പിഎം ഇന്ത്യ
മൈ ഗവ് ആരംഭിച്ചതിന്റെ രണ്ടാം വാര്‍ഷികനാളില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പൊതുസംവാദം
സ്വയം ഗോ സംരക്ഷകരായി രംഗത്തെത്തുന്ന വ്യാജന്മാര്‍ക്കെതിരെയും ഗോ സംരക്ഷണത്തിന്റെ പേരില്‍ കടകള്‍ നടത്തുന്നവര്‍ക്കെതിരെയും പ്രധാനമന്ത്രിയുടെ രോഷം കലര്‍ന്ന വാക്കുകള്‍. പശുക്കളെ സംരക്ഷിക്കുന്നവരായി വേഷമണിയുന്ന ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. പങ്കാളിത്ത ഭരണം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ ഇന്റര്‍നെറ്റ് ഇടമായ ‘മൈ ഗവി’ന്റെ രണ്ടാം
വാര്‍ഷിത്തോടനുബന്ധിച്ചു നടത്തിയ പൊതുസംവാദത്തില്‍ പശുക്കളെ സംരക്ഷിക്കാനെന്ന പേരില്‍ രംഗത്തുള്ള വ്യാജന്മാര്‍ക്കെതിരെ കേസെടുക്കാന്‍ അദ്ദേഹം സംസ്ഥാന ഗവണ്‍മെന്റുകളോടു നിര്‍ദേശിച്ചു. പ്ലാസ്റ്റിക് അകത്തുചെന്നു പശുക്കള്‍ ചാകാനിടയാകുന്ന സാഹചര്യം ശ്രദ്ധയില്‍ പെടുത്തിയ പ്രധാനമന്ത്രി, പശുക്കളെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ അവ പ്ലാസ്റ്റിക് തിന്നുന്ന സാഹചര്യമില്ലെന്ന് ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്തു.
സദ്ഭരണം, വിദേശനയം, പങ്കാളിത്ത ജനാധിപത്യം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കു പ്രധാനമന്ത്രി ഉത്തരം നല്‍കി.
പൗരന്റെ ഉത്തരവാദിത്തം വോട്ടിങ്ങോടെ അവസാനിക്കുന്നു എന്നാണു ചിന്തയെങ്കില്‍ ജനാധിപത്യമെന്ന വികാരം അപൂര്‍ണമാണെന്നാണു മനസ്സിലാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പങ്കാളിത്ത ജനാധിപത്യം അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നയങ്ങള്‍ രൂപീകരിക്കുന്നതുപോലെ പ്രധാനമാണ് അവ യഥാവിധി നടപ്പാക്കപ്പെടുന്നു എന്നതെന്നും പദ്ധതികള്‍കൊണ്ടു ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ ഗുണഭോക്താക്കളില്‍ എത്തിയിരിക്കണമെന്നും ശ്രീ. മോദി ചൂണ്ടിക്കാട്ടി. ഒരേ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യം ഇല്ലാതിരിക്കുക എന്നതാണ് സദ്ഭരണത്തിന്റെ ലക്ഷണം. പരാതിപരിഹാര സംവിധാനമാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്തെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സാധിക്കുന്ന ഒരു മേഖലയുണ്ടെങ്കില്‍ അതു കൃഷിയാണെന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. റൂര്‍ബന്‍ മിഷനെക്കുറിച്ചു പരാമര്‍ശിക്കവേ ഗ്രാമങ്ങളുടെ ആത്മാവിനെ അതേപടി നിലനിര്‍ത്തിക്കൊണ്ട് അവിടങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കാനാണു പദ്ധതിയെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
കൈത്തറിവസ്ത്രത്തെക്കുറിച്ചു് വിശദീകരിച്ച അദ്ദേഹം, ‘ഖാദി ഫോര്‍ നേഷന്‍, ഖാദി ഫോര്‍ ഫാഷന്‍’ എന്നതായിരിക്കും ഇക്കാര്യത്തില്‍ ജനങ്ങളെ നയിക്കുന്ന ആശയമെന്നു വെളിപ്പെടുത്തി.
‘ഇന്ത്യ ആദ്യം’ എന്നതായിരിക്കും തന്റെ വിദേശനയത്തിന്റെ അടിസ്ഥാന പ്രമാണമെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ത്യയെ മറ്റു രാഷ്ട്രങ്ങളുമായി ബന്ധപ്പെടുത്തുന്നതില്‍ വിദേശരാഷ്ട്രങ്ങളില്‍ കഴിയുന്ന ഭാരതീയര്‍ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യസംരക്ഷണം, വിനോദസഞ്ചാരം തുടങ്ങിയ വിഷയങ്ങളും 100 മിനുട്ട് നീണ്ട സംവാദത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
നേരത്തേ, മന്‍ കീ ബാത്ത് റേഡിയോ പരിപാടിയുമായും മൈ ഗവ് പദ്ധതിയുമായും സഹകരിക്കുന്നവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
പി.എം.ഒ. ആപ് പുറത്തിറക്കിയ അദ്ദേഹം, ഈ ആപ് വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ച യുവാക്കളുമായും സംവദിച്ചു.