാനികള്‍ പരിശോധിക്കുന്നതിനായി ആഗോള നിലവാരമുള്ള പരീക്ഷണശാല ഭദോഹിയിലും ശ്രീനഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍പറ്റ് ടെക്‌നോളജി(ഐ.ഐ.സി.ടി.)യിലും ആരംഭിച്ചിട്ടുണ്ട്. ഒരു കുഴപ്പവുമില്ലാത്ത ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാനും അവ പരിസ്ഥിതിക്കു കോട്ടം വരുത്താത്തവയാണ് എന്ന് ഉറപ്പുവരുത്താനും ആണു നമ്മുടെ ശ്രമം.

നെയ്ത്തുകാര്‍ക്കു സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പരവതാനികളല്ലാതെയുള്ള കരകൗശല വസ്തുക്കള്‍ വിപണനം ചെയ്യുന്നതിനും മറ്റു പല സൗകര്യങ്ങള്‍കൂടി ഒരുക്കിയിട്ടുണ്ട്. വാരണാസിയില്‍ യാഥാര്‍ഥ്യമാക്കിയ ഒന്‍പതു പൊതുസേവന കേന്ദ്രങ്ങള്‍ ആയിരക്കണക്കിനു നെയ്ത്തുകാര്‍ക്കു ഗുണകരമാണ്.

സുഹൃത്തുക്കളേ,

മേന്‍മ ഉറപ്പുവരുത്തുന്നതിനൊപ്പം നെയ്ത്തുകാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പണലഭ്യത ഇല്ലായ്മ നിമിത്തം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പല ശ്രമങ്ങളം നടത്തിവരുന്നു. മുദ്ര പദ്ധതി പ്രകാരം 50,000 മുതല്‍ പത്തു ലക്ഷം വരെ രൂപയുടെ ജാമ്യമില്ലാ വായ്പകള്‍ അനുവദിക്കുന്നത് ഏറെ സഹായകമായിട്ടുണ്ട്. ഇതേ പദ്ധതി പ്രകാരം നെയ്ത്തുകാര്‍ക്ക് പതിനായിരം രൂപ മാര്‍ജിന്‍ മണി ആയി ലഭ്യമാക്കുന്നുണ്ട്. നെയ്ത്തുകാര്‍ക്കുള്ള സഹായമോ വായ്പകളോ അവരുടെ അക്കൗണ്ടുകളിലേക്കു ചുരുങ്ങിയ സമയത്തിനകം തന്നെ നേരിട്ടു കൈമാറുകയാണു ചെയ്യുന്നത്. ‘പഹ്ചാന്‍’ പ്രകാരമുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ നെയ്ത്തുകാര്‍ക്കു വിതരണം ചെയ്തിട്ടുള്ളതു മധ്യവര്‍ത്തികളെ ഒഴിവാക്കുന്നതിനു സഹായകമായി.
ഭദോഹി-മിര്‍സാപൂര്‍ മെഗാ പരവതാനി കൂട്ടായ്മയിലും ശ്രീനഗര്‍ പരവതാനി കൂട്ടായ്മയിലും ഉള്ള നെയ്ത്തുകാര്‍ക്ക് ആധുനിക തറികള്‍ വിതരണം ചെയ്യുന്നുണ്ട്. അവ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനവും നല്‍കിവരുന്നുണ്ട്. നെയ്ത്തുകാരുടെ നൈപുണ്യം മെച്ചപ്പെടുത്തുന്നതിനായി എത്രയോ പദ്ധതികള്‍ നടപ്പാക്കിവരുന്നു.

സുഹൃത്തുക്കളേ,

മുന്‍കാലങ്ങളില്‍ നെയ്ത്തുകാരായ സഹോദരീ സഹോദരന്‍മാരോടു സംസാരിച്ചപ്പോഴൊക്കെ അവര്‍ പറഞ്ഞിരുന്നതു തങ്ങളുടെ മക്കള്‍ ഈ രംഗത്തേക്കു വരാന്‍ ഇഷ്ടപ്പെടുന്നില്ല എന്നായിരുന്നു. അതിലും ഗുരുതരമായ സാഹചര്യം മറ്റെന്താണ് ഉള്ളത്? ലോക പരവതാനി വ്യവസായത്തില്‍ ഇന്ത്യ ഏറ്റവും മുന്നില്‍ നിലകൊള്ളുന്ന ഇക്കാലത്ത് ഈ രംഗത്തേക്കു വരാന്‍ വരുംതലമുറകളെ പ്രോല്‍സാഹിപ്പിക്കേണ്ടിയിരിക്കുന്നു.

ഭദോഹി ഐ.ഐ.സി.ടിയില്‍ പരവതാനി സാങ്കേതികവിദ്യയില്‍ ബി.ടെക് കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലുള്ള മറ്റു പരിശീലനകേന്ദ്രങ്ങളില്‍ സമാനമായ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള പദ്ധതിയുണ്ട്. നെയ്ത്തുകാര്‍ക്കു നൈപുണ്യ പരിശീലനം നല്‍കുന്നതിനൊപ്പം അവരുടെ മക്കള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിലും ശ്രദ്ധ പുലര്‍ത്തിവരുന്നു. ദരിദ്രരായ നെയ്ത്തുകാരുടെ കുടുംബങ്ങളിലെ കുട്ടികളുടെ ഫീസിന്റെ 75 ശതമാനവും ഗവണ്‍മെന്റാണ് അടയ്ക്കുന്നത്.

സുഹൃത്തുക്കളേ,

നിങ്ങളുടെ കരകൗശലവിദ്യയും അധ്വാനവും ദേശത്തിന്റെ കരുത്താക്കിമാറ്റാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. വലിയ അവസരങ്ങളാണു വരുംനാളുകളില്‍ രാജ്യത്തെ കാത്തിരിക്കുന്നത്; ബനാറസിനാകട്ടെ ഈ കരകൗശലം പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിക്കുകയാണ്.

അടുത്ത വര്‍ഷം കാശിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ സമ്മേളനം പ്രചരണത്തിനുള്ള മികച്ച ഒരു അവസരമായിരിക്കും. ലോകത്താകമാനമുള്ള വ്യപാരികള്‍ നമ്മുടെ സാംസ്‌കാരിക പാരമ്പര്യവും കരകൗശല വിദ്യയും കാശിക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റവും തിരിച്ചറിയുമെന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത്.
ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കു മുന്‍കൂറായി ധന്‍തെരാസ്, ദീപാവലി, ഢാത് പൂജ ആശംസകള്‍ നേരുന്നു. ഈ പ്രദര്‍ശനം വിജയകരമായി സംഘടിപ്പിക്കുകയും കാശിക്കും നെയ്ത്തുകാരായ എന്റെ സഹോദരീ സഹോദരന്‍മാര്‍ക്കും ആഗോളതലത്തില്‍ ബഹുമാനം നേടിക്കൊടുക്കുകയും ചെയ്തതിനു വസ്ത്ര മന്ത്രാലയത്തെ ഞാന്‍ അഭിനന്ദിക്കുകയാണ്. കാശി സന്ദര്‍ശിച്ചതിനും കാശിക്ക് അംഗീകാരം നേടിക്കൊടുത്തതിനും കയറ്റുമതി, ഇറക്കുമതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.

വളരെയധികം നന്ദി.