Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വെടിക്കെട്ടപകടസ്ഥലത്തേക്കു പ്രധാനമന്ത്രി കുതിക്കുന്നു; മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കും ധനസഹായം പ്രഖ്യാപിച്ചു

വെടിക്കെട്ടപകടസ്ഥലത്തേക്കു പ്രധാനമന്ത്രി കുതിക്കുന്നു; മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കും ധനസഹായം പ്രഖ്യാപിച്ചു


കൊല്ലത്തു ക്ഷേത്ര ഉല്‍സവത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ടപകടത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഞെട്ടല്‍ രേഖപ്പെടുത്തി. അങ്ങേയറ്റം നിര്‍ഭാഗ്യകരമായ ദുരന്തം വിലയിരുത്താന്‍ താന്‍ ഉടനെ കേരളത്തിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു.

‘വാക്കുകള്‍ക്കപ്പുറം ഹൃധയഭേദകമാണു കൊല്ലത്തു ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

സംഭവത്തെക്കുറിച്ചു മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ഉടന്‍തന്നെ ഹെലികോപ്റ്റര്‍ വഴി ആശുപത്രികളിലെത്തിക്കാന്‍ സംവിധാനമേര്‍പ്പെടുത്തും.

ആരോഗ്യമന്ത്രി ശ്രീ. ജെ.പി.നദ്ദയോട് സംഭവസ്ഥലത്തെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കാര്യങ്ങള്‍ വിലയിരുത്താന്‍ ഞാന്‍ ഉടനെത്തന്നെ കൊല്ലത്തെത്തുകയും ചെയ്യും’, പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശങ്ങളിലൂടെ വ്യക്തമാക്കി.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്നു രണ്ടു ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

വിവിധ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുകൊണ്ടു പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഉടനെ തന്നെ അദ്ദേഹം കേരളത്തിലേക്കു തിരിക്കും. തന്റെ സന്ദര്‍ശനത്തിനു പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായിരിക്കണം ഊന്നല്‍ എന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പൊള്ളലേറ്റവരെ ചികില്‍സിക്കാന്‍ വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരുടെ സംഘവുമായാണു പ്രധാനമന്ത്രി കേരളത്തിലെത്തുക.