പിഎം ഇന്ത്യ
കമ്പനീസ് ആക്ട്, 2013 പ്രകാരം സാഗര്‍മാല ഡെവലപ്‌മെന്റ് കമ്പനി (എസ്.ഡി.സി.) രൂപീകരിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. ഷിപ്പിങ് മന്ത്രാലയത്തിനായിരിക്കും എസ്.ഡി.എസിനുമേല്‍ ഭരണപരമായ നിയന്ത്രണമുണ്ടാവുക. സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകള്‍(എസ്.പി.വി.)ക്ക് ഓഹരികളിലൂടെയും സാഗര്‍മാല പദ്ധതിയിലെ അവശേഷിക്കുന്ന പദ്ധതികള്‍ക്കു സാമ്പത്തികമായും കമ്പനി പിന്തുണ നല്‍കും. ആയിരം കോടി രൂപയുടെ പ്രാരംഭ അംഗീകൃത ഓഹരിമൂലധനവും 90 കോടി രൂപയുടെ നിക്ഷേപക ഓഹരിമൂലധനവുമായാണ് എസ്.ഡി.സി. രൂപീകരിക്കുക.
തെരഞ്ഞെടുക്കപ്പെടുന്ന പദ്ധതികളുടെ നടത്തിപ്പ് ബന്ധപ്പെട്ട തുറമുഖങ്ങളോ സംസ്ഥാന ഗവണ്‍മെന്റുകളോ മാരിടൈം ബോര്‍ഡുകളോ കേന്ദ്ര മന്ത്രാലയങ്ങളോ സ്വകാര്യമേഖല വഴിയോ പി.പി.പി. വഴിയോ നടപ്പാക്കും. കേന്ദ്രമന്ത്രാലയങ്ങളും സംസ്ഥാനങ്ങളും തുറമുഖങ്ങളും രൂപീകരിച്ച എസ്.പി.വികള്‍ക്ക് ഓഹരികളിലൂടെ പിന്തുണ നല്‍കും. അവേശഷിക്കുന്ന പദ്ധതികളില്‍, മറ്റൊരു തരത്തിലും ഫണ്ട് ചെയ്യാന്‍ സാധിക്കാത്തവ മാത്രം നടപ്പാക്കുകയും ചെയ്യും.
തുറമുഖങ്ങളുടെ നേതൃത്വത്തിലുള്ള പദ്ധതികള്‍ കണ്ടെത്തി പദ്ധതിക്കു രൂപം നല്‍കുന്നതിലും പ്രവര്‍ത്തനപദ്ധതി തയ്യാറാക്കുന്നതിലും ബന്ധപ്പെട്ട എസ്.പി.വികളെ സഹായിക്കും.
ഏറ്റെടുക്കുന്ന പദ്ധതികള്‍ വ്യത്യസ്ത ഏജന്‍സികളാണു നടപ്പാക്കുകയെന്നതിനാല്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ഇപ്പോഴുള്ളതും മാസ്റ്റര്‍ പ്ലാനുകളില്‍നിന്നോ മറ്റു സ്രോതസ്സുകളില്‍നിന്നോ പിറവിയെടുക്കുന്നതുമായ പദ്ധതികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും ചെയ്യും.
കോസ്റ്റല്‍ ഇക്കണോമിക് സോണു(സി.ഇ.സെഡ്.)കള്‍ക്കായുള്ള വിശാലമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും ഇന്ത്യന്‍ നാവികമേഖലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനുള്ള ചട്ടക്കൂട് ലഭ്യമാക്കുകയും ചെയ്യും.
സാഗര്‍മാല പദ്ധതിയുടെ സാമൂഹികവികസന ലക്ഷ്യത്തിന്റെ ഭാഗമായി ഷിപ്പിങ് മന്ത്രാലയം ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുന്നുണ്ട്. ഫിഷറീസ് മേഖലയുടെ വികസനത്തിനും തീരദേശസമൂഹത്തിന്റെ നൈപ്യുണ്യവികസനത്തിനും ഉള്ള പദ്ധതികളാണ് അവയില്‍ ശ്രദ്ധേയം.
മല്‍സ്യബന്ധന മേഖലയിലെ നൈപുണ്യവികസനവും ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.-ജി.കെ.വൈ.) പ്രകാരമുള്ള തീരദേശജില്ലകള്‍ക്കായുള്ള നൈപുണ്യപരിശീലനവും കപ്പല്‍ പൊളിക്കുന്നതിലും അറ്റകുറ്റപ്പണി നടത്തുന്നതിലുമുള്ള പരിശീലനവും തുറമുഖ, നാവിക മേഖലകളില്‍ നൈപുണ്യവികസനവുമൊക്കെ ഏറ്റെടുക്കപ്പെട്ടിട്ടുള്ള നൈപുണ്യവികസനത്തില്‍ പെടും.
മൃഗസംരക്ഷണ വകുപ്പ്, ക്ഷീരോല്‍പാദന- മല്‍സ്യമേഖല പദ്ധതികള്‍ എന്നിവയുമായി സഹകരിച്ചു സാഗര്‍മാല പദ്ധതിക്കുകീഴിലുള്ള തുറമുഖപദ്ധതികള്‍ ഭാഗികമായി ഷിപ്പിങ് മന്ത്രാലയം ഫണ്ട് ചെയ്യും. പദ്ധതികള്‍ തെരഞ്ഞെടുക്കുമ്പോള്‍ പൂര്‍ത്തിയാകാറായവയ്ക്ക് ആണു പ്രാധാന്യം കല്‍പിക്കുക. കേന്ദ്ര, സംസ്ഥാന പദ്ധതികളുമായി ചേര്‍ന്നുള്ള തീരദേശസമൂഹ വികസനപദ്ധതി ഷിപ്പിങ് മന്ത്രാലയം തയ്യാറാക്കിവരുന്നുണ്ട്.
എസ്.ഡി.സിക്കു നല്‍കിയിരിക്കുന്ന പ്രധാന ചുമതലകളിലൊന്ന് തീരദേശ സമൂഹ വികസന പദ്ധതികള്‍ നോക്കിനടത്താനും സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള തീരദേശ സമൂഹ വികസനപദ്ധതികള്‍ക്കു ഫണ്ട് ലഭ്യമാക്കാനുമാണ്. സമയബന്ധിതവും പുതുമയാര്‍ന്നതുമായിരിക്കും പരിഗണിക്കപ്പെടുന്ന പദ്ധതികള്‍.
വായ്പയായോ ഓഹരിയായോ ആയിരിക്കും എസ്.ഡി.സി. ഫണ്ട് സമാഹരിക്കുക. കേന്ദ്ര ഗവണ്‍മെന്റും ഫണ്ടിങ് ഏജന്‍സികളും തയ്യാറാക്കിയ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി, പദ്ധതികള്‍ക്കായുള്ള ആവശ്യകതയ്ക്കനുസരിച്ചു ഫണ്ട് കണ്ടെത്തും.