പിഎം ഇന്ത്യ
വിദേശ രാജ്യങ്ങളിലെ തന്ത്രപ്രധാനമായ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി ശ്രമിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ധനസഹായം നല്കാന് എക്സിം ബാങ്കിനെ പ്രാപ്തമാക്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി. വിദേശത്തെ വലിയ പദ്ധതികള്‍ക്കായുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ ഇത് ഇന്ത്യന്‍ കമ്പനികളെ സഹായിക്കും.
വായ്പാ തിരിച്ചടവിന്റെ കാര്യത്തില്‍ വിദേശ ഗവണ്മെന്റ് ഉറപ്പ് നല്‍കണം. പദ്ധതിയുടെ തന്ത്രപരമായ പ്രാധാന്യം കേന്ദ്ര സാമ്പത്തിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ ഒരു സമിതി തീരുമാനിക്കും. ധനവിനിയോഗ വകുപ്പ്, വിദേശകാര്യ മന്ത്രാലയം, വ്യവസായ പ്രോത്സാഹന, നയ വകുപ്പ്, വാണിജ്യ വകുപ്പ്, സാമ്പത്തിക സേവന വകുപ്പ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടങ്ങിയവയില്‍ നിന്നുള്ള അംഗങ്ങളും സമിതിയിലുണ്ടാകും. ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സമിതിയില്‍ അംഗമാകും.