Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സമാദരണീയനായ ഭൂട്ടാന്‍ പ്രധാനമന്ത്രിയും എന്റെ സുഹൃത്തുമായ ഡോ.ഷെറിംങ്


സമാദരണീയനായ ഭൂട്ടാന്‍ പ്രധാനമന്ത്രിയും എന്റെ സുഹൃത്തുമായ ഡോ.ഷെറിംങ്,
വിശിഷ്ട അതിഥികളെ,
മഹതീ മഹാന്മാരെ,
ആശംസകള്‍

ഇന്ത്യയുടെ അവശ്യവും പ്രത്യേകവുമായ സുഹൃത്തായ ഭൂട്ടാനില്‍ നിങ്ങള്‍ക്കിടയില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. എനിക്കും എന്റെ പ്രതിനിധി സംഘത്തിനും ഭൂട്ടാന്‍ രാജകീയ ഭരണകൂടം നല്കിയ ഊഷ്മളമായ വരവേല്പിന് പ്രധാന മന്ത്രിയോട് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു.

ശ്രേഷ്ഠന്‍,

ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള അനന്യമായ ഈ സൗഹൃദം സംബന്ധിച്ച അങ്ങയുടെ വിശാല ചിന്തകള്‍ക്കും എന്റെ ഹൃദയംഗമമായ കൃതജ്ഞത. ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ മനസില്‍ ഭൂട്ടാന് പ്രത്യേക സ്ഥാനമുണ്ട്. കഴിഞ്ഞ തവണ ഞാന്‍ പ്രധാനമന്ത്രി ആയപ്പോള്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതിനുള്ള പ്രഥമ രാജ്യമായി തെരഞ്ഞെടുത്തത് സ്വാഭാവികമായും ഭൂട്ടാന്‍ ആയിരുന്നു. ഇപ്രാവശ്യവും എന്റെ രണ്ടാമൂഴത്തിന്റെ തുടക്കത്തിലും ഭൂട്ടാന്‍ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധം പുരോഗതി, അഭിവൃദ്ധി, ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷ തുടങ്ങിയ പൊതു താല്പര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പൂര്‍ണ പിന്തുണ അതിനുണ്ട് താനും.

ശ്രേഷ്ഠന്‍,

ഭൂട്ടാന്‍ രാജാവായ അങ്ങയോടൊപ്പം പ്രവര്‍ത്തിക്കാനും ബന്ധങ്ങള്‍ ഇനിയും ശക്തിപ്പെടുത്തുവാനും സമ്മതിദാന അവകാശം ഉപയോഗിച്ച് ഇന്ത്യയിലെ ജനങ്ങള്‍ വീണ്ടും അവസരം തന്നത് വലിയ ബഹുമതിയായി ഞാന്‍ കരുതുന്നു. ഇന്ന് ഭൂട്ടാന്‍ രാജാവുമായി നമ്മുടെ പങ്കാളിത്തം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു. അല്പ സമയത്തിനുള്ളില്‍ ഭൂട്ടാനിലെ നാലാമത്തെ രാജാവുമായി ഞാന്‍ കൂടിക്കാഴ്ച്ച നടത്തും. ഭൂട്ടാന്‍ രാജാക്കന്മാരുടെ ദീര്‍ഘ ദര്‍ശിത്വവും ബുദ്ധിയുമാണ് നമ്മുടെ ഉഭയ കക്ഷി ബന്ധങ്ങളെ ദീര്‍ഘനാള്‍ നയിച്ചത്. മാത്രവുമല്ല, വികസനം അളക്കുന്നത് അക്കങ്ങള്‍ കൊണ്ടല്ല മറിച്ച് സന്തുഷ്ടി കൊണ്ടാണ് എന്നതിനുള്ള അദ്വിതീയ മാതൃകയായി ഭൂട്ടാനെ ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചതും അവരുടെ കാഴ്ച്ചപ്പാടു മൂലമാണ്. പാരമ്പര്യത്തിലൂടെയും പരിസ്ഥിതിയിലൂടെയും സാമ്പത്തിക വികസനം മുന്നേറുന്ന ഒരു രാജ്യം, അങ്ങിനെയുള്ള ഒരു സുഹൃത്തിനെയും അയല്‍ക്കാരനെയും ലഭിക്കാന്‍ ആരാണ് ആഗ്രഹിക്കാതിരിക്കുക.

സുഹൃത്തുക്കളെ,

ഭൂട്ടാന്റെ വികസനത്തില്‍ മുഖ്യ പങ്കാളിയാകാന്‍ സാധിച്ചത് ഇന്ത്യയ്ക്ക് ലഭിച്ച അംഗീകാരമാണ്. ഭൂട്ടാന്റെ പഞ്ചവത്സര പദ്ധതികളില്‍ അവരുടെ ആഗ്രഹവും മുന്‍ഗണനയും കണക്കിലെടുത്ത് എത്ര കാലം വേണമെങ്കിലും സഹകരിക്കാന്‍ ഇന്ത്യ തയാറാണ്.

സുഹൃത്തുക്കളെ,

നമ്മുടെ രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണത്തിനുള്ള സുപ്രധാന മേഖലയാണ് ജലവൈദ്യുതി. ഭൂട്ടാനിലെ നദികളുടെ ശക്തിയെ ഇരു രാജ്യങ്ങളും ചേര്‍ന്ന് വൈദ്യുതിയായി മാത്രമല്ല പരസ്പര അഭിവൃദ്ധിയായും മാറ്റി. മംഗ്‌ദേച്ചു പദ്ധതിയുടെ ഉദ്ഘാടനത്തോടെ ഈ യാത്രയില്‍ മറ്റൊരു ചരിത്ര നാഴികകല്ലു കൂടി നാം പിന്നിടുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വഴി ഭൂട്ടാന്റെ ജല വൈദ്യുതി ഉത്പാദന ശേഷി 2000 മെഗാ വാട്ട് കടന്നിരിക്കുന്നു. മറ്റു പദ്ധതികളും നമുക്ക് വളരെ വേഗത്തില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും എന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.

ശ്രേഷ്ഠന്‍,
ഭൂട്ടാനിലെ സാധാരണ ജനങ്ങളുടെ വളരുന്ന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള എല്‍പിജി വിതരണം പ്രതിമാസം 700 മെട്രിക്ക് ടണ്ണില്‍ നിന്ന് 1000 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതുവഴി ഗ്രാമങ്ങളില്‍ ശുദ്ധമായ ഇന്ധനം വിതരണം ചെയ്യാന്‍ സാധിക്കും.

സുഹൃത്തുക്കളെ,

സാധാരണക്കാരന് മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്നതാണ് താന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നതിനുള്ള മുഖ്യ പ്രചോദനം എന്ന് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച്ചയില്‍ തന്നെ ഡോ. ഷെറിങ്ങ് എന്നോടു പറയുകയുണ്ടായി. അദ്ദേഹത്തിന്റെ ആ കാഴ്ച്ചപ്പാടിനോട് എനിക്ക് വലിയ മതിപ്പു തോന്നി. ഭൂട്ടാനില്‍ മള്‍ട്ടി ഡിസിപ്ലിനറി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുക എന്ന അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കുവാന്‍ ഇന്ത്യ സാധ്യമായ എന്തു സഹായവും ചെയ്യും.

മഹാത്മന്‍,

സാര്‍ക്ക് നാണയ വച്ചുമാറല്‍ ചട്ടക്കൂടിനു കീഴില്‍ ഭൂട്ടാനു വേണ്ടി നാണയ കൈമാറ്റ പരിധി വര്‍ദ്ധിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അനുകൂല നിലപാടാണ്. അതേസമയം, വിദേശ വിനിമയ ആവശ്യത്തിനുവേണ്ടി 100 ദശലക്ഷം ഡോളര്‍ കൈമാറ്റ ക്രമീകരണത്തിനു കീഴില്‍ അധികമായി ലഭ്യമാക്കും.

സുഹൃത്തുക്കളെ,

ബഹിരാകാശ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂട്ടാന്റെ വികസനം ത്വരിതപ്പെടുത്തുവാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ദക്ഷിണേഷ്യന്‍ ഉപഗ്രഹത്തിന്റെ ഭൗമ കേന്ദ്രം ഇന്ന് നാം ഉദ്ഘാടനം ചെയ്തു. ഇതുവഴി ഭൂട്ടാനില്‍ വാര്‍ത്താവിനിമയം, പൊതു പ്രക്ഷേപണം, ദുരന്തനിവാരണം തുടങ്ങിയവയുടെ വ്യാപ്തി വര്‍ധിപ്പിക്കും. ഇതിനായി ഭൂട്ടാന് ആവശ്യമുള്ളത്ര കൂടുതല്‍ ശേഷിയും ട്രാന്‍സ്‌പോണ്ടറുകളും ലഭ്യമാക്കും. ചെറിയ ഉപഗ്രഹങ്ങളുടെ നിര്‍മ്മാണത്തിലും, ബഹിരാകാശ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലും ഇരു രാജ്യങ്ങളും സഹകരിക്കും. ഇന്ത്യയുടെ ദേശീയ വിജ്ഞാന ശൃംഖല ഭൂട്ടാനിലെ വിദ്യാര്‍ത്ഥികളെയും ഗവേഷകരെയും ഇന്ത്യന്‍ സര്‍വകലാശാലകളിലെ പുതിയ പഠനോപാധികളുമായി ബന്ധിപ്പിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതു വൈജ്ഞാനിക സമൂഹ സ്ഥാപനത്തിനുള്ള സുപ്രധാന പടിയാണ് ഇത്. യുവാക്കള്‍ക്കാണ് ഇതു കൂടുതല്‍ പ്രയോജനകരമാകുക. റോയല്‍ ഭൂട്ടാന്‍ യൂണിവേഴ്‌സിറ്റിയും ഇന്ത്യയിലെ ഐഐടികളും മറ്റു ചില ഉന്നത സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണവും സമ്പര്‍ക്കവും ഇന്ന് വിദ്യാഭ്യാസ സാങ്കേതിക മേഖലയ്ക്ക് ആവശ്യമാണ്. ഈ രാജ്യത്തെ സമര്‍ത്ഥരായ ചെറുപ്പക്കാരെ നാളെ റോയല്‍ ഭൂട്ടാന്‍ സര്‍വകലാശാലയില്‍ നേരില്‍ കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.

സുഹൃത്തുക്കളെ,

ഭൂട്ടാനില്‍ ഇന്ന് മുതല്‍ റൂപേ കാര്‍ഡ് പ്രാബല്യത്തില്‍ വരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇത് ഇരു രാജ്യങ്ങളിലെയും വ്യാപാരം, വിനോദ സഞ്ചാരം എന്നിവയില്‍ നാം തമ്മിലുള്ള ഡിജിറ്റല്‍ പണമിടപാട് ബന്ധം കൂടുതല്‍ വര്‍ധിപ്പിക്കും. നമ്മുടെ പൊതുവായ ആദ്ധ്യാത്മിക പൈതൃകവും ജനങ്ങള്‍ തമ്മിലുള്ള ശക്തമായ സമ്പര്‍ക്കവുമാണ് നാം തമ്മിലുള്ള ബന്ധത്തിന്റെ കാതല്‍. ഇതു മനസില്‍ വച്ചാണ് നളന്ദ സര്‍വകലാശാലയിലെ ഭൂട്ടാന്‍ വിദ്യാര്‍ഥികളുടെ ബിരുദാനന്തര സ്‌കോളര്‍ഷിപ്പ് രണ്ടില്‍ നിന്ന് അഞ്ച് ആയി ഉയര്‍ത്തിയത്. ഇന്ന് ഇവിടെ വച്ച് സബ്ദ്‌റങ്ങിന്റെ അനുഗ്രഹം എനിക്കു ലഭിച്ചു. വീണ്ടും അഞ്ചു വര്‍ഷത്തേയ്ക്കു കൂടി ഈ അസാധാരണ പദവി ദീര്‍ഘിപ്പിക്കാന്‍ ഇന്ത്യയ്ക്കു സമ്മതമാണ് എന്ന പ്രഖ്യാപിക്കാന്‍ എനിക്കു സന്തോഷമുണ്ട്.

ശ്രേഷ്ഠന്‍,

ഇന്ത്യാ ഭൂട്ടാന്‍ ബന്ധത്തിന്റെ ചരിത്രം അതിന്റെ പ്രതീക്ഷാനിര്‍ഭരമായ ഭാവി പോലെ ശോഭനമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ലോകത്തിനു മുന്നില്‍ അനന്യ മാതൃകയായി നിലകൊള്ളും എന്നു ഞാന്‍ വിശ്വസിക്കുന്നു.
ഈ സുന്ദരമായ ഡ്രക്ക്‌യുള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതിന്, ഒരിക്കല്‍ കൂടി നിങ്ങള്‍ നല്കിയ സ്വീകരണത്തിനും സ്‌നേഹത്തിനും അനേകം അനേകം നന്ദി പറഞ്ഞുകൊള്ളുന്നു.

താഷിദെലാക്