Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാരാണസിയില്‍ വിവിധ വികസന പദ്ധതികള്‍ക്ക് ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


 

ഇവിടെ വന്‍തോതില്‍ സന്നിഹിതരായിരിക്കുന്ന കാശിയില്‍ നിന്നുള്ള എന്റെ യുവ സുഹൃത്തുക്കളേ, എന്റെ സഹോദരീ സഹോദരന്മാരേ, കാശിയുടെ സുഹൃത്തുക്കളേ! നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.

കാശിയിലെ ജനങ്ങള്‍ എനിക്കു സമ്മാനിക്കുന്ന സ്‌നേഹവും അടുപ്പവും എന്നെ കീഴടക്കിയിരിക്കുന്നു. കാശി വീണ്ടും വീണ്ടും സന്ദര്‍ശിക്കാന്‍ ഞാന്‍ വെമ്പുന്നു.

സഹോദരീ സഹോദരന്മാരേ,

ഹരഹരമഹാദേവ!

ബാബാ വിശ്വനാഥന്റെയും ഗംഗാ മാതാവിന്റെയും അനുഗ്രത്തോടെ രാജ്യത്തെ സേവിക്കാന്‍ പുതിയൊരു വര്‍ഷം ആരംഭിക്കാന്‍ സാധിക്കുന്നതില്‍ ഞാന്‍ തികച്ചും  ഭാഗ്യവാനാണ്. നിങ്ങളുടെ അടുപ്പവും അനുഗ്രഹവും ഓരോ നിമിഷവും എന്നെ പ്രചോദിപ്പിക്കുന്നു, രാജ്യവാസികളെ സേവിക്കാനുള്ള പ്രതിജ്ഞയ്ക്ക് കരുത്തേകുന്നു.

സുഹൃത്തുക്കളേ,

ഈ സേവനം മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് 550 കോടി രൂപ മതിക്കുന്ന പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുന്നത്. 
ഈ വികസന പദ്ധതികള്‍ വാരാണസിയുമായി മാത്രമല്ല, സമീപ ഗ്രാമങ്ങളുമായും ബന്ധപ്പെട്ടതാണ്. വൈദ്യുതിയും വെള്ളവും പോലുള്ള അടിസ്ഥാന ആവശ്യങ്ങളും കര്‍ഷകര്‍ക്കും നെയ്ത്തുകാര്‍ക്കും കൈത്തൊഴിലുകാര്‍ക്കും പുതിയ അവസരങ്ങളും ഒരുപോലെ വാഗ്ദാനം ചെയ്യുന്ന പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 
അതിലുമുപരിയായി, പുതിയ പദ്ധതികള്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട ഒരു വിജ്ഞാന കേന്ദ്രമായി മാറ്റും. ഈ പദ്ധതികളുടെ പേരില്‍ വാരാണസിയിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുകയും എന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ എല്ലാ യത്‌നങ്ങളും കാശിയുടെ സംസ്‌കാരവും പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ടുള്ള പരിവര്‍ത്തനത്തിനു വേണ്ടിയായിരിക്കണം എന്ന് എപ്പോഴൊക്കെ ഞാന്‍ നിങ്ങളുടെ ഇടയിലായിരിക്കുന്നുവോ, അപ്പോഴെല്ലാം നിങ്ങളെ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ആധുനിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും നഗരം സ്വാംശീകരിക്കുന്നത് അതിന്റെ കാലപ്പഴക്കമുള്ള വ്യക്തിത്വം സംരക്ഷിച്ചുകൊണ്ടാണ്.

കാശിയിലെ ജനങ്ങള്‍ നാലര വര്‍ഷം മുമ്പ് ഒരു മാറ്റത്തിനുള്ള ദൃഢനിശ്ചയമെടുത്തത് ഇപ്പോഴത്തെയും ഇതിനു മുമ്പത്തെയും കാലങ്ങള്‍ തമ്മിലുള്ള വ്യത്യാസം പ്രകടമാക്കുന്നുണ്ട്. ശരിയല്ലേ? മാറ്റം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ ഇല്ലയോ? മാറ്റം നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടോ? നിങ്ങള്‍ക്കു നന്ദി!

കാശിയുടെ സ്ഥിതി പൂര്‍ണമായും ഭോലെനാഥ് ഭഗവാന് വിട്ടുകൊടുത്തിട്ടുള്ള ഒരു സാഹചര്യത്തിന് നിങ്ങള്‍ സാക്ഷികളാണല്ലോ. വാരാണസിയുടെ വികസനത്തിനു പുതിയ ഒരു ദിശ വിജയകരമായി ലഭ്യമാക്കിയതില്‍ ബാബാ വിശ്വനാഥന്റെ അനുഗ്രഹത്തില്‍ ഞാനിന്നു പൂര്‍ണമായും സംതൃപ്തനാണ്. 

നഗരത്തിലെ വഷളായ സൗകര്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സ്ഥിതിയില്‍ നിരവധി വര്‍ഷങ്ങള്‍ക്കു മുമ്പേ എല്ലാ സന്ദര്‍ശകരും വേദനിച്ചിരുന്നു. എല്ലാത്തരത്തിലുള്ള അലങ്കോലങ്ങളെയും എല്ലാത്തരത്തിലുമുള്ള വികസനമാക്കി മാറ്റാനാണ് അക്കാലത്ത് ഞാന്‍ തീരുമാനിച്ചത്. 

ഇന്ന് നമുക്ക് കാശിയില്‍ എല്ലാ തലങ്ങളിലുമുള്ള വികസനം കാണാനാകുന്നു. തൂങ്ങിക്കിടക്കുന്ന വൈദ്യുതിക്കമ്പികള്‍ കണ്ടിട്ട് ഇതില്‍ നിന്ന് കാശിക്ക് എന്നു മോചനം ലഭിക്കുമെന്ന് ഒരു പാര്‍ലമെന്റേറിയനാകുന്നതിനു മുമ്പ് ആലോചിച്ച് അമ്പരന്നിരുന്ന കാര്യം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഇന്നിപ്പോള്‍ നഗരത്തിന്റെ ബഹുഭൂരിപക്ഷം ഭാഗങ്ങളിലും അങ്ങനൊരു സ്ഥിതിയില്ല എന്ന് നിങ്ങള്‍ക്കു കാണാനാകും. ബാക്കിയുള്ള ഭാഗങ്ങളിലെക്കൂടി വൈദ്യുതി ലൈനുകള്‍ ഭൂമിക്കടിയില്‍ക്കൂടിയാക്കാനുള്ള ജോലികള്‍ ദ്രുതഗതിയില്‍ നടന്നു വരികയാണ്. 

ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളില്‍പ്പെട്ട, വൈദ്യുതീകരണവുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന പദ്ധതികളും പഴയ കാശിയെ അലങ്കോലപ്പെട്ടു കിടക്കുന്ന വൈദ്യുതിക്കമ്പികളില്‍ നിന്നു മുക്തമാക്കും. ഈ പദ്ധതികള്‍ വാരാണസിക്കൊപ്പം നിരവധി സമീപ ഗ്രാമങ്ങളിലും ആവശ്യത്തിനു വൈദ്യുതി വിതരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഇതിനു പുറമേ, മറ്റൊരു വൈദ്യുതി ഉപ കേന്ദ്രത്തിനു കൂടി ശിലാസ്ഥാപനം നടത്തിയിരിക്കുന്നു. ഇത് നടപ്പാകുന്നതോടെ സമീപ പ്രദേശങ്ങള്‍ കുറഞ്ഞ വോള്‍ട്ടേജ് പ്രശ്‌നത്തില്‍ നിന്നു രക്ഷപ്പെടും.

സുഹൃത്തുക്കളേ,

വരാണസിയെ പശ്ചിമേന്ത്യയുടെ കവാടമാക്കി വികസിപ്പിക്കാനുള്ള നിരവധി ശ്രമങ്ങള്‍ നടന്നുവരികയാണ്. വാരാണസിക്കു ലോക നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള മുന്‍ഗണനയാണ് ഞാന്‍ നല്‍കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഗതാഗത സൗകര്യങ്ങള്‍, ചികില്‍സാ സൗകര്യങ്ങള്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കേണ്ടതുണ്ട്.

കാശി ഇന്ന് എല്‍.ഇ.ഡിയുടെ പ്രകാശത്തില്‍ തിളങ്ങുകയാണ്. നഗരത്തിലെവിടെ നിന്നും ഗംഗാമാതാവിന്റെ ഒഴുക്ക് രാത്രിയിലും അനായാസം കാണാനാകും. എല്‍.ഇ.ഡി ബള്‍ബുകള്‍ നിങ്ങളുടെ ജീവിതങ്ങളില്‍ തിളക്കമുണ്ടാക്കുക മാത്രമല്ല വൈദ്യുതി ബില്‍ കുറയ്ക്കുകയും ചെയ്യുന്നു. എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിച്ച ശേഷം വാരാണസി നഗര്‍ നിഗമിന് വന്‍തോതില്‍ പണം ലാഭിക്കാന്‍ കഴിയുന്നുണ്ട്. 

സുഹൃത്തുക്കളേ,

നാലു വര്‍ഷത്തിനു മുമ്പ് കാശി സന്ദര്‍ശിച്ച ആരെങ്കിലും വീണ്ടും വന്നാല്‍ പുതിയ റോഡുകളുടെ വ്യാപ്തി കാണാനാകും. നിരവധി വര്‍ഷങ്ങളോളം വാരാണസിയില്‍ ഒരു റിംഗ് റോഡ് നിര്‍മാണ കാര്യം ചര്‍ച്ച ചെയ്യുകയും എന്നാല്‍ പദ്ധതി ഫയലില്‍ത്തന്നെ കിടക്കുകയും ചെയ്തു. 2014ലെ തെരഞ്ഞെടുപ്പിനു ശേഷം റിംഗ് റോഡ് ഫയല്‍ പുറത്തെടുത്തു. ആ പദ്ധതിയുടെ വിജയം മോദിയുടെ നേട്ടമായാലോ എന്ന് ഭയന്ന് അപ്പോള്‍ യുപി ഭരിച്ചിരുന്ന സംസ്ഥാന ഗവണ്‍മെന്റ് ആ പദ്ധതിക്ക് പുരോഗതിയുണ്ടാകാന്‍ സമ്മതിച്ചില്ല. അവര്‍ ആ ഫയല്‍ ശീതീകരണിയില്‍ വെയ്ക്കാന്‍ ശ്രമിച്ചു. 

ഏതായാലും നിങ്ങള്‍ യോഗി ജിയുടെ ഗവണ്‍മെന്റിനെ തെരഞ്ഞെടുത്തതോടെ അതിന്റെ ജോലി ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി. ഹര്‍ഹുവയില്‍ നിന്ന് ഖാസിപ്പൂര്‍ വരെയുള്ള നാലുവരിപ്പാത ഏകദേശം പൂര്‍ത്തിയായി. ഹര്‍ഹുവയില്‍ നിന്നു രാജാ തലബിലേക്കും ചന്ദൗലിയിലേക്കുമുള്ള പുതിയ റോഡിന്റെ ജോലികള്‍ അതിവേഗം പുരോഗമിക്കുന്നു. ഈ മാര്‍ഗ്ഗത്തില്‍ ഗംഗയ്ക്കു മുകളില്‍ പാലം നിര്‍മിക്കുന്നതോടെ വാരാണസിയിലേക്ക് പ്രവേശിക്കുന്ന ട്രക്കുകളുടെ എണ്ണം കുറയും.

സുഹൃത്തുക്കളേ,

കാശിയിലെ റിംഗ് റോഡ് നിര്‍മാണത്തിന്റെ നേട്ടം കാശിക്കു മാത്രമല്ല സമീപ ജില്ലകള്‍ക്കും ലഭിക്കും. ബീഹാറിലും നേപ്പാളിലും ഝാര്‍ഖണ്ഡിലും മധ്യപ്രദേശിലും എത്തുന്നതിന് ഇവിടെ നിന്നു തുടങ്ങുന്ന റോഡുകള്‍ അതീവ പ്രധാനമാണ്. അതുകൊണ്ടാണ് വാരാണസി നഗരത്തിനുള്ളിലതും മറ്റു സംസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്ന റോഡുകള്‍ വിശാലമാക്കുന്നതും കൂടുതല്‍ നീട്ടുന്നതും. വാരാണസി- സുല്‍ത്താന്‍പൂര്‍, വാരാണസി -ഗേരഘ്പൂര്‍, വാരാണസി ഹാന്ദിയാ റോഡ് ലിങ്ക് എന്നിവടങ്ങളിലൂടെ കടന്നുപോകുന്ന ദേശീയപാത ഏഴിന് കോടിക്കണക്കിനു രൂപയാണ് ചെലവഴിച്ചത്. 

സഹോദരീ സഹോദരന്മാരേ,
ആയിരക്കണക്കിനു കോടി രൂപ ചെലവഴിക്കുന്ന നിരവധി റോഡ് പദ്ധതികള്‍ വരാണസിക്കുള്ളില്‍ നടക്കുകയാണ്. മഹ്മൂര്‍ഗഞ്ചിനും മണ്‍ഡുവാദിക്കും ഇടയില്‍ സഞ്ചരിക്കാന്‍ നേരത്തേ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് നേരിടണമായിരുന്നു. സ്‌കൂള്‍ കുട്ടികള്‍ ഒരുപാട് സഹിച്ചു; നിങ്ങളോട് ഞാന്‍ അത് ഓര്‍മിപ്പിക്കേണ്ടതില്ല. കാലങ്ങള്‍ക്കു ശേഷം മണ്‍ഡുവാദി മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയായി. സമാനമായി, ഗംഗാ നദിക്കു മുകളിലൂടെയുള്ള സാംനേഘാട്ട് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രാംനഗറിലേക്കു വേഗത്തില്‍ പോകാനും വരാനും കഴിയും. അന്ധുരാ പാലത്തിനു വീതി കൂട്ടണം എന്ന ആവശ്യത്തിനു പാലത്തിനോളം തന്നെ പഴക്കമുണ്ട്. അന്ധുരാ പാലത്തിനു വീതി കൂട്ടുന്നതിനുള്ള പ്രവര്‍ത്തനം ദശാബ്ദങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ആ പണിയും പൂര്‍ത്തിയായിരിക്കുന്നു. ബോജുവിദ്-സിന്ധോറ റോഡ് വീതി കൂട്ടല്‍, ശിവ്പൂര്‍-ഫുല്‍വാരിയ റോഡ് നാലുവരിയാക്കല്‍, രാജാ തലബ് പൊലീസ് സ്റ്റേഷനും ജാഖിണിക്കും ഇടയിലുള്ള റോഡിനു വീതി കൂട്ടല്‍ എന്നിവ ഉള്‍പ്പെടെ നഗരത്തിനുള്ളില്‍ നിരവധി ജോലികള്‍ നടന്നുകൊണ്ടിരിക്കുന്നു. മതവിശ്വാസപരമായും വിനോദ സഞ്ചാരപരമായും ഏറെ പ്രധാനമായ പഞ്ചകോസി ഇടനാഴിയുടെ വികസനം അതിവേഗത്തില്‍ പുരോഗമിക്കുന്നു.

ഭഗവത് പാലത്തിനും കോടതി റോഡിനും മധ്യേയുള്ള റോഡുകളുടെ നിര്‍മാണത്തിന് ഏകദേശം 750 കോടി രൂപ അനുവദിച്ചു. നേരത്തേ ഇത് എത്ര ബുദ്ധിമുട്ടേറിയ പാതയായിരുന്നു നിന്ന് നിങ്ങള്‍ക്ക് അറിയാവുന്നതാണ്! കുറച്ചു മിനിറ്റുകള്‍ മാത്രം വേണ്ടിവരുന്ന യാത്രയ്ക്ക് മണിക്കൂറുകള്‍ എടുത്തിരുന്നു. രൂക്ഷമായ ഗതാഗതക്കുരുക്കു കാരണം സമയത്ത് എത്താനാകാതെ ആളുകള്‍ക്ക് വിമാനങ്ങളും തീവണ്ടികളും നഷ്ടപ്പെട്ടിരുന്നു. ഈ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ പ്രശ്‌നങ്ങളെല്ലാം ഉറപ്പായും ഇല്ലാതാകും. 

സുഹൃത്തുക്കളേ,

വാരാണസി വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നതിനു വിമാനത്താവളങ്ങളിലെത്തുന്ന ആളുകള്‍ സാക്ഷികളാണ്. വിമാനത്തില്‍ വരാണസിയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. നാലു വര്‍ഷം മുമ്പ് ഏകദേശം എട്ട് ലക്ഷം ആളുകളാണ് ബാബത്പൂര്‍ വിമാനത്താവളം വഴി വന്നിരുന്നത്. ഇന്നിപ്പോള്‍ അത് 21 ലക്ഷമായി വര്‍ധിച്ചിരിക്കുന്നു. 

സ്മാര്‍ട് വരാണസിയിലേക്കുള്ള പരിവര്‍ത്തനത്തിന് സാധ്യമാകുന്ന എല്ലാ വഴികളിലൂടെയും വരാണസിയിലെ ഗതാഗത സംവിധാനം ആധുനികവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്. ഗതാഗത സംവിധാനം സംയോജിതമാക്കിയാല്‍ ഏതെങ്കിലും ഒരു ഗതാഗത സംവിധാനത്തില്‍ മാത്രമായി അമിത ഭാരമുണ്ടാകില്ല. ഇവിടെ നിര്‍മിക്കുന്ന സംയോജിത നിര്‍ദേശ, നിയന്ത്രണ കേന്ദ്രം നഗരത്തിന്റെ മുഴുവന്‍ ഭരണവും പൊതുകാര്യങ്ങളു നിയന്ത്രിക്കാന്‍ പോവുകയാണ്.

വരാണസിയിലെ അതിവേഗ ബഹുമാതൃകാ പുറപ്പെടല്‍ കേന്ദ്രം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നഗരം ഗതാഗതത്തിന്റെ ഒരു പ്രധാന കേന്ദ്രമായി വികസിക്കും. ഇത് റോഡുകളുടെയും റെയില്‍പ്പാതകളുടെയും ജലഗതാഗതത്തിന്റെയും പരസ്പര ബന്ധം വര്‍ധിപ്പിക്കും. അതിന്റെ നേട്ടം ഇവിടുത്തെ വ്യാപാര, വ്യവസായ മേഖലകള്‍ക്കും ലഭിക്കും. 

കാശി സന്ദര്‍ശിക്കുന്നവര്‍ക്ക് അവരുടെ യാത്രാസമയം കുറയ്ക്കാന്‍ ഉപകരിക്കുന്ന ബോട്ട് സര്‍വീസിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. വരാണസിക്കും ഹാല്‍ദിയയ്ക്കും ഇടയിലെ ദേശീയ ജലപാത നമ്പര്‍ ഒന്നിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. സിഎന്‍ജി വാഹനങ്ങളിലേക്കു മാറാനുള്ള പ്രവര്‍ത്തനം അതിവേഗം നടക്കുന്നു.

സഹോദരീ സഹോദരന്മാരേ,

വരാണസി കന്റോണ്‍മെന്റ് സ്‌റ്റേഷന്റെ ചിത്രങ്ങള്‍ ആളുകള്‍ ആഹ്ലാദപൂര്‍വം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു കാണുമ്പോള്‍ എന്റെ സന്തോഷം ഇരട്ടിക്കുകയാണ്. കന്റോണ്‍മെന്റ് സ്‌റ്റേഷന്‍, മണ്‍ഡുവാഡിയ അല്ലെങ്കില്‍ സിറ്റി സ്‌റ്റേഷന്‍ എന്നിവ പോലുള്ളവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ശീഘ്രഗതിയിലാണ്. അവ ആധുനികവല്‍ക്കരിക്കപ്പെടുന്നു. കാശിയിലേക്ക് തീവണ്ടിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ കാശിയുടെ ചിത്രം സ്റ്റേഷനില്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. 

സുഹൃത്തുക്കളേ,

ഇതിനു പുറമേ, വരാണസിയെ അലഹബാദുമായും ഛപ്രയുമായും ബന്ധിപ്പിക്കുന്ന റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ജോലി പുരോഗതിയിലാണ്. വരാണസിയില്‍ നിന്ന് ബാലിയയിലേക്കുള്ള പാതയുടെ വൈദ്യുതീകരണം പൂര്‍ത്തിയായിരിക്കുന്നു. വരാണസി- അലഹബാദ് നഗര സ്റ്റേഷന്‍ ഭാഗത്തിന്റെ ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളും പുരോഗതിയിലാണ്. 

അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം വരാണസിയില്‍ നിന്ന് രാജ്യമെമ്പാടും റെയില്‍പ്പാത വഴി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും പല തലങ്ങളില്‍ വികസിക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ വരാണസിയില്‍ നിന്ന് നിരവധി പുതിയ തീവണ്ടികള്‍ തുടങ്ങി. വരാണസി – ഡല്‍ഹി, വഡോദര, പറ്റ്‌നാ മഹാമന എക്‌സ്പ്രസുകള്‍, വരാണസി – പറ്റ്‌നാ ജനശതാബ്ധി എക്‌സ്പ്രസ് എന്നിവ പോലുള്ള തീവണ്ടികള്‍ ആധുനിക സൗകര്യങ്ങളോടെ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഹുബ്ലി,  മൈസൂര്‍, ഗുവാഹത്തി പോലുള്ള മറ്റു നഗരങ്ങളിലേക്കു വരാണസിയില്‍ നിന്നു റെയില്‍പ്പാതാ ബന്ധം ശക്തിപ്പെടുത്തി. 

സുഹൃത്തുക്കളേ,

കാശിയിലെ യാത്രാ സൗകര്യം നന്നാക്കിയാല്‍ മാത്രം പോരാ, നഗരം ഭംഗിയുള്ളതാക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍ നമ്മുടെ ഘാട്ടുകള്‍ അതിഥികളെ സ്വാഗതം ചെയ്യുന്നത് ചവറ് കൂനകള്‍ കൊണ്ടല്ല ദീപങ്ങള്‍ കൊണ്ടാണ്. ഇപ്പോള്‍ ഗംഗാ മാതാവിന്റെ ജലത്തിലൂടെ വള്ളത്തിലും വലിയ ജലവാഹനങ്ങളിലും ഒരുപോലെ സഞ്ചരിക്കാനാകും. സൗകര്യങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് വിശ്വാസികള്‍ക്ക് വേഗത്തില്‍ ക്ഷേത്രങ്ങളില്‍ എത്താനാകും. വിനോദ സഞ്ചാരത്തിലൂടെയുള്ള ഈ പരിവര്‍ത്തനത്തിന്റെ പ്രചാരണം തടസ്സങ്ങളില്ലാതെ നടക്കുന്നു.

സഹോദരീ സഹോദരന്മാരേ,

കാശിയുടെ പാരമ്പര്യം സംരക്ഷിക്കാനും നമ്മുടെ പൈതൃകത്തെ സൗന്ദര്യവല്‍ക്കരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നാലു വര്‍ഷമായി നടന്നവരികയാണ്. മൈദാഗിന്‍ ടൗണ്‍ ഹാളില്‍ നിന്നാണ് മഹാത്മ ഗാന്ധി അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനം ആരംഭിച്ചത്. ഭാവന്‍ പൈതൃകത്തിന്റെ അന്തസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അത് വീണ്ടും അതിന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് തിരിച്ചുപോവുകയാണ്. 

വരാണസിയുടെ വലുതും പ്രധാനപ്പെട്ടതുമായ ഉദ്യാനങ്ങള്‍ പുനര്‍നിര്‍മിക്കുകയും വികസിപ്പിക്കുകയും സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്തു. സര്‍നാഥിലെ വിനോദ സഞ്ചാരികള്‍ക്കു വേണ്ടി ലൈറ്റ് ആന്റ് സൗണ്ട് പ്രദര്‍ശനം സജ്ജീകരിച്ചിരിക്കുന്നു. വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിന് ബുദ്ധ തീം പാര്‍ക്കു പോലുള്ള മത കേന്ദ്രങ്ങളും ശാരംഗ് നാഥ് തടാകം, ഗുരുധാം ക്ഷേത്രം, മാര്‍ക്കണ്ഡേയ മഹാദേവ ക്ഷേത്രം എന്നിവയും സൗന്ദര്യവല്‍ക്കരിക്കുന്നു.

ഭൈരാവ് കുണ്ട്, സാഗര്‍നാഥ് കുണ്ട്, ലക്ഷ്മീ കുണ്ട്, ദുര്‍ഗാനാഥ് കുണ്ട് എന്നിവയുടെ സൗന്ദര്യവല്‍ക്കരണം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ കാശിയിലെ ജനങ്ങള്‍ വ്യത്യസ്ഥ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി നേതാക്കളെ അതിഗംഭീരമായ വിധത്തില്‍ സ്വാഗതം ചെയ്തു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഫ്രാന്‍സിന്റെ രാഷ്ട്രപതി മാക്രോണ്‍, ജര്‍മനിയുടെ രാഷ്ട്രപതി ഫ്രാങ്ക് വാള്‍ട്ടര്‍ എന്നിവര്‍ എപ്പോഴും കാശിയിലെ ജനങ്ങളുടെ ആതിഥ്യത്തെക്കുറിച്ച് പ്രകീര്‍ത്തിച്ചു പറയുന്നു. ജപ്പാനാകട്ടെ കാശിക്ക് ഒരു കണ്‍വന്‍ഷന്‍ കേന്ദ്രംതന്നെ സമ്മാനിച്ചു.

സുഹൃത്തുക്കളേ,

അടുത്ത വര്‍ഷാരംഭത്തില്‍ എല്ലാവരുടെയും കണ്ണ് കാശിയിലെ ആതിഥ്യത്തിലേക്കായിരിക്കും. ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ ജനുവരിയില്‍ കാശിയിലെ കുംഭമേളയില്‍ സംഘടിപ്പിക്കും. ഗവണ്‍മെന്റ് ഇതിന്റെ പ്രവര്‍ത്തനങ്ങളിലാണ്. നിങ്ങളുടെ സഹകരണം അതില്‍ ഒഴിവാക്കാനാകാത്തതാണ്. കാശിയിലെ മുഴുവനാളുകളും എത്തിച്ചേരണം. വാരാണസിയുടെ കാമ്പും നിറവും പൈതൃകവും എല്ലാ മുക്കുമൂലകളിലും തെരുവിലും പ്രതിഫലിക്കണം. ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് അവരുടെ ജീവിതത്തിലൂടനീളം ഓര്‍ക്കാന്‍ ഉതകുന്ന വിധം ശുചിത്വത്തിന്റെയും ആതിഥ്യത്തിന്റെയും ഉദാഹരണം നമ്മള്‍ തയ്യാറാക്കിയിരിക്കണം. പ്രവാസി ഭാരതീയ ദിവസ് പരിപാടികളില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തിയവര്‍ക്കുണ്ടായ നല്ല അനുഭവങ്ങള്‍ക്കും അവര്‍ പിന്നീട് കാശിയുടെ വിനോദ സഞ്ചാര അംബാസിഡര്‍മാരുമായി മാറിയതിന് എന്റെ ആശംസകള്‍; എവിടെയൊക്കെ അവര്‍ പോകുന്നോ അവിടെയൊക്കെ അവര്‍ കാശിയേക്കുറിച്ചുള്ള മനംകവരുന്ന കാര്യങ്ങള്‍ പറയുന്നു.

സഹോദരീ സഹോദരന്മാരേ,

കാശി ശുചിത്വത്തിന്റെ കാര്യത്തിലുള്ള മാറ്റത്തിനുകൂടിയാണ് സാക്ഷ്യം വഹിച്ചത്. ഇന്നിപ്പോള്‍ ശുചിത്വം എന്നത് കാശിയുടെ ഘാട്ടുകളിലും തെരുവുകളിലും എല്ലാ മുക്കുമൂലകളിലും ഒരു സാധാരണ കാര്യമായിരിക്കുന്നു. വൃത്തിക്കു വേണ്ടിയുള്ള കൊള്ളാവുന്ന പരിഹാര മാര്‍ഗ്ഗങ്ങള്‍ മാത്രമല്ല ചപ്പു ചവറ് നിര്‍മാര്‍ജ്ജനത്തിനും വഴി കണ്ടെത്തി. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മാലിന്യത്തില്‍ നിന്ന് വളം ഉല്‍പ്പാദിപ്പിക്കുന്നു. 

മാലിന്യത്തെ വളമാക്കി മാറ്റുന്നതിന് കര്‍സാരയില്‍ വലിയ ഒരു ഫാക്ടറി സ്ഥാപിച്ചിരിക്കുന്നു. എല്ലാ ദിവസും നിരവധി മെട്രിക് ടണ്‍ മാലിന്യങ്ങളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ആ മാലിന്യം കൂട്ടുവളമായി മാറുന്നു. മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന ഒരു കേന്ദ്രം കര്‍സാരയിലുണ്ട്. ഈ പ്ലാന്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു. ഇതിനു പുറമേ ഭവാനിയ, പൊഖാരി,  പഹാരിയ മണ്ഡി, ഇഡാ കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ ജൈവ ഇന്ധന പ്ലാന്റുകള്‍ സ്ഥാപിച്ചു. 

സുഹൃത്തുക്കളേ,

ഗംഗോത്രി മുതല്‍ ഗംഗാ സാഗര്‍ വരെ ഗംഗാ മാതാവിനെ മാലിന്യമുക്തമാക്കാനും ഇതിനൊപ്പം ശ്രമങ്ങള്‍ നടക്കുകയാണ്. പുഴ വൃത്തിയാക്കാനുള്ള സജ്ജീകരണങ്ങള്‍ മാത്രമല്ല സമീപ ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും മലിനവസ്തുക്കള്‍ പുഴയിലേക്ക് ഒഴുക്കുന്നത് തടയാനുളളതുകൂടിയാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെ ഏകദേശം 21,000 കോടി രൂപയുടെ 200 പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. 

വരാണസിയില്‍ ഈ ലക്ഷ്യത്തോടെ 600 കോടി രൂപയിലധികം ചിലവു വരുന്ന പദ്ധതികള്‍ തുടങ്ങിയിരിക്കുന്നു. ദിനാപ്പൂരിലെയും രമണയിലെയും മലിനജല സംസ്‌കരണ പ്ലാന്റുകള്‍ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. അഴുക്കുചാല്‍ അടിസ്ഥാനസൗകര്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടക്കുന്നു. ആയിരക്കണക്കിന് അഴുക്കുചാലുകള്‍ നിര്‍മിക്കുന്നതിനൊപ്പംതന്നെ 150ല്‍ അധികം സമൂഹ കക്കൂസുകളും നിര്‍മിച്ചു. മലിനജലം ഒഴുക്കിക്കളയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനൊപ്പം തന്നെ കുടിവെള്ള വിതരണ സംവിധാനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമുണ്ട്. ആയിരക്കണക്കിനു വീടുകളില്‍ ജല കണക്ഷന്‍ നല്‍കാനും ജല മീറ്റര്‍ സ്ഥാപിക്കാനുമുള്ള ജോലികള്‍ നടക്കുകയാണ്. 

സുഹൃത്തുക്കളേ,

റോഡ്, വൈദ്യുതി, ജലവിതരണം പോലുള്ള സൗകര്യങ്ങള്‍ വാരാണസിക്കു വേണ്ടി മാത്രമല്ല സമീപഗ്രാമങ്ങള്‍ക്കു വേണ്ടിക്കൂടിയാണ് നടപ്പാക്കുന്നത്. ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഏതാനും ഗ്രാമങ്ങള്‍ വികസിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്, അത്തരത്തില്‍ സുപ്രധാന ജല പദ്ധതി നടപ്പാക്കിയ ഗ്രാമമാണ് നാഗേപൂര്‍. നാഗേപൂര്‍, ജയാപൂര്‍, കകാരിയ, ദോംരി തുടങ്ങിയവയപ്പോലെ എല്ലാ ഗ്രാമങ്ങളും ഇപ്പോള്‍ റോഡുകളും ജലവും വൈദ്യുതിയും കൊണ്ട് കൂട്ടിച്ചേര്‍ത്തിരിക്കുന്നു. കളിസ്ഥലം, സ്വയംതൊഴില്‍ കേന്ദ്രങ്ങള്‍, കര്‍ഷകര്‍ക്കുള്ള മികച്ച സൗകര്യങ്ങള്‍, ആരോഗ്യരക്ഷാ സൗകര്യങ്ങള്‍ തുടങ്ങിയ മറ്റു നിരവധി സജ്ജീകരണങ്ങളും ലഭ്യമാക്കിയിരിക്കുന്നു. 

സുഹൃത്തുക്കളേ,

നിങ്ങളുടെ സജീവ സഹരണംകൊണ്ട് കാശി ഇപ്പോള്‍ പശ്ചിമേന്ത്യയുടെ ആരോഗ്യ കേന്ദ്രമായി വികസിക്കുകയാണ്. വിവിധ മേഖലകളിലെ ആശുപത്രികള്‍ വരാണസിയെ വരുംദിവസങ്ങളില്‍ പശ്ചിമേന്ത്യയിലെ സുപ്രധാന ചികില്‍സാ കേന്ദ്രമാക്കി മാറ്റും. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പുതിയ ആധുനിക ട്രോമാ കേന്ദ്രം ആയിരക്കണക്കിനാളുകളുടെ ജീവനാണ് രക്ഷിക്കുന്നത്. നിര്‍മാണത്തിലുള്ള വരാണസിയുടെ പുതിയ കാന്‍സര്‍ ആശുപത്രിയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും ചികില്‍സയില്‍ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. 
ലോക നിലവാരത്തിലുള്ള ആരോഗ്യ സ്ഥാപനം വികസിപ്പിക്കുന്നതിന് ബനാറസ് ഹിന്ദു സര്‍വകലാശാല അടുത്തിടെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായി കരാര്‍ ഒപ്പിട്ടു.

സുഹൃത്തുക്കളേ,

ഇന്നിപ്പോള്‍ ഒരു മേഖലാ നേത്രരോഗ ചികില്‍സാ സ്ഥാപനം കൂടി ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ തുടങ്ങിയിരിക്കുന്നു. ഏകദേശം 54 വര്‍ഷങ്ങള്‍ക്കു മുമ്പ് ലാല്‍ ബഹദൂര്‍ ശാസ്ത്രി ജി ഇവിടെ നേത്ര ചികില്‍സാ വകുപ്പ് ഉദ്ഘാടനം ചെയ്തിരുന്നു. അത് ഒരു മേഖലാ കേന്ദ്രമായി വികസിപ്പിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ഈ സൗകര്യം പൂര്‍ണമായി വികസിപ്പിച്ചു കഴിയുന്നതോടെ പൂര്‍വ ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നു കോടിക്കണക്കിന് ആളുകള്‍ക്ക് അതിന്റെ നേട്ടം ലഭിക്കും. 

അതിനും പുറമേ, കാശിയിലെ ജനങ്ങള്‍ നേത്ര ചികില്‍സയ്ക്കു വേണ്ടി ഇനി വന്‍ നഗരങ്ങളിലേക്ക് പോകേണ്ടി വരില്ല. തിമിരം മുതല്‍ ഗുരുതരമായ നേത്ര രോഗങ്ങള്‍ വരെ എല്ലാം കുറഞ്ഞ ചിലവില്‍ ചികില്‍സിക്കും. ഈ സ്ഥാപനം ഉന്നത നിലവാരമുള്ള ഡോക്ടര്‍മാരെ ഉല്‍പ്പാദിപ്പിക്കുകയും ഗവേഷണം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും കൂടി ചെയ്യും.

സുഹൃത്തുക്കളേ,

പുതിയ ആശുപത്രികള്‍ കെട്ടിപ്പടുക്കുന്നതിനു പുറമേ വാരാണസിയില്‍ നിലവിലുള്ളതിന്റെ നിലവാരവും ഉയര്‍ത്തും. പണ്ഡേപൂരിലെ ഇഎസ്‌ഐ ആശുപത്രി 150 കോടി രൂപ ചെലവിട്ട് ആധുനികവല്‍ക്കരിക്കുകയാണ്. നിലവിലുള്ള ആശുപത്രികളിലെ കിടക്കകളുടെ എണ്ണവും വര്‍ധിപ്പിക്കുന്നു. സ്വകാര്യ ആശുപത്രികളെയും പ്രോല്‍സാഹിപ്പിക്കുന്നു. ഇതിനുപുറമേ താലൂക്ക്, ബ്ലോക്ക് തലങ്ങളില്‍ നിരവധി ആരോഗ്യ പരിരക്ഷാ കേന്ദ്രങ്ങളും ആശുപത്രികളും സ്ഥാപിക്കുന്നു. 

സുഹൃത്തുക്കളേ,

ബിജെപിയുടെ യോഗി ജി യുപിയില്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം മുമ്പില്ലാത്ത വേഗത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. ആയുഷ്മാന്‍ ഭാരതില്‍ ചേര്‍ന്നതിന് യോഗിജിയെയും അദ്ദേഹത്തിന്റെ സംഘത്തെയും ഞാന്‍ അഭിനന്ദിക്കുന്നു. പരീക്ഷണാര്‍ത്ഥം നടപ്പാക്കിയ പദ്ധതിയിലൂടെ അഞ്ച് ലക്ഷം മുതല്‍ 50 കോടി രൂപ വരെയുള്ള സൗജന്യ ചികില്‍സയാണ് യുപി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാവപ്പെട്ട സഹോദരീ സഹോദരന്മാര്‍ക്ക് ലഭിക്കുക. സെപ്റ്റംബര്‍ 23 മുതല്‍ രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പാക്കിത്തുടങ്ങും. 

സഹോദരീ സഹോദരന്മാരേ,

ആരോഗ്യത്തിനൊപ്പം വിദ്യാഭ്യാസവും ശക്തിപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നു. പരമ്പരാഗത വിദ്യാഭ്യാസത്തിനൊപ്പം തന്നെ ആധുനിക വിദ്യാഭ്യാസവും ലഭ്യമാക്കുന്നതിനേക്കുറിച്ചാണ് മാല്‍വിയാ ജി സ്വപ്‌നം കാണുന്നത്. ബനാറസ് ഹിന്ദു സര്‍വകലാശാല വികസിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ സ്വപ്‌നത്തിന്റെ ഫലമായി നരവധി കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശാസ്ത്രവും ഭാവി സാങ്കേതികവിദ്യാ പരിഹാരങ്ങളും വേദ വിജ്ഞാനവുമായി കണ്ണി ചേര്‍ത്തിരിക്കുകയാണ്. വേദകാലത്തെ സമകാലിക വേളയുമായി കണ്ണി ചേര്‍ത്തിരിക്കുന്നു. ഒരു വശത്ത് വേദശാസ്ത്ര കേന്ദ്രത്തിനു ശിലാസ്ഥാപനം നടത്തുമ്പോള്‍ത്തന്നെ മറുവശത്ത് അടല്‍ ഇന്‍കുബേഷന്‍ കേന്ദ്രവും ഉദ്ഘാടനം ചെയ്യുന്നു.

യുവ സുഹൃത്തുക്കളേ,

നമ്മുടെ പുരാതന സംസ്‌കാരവും പാരമ്പര്യവും നമുക്ക് ഭാവി സാങ്കേതികവിദ്യ പോലെതന്നെ ആകര്‍ഷകമാണ്. 80 കോടിയിലധികം യുവജനങ്ങളുടെ കരുത്തുള്ള ഈ രാജ്യം ക്ഷണികമായ സാങ്കേതികവിദ്യാ താല്‍പര്യങ്ങളില്‍ നിന്നു മാറി നടക്കുകയാണ്. ബനാറസ് ഹിന്ദു സര്‍വകലാശാലയില് അടല്‍ ഇന്‍കുബേഷന്‍ കേന്ദ്രം തുടങ്ങിയത് ഭാവി സാങ്കേതികവിദ്യയിലേക്കുള്ള പാത എന്ന നിലയിലാണ്. ഈ ഇന്‍കുബേഷന്‍ കേന്ദ്രം സമീപ ഭാവിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ ഒരു ഊര്‍ജ്ജം പ്രദാനം ചെയ്യും.

രാജ്യത്തെ 80 സ്റ്റാര്‍ട്ടപ്പുകള്‍ ഇതില്‍ ചേരാന്‍ താല്‍പര്യം അറിയിച്ചിരിക്കുന്നുവെന്നും 20 സ്റ്റാര്‍ട്ടപ്പുകള്‍ ചേര്‍ന്നുകഴിഞ്ഞു എന്നുമാണ് ഞാന്‍ അറിഞ്ഞത്. ഈ കേന്ദ്രത്തിന്റെ പേരില്‍ വരാണസിയിലെ യുവജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു, പ്രത്യേകമായും അവരുടെ ധൈര്യത്തെയും നല്ല മനസ്സിനെയും.

സുഹൃത്തുക്കളേ,

ഗ്രാമീണ സമ്പദ്ഘടനയ്ക്കും കര്‍ഷകര്‍ക്കും പ്രോല്‍സാഹനം നല്‍കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ നാല് വര്‍ഷക്കാലം വേഗത വര്‍ധിച്ചു. നശിച്ചുപോകാവുന്ന ചരക്കുകള്‍ ശേഖരിച്ചു സൂക്ഷിക്കാനുള്ള രാജാ തലബിലെ കേന്ദ്രം ജൂലൈയിലാണ് തുടങ്ങിയത്. വിളകള്‍ നശിച്ചു പോകാതെ സംരക്ഷിക്കുക മാത്രമല്ല വരാണസിയിലെയും സമീപ പ്രദേശങ്ങളിലെയും കര്‍ഷകര്‍ക്ക് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലൂടെ വരുമാനം വര്‍ധിപ്പിക്കാനും ഈ കേന്ദ്രം സഹായകമാകും. കിഴങ്ങും തക്കാളിയും പോലുള്ള പച്ചക്കറികള്‍ ശേഖരിക്കുക മാത്രമല്ല ഇവിടെ. റെയില്‍വേ സ്റ്റേഷനും വളരെ അടുത്താണ്. ഇത് മറ്റു പട്ടണങ്ങളിലേക്ക് പഴങ്ങളും പച്ചക്കറികളും കൊണ്ടുപോകാന്‍ സൗകര്യമായി മാറും.

ഇതിനു പുറമേ, അന്തര്‍ദേശീയ അരി ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തീകരണത്തോട് അടുക്കുകയാണ്. ഉന്നത നിലവാരമുള്ള നെല്ല് ശേഖരിക്കുന്നതില്‍ ഭാവിയില്‍ കാശി പ്രധാനപ്പെട്ട പങ്ക് നിര്‍വഹിക്കും എന്നാണ് ഇതിന്റെ അര്‍ത്ഥം. വരാണസിയിലെ കര്‍ഷക സഹോദരീ സഹോദരന്മാര്‍ക്ക് മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍ കൂടി ലഭ്യമാക്കാനുള്ള സംവിധാനങ്ങളാണ് നാം സൃഷ്ടിക്കുന്നത്. കൃഷിക്കൊപ്പം കന്നുകാലി വളര്‍ത്തലിനും നാം കര്‍ഷക സഹോദരീ സഹോദരന്മാരെ പ്രോല്‍സാഹിപ്പിക്കുന്നു.

കുറച്ചുകാലം മുമ്പ് കര്‍ഷകര്‍ക്ക് തേനീച്ചപ്പെട്ടികള്‍ നല്‍കിയിരുന്നു. പതിവുരീതിയിലുള്ള ചിത്രങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടതെങ്കിലും പെട്ടികള്‍ അവര്‍ക്ക് നല്‍കിയിരുന്നു. ഇതാണ് അതിനു പിന്നിലെ ലക്ഷ്യം. തേനീച്ചകള്‍ വരുമാനം വര്‍ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, തേന്‍ ഉല്‍പാദനത്തിലൂടെ വരുമാനം വര്‍ധിപ്പിക്കാനുള്ള മാധ്യമം കൂടിയാണ്. ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ മുമ്പുള്ളതിനേക്കാള്‍ വരുമാനം വര്‍ധിച്ചതിനൊപ്പം ഗുണനിലവാരമുള്ള തേന്‍ ഉല്‍പാദനത്തിലും രാജ്യം  മുമ്പില്ലാത്ത നേട്ടമാണ് കൈവരിച്ചിരിക്കുന്നത് എന്ന് അറിയുന്നത് നിങ്ങള്‍ക്ക് സന്തോഷകരമായിരിക്കും. 

സഹോദരീ സഹോദരന്മാരേ,

വാരാണസിയും പശ്ചിമേന്ത്യയും നെയ്ത്തുകാരുടെയും കൈത്തൊഴിലുകാരുടെയും മണ്ണില്‍ നിന്നു പൊന്ന് വിളയിക്കുന്നവരുടെയും നാടാണ്. വരാണസിയിലെ കരകൗശല വ്യവസായത്തിനും കൈത്തൊഴിലുകാര്‍ക്കും കരകൗശല ഉല്‍പ്പന്ന നിര്‍മാതാക്കള്‍ക്കും സാങ്കേതിക സഹായം നല്‍കുന്നതിന് വ്യാപാര പ്രോല്‍സാഹന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും അവരെ പുതിയ വിപണിയുമായി ബന്ധിപ്പിക്കുകയും ചെയ്തു. നെയ്ത്തുകാര്‍ക്ക് മികച്ച ഉല്‍പ്പാദന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഒമ്പത് ഇടങ്ങളില്‍ പൊതു പ്രോല്‍സാഹന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. നെയ്ത്തുകാരായ സഹോദരീ സഹോദരന്മാര്‍ക്ക് ജോലി എളുപ്പമാക്കുന്നതിന് പുതിയ യന്ത്രങ്ങള്‍ കൈമാറി.

അതിലുമധികമായി, ചെളിയും കളിമണ്ണും ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്ന കുംഭാര സഹോദരീ സഹോദരന്മാര്‍ക്ക് സാങ്കേതിക സഹായം ലഭ്യമാക്കി. ഇന്ന് ഈ പരിപാടിയില്‍ നിരവധി സഹോദരീ സഹോദരന്മാര്‍ക്ക് വൈദ്യുതി കുറഞ്ഞ നിരക്കില്‍ നല്‍കുന്നു. ഇതിനു പുറമേ കളിമണ്ണും ചെളിയും കുഴയ്ക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങളും അവര്‍ക്ക് കൈമാറുന്നു. ഇത് നിങ്ങളുടെ അധ്വാനം കുറയ്ക്കുകയും പാത്രങ്ങളും അലങ്കാര വസ്തുക്കളും നിര്‍മിക്കുന്നതിനു സമയലാഭം നല്‍കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

വാരാണസിയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ഇടവേളകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പാചകവാതക പൈപ്പ് ലൈനുകളുള്ള ഏതാനും നഗരങ്ങളിലൊന്നാണ് ഇപ്പോള്‍ കാശി. ഇതിനു വേണ്ടി അലഹബാദില്‍ നിന്ന് വരാണസിയിലേക്ക് പൈപ്പുകള്‍ കൊണ്ടുവന്നു. ഇതുവരെ വരാണസിയിലെ 8000 കുടുംബങ്ങള്‍ക്ക് പാചകവാതക പൈപ്പ് ലൈനുകള്‍ ലഭ്യമായി. വരുംദിവസങ്ങളില്‍ ഇത് നാല്‍പതിനായിരം കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിനു പുറമേ, വാരാണസിയിലും സമീപ ഗ്രാമങ്ങളിലും അറുപതിനായിരം പാചക വാതക കണക്ഷനുകള്‍ ലഭ്യമാക്കുന്ന ഉജ്ജ്വല യോജന മുഖേന സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നു. 

സുഹൃത്തുക്കളേ,

എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യ വഴിയിലൂടെ സഞ്ചരിച്ച് കാശി ഭാവിയുടെ പുതിയ ശ്രദ്ധ സൃഷ്ടിക്കുകയാണ്. ആയിരക്കണക്കിനു രൂപയുടെ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കാവുന്ന വിധത്തിലാണ് അവയില്‍ പലതും. വിമാനത്താവളത്തില്‍ നിന്നു കോടതിയിലേക്കുള്ള റിംഗ് റോഡ്, അരി ഗവേഷണ കേന്ദ്രം, ബിനാപ്പൂര്‍-ഗോവ്ത മലിനജല സംസ്‌കരണ പ്ലാന്റ്, ബഹുമാതൃകാ പുറപ്പെടല്‍ കേന്ദ്രം, അന്തര്‍ദേശീയ നിലവാരമുള്ള കാന്‍സര്‍ കേന്ദ്രം എന്നിവ പോലുള്ള ചില പ്രധാന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഈ നഗരത്തിന്റെ വികസനം പുതിയ ഉയരങ്ങള്‍ സ്പര്‍ശിക്കും. 

സുഹൃത്തുക്കളേ,

ഈ പദ്ധതികള്‍ വാരാണസിയില്‍ പരിധിയില്ലാത്ത തൊഴില്‍ അവസരങ്ങളാണ് തുറക്കുന്നത്. വരാണസിയുടെ വികസനം സംരംഭകത്വത്തിന്റെ പുതിയ സാധ്യതകളും തുറക്കും. വരൂ, നമുക്കൊന്നിച്ച് വരാണസിയുടെ ഈ പരിവര്‍ത്തനത്തിന്റെ ദൃഢനിശ്ചയം സമര്‍പ്പിത മനസ്സോടെ ശക്തിപ്പെടുത്താം. പുതിയ കാശിയും പുതിയ ഇന്ത്യയും നിര്‍മിക്കുന്നതിനു നമുക്കൊന്നിച്ചു പങ്കുവഹിക്കാം. 

തുടങ്ങിക്കഴിഞ്ഞ പുതിയ പദ്ധതികളുടെ പേരില്‍ നിങ്ങളെല്ലാവരെയും ഒരിക്കല്‍ക്കൂടി ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ സ്‌നേഹവും അനുഗ്രഹങ്ങളുംകൊണ്ട് എന്നെ പ്രചോദിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സഹോദരീ സഹോദരന്മാരേ, നിങ്ങളെന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തെങ്കിലും ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഞാന്‍ നിങ്ങളോട് ചുമതലപ്പെട്ടവും ഉത്തരവാദപ്പെട്ടവനുമാണ്. കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഏകദേശ രൂപരേഖയാണ് ഞാന്‍ നിങ്ങളെ കാണിച്ചത്. ഒരു ജനപ്രതിനിധി എന്ന നിലയില്‍, നിങ്ങളുടെ സേവകനെന്ന നിലയില്‍, നിങ്ങളാണ് എന്റെ മേധാവിയും ഉന്നതാധികാരിയും. അതുകൊണ്ട് ചെലവഴിച്ച ഓരോ പൈസയുടെയും വിനിയോഗിച്ച സമയത്തിന്റെയും വിവരങ്ങള്‍ നിങ്ങള്‍ക്ക് നല്‍കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. 

ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഞാന്‍ ചെയ്ത വികസനവും പ്രവര്‍ത്തനങ്ങളും നിങ്ങള്‍ക്കു മുന്നില്‍ അവസരം ലഭിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. നിങ്ങളുടെ അടുപ്പത്തിനും അനുഗ്രഹങ്ങള്‍ക്കും നിങ്ങളെല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ഞാന്‍ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുല്‌ള നന്ദി അറിയിക്കുന്നു.

എന്നോടൊപ്പം പറയൂ – ഭാരത് മാതാ കീ ജയ്.

ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!

വളരെയധികം നന്ദി!