പിഎം ഇന്ത്യ

എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
മുംബൈയിലെ ജനങ്ങള്‍ക്ക് ആശംസകള്‍!
ഗണപതി ബാപ്പാ മോറിയാ!
ഗണപതി ബാപ്പാ മോറിയാ!
ഇവിടെ എത്തുന്നതിനുമുമ്പ് ലോക്മാന്യ സേവാ സംഘില്‍ നിന്ന് ഗണപതി ബാപ്പയുടെ അനുഗ്രഹം തേടാന്‍ എനിക്ക് അവസരമുണ്ടായി. ലോക്മാന്യ സേവാസംഘിന്റെ ഗണേശോല്‍സവ ശതാബ്ദി വര്‍ഷമാണിത്. സമൂഹത്തെ ശാക്തീകരിക്കുന്നതിന് ലോക്മാന്യ തിലക് പ്രസരിപ്പിച്ച പാരമ്പര്യം ഇപ്പോള്‍ രാജ്യത്തും ലോകമാകെയും പ്രചാരം നേടിയിരിക്കുന്നു.
നമ്മുടെ പുതിയ ഗവര്‍ണര്‍ ശ്രീ. കോഷ്യാരി ജിയും ഇവിടെ സന്നിഹിതനായിട്ടുണ്ട്. അദ്ദേഹം ഒരിക്കല്‍ ഉത്തരാഖണ്ഡിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്നു എന്നതിനേക്കുറിച്ച് ഒരുപക്ഷേ, വളരെക്കുറച്ച് ആളുകള്‍ക്കു മാത്രമായിരിക്കും ധാരണയുള്ളത്. ഞാന്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, ഉത്തരാഖണ്ഡില്‍ എന്നെ പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനത്തിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് അഭിമാനത്തോടെ ഇവിടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ,
മുംബൈയിലെയും മഹാരാഷ്ട്രയിലെയും ജനങ്ങളുടെ ലാളിത്യവും അടുപ്പവും എന്നും എന്നെ സ്വാധീനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് ഞാന്‍ മഹാരാഷ്ട്രയിലെ നിരവധി പട്ടണങ്ങളില്‍ വരികയും നിങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നല്ലോ. മുംബൈയില്‍ രാത്രിയില്‍ നടത്തിയ റാലി പലദിവസത്തേക്കു വാര്‍ത്തയുമായി. ഈ അടുപ്പത്തിനും അനുഗ്രഹങ്ങള്‍ക്കും നിങ്ങളെല്ലാവരോടും ഞാന്‍ നന്ദിയുള്ളവനാണ്.
ഈ മോശം കാലാവസ്ഥയിലും ഇത്രയധികമാളുകള്‍ ഈ ചടങ്ങിന് എത്തിയതില്‍ നിന്നു വ്യക്തമാകുന്നത് നിങ്ങളുടെ മനസ്ഥിതിയും നിങ്ങളുടെ സ്വപ്‌നങ്ങളുടെ സൂചകവുമാണ്. അതാണ് വസ്തുത.
സുഹൃത്തുക്കളേ,
ഞാന്‍ റഷ്യയില്‍ ആയിരിക്കുമ്പോള്‍ മുംബൈയിലെ സ്ഥിതിയേക്കുറിച്ചു കൃത്യമായി വിവരങ്ങള്‍ മനസ്സിലാക്കിക്കൊണ്ടാണിരുന്നത്. ഇന്നലെ രാവിലെ തിരിച്ചെത്തി, വൈകിട്ട് ബെംഗളൂരുവിലേക്ക് പോയി. രാത്രി മുഴുവന്‍ ഞാനവിടെ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരായ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു. അവരുടെ ധീരതയില്‍ ഞാന്‍ വളരെയധികം സ്വാധീനിക്കപ്പെട്ടു. നമ്മുടെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരില്‍ നിന്നും എന്‍ജിനീയര്‍മാരില്‍ നിന്നും നമുക്ക് വളരെ പഠിക്കാന്‍ കഴിയും; ലക്ഷ്യം നേടുന്നതിനു വേണ്ടി ക്ഷമയോടെ പ്രതികൂല സാഹചര്യങ്ങളില്‍പ്പോലും രാപ്പകലില്ലാതെ എങ്ങനെയാണ് അവര്‍ അധ്വാനിക്കുന്നത് എന്ന്.
സഹോദരീ സഹോദരന്മാരേ,
ഇത് നമ്മുടെ പുരാണങ്ങളില്‍ നിന്നുള്ള വിജ്ഞാന സമ്പത്താണ്. ഭര്‍തൃഹരി പറഞ്ഞു-
ഏതു ലക്ഷ്യവും നേടാന്‍ ശ്രമിക്കുന്ന മൂന്നുതരം ആളുകളുണ്ട്. തടസ്സങ്ങളേക്കുറിച്ചുള്ള ഭയംകൊണ്ട് ഒരിക്കലും തുടങ്ങാത്തവരാണ് അതിന്റെ ഏറ്റവും താഴത്തെ തട്ടിലുവര്‍; തുടങ്ങിവച്ചശേഷം ആദ്യത്തെ തടസ്സം ഉണ്ടാകുമ്പോള്‍ത്തന്നെ ഓടിയൊളിക്കുന്നവരാണ് മധ്യത്തിലുള്ളവര്‍. ഈ രണ്ടു വിഭാഗത്തിനും പുറമേ, ഉയരത്തില്‍ മറ്റൊരു വിഭാഗമുണ്ട്. അവര്‍ എന്തു തടസ്സങ്ങളും വെല്ലുവിളികളും ഉണ്ടായാലും പിന്മാറാതെ ലക്ഷ്യം നേടുന്നതുവരെ ശ്രമം തുടരും.
സുഹൃത്തുക്കളേ, ഐ.എസ്.ആര്‍.ഒയും അവിടെ പ്രവര്‍ത്തിക്കുന്നവരും മൂന്നാമത്തെ വിഭാഗത്തിലാണ്. ലക്ഷ്യം നേടും വരെ അവര്‍ നിര്‍ത്തിവയ്ക്കില്ല, ക്ഷീണിതരാവുകയോ ഒന്നിരിക്കുക പോലുമോ ചെയ്യില്ല. ചന്ദ്രയാന്‍ ദൗത്യത്തില്‍ ഒരു തടസ്സം നമുക്കു വന്നെങ്കിലും തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിക്കുന്നതുവരെ ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞര്‍ നിര്‍ത്തിവയ്ക്കില്ല. ചന്ദ്രനില്‍ എത്തുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കുക തന്നെ ചെയ്യും.
സുഹൃത്തുക്കളേ, ചാന്ദ്രയാന്റെ ഭാഗമായി നാം അയച്ച ഓര്‍ബിറ്റര്‍ ഇപ്പോഴും അവിടെത്തന്നെയുണ്ട് എന്ന് നാം ഓര്‍ക്കണം. അത് ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണ്, അതൊരു ചരിത്ര നേട്ടമാണ്. മുംബൈയിലെ ജനങ്ങളുടെ ആവേശം ഞാന്‍ ഏറെ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ ഇന്ന് ഐ.എസ്.ആര്‍.ഒയിലുള്ളവരുടെ ഉല്‍സാഹം അനുഭവിക്കുകയും ആ കാര്യം നിങ്ങളോട്പങ്കുവയ്‌ക്കേണ്ടതുണ്ടെന്ന് എനികകു തോന്നുകയും ചെയ്തു.
സഹോദരീ സഹോദരന്മാരേ,
ഗണേശോല്‍സവത്തിന്റെ ആവേശം ഉള്‍ക്കൊണ്ട,് ദൃഢനിശ്ചയങ്ങള്‍ നടപ്പാക്കാനുള്ള നിലയ്ക്കാത്ത ശ്രമങ്ങളുടേതായ ഒരു പരിതസ്ഥിതിയില്‍ ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികളാണ് മഹാരാഷ്ട്രയില്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
മുംബൈയില്‍ നിന്നു ഞാന്‍ അഹമ്മദാബാദിലേക്കാണ് പോകുന്നത്. അവിടെയും നിരവധി പദ്ധതികള്‍ തുടങ്ങുന്നു. മുംബൈയിലും പരിസരപ്രദേശങ്ങളിലും ജീവിക്കുന്ന ജനങ്ങള്‍ക്ക് ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കട്ടെ. ഏകദേശം ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികളാണ് ഇന്ന് ഇവിടെ തുടങ്ങിവയ്ക്കുന്നത്. മെട്രോയുടെ പുതിയ പാത, ഒരു മെട്രോ കെട്ടിടം, മെട്രോ സ്‌റ്റേഷനിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയ്‌ക്കൊപ്പം ബാന്ദ്രാ – കുര്‍ള കോംപ്ലെക്‌സിനെ ബന്ധിപ്പിക്കുന്ന ഒരു പദ്ധതി; ഈ പദ്ധതികളെല്ലാം മുംബൈയിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് പുതിയ ഒരു മാനം നല്‍കുക മാത്രമല്ല ചെയ്യുന്നത് ഇവിടുത്തെ ജനങ്ങളുടെ ജീവിതം എളുപ്പമുള്ളതാക്കുകയും ചെയ്യുന്നു.
ബാന്ദ്രാ- കുര്‍ളയെ എക്‌സ്പ്രസ് ഹൈവേയുമായി ബന്ധിപ്പിക്കുന്ന പദ്ധതി ലക്ഷക്കണക്കിന് പ്രൊഫഷണലുകള്‍ക്ക് വലിയ ആശ്വാസമായി മാറും.
ബാന്ദ്രാ- കുര്‍ള കോംപ്ലക്‌സ് വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ വലിയ കേന്ദ്രമാണ്. മുംബൈയില്‍ നിന്ന് മിനിറ്റുകള്‍കൊണ്ട് അവിടെ എത്താന്‍ സാധിക്കുന്ന വിധം യാത്ര എളുപ്പമായി മാറും. എല്ലാവരുടെയും ആവശ്യം, -‘ നിമിഷങ്ങള്‍കൊണ്ട് മുംബൈയില്‍’എന്നതാണ്. ഈ പദ്ധതിയുടെ പേരില്‍ മുഴുവന്‍ മുംബൈ നിവാസികളെയും ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
രാജ്യത്തിനു സ്വന്തം ഊര്‍ജ്ജം പകര്‍ന്നു നല്‍കുന്ന നഗരമാണ് മുംബൈ. ഇവിടുത്തെ കഠിനാധ്വാനികളായ ആളുകള്‍, പ്രൊഫഷണലുകള്‍, അമ്മമാര്‍, സഹോദരിമാര്‍, യുവജനങ്ങള്‍, നിങ്ങളെല്ലാവരും ഈ നഗരത്തെ സ്‌നേഹിക്കുകയും ഞാനൊരു മുംബൈനിവാസിയാണ് എന്ന് അഭിമാനത്തോടെ പറയുകയും ചെയ്യുന്നു. ആംചി മുംബൈയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഞങ്ങള്‍ വളരെ ആത്മാര്‍ത്ഥമായി ശ്രമിച്ചു. മുംബൈയിലെയും മഹാരാഷ്ട്രയിലെയും ഓരോ പദ്ധതിക്കും വേണ്ടി ഫഡ്‌നാവിസ് ഗവണ്‍മെന്റ് എത്ര കഠിനാധ്വാനമാണ് നടത്തുന്നത് എന്ന് എനിക്ക് വളരെ നന്നായി അറിയാം. ഇന്നിപ്പോള്‍ ഈ ശ്രമങ്ങളെല്ലാം മുംബൈയില്‍ ഘട്ടംഘട്ടമായ മാറ്റങ്ങള്‍ വരുത്തുന്നതായി കാണുകയാണ്. ഇന്നത്തെ ആവശ്യങ്ങള്‍ക്കു വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വരുംകാലത്തെക്കൂടി മനസ്സില്‍ വച്ചുകൊണ്ടാണ് എന്നതും വരുന്ന പതിറ്റാണ്ടുകളുടെ ആവശ്യങ്ങള്‍കൂടി കണക്കിലെടുക്കുന്നു എന്നതുമാണ് ഇതിലെ ഏറ്റവും ഗുണപരമായ വശമായി ഞാന്‍ കാണുന്നത്.
സഹോദരീ സഹോദരന്മാരേ,
അഞ്ച് ട്രില്യണ്‍ ഡോളര്‍ സദ്ഘടന എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം ഇന്ന് മുന്നേറുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകത്തിന് അനുസൃതമായാണ് നാം നമ്മുടെ നഗരങ്ങളെ നവീകരിക്കുന്നത്. യാത്രാസൗകര്യത്തിലും കണക്റ്റിവിറ്റിയിലും ഉല്‍പ്പാദനക്ഷമതയിലും സുസ്ഥിരതയിലും സുരക്ഷയിലുമൊക്കെ എല്ലാ അര്‍ത്ഥത്തിലും മികച്ച സംവിധാനം നാം തയ്യാറാക്കുന്നു. ഈ ചിന്തയോടെ അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ആധുനിക അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി ഞങ്ങളുടെ ഗവണ്‍മെന്റ് 100 ലക്ഷം കോടി രൂപയാണ് ചെലവിടാന്‍ പോകുന്നത്. മുംബൈക്കു പുറമേ മഹാരാഷ്ട്രയിലെ മറ്റെല്ലാ നഗരങ്ങള്‍ക്കും ഈ തുകയുടെ ഗുണം ലഭിക്കാന്‍ പോവുകയാണ്.
സുഹൃത്തുക്കളേ,
രാജ്യമെമ്പാടുമുള്ള നഗരങ്ങളില്‍ യാത്രാ, ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന ഒരു സംയോജിത സംവിധാനത്തിലാണ് നാം ഊന്നുന്നത്. റെയില്‍, റോഡ്, മെട്രോ തുടങ്ങിയ എല്ലാ മാധ്യമങ്ങളും പരസ്പരം ബന്ധിപ്പിക്കണം. മുംബൈ മെട്രോപോളിറ്റന്‍ മേഖലയില്‍ മികച്ച പൊതുഗതാഗത സംവിധാനം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഒരു വിഷന്‍ ഡോക്യുമെന്റ് ഇന്ന് ഇവിടെ പുറത്തിറക്കുകയാണ്. മുംബൈ ലോക്കല്‍, ബസുകള്‍, മെട്രോ തുടങ്ങിയ പലതരം യാത്രാ സൗകര്യങ്ങളുണ്ടല്ലോ. ഇവ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാനാകും എന്നതിനേക്കുറിച്ച് ഇതില്‍ പറയുന്നു. പ്രത്യേകിച്ചും, മുംബൈ മെട്രോയ്ക്കു വേണ്ടി ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നു.
സഹോദരീ സഹോദരന്മാരേ,
മുംബൈ മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങളുമായി തുടര്‍ച്ചയായി ബന്ധപ്പെടാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം എനിക്ക് അവസരം ലഭിക്കുകയുണ്ടായി. ഏകദേശം ഒന്നര ലക്ഷം കോടി രൂപ ചെലവിലാണ് ഇവിടെ മെട്രോ ശൃംഖല വികസിപ്പിച്ചത്. നിലവില്‍ 11 കിലോമീറ്റര്‍ മാത്രമാണ് മുംബൈ മെട്രോ ശൃംഖലയുള്ളത്. പക്ഷേ, 2020, 2023, 2024 എത്തുമ്പോഴേയ്ക്കും അത് 325 കിലോമീറ്ററിലധികമായി മാറും. ഇപ്പോള്‍ മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നത് നിരവധിയാളുകളാണ്; അത്രത്തോളം തന്നെ ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ മെട്രോയും പ്രാപ്തമാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. ലോക്കല്‍ ട്രെയിനുകള്‍ ആധുനികവല്‍ക്കരിക്കുന്നതിനു പുറമേ മെട്രോ വികസിപ്പിക്കലിന്റെ ഈ കൂട്ടിച്ചേര്‍ക്കല്‍ കൂടിയാകുമ്പോള്‍ വരും വര്‍ഷങ്ങളില്‍ മുംബൈ നഗരം അതിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള തയ്യാറെടുപ്പിലാകും.
സുഹൃത്തുക്കളേ,
നാം മെട്രോ പാതകള്‍ സ്ഥാപിക്കുക മാത്രമല്ല, അതില്‍ ഓടേണ്ട കോച്ചുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുവെന്ന് ഉറപ്പു വരുത്തുക കൂടിയാണ് ചെയ്യുന്നത്. കുറച്ചുമുമ്പ് ഞാന്‍ അതിന്റെ മാതൃകാ കോച്ചുകള്‍ കണ്ടിരുന്നു. ഈ ആധുനിക കോച്ചുകള്‍ ഇന്ത്യയില്‍ നിര്‍മിക്കൂ പദ്ധതിയില്‍പ്പെടുത്തി നിര്‍മിക്കുകയും അതുവഴി മുംബൈ മെട്രോയെ സുരക്ഷിതവും കൂടുതല്‍ സൗകര്യപ്രദവും ലാഭകരവുമാക്കുകയും ചെയ്യാനാകും.
സഹോദരീ സഹോദരന്മാരേ,
അടിസ്ഥാന സൗകര്യങ്ങള്‍ തൊഴിലുമായും സമ്പദ്ഘടനയുമായും അനായാസ ജീവിതവുമായും തുല്യമായി ബന്ധപ്പെട്ടിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപിക്കുക എന്നാല്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നാണ്. മുംബൈ മെട്രോയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ മാത്രം ഞാന്‍ പരിഗണിക്കുകയാണെങ്കില്‍ അതു മാത്രം പതിനായിരം എന്‍ജിനീയര്‍മാര്‍ക്കും നൈപുണ്യമുള്ളവരും അല്ലാത്തവരുമായ നാല്‍പ്പതിനായിരം പേര്‍ക്കും തൊഴിലവസരം ലഭ്യമാക്കും.
സഹോദരീ സഹോദരന്മാരേ,
ഗ്രാമങ്ങളിലും നഗരങ്ങളിലും നടക്കുന്ന അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക തലത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെറുകിട കച്ചവടക്കാര്‍ക്ക് കച്ചവട അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പക്ഷേ, ആളുകള്‍ അതേക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. ഇപ്പോഴത്തെ വേഗത്തില്‍ മുമ്പൊരിക്കലും പ്രവൃത്തികള്‍ നടന്നിട്ടില്ല എന്നതാണ് അതിന്റെ കാരണങ്ങളിലൊന്ന്. അതുകൊണ്ട് സ്വാഭാവികമായും ആളുകള്‍ക്ക് അതിലുള്ള ശ്രദ്ധ നഷ്ടപ്പെടും. പക്ഷേ, ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുന്നു. ഇതും ചര്‍ച്ചാവിഷയമാക്കി തുടങ്ങേണ്ടതാണ്. വര്‍ഷങ്ങളായി തടസ്സപ്പെട്ടിരുന്ന നവി മുംബൈ വിമാനത്താവള നിര്‍മാണം, അല്ലെങ്കില്‍ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്, മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ എന്നിവ ഇതുപോലെ വലിയ രീതിയില്‍ തുടങ്ങി വേഗത്തില്‍ പുരോഗതിയിലെത്തുന്നത് ആരെങ്കിലും സങ്കല്‍പ്പിച്ചിരുന്നോ? ഈ പദ്ധതികളെല്ലാം മുംബൈയിലെയും സമീപപ്രദേശങ്ങളിലെയും ആളുകള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ നല്‍കുന്നുണ്ട്.
സഹോദരീ സഹോദരന്മാരേ,
വേഗതയെയും അളവിനെയും കുറിച്ചു ഞാന്‍ പറഞ്ഞുതുടങ്ങിയാല്‍ വൈകുന്നതു വരെ പറയാനുണ്ടാകും; അത്രയ്ക്കുണ്ട് ഉദാഹരണങ്ങള്‍. ഇന്നിപ്പോള്‍ മെട്രോയുടെ വന്‍കിട പദ്ധതികള്‍ ഇവിടെ തുടങ്ങിയിരിക്കുന്നതുകൊണ്ട് അതുമായി ബന്ധപ്പെട്ട ഒരു ഉദാഹരണം നിങ്ങളോടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ,
30-35 വര്‍ഷം മുമ്പാണ് നമ്മുടെ രാജ്യത്തെ ആദ്യ മെട്രോ തുടങ്ങിയത്. അതിനു ശേഷം 2014 വരെ ചുരുക്കം വന്‍ നഗരങ്ങളില്‍ മാത്രമാണ് മെട്രോ ഓടിക്കാന്‍ കഴിഞ്ഞത്. ഇന്നിപ്പോള്‍ രാജ്യത്തെ 27 നഗരങ്ങളില്‍ മെട്രോ ഓടിത്തുടങ്ങുകയോ സമീപഭാവിയില്‍ തുടങ്ങാന്‍ പോവുകയോ ആണ്. രാജ്യമാകെ ഇന്ന് 675 കിലോമീറ്റര്‍ മെട്രോ പാത ഉപയോഗസജ്ജമായുണ്ട്. ഇതില്‍ 400 കിലോമീറ്ററിലും മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങിയത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിലാണ്. ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ! ആകെ മെട്രോയില്‍ പകുതിയിലധികം തുടങ്ങിയത് കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍. ഇനി, 850 കിലോമീറ്റര്‍ മെട്രോ പാത നിര്‍മാണ ഘട്ടത്തിലാണ്.
സഹോദരീ സഹോദരന്മാരേ,
600 കിലോമീറ്ററോളം പുതിയ മെട്രോ പാതകള്‍ക്കു കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ അനുമതി നല്‍കി. മുംബൈയിലും പൂനെയിലും നാഗ്പൂരിലും മെട്രോ നിര്‍മാണം ഈ കാലയളവില്‍ തുടങ്ങി. ഈ പദ്ധതികളുടെ നിര്‍മാണ വേഗത്തിന് ഞാന്‍ ഫഡ്‌നാവിസ് ഗവണ്‍മെന്റിനെ അഭിനന്ദിക്കുന്നു.
സഹോദരീ സഹോദരന്മാരേ,
രാജ്യത്തെ മുന്നോട്ടു വേഗത്തില്‍ നയിക്കുന്നതിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനൊത്ത ആധുനിക അടിസ്ഥാന സൗകര്യങ്ങളിലേക്ക് രാജ്യത്തെ ബന്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇന്ന് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗമാണ് നടക്കുന്നത്. ‘ഏകഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന ദര്‍ശനത്തിനൊപ്പമാണ് നാം മുന്നേറുന്നത്, ഒറ്റയ്ക്കല്ല. ‘ ഒരു രാജ്യം ഒരൊറ്റ പവര്‍ ഗ്രിഡ്’ എന്നതില്‍ നിന്ന് ‘ഒരു രാജ്യം ഒരു മൊബിലിറ്റി കാര്‍ഡ്’ എന്നതിലേക്ക്; ‘ഒരു രാജ്യം, ഒരു നികുതി’ എന്നതില്‍ നിന്ന് ‘ഒരു രാജ്യം ഒരു ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല’ എന്നതിലേക്ക് രാജ്യമെമ്പാടും ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുകയാണ്.
സഹോദരീ സഹോദരന്മാരേ,
പിന്നിട്ട വര്‍ഷങ്ങളില്‍ നാം അഭിമുഖീകരിക്കേണ്ടി വന്നതുപോലുള്ള പ്രശ്‌നങ്ങള്‍ നമ്മുടെ മക്കളും ഭാവി തലമുറകളും അഭിമുഖീകരിക്കേണ്ടി വരില്ല എന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം നമുക്കെല്ലാമുണ്ട്. നമ്മുടെ മക്കള്‍ക്കു നാം പ്രശ്‌നങ്ങള്‍ ഇഷ്ടദാനമായി നല്‍കരുത്. എല്ലാ പൗരന്മാരുടെയും ജീവിത നിലവാരം മെച്ചപ്പെടുന്നത് രാജ്യത്തിന്റെ സ്ഥിതി മെച്ചപ്പെടുത്തും. നമുക്ക് നമ്മുടെ വര്‍ത്തമാനകാലത്തിന്റെയും ഭൂതകാലത്തെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുകയും ഭാവിക്കു വേണ്ടി തയ്യാറെടുക്കുകയും വേണം. ഭാവിക്കു വേണ്ടി ഇന്നേ രാജ്യം തയ്യാറാണെങ്കില്‍ മാത്രമേ നിങ്ങളുടെ മക്കള്‍ക്ക് സന്തോഷകരമായ ഒരു ജീവിതം സാധ്യമാവുകയുള്ളു.
നിങ്ങളുടെ അനുഗ്രഹത്തോടെ പുതിയ ഗവണ്‍മെന്റ് വന്ന ശേഷം എടുത്ത തീരുമാനങ്ങള്‍ ഇന്ത്യക്കാരുടെ ഭാവി ശക്തമാക്കുകയും അവരെ സുരക്ഷിതരാക്കുകയും ചെയ്യുന്നവയാണ്.
സുഹൃത്തുക്കളേ,
രാജ്യത്തെ ജനങ്ങള്‍ നല്‍കിയ വിധിയെ ആദരിച്ച് നിരവധി പ്രധാനപ്പെട്ട തീരുമാനങ്ങളാണ് ശരിയായ ദിശയില്‍ എടുത്തത്. ഗവണ്‍മെന്റ് ആദ്യത്തെ നൂറു ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ നിര്‍വഹിച്ച കാര്യങ്ങള്‍ മുന്‍പില്ലാത്തതും ചരിത്രപരവുമാണ്. ജല്‍ജീവന്‍ ദൗത്യമാകട്ടെ, രാജ്യത്തെ മുഴുവന്‍ കര്‍ഷകരെയും കിസാന്‍- സമ്മാന്‍ നിധിക്കു കീഴില്‍ കൊണ്ടുവരാനുള്ള തീരുമാനമാകട്ടെ, നമ്മുടെ മുസ്‌ലിം സഹോദരിമാരെയും പെണ്‍മക്കളെയും മുത്തലാഖ് പ്രശ്‌നത്തില്‍ നിന്നു മുക്തമാക്കിയ നിയമമാകട്ടെ, കുട്ടികളുടെ സംരക്ഷണാര്‍ത്ഥമുള്ള നിയമമാകട്ടെ, എല്ലാ മേഖലയിലും എല്ലാം വളരെ വേഗത്തിലാണ് ചെയ്തത്.
ഗവണ്‍മെന്റിന്റെ ഈ തീരുമാനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പുറമേ നിങ്ങളെ സേവിക്കുന്നതിന് ഞാന് മറ്റൊരു ദൃഢനിശ്ചയം എടുത്തു. ജനങ്ങളെ തങ്ങളുടെ ഉത്തരവാദിത്തങ്ങളേക്കുറിച്ച് വിവിധ സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ബോധമുള്ളവരാക്കുന്നതിനുള്ളതാണ് ആ നിശ്ചയം. ‘ഒരിന്ത്യ ഒരു ദൃഢനിശ്ചയം’ എന്നതാണ് അത്. ലോക്മാന്യ തിലക് ജി പറഞ്ഞു, ‘ സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്’. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ നമുക്കൊരു പുതിയ മന്ത്രമുണ്ട്- ‘ നല്ല രാജ്യം രാജ്യവാസികളുടെ ചുമതതലയാണ്’. ‘ഒരിന്ത്യ ഒരു ദൃഢനിശ്ചയം’ എന്ന മന്ത്രം സ്വായത്തമാക്കാന്‍ ഞാന്‍ നിങ്ങളെല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ ഒരു ദൃഢനിശ്ചയമെങ്കിലും എടുക്കുകയും അത് രാജ്യതാല്‍പര്യത്തിനു വേണ്ടിയുള്ളതാവുകയും വേണം. ആ ദൃഢനിശ്ചയം പൂര്‍ത്തീകരിക്കുന്നതില്‍ നിന്ന് ഒരിക്കലും പിന്നോട്ടു പോവുകയും ചെയ്യരുത്. മുംബൈയുടെയും മഹാരാഷ്ട്രയുടെയും താല്‍പര്യപൂര്‍ത്തീകരണം സാധ്യമാകുന്ന ഏത് ദൃഢനിശ്ചയവും നിങ്ങള്‍ക്കെടുക്കാം.
നിങ്ങള്‍ക്കു മുന്നില്‍ ഒരു നിര്‍ദേശമെനിക്ക് വയ്ക്കാനുണ്ട്, നിങ്ങള്‍ സ്വീകരിക്കുമോ? ശബ്ദം ശരിക്കു കേള്‍ക്കുന്നില്ല. നിങ്ങള്‍ സമ്മതിച്ചോ? നിങ്ങള്‍ പൂര്‍ത്തീകരിക്കുമോ? നിങ്ങള്‍ അത് ഒറ്റയ്ക്കു ചെയ്യുമോ? അതോ എല്ലാവരുമായി ചേര്‍ന്നു ചെയ്യുമോ?
സുഹൃത്തുക്കളേ,
ബാപ്പായുടെ നിമജ്ജന സമയത്ത് നമ്മുടെ സമുദ്രങ്ങളില്‍ ഒരുപാട് പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നിക്ഷേപിക്കപ്പെടും. ജലത്തെ മലിനമാക്കുന്ന അത്തരം ഒരു വസ്തുക്കളും ഇത്തവണ അവിടേക്കു വലിച്ചെറിയാതിരിക്കാന്‍ ശ്രമിക്കുകയും അത് ഉറപ്പു വരുത്തുകയും വേണം. അതായത് നിമജ്ജനത്തിനു ശേഷവും പുഴയും ജലവും സമുദ്രത്തിനു പുറമേയുള്ള മറ്റു ജലസ്രോതസ്സുകളും വ്യക്തിപരമായിത്തന്നെ നമുക്ക് മാലിന്യമുക്തമായി സൂക്ഷിക്കാന്‍ കഴിയണം. നിങ്ങളത് ചെയ്യുമോ? പുറകില്‍ നിന്ന് എനിക്ക് കേള്‍ക്കണം, ചെയ്യുമോ? ഉറപ്പായും? നിങ്ങളുടെ ഈ ആവേശം രാജ്യത്തെയാകെ പ്ലാസ്റ്റിക് മുക്തമാക്കുന്നതില്‍ വലിയ പങ്കുവഹിക്കും എന്ന് എനിക്കുറപ്പാണ്.
ഈ വികസന പദ്ധതികളുടെ പേരില്‍ ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു. ഈ ഉല്‍സവകാലത്തെ തിരക്കിനിടയില്‍ ഇവിടെ എത്താന്‍ സമയം നീക്കിവച്ചതിന് നിങ്ങളോട് ഒരിക്കല്‍ക്കൂടി ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
ജയ് മുംബൈ, ജയ് മഹാരാഷ്ട്ര
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വളരെ നന്ദി.
Enhancing ‘Ease of Living’ for the people of Mumbai.
— Narendra Modi (@narendramodi) September 7, 2019
Work has begun on developmental projects worth over Rs. 20,000 crore for the city. This includes better metro connectivity, boosting infrastructure in metro stations, linking BKC with Eastern Express Highway and more. pic.twitter.com/ZZ6blu1N2e
Improving comfort and connectivity for Mumbai.
— Narendra Modi (@narendramodi) September 7, 2019
Delighted to inaugurate a state-of-the-art metro coach, which is also a wonderful example of @makeinindia. pic.twitter.com/Dsqe6lmaYy