Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിനിമാ നിര്‍മ്മാണ രംഗത്ത് ഇന്ത്യാ- ഇസ്രായേല്‍ സഹകരണം


ഇന്ത്യയും ഇസ്രായേലും തമ്മില്‍ സിനിമാ നിര്‍മ്മാണത്തില്‍ സഹകരണത്തിന് ഏര്‍പ്പെട്ട കരാറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി. ഇസ്രായേല്‍ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ രണ്ടു പ്രധാനമന്ത്രിമാരുടെയും സാന്നിദ്ധ്യത്തില്‍ ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ വച്ച് 2018 ജനുവരി 15 നാണ് കരാര്‍ ഒപ്പിട്ടത്.

ഒരു അന്തര്‍ദ്ദേശീയ കക്ഷിയുമായി ഇന്ത്യന്‍ സിനിമയുടെ സഹ നിര്‍മ്മാണം എന്ന് വച്ചാല്‍ ഇന്ത്യന്‍ നിര്‍മ്മാതാവിന് അന്തര്‍ദ്ദേശീയ ഫണ്ട് ലഭിക്കുമെന്നര്‍ത്ഥം. അതോടൊപ്പം തിരക്കഥ, പ്രതിഭ എന്നിവയില്‍ യോജിച്ച പ്രവര്‍ത്തനം നടത്താമെന്നതിന് പുറമെ അന്തര്‍ദേശീയ തലത്തില്‍ വിതരണവും നടത്താന്‍ കഴിയും. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ സഹനിര്‍മ്മാണം നടത്തുന്ന ചലച്ചിത്രങ്ങള്‍ ഇന്ത്യയിലും ഇസ്രായേലിലും ദേശീയ നിര്‍മ്മാണ പദവി ലഭിക്കാന്‍ യേഗ്യമായിരിക്കും. അതോടൊപ്പം ഇതുവഴി രണ്ട് രാജ്യങ്ങളിലെയും സര്‍ഗ്ഗാത്മകവും, കലാപരവും, സാങ്കേതികവും, സാമ്പത്തികവും, വിപണനപരവുമായ വിഭവങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും പൊതുവായി ഉപയോഗിക്കാനുമാകും. ഇത്തരത്തില്‍ സഹനിര്‍മ്മാണം നടത്തുന്ന ചിത്രങ്ങള്‍ക്ക് ഇരു രാജ്യങ്ങളിലേയും ചലച്ചിത്രോത്സവങ്ങളില്‍ ആഭ്യന്തര നിര്‍മ്മിത ചലച്ചിത്രങ്ങളായി പങ്കെടുക്കാം. ഒപ്പം ഇവയ്ക്ക് ഈ രണ്ടു രാജ്യങ്ങളില്‍ ഏതിലാണെങ്കിലും നിര്‍മ്മാണത്തിനും നിര്‍മ്മാണത്തിന് ശേഷവും നിലവിലുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുമുണ്ടായിരിക്കും.

ചലച്ചിത്ര സഹനിര്‍മ്മാണ കരാര്‍ ഒപ്പിട്ടതിലുടെ കലയുടെയും സംസ്‌ക്കാരത്തിന്റെയും പരസ്പര കൈമാറ്റം സാദ്ധ്യമാകുകയും രണ്ടു രാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മില്‍ നല്ല ബന്ധം സൃഷ്ടിക്കുകയും, പരസ്പരം കൂടുതല്‍ മനസിലാക്കാന്‍ കഴിയുകയും ചെയ്യും. അതോടൊപ്പം സിനിമാ നിര്‍മ്മാണത്തിന്റെ വിവിധ വശങ്ങളെ കുറിച്ചുള്ള ധാരണയും ഉണ്ടാക്കും. കൂടാതെ, ഈ കരാര്‍ കലാപരവും, സാങ്കേതികവും, സാങ്കേതികമല്ലാത്തതുമായ തൊഴില്‍ സാദ്ധ്യതയും വര്‍ദ്ധിപ്പിക്കും.