പിഎം ഇന്ത്യ
ഉദയ് (ഉജ്വല് ഡിസ്കോം അഷ്വറന്സ് യോജന) പദ്ധതി പ്രകാരം 2015 സെപ്റ്റംബര് 30ലെ കണക്കനുസരിച്ചുള്ള ഡിസ്കോമുകളുടെ കടത്തിന്റെ 50 ശതമാനം സംസ്ഥാനങ്ങള് ഏറ്റെടുക്കുന്നതിനും ജമ്മു കാശ്മീരിനു വായ്പയെടുക്കുന്നതിനും സമയം നീട്ടിനല്കാന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 2016 മാര്ച്ച് 31 വരെയായിരുന്നു നേരത്തേ സമയം അനുവദിച്ചിരുന്നത്. ഇത് ഒരു വര്ഷത്തേക്കുകൂടി നീട്ടാനാണു തീരുമാനം. ഡിസ്കോം സംബന്ധിച്ചു നേരത്തേ ഉണ്ടായിരുന്നതും ഇപ്പോഴത്തേതും
ഭാവിയില് ഉണ്ടാകാനിടയുള്ളതുമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായാണ് ഇതുവരെയുള്ളതില് വച്ച് ഏറ്റവും സമഗ്രമായ ഉദയ് പദ്ധതിക്കു രൂപം നല്കിയത്. ഊര്ജപ്രസരണ ശൃംഖലയിലെ ഏറ്റവും ദുര്ബലമായ കണ്ണിയായ ഡിസ്കോമുകള് സാമ്പത്തിക കാര്യത്തിലും നടത്തിപ്പിലും വിജയപ്രദമാക്കാനുള്ള പദ്ധതിയാണിത്. ഡിസ്കോമുകള് മൂന്നു വര്ഷത്തിനകം ലാഭത്തിലെത്തിക്കാനുള്ള കൃത്യമായ പദ്ധതിയും അവസരവും പദ്ധതിയില് ഉള്പ്പെടുത്തിയിട്ടുണ്ട്.
മുഴുവന്സമയം കുറഞ്ഞ ചെലവില്, പരിസ്ഥിതിസൗഹൃദപരമായ ഊര്ജം എല്ലാവര്ക്കും ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ പ്രധാന ഘടകമാണ് ഉദയ്.
ഊര്ജം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും പൊതുവിഷയമായതിനാല് സംസ്ഥാനങ്ങളുടെ സജീവപങ്കാളിത്തം പദ്ധതി വിജയിപ്പിക്കാന് അനിവാര്യമാണ്. ഉദയ് പദ്ധതിയില് ചേരണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്ക്കും ഉണ്ട്. എന്നാല്, ആവശ്യകത തിരിച്ചറിഞ്ഞ പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതിനകം ചേര്ന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പു കാലമായതിനാലാണു പല സംസ്ഥാനങ്ങള്ക്കും ഉദയ് പദ്ധതിയില് ചേരാനുള്ള തീരുമാനം കൈക്കൊള്ളാന് സാധിക്കാഞ്ഞത്. സമയം നീട്ടിനല്കിയതിനാല് കൂടുതല് സംസ്ഥാനങ്ങള്ക്കു പദ്ധതിയുടെ ഭാഗമാകാനും കടപ്പത്രം പുറപ്പെടുവിക്കാനും സാവകാശം ലഭിക്കും. ജമ്മു-കാശ്മീരിനു കൂടുതല് കടപ്പത്രം പുറത്തിറക്കാന് സാധിക്കുകയും ചെയ്യും.
20 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉദയ് പദ്ധതിയില് ചേരാന് തീരുമാനിച്ചതായി അറിയിച്ചുകഴിഞ്ഞു.
ഇവയില് രാജസ്ഥാന്, ഉത്തര്പ്രദേശ്, ഛത്തീസ്ഗഢ്, ഝാര്ഖണ്ഡ്, പഞ്ചാബ്, ബീഹാര്, ഹരിയാന, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കര്ണാടക, ഗോവ, ജമ്മു-കാശ്മീര് എന്നീ 12 എണ്ണം ഇതു സംബന്ധിച്ചു കേന്ദ്ര ഗവണ്മെന്റുമായുള്ള ധാരണാപത്രം ഒപ്പിടുകയും ചെയ്തു. നിലവിലുള്ള കടത്തിന്റെ 50 ശതമാനം അടച്ചുതീര്ക്കുന്നതിനായി ബന്ധപ്പെട്ട സംസ്ഥാനങ്ങളും ബാക്കിയുള്ള സി.പി.എസ്.യു. കടം അടച്ചൂതീര്ക്കുന്നതിനായി ജാര്ഖണ്ഡും ജമ്മു- കശ്മീരും 2015-16ല് പുറത്തിറക്കിയത് 99,541 കോടി രൂപയുടെ ബോണ്ടാണ്. 11,524 കോടി രൂപയുടെ ഡിസ്കോം ബോണ്ടുകളും പുറത്തിറക്കിയിരുന്നു. 2016-17ല് രാജസ്ഥാന്, ഉത്തര്പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള് 48,391 കോടി രൂപയുടെ ബോണ്ടുകളാണു പുറത്തിറക്കിയത്.
പ്രവര്ത്തനമികവു മെച്ചപ്പെടുത്തിയും വൈദ്യുതിയുടെ വില കുറച്ചും ഡിസ്കോമിന്റെ കടത്തിന്റെ 75 ശതമാനം വ്യവസ്ഥകള്ക്കു വിധേയമായി സംസ്ഥാനങ്ങള് ഏറ്റെടുക്കകയും സംസ്ഥാന ഖജനാവുമായി ബന്ധപ്പെടുത്തുകവഴി ഡിസ്കോമുകളില് സാമ്പത്തിക അച്ചടക്കം സൃഷ്ടിക്കുകയും വഴിയാണ് ഡിസ്കോമുകളുട നഷ്ടം നികത്തുക.
ഇന്നത്തെ മന്ത്രിസഭാ തീരുമാനത്തോടെ, 2017 മാര്ച്ചാകുമ്പോഴേക്കും 2015 സെപ്റ്റംബര് 30നുള്ള ഡിസ്കോം കടത്തിന്റെ 75 ശതമാനം സംസ്ഥാനങ്ങള് ഏറ്റെടുക്കും. ഇതു സംസ്ഥാനങ്ങളുടെ വായ്പാ പലിശബാധ്യത കുറച്ചുകൊണ്ടുവരും എന്നു മാത്രമല്ല, നേരത്തേ ഉദയ് പദ്ധതിയില് ചേരാതിരുന്ന സംസ്ഥാനങ്ങള്ക്കു ഡിസ്കോം പരിഷ്കാരങ്ങള് മുന്നോട്ടുകൊണ്ടുപോകാന് സഹായകമാകുകയും ചെയ്യും. എല്ലാവര്ക്കും എല്ലാ സമയത്തു വൈദ്യുതിയെന്ന വീക്ഷണം യാഥാര്ഥ്യമാക്കുന്നതില് ഇതൊരു നിര്ണായക ചുവടാണ്.